ലോകത്തിലെ മികച്ച 2% ഗവേഷകരുടെ പട്ടികയിൽ അമൃത വിശ്വ വിദ്യാപീഠത്തിൽ നിന്ന് 48 പേർ

അമൃതപുരി: ലോകത്തിലെ ഏറ്റവും മികച്ച 2% ഗവേഷകരുടെ ആഗോള പട്ടികയിൽ അമൃത വിശ്വ വിദ്യാപീഠത്തിൽ നിന്നുള്ള 48 ഗവേഷകർ ഇടംനേടി. എൽസെവിയർ ഡാറ്റാ റിപ്പോസിറ്ററി പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ആഗോള ഡാറ്റാബേസിലാണ് സർവ്വകലാശാലയുടെ നേട്ടം. സ്കോപ്പസ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.
ശാസ്ത്ര മേഖലകളിലെ മറ്റു ഗവേഷകർ തങ്ങളുടെ പഠനങ്ങളിൽ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളെ എത്രത്തോളം പരാമർശിച്ചിട്ടുണ്ടെന്ന് കൂടി വിലയിരുത്തിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഔദ്യോഗിക ജീവിതകാലം മുഴുവനുള്ള സംഭാവനകൾ, ഒറ്റ വർഷത്തെ പ്രകടനം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് പട്ടിക തിരിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത 48 അമൃത ഗവേഷകരിൽ 17 പേർ കരിയർ-ലോംഗ് വിഭാഗത്തിലും 44 പേർ സിംഗിൾ-ഇയർ വിഭാഗത്തിലുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 13 പേർ രണ്ട് വിഭാഗങ്ങളിലും ഇടംനേടിയിട്ടുണ്ട്. ഇതോടെയാണ് ആകെ ഗവേഷകരുടെ എണ്ണം 48 ആയി ഉയർന്നത്. മെഡിസിൻ, എൻജിനീയറിങ്, മെറ്റീരിയൽ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നെറ്റ്വർക്കിങ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ്, എനർജി, എജ്യുക്കേഷൻ എന്നീ വിവിധ മേഖലകളിൽ നിന്നുള്ളവരാണ് ഈ ഗവേഷകർ.