നിയമപഠനം രാത്രിയിൽ വേണ്ട; സായാഹ്ന എൽഎൽ.ബി.ക്ക് വിലക്ക്

തിരുവനന്തപുരം: നിയമ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പുവരുത്തുന്നതിനായി എല്ലാ ലോ കോളേജുകളിലും നേരിട്ട് പരിശോധന നടത്താൻ സർവകലാശാലകൾക്ക് നിർദേശം നൽകി ബാർ കൗൺസിൽ ഓഫ് ഇന്ത്യ. അക്കാദമിക നിലവാരത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സായാഹ്ന, വീക്കെൻഡ്, ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള ലോ കോഴ്സുകൾ ഉടൻ അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്.
എല്ലാ അഫിലിയേറ്റഡ്, കോൺസ്റ്റിറ്റ്യുവന്റ് ലോ കോളേജുകളിലും ആറാഴ്ചയ്ക്കുള്ളിൽ നേരിട്ട് പരിശോധന നടത്താൻ സർവകലാശാലാ വൈസ് ചാൻസലർമാരോടും രജിസ്ട്രാർമാരോടും ആവശ്യപ്പെട്ടു. കേവലം സത്യവാങ്മൂലങ്ങളെയോ ഓൺലൈൻ രേഖകളെയോ അടിസ്ഥാനമാക്കി പരിശോധന പൂർത്തിയാക്കരുത്. തൊഴിൽ ചെയ്യുന്നവർക്കും പാർട്ട് ടൈം വിദ്യാർഥികൾക്കുമായി നടത്തുന്ന സായാഹ്ന, വീക്കെൻഡ്, ഷിഫ്റ്റ് ക്ലാസുകളിലേക്ക് പുതിയ പ്രവേശനം അനുവദിക്കരുതെന്നും നിർദേശമുണ്ട്. സർക്കാർ ലോ കോളേജുകൾ ഇത്തരം കോഴ്‌സുകൾ നിലവിൽ നടത്തുന്നില്ല.
നിയമ വിദ്യാഭ്യാസം റഗുലർ സ്വഭാവമുള്ളതായിരിക്കണം. ഒരുദിവസം കുറഞ്ഞത് അഞ്ചുമണിക്കൂറും ആഴ്ചയിൽ കുറഞ്ഞത് 30 മണിക്കൂറും ക്ലാസുകൾ ഉണ്ടായിരിക്കണം.
Content Highlights: The Bar Council of India has directed universities to conduct mandatory physical inspections across all law colleges within six weeks and strictly ban fresh admissions for evening, weekend, and shift-based LLB courses to preserve the quality of legal education.