വീഴ്ച സംഭവിച്ചു, ഉത്തരക്കടലാസുകൾ മാറി നൽകിയെന്ന് സമ്മതിച്ച് സിബിഎസ്ഇ

#Education desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

പ്ലസ്ടു ഉത്തരക്കടലാസുകൾ മാറിനൽകിയെന്ന പരാതിയടക്കം സിബിഎസ്ഇക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത ആരോപണങ്ങളാണ് ഉയർന്നിരുന്നത്. വിദ്യാർഥിക്ക് പ്ലസ് ടു ഫിസിക്‌സ് ഉത്തരപേപ്പർ മാറി നൽകിയെന്നും വീഴ്ച സംഭവിച്ചെന്നും സമ്മതിച്ചിരിക്കുകയാണിപ്പോൾ സിബിഎസ്ഇ.

പ്ലസ്ടു പരീക്ഷയുടെ മൂല്യനിർണയത്തിൽ അപാകതകളുണ്ടായിട്ടുണ്ടെന്ന പരാതികളെ തുടർന്ന് ഉത്തരക്കടലാസ് ഡൗൺലോഡ് ചെയ്യാൻ വിദ്യാർഥികൾക്ക് അവസരം നൽകിയിരുന്നു. ഇതേതുടർന്ന് അപേക്ഷ നൽകിയ വേദാന്ത് എന്ന വിദ്യാർഥിക്കാണ് സ്വന്തം ഉത്തരപേപ്പറിന് പകരം മറ്റൊരാളുടെ ഉത്തരപേപ്പർ ലഭിച്ചത്.

കൈയക്ഷരത്തിലുൾപ്പെടെയുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഉത്തരപേപ്പറിന്റെ ചിത്രങ്ങളുൾപ്പെടെ ദിവസങ്ങൾക്ക് മുമ്പ് തന്നെ വേദാന്ത് എക്‌സിൽ പങ്കുവെച്ചിരുന്നു. തുടർന്ന് ഈ വിദ്യാർഥിക്ക് നേരെ വ്യാപകമായ രീതിയിൽ സൈബറാക്രമണമുണ്ടായി. വേദാന്തിന്റെത് വ്യാജ പ്രൊഫൈൽ ആണെന്നും ഇയാൾ പാകിസ്താനിയാണെന്നും അടക്കമുള്ള പ്രചാരണങ്ങളാണ് സോഷ്യൽമീഡിയയിൽ ഉയർന്നത്.

എന്നാൽ വേദാന്തിന്റെ ഉത്തരപേപ്പർ മാറി നൽകിയതു തന്നെയാണെന്ന് സിബിഎസ്ഇ പിന്നീട് സമ്മതിച്ചു. യഥാർഥ ഉത്തരപേപ്പർ തനിക്ക് നൽകുകയും ചെയ്തു. ഇക്കാര്യം വേദാന്ത് തന്നെയാണ് എക്‌സിലൂടെ അറിയിച്ചത്. തങ്ങൾ പാകിസ്താനികൾ അല്ലെന്നും ഉത്തരക്കടലാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ട്വീറ്റ് ചെയ്യാൻ ആണ് എക്സ് അക്കൗണ്ട് ഉണ്ടാക്കിയതെന്നും വേദാന്തിൻെറ സഹോദരനായ സിദ്ധാന്ത് എക്സിലെ മറ്റൊരു കുറിപ്പിൽ വിശദമാക്കി.

മെയ് 13-നാണ് സിബിഎസ്ഇ ഫലം പുറത്തുവിട്ടത്. ഒഎസ്എം രീതിയിൽ മാർക്ക് കണക്കുകൂട്ടിയപ്പോൾ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഉത്തരക്കടലാസുകൾ ഡൗൺലോഡ് ചെയ്യാൻ സൗകര്യമുണ്ടെങ്കിലും ലഭിക്കുന്നത് ക്വാളിറ്റി കുറഞ്ഞ പേപ്പറുകളാണെന്നും വിദ്യാർഥികൾ പരാതിയുയർത്തിയിരുന്നു.

പുനർമൂല്യനിർണത്തിന് അപേക്ഷിക്കാൻ ശ്രമിച്ച പലർക്കും വെബ്സൈറ്റിലെ തകരാറുകൾ മൂലം അതിന് സാധിക്കുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി മദ്രാസ് ഐഐടിയിൽനിന്നുള്ള വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചത്.

Content Highlights: CBSE officially acknowledged distributing incorrect answer sheets to students., Student Vedant exposed the error on social media, leading to public scrutiny., Technical glitches reported in the online portal for revaluation applications., IIT Madras experts appointed to resolve the CBSE portal technical issues., CBSE confirmed that the original answer sheets were eventually provided to the affected student.