താലിബാൻ ഭരണത്തിന് 5 വർഷം: 24 ലക്ഷം അഫ്ഗാൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതായി യു.എൻ

അങ്കാറ: താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത് അഞ്ച് വർഷം പിന്നിടുമ്പോൾ രാജ്യത്തെ 24 ലക്ഷത്തോളം പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതായി ഐക്യരാഷ്ട്രസഭ. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള മൌലിക അവകാശം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് യു.എൻ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയായ യുനെസ്കോ ആവശ്യപ്പെട്ടു.
ലോകത്ത് പെൺകുട്ടികൾക്കും സ്ത്രീകൾക്കും സെക്കൻഡറി, ഉന്നത വിദ്യാഭ്യാസത്തിന് ഔദ്യോഗികമായി വിലക്കേർപ്പെടുത്തിയിരിക്കുന്ന ഏക രാജ്യം അഫ്ഗാനിസ്ഥാൻ മാത്രമാണെന്ന് യുനെസ്കോ എമർജൻസി എഡ്യൂക്കേഷൻ പ്രോഗ്രാം കോർഡിനേറ്റർ ഹുദ ജാബേരിയൻ വ്യക്തമാക്കി. "അഞ്ച് വർഷം എന്നത് ഒരു കുട്ടിയുടെ പഠനത്തിലുണ്ടാകുന്ന താത്കാലിക തടസ്സമല്ല, മറിച്ച് ഒരു സെക്കൻഡറി സ്കൂൾ പഠനകാലയളവ് മുഴുവനായും നഷ്ടമാകുന്ന സ്ഥിതിയാണത്," വാർത്താസമ്മേളനത്തിൽ അവർ ചൂണ്ടിക്കാട്ടി.
2021 ഓഗസ്റ്റ് 15-നാണ് യു.എസ്, നാറ്റോ സേനകളുടെ പിന്മാറ്റത്തെത്തുടർന്ന് താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തത്. തുടർന്ന് പെൺകുട്ടികളെ സെക്കൻഡറി സ്കൂളുകളിൽ നിന്ന് വിലക്കുകയും പിന്നീട് ഉന്നത വിദ്യാഭ്യാസം, ജോലി, മറ്റ് പൊതുമേഖലകൾ എന്നിവയിൽ നിന്നും പൂർണ്ണമായി ഒഴിവാക്കുകയുമായിരുന്നു.
യു.എൻ, മനുഷ്യാവകാശ സംഘടനകൾ, വിവിധ ഇസ്ലാമിക രാജ്യങ്ങൾ എന്നിവയുടെ ശക്തമായ അഭ്യർത്ഥനകൾ നിലനിൽക്കെയും രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്ന നിലപാടിലാണ് താലിബാൻ. 2001 മുതൽ 2021 വരെയുള്ള രണ്ട് പതിറ്റാണ്ടിൽ വിദ്യാഭ്യാസ മേഖലയിൽ അഫ്ഗാനിസ്ഥാൻ കൈവരിച്ച നേട്ടങ്ങളെ മുഴുവൻ താലിബാന്റെ നയം പിന്നോട്ടടിച്ചതായി യുനെസ്കോ വ്യക്തമാക്കി.
നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും കമ്മ്യൂണിറ്റി അധിഷ്ഠിത സാക്ഷരതാ പരിപാടികളിലൂടെയും തൊഴിൽ പരിശീലന ക്ലാസ്സുകളിലൂടെയും അഫ്ഗാനിലെ കുട്ടികൾക്ക് പഠന സൗകര്യമൊരുക്കാൻ യുനെസ്കോ ശ്രമിച്ചുവരുന്നുണ്ട്.
Content Highlights: Marking five years of Taliban rule in Afghanistan, UNESCO has revealed that approximately 2.4 million girls have been denied access to secondary education, calling for an immediate restoration of their fundamental right to learn.