പട്ടികജാതി-വർഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പിന് ആധാർ അധിഷ്ഠിത അപേക്ഷ നിർബന്ധം

image: Freepik
image: Freepik

ആലപ്പുഴ: പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിന് കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത അപേക്ഷ നിർബന്ധമാക്കി. ഒന്നുമുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പിനും 10 കഴിഞ്ഞവർക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനുമാണ് ആധാർ നിർബന്ധമാക്കിയത്. അപേക്ഷകരുടെ ബയോമെട്രിക് വിവരങ്ങളുണ്ടെങ്കിലേ കേന്ദ്രം സ്കോളർഷിപ്പ് നൽകൂവെന്നതിനാൽ പട്ടികജാതി വികസനവകുപ്പും ഇതിനുള്ള നടപടി തുടങ്ങി. ബയോമെട്രിക് വിവരം ഉൾപ്പെടുത്തുന്നതിനായി ഇ-ഗ്രാന്റ്‌സ് പോർട്ടലിൽ ആവശ്യമായ മാറ്റം വരുത്തും. ഇതിനുശേഷം മാത്രമായിരിക്കും അപേക്ഷ സ്വീകരിക്കുക.

പ്രീമെട്രിക്-പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന്റെ 60 ശതമാനം തുക കേന്ദ്രമാണ് നൽകുന്നത്. അനർഹരായവർ കടന്നുകൂടുന്നത് ഒഴിവാക്കാനും യഥാർഥ ഗുണഭോക്താവിനുതന്നെ കിട്ടുന്നുവെന്ന് ഉറപ്പാക്കാനുമാണ് ആധാർ ബയോമെട്രിക് വിവരം നിർബന്ധമാക്കുന്നത്.

വിദ്യാർഥികളുടെ ബയോമെട്രിക് വിവരത്തിനു പുറമേ സ്ഥാപനമേധാവി, ജില്ലാതല-സംസ്ഥാനതല നോഡൽ ഓഫീസറുമാർ എന്നിവരുടെയും ബയോമെട്രിക് വിവരം നൽകണം. ബയോമെട്രിക് വിവരങ്ങളില്ലാത്ത അപേക്ഷകൾ ഇ-ഗ്രാന്റ്‌സ് സൈറ്റിലേക്ക് അയക്കരുതെന്ന് അക്ഷയകേന്ദ്രങ്ങളോട് പട്ടികജാതി വികസന ഓഫീസർ നിർദേശിച്ചിട്ടുണ്ട്.

Content Highlights: SC scholarship ST scholarship