CAT 2025 ഫലം ഉടൻ; അറിയേണ്ടതെല്ലാം

നവംബർ 30-ന് നടന്ന കോമൺ അഡ്മിഷൻ ടെസ്റ്റിന്റെ (CAT 2025) ഫലം ഉടൻ പ്രഖ്യാപിച്ചേക്കാം. പരീക്ഷാ നടപടികൾക്ക് നേതൃത്വം നൽകുന്ന ഐ.ഐ.എം കോഴിക്കോട് ഡിസംബർ 17-ന് പരീക്ഷയുടെ ഫൈനൽ ആൻസർ കീ പുറത്തുവിട്ടിരുന്നു. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ iimcat.ac.in സന്ദർശിച്ച് സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാം. 2024-ൽ നവംബർ 30-ന് നടന്ന പരീക്ഷയുടെ ഫലം ഡിസംബർ 19-നായിരുന്നു പ്യഖ്യാപിച്ചത്.
തിരഞ്ഞെടുപ്പ് പ്രക്രിയയും മാനദണ്ഡങ്ങളും
ചുരുക്കപ്പട്ടിക: ഫലം വന്നാലുടൻ വിവിധ ഐ.ഐ.എമ്മുകൾ വെബ്സൈറ്റുകൾ വഴി അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ഓരോ സ്ഥാപനത്തിനും വ്യത്യസ്തമായ പ്രവേശന മാനദണ്ഡങ്ങളാണ് ഉള്ളത്.
അടുത്ത ഘട്ടങ്ങൾ: ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുന്നവർക്കായി റൈറ്റിങ് എബിലിറ്റി ടെസ്റ്റ് (WAT), ഗ്രൂപ്പ് ഡിസ്കഷൻ (GD), പേഴ്സണൽ ഇന്റർവ്യൂ (PI) എന്നിവ ഉണ്ടാകും.
മറ്റ് ഘടകങ്ങൾ: ക്യാറ്റ് സ്കോറിന് പുറമെ, വിദ്യാർത്ഥികളുടെ അക്കാദമിക് മികവ്, പ്രവൃത്തി പരിചയം, അക്കാദമിക് വൈവിധ്യം തുടങ്ങിയ ഘടകങ്ങളും പ്രവേശനത്തിന് പരിഗണിച്ചേക്കാം.
അഭിമുഖത്തിന് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനായി എല്ലാ അസ്സൽ മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. സംവരണ വിഭാഗങ്ങളിൽ (SC, ST, NC-OBC, EWS, PwD) ഉൾപ്പെടുന്നവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്സൽ കോപ്പികൾ അഭിമുഖ സമയത്ത് സമർപ്പിക്കണം.
അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ ശ്രദ്ധിക്കാൻ
ബിരുദ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് കുറഞ്ഞത് 50% മാർക്ക് (സംവരണ വിഭാഗത്തിന് 45%) ഉണ്ടെന്ന് സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ താൽക്കാലിക പ്രവേശനം (Provisional Admission) ലഭിക്കും. ഇവർ 2026 ഡിസംബർ 31-നകം അസ്സൽ ബിരുദ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതാണ്. ഈ സമയപരിധിക്കുള്ളിൽ രേഖകൾ ഹാജരാക്കാൻ കഴിയാത്തവരുടെ പ്രവേശനം റദ്ദാക്കപ്പെടുമെന്നും അധികൃതർ അറിയിച്ചു.
Content Highlights: CAT 2025 results expected soon from IIM Kozhikode.