സെൽഫ് മൈനർ വിവാദമായി; കോഴ്‌സ് പിൻവലിക്കാൻ കാലിക്കറ്റ് സർവകലാശാല

തിരുവനന്തപുരം: നാലുവർഷബിരുദത്തിൽ ഒരേവിഷയത്തിൽ മേജറും മൈനറും അനുവദിച്ച കോഴ്‌സ് (സെൽഫ് മൈനർ കോഴ്‌സ്) വിവാദമായതോടെ കാലിക്കറ്റ് സർവകലാശാല പിൻവലിക്കുന്നു. കൊമേഴ്‌സ് വിഷയത്തിൽ നിലവിൽ വിഭാവനംചെയ്തിട്ടുള്ള കോഴ്‌സ് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്കയുയർന്ന പശ്ചാത്തലത്തിലാണ് പിൻവലിക്കാനുള്ള ധാരണ. ഉടൻ സ്റ്റാൻഡിങ് കമ്മിറ്റി യോഗംചേർന്ന് കോഴ്‌സ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സർവകലാശാലാവൃത്തങ്ങൾ പറഞ്ഞു.
തിരഞ്ഞെടുത്ത മേജറിനുപുറത്തുള്ള മറ്റൊരുവിഷയത്തിലോ അന്തർവൈജ്ഞാനിക മേഖലയിലോ മതിയായ എണ്ണം കോഴ്‌സുകൾ തിരഞ്ഞെടുത്താൽ മാത്രമേ വിദ്യാർഥികൾക്ക് മൈനർ ലഭിക്കൂവെന്നാണ് യുജിസി വ്യവസ്ഥ. ഒരേവിഷയത്തിൽ മേജറും മൈനറും എടുക്കാൻകഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഈ വ്യവസ്ഥ. ഈ മാനദണ്ഡം പാലിക്കാതെ ഒരേവിഷയത്തിൽ മേജറും മൈനറും എടുക്കാവുന്നവിധത്തിൽ കാലിക്കറ്റ് സർവകലാശാല കൊമേഴ്‌സ് കോഴ്‌സ് വിഭാവനംചെയ്യുകയായിരുന്നു.
സിൻഡിക്കേറ്റിൽ ഇതുസംബന്ധിച്ച് എതിർപ്പുയർന്നെങ്കിലും ബോർഡ് ഓഫ് സ്റ്റഡീസും അക്കാദമിക കൗൺസിലുമൊക്കെ ഇത്തരമൊരു കോഴ്‌സ് നടപ്പാക്കിയെന്നാണ് വിവരം.കോളേജും സർവകലാശാലയും മാറാനാവുന്ന വഴക്കമുള്ളതാണ് നാലുവർഷബിരുദം. കാലിക്കറ്റിൽ മാത്രം ഇത്തരമൊരു കോഴ്‌സ് വരുമ്പോൾ അവിടത്തെ വിദ്യാർഥികൾക്ക് മറ്റിടങ്ങളിലേക്ക് മാറ്റം സാധ്യമാവില്ല.ഇതിനുപുറമേ, ഈ കോഴ്‌സ് പാസായാലും ഉപരിപഠനസാധ്യതയെ ബാധിക്കുമെന്നും ആശങ്കയുയർന്നു. ഇതെല്ലാം പരിഗണിച്ചാണ് കാലിക്കറ്റ് സർവകലാശാലയുടെ പിന്മാറ്റം.
Content Highlights: Calicut University Withdraws Self-Minor Course