കേരളത്തിൽ ഫൈൻ ആർട്സ് കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം, തൃശ്ശൂർ ഫൈൻ ആർട്സ് കോളേജുകൾ, മാവേലിക്കര രാജാ രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സ് എന്നിവിടങ്ങളിലെ നാലുവർഷ ബാച്ച്ലർ ഓഫ് ഫൈൻ ആർട്സ് (ബിഎഫ്എ) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. പ്രതിവർഷ ട്യൂഷൻ ഫീ 2085 രൂപ. സ്പെഷ്യൽ ഫീ പ്രതിവർഷം 935 രൂപയാണ്. ആദ്യവർഷം, കോമൺ കോഴ്സാണ്. തുടർന്നുള്ള മൂന്നുവർഷം സ്പെഷ്യലൈസേഷനും. പെയ്ന്റിങ്, സ്കൾപ്ചർ, അപ്ലൈഡ് ആർട് എന്നീ സ്പെഷ്യലൈസേഷനുകൾ മൂന്നിടത്തുമുണ്ട്.
കോഴ്സിലെ ആദ്യവർഷപരീക്ഷാമാർക്ക്, വിദ്യാർഥിയുടെ താത്പര്യം എന്നിവ പരിഗണിച്ചാണ് രണ്ടാംവർഷത്തിൽ സ്പെഷ്യലൈസേഷൻ അനുവദിക്കുന്നത്. തൃശ്ശൂരിൽ, ആർട്ട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് സ്പെഷ്യലൈസേഷനുമുണ്ട്. അതിലേക്ക് താത്പര്യമുള്ളവർ അപേക്ഷ നൽകുമ്പോൾത്തന്നെ അതിനുള്ള ഓപ്ഷൻ നൽകണം. ആദ്യവർഷംതന്നെ ഇതിലെ പ്രവേശനം നടത്തും.
യോഗ്യത
പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. കുറഞ്ഞ പ്രായം 17 വയസ്സ്. ഉയർന്ന പ്രായപരിധിയില്ല.
എഴുത്ത്/പ്രായോഗിക പരീക്ഷകൾ
പ്രവേശനത്തിന്റെ ഭാഗമായി എഴുത്ത്/പ്രായോഗിക പരീക്ഷകൾ ഉണ്ടാകും. ജൂൺ 29-ന് തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽവെച്ച് പരീക്ഷ നടത്തും. പരീക്ഷയ്ക്ക് നാലുഭാഗമുണ്ടാകും. പാർട്ട് I - ഡ്രോയിങ് ടെസ്റ്റ്, പാർട്ട് II - ജനറൽനോളജ് ഇൻ ആർട്ട് ആൻഡ് കൾച്ചർ, പാർട്ട് III-ക്രിയേറ്റീവ് റൈറ്റിങ് ടെസ്റ്റ്. പാർട്ട് IV-ൽ മൂന്ന് ഉപവിഭാഗങ്ങൾ ഉണ്ടാകും. എ-ഡിസൈൻ ടെസ്റ്റ്, ബി -ക്രിയേറ്റീവ് പെയിൻറിങ് ടെസ്റ്റ്, സി-ക്രിയേറ്റീവ് സ്കൾപ്ചർ ടെസ്റ്റ്. ഇതിൽ ഒന്ന് അഭിമുഖീകരിക്കണം. ടെസ്റ്റുകളുടെ വിശദമായ ഘടന, ദൈർഘ്യം, ഓരോ സ്പെഷ്യലൈസേഷനും ഓപ്റ്റുചെയ്യുന്നവർ അഭിമുഖീകരിക്കേണ്ട ഭാഗങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ dtekerala.gov.in ലെ അഡ്മിഷൻ ലിങ്കിലുള്ള പ്രോസ്പക്ടസിൽ ലഭിക്കും.
അപേക്ഷ
മുകളിൽ കൊടുത്ത വെബ്സൈറ്റ് വഴി ജൂൺ 25 വരെ നൽകാം. അപേക്ഷാഫീസ് 600 രൂപ. പട്ടികവിഭാഗക്കാർക്ക് 300 രൂപ. ഓൺലൈനായി അടയ്ക്കാം. അപേക്ഷയിലെ പിശകുകൾ 26-ന് തിരുത്താം. പരീക്ഷയുടെ ഹാൾടിക്കറ്റ് 27, 28 തീയതികളിൽ ഡൗൺലോഡ് ചെയ്യാം. ക്ലാസുകൾ ജൂലായ് 17-ന് തുടങ്ങും. അഡ്മിഷൻ ഓഗസ്റ്റ് 16-ന് പൂർത്തിയാക്കും.
Content Highlights: BFA Admission 2024 Kerala: Apply Now!