കേരള എൻജിനിയറിങ്, ഫാർമസി പ്രവേശനം ഓപ്ഷൻ രജിസ്ട്രേഷൻ: അറിയേണ്ട കാര്യങ്ങൾ

#ഡോ. എസ്‌. രാജുകൃഷ്ണൻ
Representational Image | Photo: freepik.com
Representational Image | Photo: freepik.com

കേരളത്തിലെ 2024-ലെ പ്രഫഷണൽ കോഴ്സ് പ്രവേശനത്തിന്റെ ഭാഗമായുള്ള എൻജിനിയറിങ് (ബി.ടെക്.), ഫാർമസി (ബി.ഫാം.) പ്രവേശനത്തിനുള്ള ഓപ്‌ഷൻ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. www.cee.kerala.gov.in വഴി ‘കീം 2024 കാൻഡിഡേറ്റ് പോർട്ടലി’-ൽ, അപേക്ഷാർഥിയുടെ ഹോംപേജ് വഴിയാണ് ഓപ്ഷനുകൾ നൽകേണ്ടത്. എൻജിനിയറിങ്, ഫാർമസി റാങ്ക് പട്ടികകളിൽ ഉള്ളവർക്കാണ് ബന്ധപ്പെട്ട സ്ട്രീമിലെ പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്റ്റർ ചെയ്യാൻ അവസരം.

ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ്

രജിസ്ട്രേഷൻ ഫീസായി 2000 രൂപ അടയ്ക്കണം. അലോട്മെൻറ്‌ കിട്ടി പ്രവേശനം നേടുന്നവരുടെ കാര്യത്തിൽ ഈ തുക അവരുടെ ട്യൂഷൻഫീസിൽ വകവെക്കും. പട്ടിക/ഒ.ഇ.സി./വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റു ചില വിഭാഗക്കാർ, 500 രൂപ ഓപ്ഷൻ രജിസ്ട്രേഷൻ ഫീസായി അടയ്ക്കണം. ഇവരുടെ കാര്യത്തിൽ, പ്രവേശനംനേടുന്ന പക്ഷം ഈ തുക അവരുടെ കോഷൻ ഡിപ്പോസിറ്റിൽ വകകൊള്ളിക്കും.

തുക ഓൺലൈനായും കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫീസുകളിലും (പട്ടിക, വെബ്സൈറ്റിലുണ്ട്) ഫീസടയ്ക്കാം. പ്രക്രിയ പൂർത്തിയാകുമ്പോഴും അലോട്മെൻറ്‌ ഒന്നും ലഭിക്കാത്തവർക്ക് രജിസ്‌ട്രേഷൻ ഫീ തിരികെ ലഭിക്കും. അലോട്മെൻറ്‌ ലഭിച്ചശേഷം പ്രവേശനം നേടാത്തവരുടെ രജിസ്ട്രേഷൻ ഫീസ് പിഴയായി പരിഗണിച്ച് തിരികെനൽകുന്നതല്ല. ഫീസ് അടച്ചശേഷമേ ഓപ്ഷൻ രജിസ്ട്രേഷൻ പേജിലേക്ക് കടക്കാൻകഴിയൂ.

മൂന്നുവിഭാഗം കോളേജുകൾ

മൂന്നുതരം കോളേജുകളാണ് എൻജിനിയറിങ് അലോട്മെൻറ്‌ പ്രക്രിയയിലുള്ളത്. സർക്കാർ (9 എണ്ണം)/എയ്ഡഡ് (2)/ഓട്ടോണമസ് എയ്ഡഡ് (1) കോളേജുകൾ, കാർഷിക (1)/വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് (4)/ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ് (1) സർവകലാശാലകളുടെ കോളേജുകൾ എന്നിവ ഗവൺമെൻറ്‌ (ജി) വിഭാഗത്തിൽപ്പെടും.

സർക്കാർ കോസ്റ്റ് ഷെയറിങ് (പഴയ സർക്കാർനിയന്ത്രിത സ്വാശ്രയസ്ഥാപനങ്ങൾ -ഐ.എച്ച്.ആർ.ഡി.- 9, കേപ് -9, എൽ.ബി.എസ്. -2, കെ.എസ്.ആർ.ടി.സി., സി.പി.എ.എസ്., സി.സി.ഇ. - 1 വീതം) എൻജിനിയറിങ് കോളേജുകൾ, സർവകലാശാലാ നിയന്ത്രിത (കേരള, കോഴിക്കോട്) സ്വാശ്രയ എൻജിനിയറിങ് കോളേജുകൾ എന്നിവ ‘എൻ’ വിഭാഗത്തിലും (മൊത്തം 25 എണ്ണം), സ്വകാര്യ സ്വാശ്രയ (96 എണ്ണം: കെ.സി.ഇ.സി.എം.എ. - 14, കെഎസ്.എഫ്.ഇ.സി.എം.എ. - 82)/സ്വയംഭരണ സ്വാശ്രയ (4) എൻജിനിയറിങ് കോളേജുകൾ, ‘എസ്’ വിഭാഗത്തിലും ആയിരിക്കും.

ഫാർമസിക്ക്, സർക്കാർവിഭാഗത്തിൽ അഞ്ചും സ്വാശ്രയവിഭാഗത്തിൽ 52-ഉം - സി.പി.എ.എസ്. - 1, സ്വകാര്യം - 51) കോളേജുകൾ പ്രക്രിയയിലുണ്ട്. കോളേജുകളുടെ പൂർണപട്ടിക വിജ്ഞാപനത്തിലുണ്ട്.

ഓപ്ഷൻ എന്നാൽ എന്ത്

എൻജിനിയറിങ്ങിന് കോളേജ് ടൈപ്പ് (ജി/എൻ/എസ്), ഒരുനിശ്ചിത കോളേജ്, അതിലെ ഒരുബ്രാഞ്ച് എന്നിവചേരുന്നതാണ് പൊതുവേ ഒരു ഓപ്ഷൻ. എന്നാൽ, ചിലപ്പോൾ ഫീസും ഓപ്ഷനിൻ ഒരുഘടകമാകാം. സർക്കാർ കോസ്റ്റ് ഷെയറിങ്/യൂണിവേഴ്സിറ്റി നിയന്ത്രിതകോളേജ് വിഭാഗത്തിൽ (എൻ) ഒരു സ്ഥാപനത്തിൽത്തന്നെ, കുറഞ്ഞ ഫീസുള്ള സീറ്റും (മെരിറ്റ് സീറ്റ്- റെഗുലേറ്റഡ് ഫീ), ഉയർന്ന ഫീസുള്ള സീറ്റും (മെരിറ്റ് സീറ്റ്-ഫുൾ ഫീ) ഉണ്ടാകും. ഇവ ഓരോന്നും ഓരോ ഓപ്ഷനാണ്. കോളേജിനനുസരിച്ചും കോഴ്സിനനുസരിച്ചും ഫീസിൽ വ്യത്യാസമുണ്ടാകും. ഓരോ ഓപ്ഷനുമായും ബന്ധപ്പെട്ട ഫീസ് വിവരം, സീറ്റ് ടൈപ്പ് എന്നിവ, ഓപ്ഷൻ പേജിൽ കണ്ട് മനസ്സിലാക്കി ഓപ്ഷൻ രജിസ്റ്റർചെയ്യാൻ അവസരമുണ്ട്. എൻജിനിയറിങ്ങിലെ ബ്രാഞ്ച്, കോളേജ്, സീറ്റ് തരം/ഫീസ് ഘടന തുടങ്ങിയവ പരിഗണിച്ചാണ് അപേക്ഷകർ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യേണ്ടത്. ബി.ഫാം. പ്രവേശനത്തിന് കോളേജ് ടൈപ്പ്, ഒരു കോളേജ് എന്നിവചേരുന്നത്, ഒരു ഓപ്ഷനാണ്.

ഓപ്ഷൻ രജിസ്ട്രേഷൻ

ലഭ്യമായ എല്ലാ ഓപ്ഷനുകളും മൊത്തത്തിൽ പരിഗണിച്ച്, അവയ്ക്ക് ആപേക്ഷിക മുൻഗണന നിശ്ചയിച്ച്, ആ താത്‌പര്യങ്ങൾ ഓൺലൈനായി പ്രവേശനപരീക്ഷാ കമ്മിഷണറെ അറിയിക്കുന്ന പ്രക്രിയയാണ് ഓപ്ഷൻ രജിസ്ട്രേഷൻ. ഹോംപേജിൽ, ഇടതുഭാഗത്ത്, ലഭ്യമായ ഓപ്ഷനുകൾ, അർഹതയയ്ക്കു വിധേയമായി ഒന്നിനുതാഴെ മറ്റൊന്നായി കാണാൻകഴിയും.

എൻജിനിയറിങ് റാങ്ക്പട്ടികയിൽമാത്രം ഉള്ളവർക്ക് എല്ലാ എൻജിനിയറിങ് ഓപ്ഷനുകളും ഫാർമസി റാങ്ക്പട്ടികയിൽമാത്രം ഉള്ളവർക്ക് എല്ലാ ഫാർമസി ഓപ്ഷനുകളും കാണാം. എൻജിനിയറിങ്, ഫാർമസി എന്നീ രണ്ടു റാങ്ക്പട്ടികകളിലും ഉള്ളർക്ക് രണ്ടിലെയും മൊത്തം ഓപ്ഷനുകൾ സ്ട്രീം തിരിച്ച് ഓപ്ഷൻ പേജിൽ കാണാൻ കഴിയും.

• ആദ്യം, ജി വിഭാഗം തുടർന്ന്, എൻ വിഭാഗം, അവസാനമായി എസ് വിഭാഗം (ബാധകമായത്) എന്ന ക്രമത്തിൽ ഓപ്ഷനുകൾ കാണാൻ കഴിയും. അതിലെ വിവരങ്ങൾ പരിശോധിച്ച്, അവയിൽനിന്ന്‌ മുൻഗണനാക്രമത്തിൽ സെലക്ട് ബട്ടൺ ക്ലിക്കുചെയ്ത് ഒന്നിനുപുറകെ മറ്റൊന്നായി ഓപ്ഷനുകൾ തിരഞ്ഞെടുക്കണം.

• എൻജിനിയറിങ്ങിനും ഫാർമസിക്കും ഓപ്ഷനുകൾ നൽകാൻ അർഹതയുള്ളവർ രണ്ടിലെയും ലഭ്യമായ മൊത്തം ഓപ്ഷനുകൾ പരിഗണിച്ചാണ് ആപേക്ഷിക മുൻഗണന നിശ്ചയിക്കേണ്ടത്. ഓരോന്നിലേക്കും പ്രത്യേകം പ്രത്യേകം മുൻഗണന നിശ്ചയിച്ച് ഓപ്ഷൻ രജിസ്റ്റർചെയ്യാൻ കഴിയില്ല.

• ആദ്യപരിഗണന വേണ്ടത് ആദ്യം സെലക്ട് ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്നവ, തിരഞ്ഞെടുക്കപ്പെട്ട ക്രമത്തിൽ, 1, 2, 3.. എന്ന ക്രമനമ്പർ കാണിച്ച്, ഒന്നിനുതാഴെ മറ്റൊന്നായി സ്ക്രീനിന്റെ വലതുഭാഗത്ത് വരും. ഇതാണ് ഓപ്ഷൻ പട്ടിക. തന്നെ ഏറ്റവും ആദ്യം പരിഗണിക്കപ്പെടേണ്ട ഓപ്ഷനാണ് ഒന്നാംഓപ്ഷനായി തിരഞ്ഞെടുക്കേണ്ടത്. എന്നാൽ, അതു ലഭിക്കാതെപോയാൽ, പരിഗണിക്കേണ്ടത് ഏത് ഓപ്ഷനാണോ, അതായിരിക്കണം രണ്ടാംഓപ്ഷൻ. ഈ തത്ത്വംവെച്ച് താത്‌പര്യമുള്ളത്രയും ഓപ്ഷനുകൾ ഒരുവിദ്യാർഥിക്ക് രജിസ്റ്റർ ചെയ്യാം. നൽകുന്ന ഓപ്ഷനുകൾ ഇടയ്ക്കിടെ ‘സേവ്’ ചെയ്യണം. അതിനുള്ള സൗകര്യം ഓപ്ഷൻ പേജിൽ ഉണ്ടാകും.

ഓപ്ഷനുകളെ ബ്രാഞ്ച്, കോളേജ് ടൈപ്പ്, ക്വാട്ട അനുസരിച്ച് സോർട്ട്ചെയ്ത് ഓപ്ഷൻ രജിസ്റ്റർ ചെയ്യാനും ഹോംപേജിൽ സൗകര്യമുണ്ടാകും.

• ‘എൻ’ വിഭാഗത്തിൽ ഒരു ബ്രാഞ്ചിൽ, ഒരു കോളേജിൽ, കുറഞ്ഞ ഫീസുള്ള മെരിറ്റ് ക്വാട്ട റെഗുലേറ്റഡ് ഫീ സീറ്റും ഉയർന്നഫീസുള്ള മെരിറ്റ് ക്വാട്ട ഫുൾ ഫീ സീറ്റും ഉണ്ടെങ്കിൽ ഇവയിൽ രണ്ടിലേക്കും പരിഗണിക്കപ്പെടാൻ, രണ്ട് ഓപ്ഷനുകളും നൽകണം. മെരിറ്റ് റെഗുലേറ്റഡ് ഫീ സീറ്റിലേക്കു മാത്രം പരിഗണിച്ചാൽ മതിയെങ്കിൽ ആ ഓപ്ഷൻമാത്രം നൽകുക. രണ്ടിലും താത്‌പര്യമുണ്ടെങ്കിൽ, കുറഞ്ഞഫീസുള്ള മെറിറ്റ് റെഗുലേറ്റഡ് ഫീ സീറ്റ് ഓപ്ഷൻ തിരഞ്ഞെടുത്തശേഷം മാത്രമേ കൂടിയഫീസുള്ള മെറിറ്റ് ഫുൾ ഫീ സീറ്റ് ഓപ്ഷൻ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയുകയുള്ളൂ. കൂടിയ ഫീസുള്ള മെറിറ്റ് ഫുൾ ഫീ സീറ്റിന് അബദ്ധത്തിൽ ഉയർന്ന മുൻഗണന നൽകുന്നത് ഒഴിവാക്കാനാണിത്.

• സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളേജുകളിൽ (എസ്) കോളേജിനനുസരിച്ച് ഫീസ്ഘടനയിൽ മാറ്റമുണ്ടാകും എന്ന വസ്തുതകൂടി മനസ്സിലാക്കി താത്‌പര്യം പരിഗണിച്ച് ഓപ്ഷൻ നൽകുക. ഓരോ കോളേജിനും/ബ്രാഞ്ചിനും ബാധകമായ ഫീസ്, ഓപ്ഷൻ പേജിൽ, ഓപ്ഷനുനേരേ, കാണാൻ കഴിയും.

• തിരികെ ലഭിക്കാവുന്ന പലിശരഹിത നിക്ഷേപം, ഫീസിനുപുറമേ നൽകേണ്ട കോളേജുകൾ ഏതൊക്കെയെന്ന് വിജ്ഞാപനത്തിലുള്ളതും പരിശോധിക്കുക. ഫീസ് സംബന്ധിച്ച വിവരങ്ങൾ എല്ലാം ഓപ്ഷൻ രജിസ്ട്രേഷൻപേജിൽ കാണാൻകഴിയും.

താത്‌പര്യം ബ്രാഞ്ചിനോടോ കോളേജിനോടോ?

കോളേജിനോടാണോ താത്‌പര്യം ബ്രാഞ്ചിനോടാണോ താത്‌പര്യമെന്നതും ഓപ്ഷൻക്രമം നിശ്ചയിക്കുന്നതിൽ പരിഗണിക്കേണ്ടതുണ്ട്. ഉദാ: ഒരു വിദ്യാർഥിയുടെ ആഗ്രഹം തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഏതെങ്കിലും ഒരു ബ്രാഞ്ച് കിട്ടണം എന്നാണെന്നു കരുതുന്നു. അവിടെ ഒരു ബ്രാഞ്ചും കിട്ടാതെവന്നാൽമാത്രം മറ്റൊരു ഗവ./എയ്ഡഡ്/എയ്ഡഡ് ഓട്ടോണമസ് കോളേജിലേക്ക് പരിഗണിച്ചാൽമതി എന്നാണെങ്കിൽ ആ വിദ്യാർഥി, തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിലെ എല്ലാബ്രാഞ്ചുകളും പരിഗണിച്ച്, മുൻഗണന നിശ്ചയിച്ച് അവ ആദ്യം രജിസ്റ്റർചെയ്യണം.

തുടർന്ന് മറ്റു കോളേജുകളിലെ ഓപ്ഷനുകൾ നൽകണം. മറിച്ച് മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ച് ഏതെങ്കിലും ഒരു ഗവ./എയ്ഡഡ്/എയ്ഡഡ് ഓട്ടോണമസ് കോളേജിൽ ലഭിച്ചില്ലെങ്കിൽമാത്രം മറ്റൊരു ബ്രാഞ്ചുമതി എന്നാണ് ഒരു വിദ്യാർഥിയുടെ താത്‌പര്യമെങ്കിൽ, വിവിധ ഗവ./എയ്ഡഡ്/എയ്ഡഡ് ഓട്ടോണമസ് കോളേജുകളിലെ മെക്കാനിക്കൽ ബ്രാഞ്ചുകൾ മുൻഗണന നിശ്ചയിച്ച് ഓപ്ഷൻ പട്ടികയിൽ ഉൾപ്പെടുത്തിയശേഷം മറ്റു ബ്രാഞ്ചുകളുടെ ഓപ്ഷൻ നൽകാൻ ശ്രദ്ധിക്കണം.

നൽകിയ ഓപ്ഷൻ മാറ്റാൻകഴിയും

ഒരിക്കൽ തിരഞ്ഞെടുത്ത ഓപ്ഷനുകൾ സമയപരിധിക്കകം എത്രതവണ വേണമെങ്കിലും പുനഃക്രമീകരിക്കാം. ഉൾപ്പെടുത്തിയ ഓപ്ഷനുകൾ ഒഴിവാക്കാം. ഉൾപ്പെടുത്താത്തവ ഉൾപ്പെടുത്താം. ഓപ്ഷനുകളുടെ മുൻഗണനാക്രമം/സ്ഥാനം മാറ്റാനും സൗകര്യമുണ്ട്. അതിനുള്ള ക്രമീകരണങ്ങൾ ഹോംപേജിലുണ്ട്. ഓപ്ഷൻ രജിസ്ട്രേഷൻ സമയപരിധി തീരുമ്പോൾ അപേക്ഷാർഥിയുടെ പേജിൽ അവസാനമായി സേവ് ചെയ്തിരിക്കുന്ന ഓപ്ഷൻ ക്രമമാകും അലോട്മെൻറിനായി പരിഗണിക്കുക.

എത്ര ഓപ്ഷൻ നൽകാം

ലഭ്യമായ ഓപ്ഷനുകളിൽ എല്ലാറ്റിലേക്കും പരിഗണിക്കപ്പെടണമെങ്കിൽമാത്രം എല്ലാ ഓപ്ഷനുകളും നൽകാം. എന്നാൽ, ഉള്ളവയിൽ ചിലതിലേക്കുമാത്രം പരിഗണിച്ചാൽ മതിയെങ്കിൽ, അവ മാത്രം നൽകുക. എത്ര ഓപ്ഷനുകൾ നൽകണമെന്ന് അപേക്ഷാർഥിതന്നെ തീരുമാനിക്കണം. നൽകുന്നത് എത്ര ഓപ്ഷനുകൾ ആയാലും അനുവദിച്ചാൽ സ്വീകരിക്കുമെന്ന് ഉറപ്പുള്ളവമാത്രം നൽകുക. കാരണം, അനുവദിക്കുന്ന ഓപ്ഷൻ സ്വീകരിക്കാത്തപക്ഷം, അലോട്മെന്റ് നഷ്ടപ്പെടുന്നതിനൊപ്പം അലോട്മെൻറിൽനിന്നും പുറത്താവുകയും ചെയ്യും. പ്രവേശനസാധ്യതകൾ വിലയിരുത്താൻ മുൻവർഷത്തെ ലാസ്റ്റ് റാങ്ക്പട്ടിക പരിശോധിക്കാം. രജിസ്റ്റർ ചെയ്ത ഓപ്ഷനുകൾ മാത്രമേ അലോട്മെൻറിന് പരിഗണിക്കുകയുള്ളൂ.

ഓപ്ഷൻ നൽകിക്കഴിഞ്ഞ്, ‘പ്രിൻ്റ് ഓപ്ഷൻ ലിസ്റ്റ്’ ലിങ്കിൽക്കൂടി, ഓപ്ഷൻ പട്ടികയുടെ പ്രിന്റൗട്ട് എടുത്തുവെക്കണം. അതിൽ കോളേജ് ടൈപ്പ്, കോഴ്‌സ്/ബ്രാഞ്ച്, കോളേജിന്റെ പേര് മുതലായവ, ഓപ്ഷന്റെ മുൻഗണനയനുസരിച്ച് കാണാൻ കഴിയും.

ഓരോ തവണയും ഹോംപേജിൽ കയറിയ ശേഷം, പേജിൽനിന്ന്‌ പുറത്തുവരാൻ, ‘ലോഗ് ഔട്ട്’ ക്ലിക്ക് ചെയ്യണം. ഇത് ചെയ്യാൻ മറന്നുപോകരുത്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

• ഓപ്ഷനുകൾ, 1, 2, 3... എന്ന ക്രമത്തിലാണ് പരിഗണിക്കുക. അലോട്മെന്റിൽ ഏതെങ്കിലും ഒരു ഓപ്ഷൻ അനുവദിച്ചാൽ, അതിനു താഴെയുള്ളവ (ലോവർ ഓപ്ഷനുകൾ) പരിഗണിക്കുകയേ ഇല്ല. അതിനാൽ കൂടുതൽ താത്‌പര്യമുള്ളവയ്ക്ക് ഉയർന്ന പരിഗണന നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.

• ഒരുറൗണ്ടിൽ അലോട്മെൻറ്‌ ലഭിച്ച ഓപ്ഷനെക്കാൾ ഉയർന്ന മുൻഗണനയുള്ളവ (ഹയർഓപ്ഷനുകൾ) മാത്രമേ തുടർന്നുള്ള റൗണ്ടിൽ/റൗണ്ടുകളിൽ പരിഗണിക്കുകയുള്ളൂ. ഉദാ: രജിസ്റ്റർ ചെയ്തത് 50 ഓപ്ഷൻ. ലഭിച്ചത് 27-ാം ഓപ്ഷൻ. 28 മുതൽ 50 വരെയുള്ളത് പരിഗണിക്കുകയേയില്ല. 1 മുതൽ 26 വരെയുള്ളത് ഹയർഓപ്ഷനുകൾ ആയിരിക്കും. ആദ്യറൗണ്ടിൽ അലോട്മെൻറ്‌ ലഭിക്കാത്തവരുടെ എല്ലാ ഓപ്ഷനുകളും രണ്ടാംറൗണ്ടിൽ പരിഗണിക്കപ്പെടും.

• രണ്ടാംറൗണ്ടിൽ പങ്കെടുക്കാൻ എല്ലാവരും ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ അപ്പോൾ നടത്തേണ്ടി വരും. അതിന്റെ വിശദാംശങ്ങൾ രണ്ടാംഘട്ട വിജ്ഞാപനത്തിൽ വിശദീകരിച്ചിരിക്കും.

• റാങ്ക് അനുസരിച്ചായിരിക്കും അലോട്മെന്റ്. ഉയർന്ന റാങ്കുള്ള ആളിന്റെ എല്ലാ ഓപ്ഷനുകളും പരിഗണിച്ച ശേഷമേ അതിനുതാഴെ റാങ്കുള്ള ഒരാളുടെ ആദ്യ ഓപ്ഷൻ പരിഗണിക്കുകയുള്ളൂ.

• ആദ്യ റൗണ്ടിൽ നൽകുന്ന ഓപ്ഷനുകളായിരിക്കും തുടർന്നുള്ള റൗണ്ടുകളിലും പരിഗണിക്കുക. ആദ്യറൗണ്ടിൽ ലദ്യമാക്കുന്ന ഓപ്ഷനുകളിൽ, രജിസ്റ്റർ ചെയ്യാത്തവ ഒന്നുംതന്നെ, തുടർന്നുള്ള റൗണ്ടിൽ ഓപ്ഷൻ പട്ടികയിൽ കൂട്ടിച്ചേർക്കാൻപറ്റില്ല. എന്നാൽ ആദ്യറൗണ്ടിൽ ഇല്ലാതിരുന്ന ഓപ്ഷനുകൾ പിന്നീട് വരുന്ന പക്ഷം, ഓപ്ഷൻ പട്ടികയിൽ, ഇഷ്ടമുള്ള സ്ഥാനത്ത് അവ ഉൾപ്പെടുത്താൻ കഴിയും.

• വിദ്യാർഥികൾക്ക്, അവരുടെ അലോട്മെൻറ്‌ സാധ്യതകൾ വിലയിരുത്താൻ, ഒരു ട്രയൽ അലോട്മെന്റ് ഓഗസ്റ്റ് നാലിന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു സമയപരിധിവരെ ലഭിക്കുന്ന ഓപ്ഷനുകളാകും ഇതിന് പരിഗണിക്കുക. സമയപരിധി വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടില്ല. അതിനാൽ മൂന്നിനകംതന്നെ ഓപ്ഷനുകൾ നൽകി ട്രയൽ റൗണ്ടിൽ പങ്കെടുക്കുക. ഒരാൾ നൽകിയ ഓപ്ഷനുകൾ ഒരു അലോട്മെൻറ്‌ ലഭിക്കാൻ പര്യാപ്തമാണോയെന്ന് ട്രയൽ അലോട്മെൻറ്‌ ഫലം പരിശോധിച്ചറിയം. അതിന്റെ അടിസ്ഥാനത്തിൽ ഓപ്ഷൻ പട്ടികയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ കഴിയും.

• വിദ്യാർഥിയുടെ ഓപ്ഷൻ പ്രോസസ് ചെയ്യുമ്പോൾ സംവരണാനുകൂല്യങ്ങൾ കൂടി പരിഗണിക്കുന്നതാണ്. അതിനാൽ സംവരണസീറ്റിലേക്ക് പരിഗണിക്കപ്പെടാൻ ഓപ്ഷൻ രജിസ്ട്രേഷൻ വേളയിൽ പ്രത്യേകിച്ച് ഒന്നുംചെയ്യേണ്ടതില്ല. താത്‌പര്യമുള്ള ഓപ്ഷനുകൾ ഉൾപ്പെടുത്തിയാൽമതി.

• സ്പെഷ്യൽ റിസർവേഷന് അർഹതയുള്ളവർക്ക് ആ റിസർവേഷൻ സീറ്റുള്ള ഓപ്ഷനുകളിൽ താത്‌പര്യമുള്ള പക്ഷം, അവ പട്ടികയിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

സമയക്രമം

ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 വരെ ഓപ്ഷൻ രജിസ്റ്റർചെയ്യാം. പ്രൊവിഷണൽ അലോട്മെന്റ് ഏഴിന്. ആദ്യഘട്ട അലോട്‌മെൻറ്‌ ഫലം എട്ടിന്. അലോട്മെൻറ്‌ ലഭിക്കുന്നവർ 12-ന് വൈകീട്ട് നാലിനകം ഓൺലൈനായോ ഹെഡ് പോസ്റ്റ് ഓഫീസ് വഴിയോ, ഹോംപേജിലെ അലോട്മെൻറ്‌ മെമ്മോയിൽ രേഖപ്പെടുത്തിയ ഫീസ്, പ്രവേശനപരീക്ഷാ കമ്മിഷണറുടെ പേരിൽ അടയ്ക്കണം. ഈ ഘട്ടത്തിൽ കോളേജിൽ പ്രവേശനം നേടേണ്ടതില്ല.

ഫീസടച്ചില്ലെങ്കിൽ അലോട്മെൻറ്‌ നഷ്ടപ്പെടും. ബന്ധപ്പെട്ട സ്ട്രീമിലെ അവശേഷിക്കുന്ന ഓപ്ഷനുകൾ നഷ്ടപ്പെടും. നഷ്ടപ്പെട്ട ഓപ്ഷനുകൾ തുടർ റൗണ്ടുകളിൽ ലഭ്യമാവുകയുമില്ല.

ടോക്കൺ ഫീസ്

അലോട്മെൻറ്‌ ലഭിക്കുന്നവർ, അലോട്മെൻറ്‌ ലഭിച്ച കോളേജ് വിഭാഗം അനുസരിച്ച്, പ്രവേശനപരീക്ഷാ കമ്മിഷണർക്ക് അടയ്ക്കേണ്ട ടോക്കൺ ഫീ ഇങ്ങനെയാണ്:

• ഗവൺമെൻറ്‌/എയ്ഡഡ്/ഓട്ടോണമസ് എയ്ഡഡ് എൻജിനിയറിങ് കോളേജുകൾ -ബാധകമായ മുഴുവൻ ഫീസ്

• ഗവ. കോസ്റ്റ് ഷെയറിങ്/സെൽഫ് ഫിനാൻസിങ്/ഓട്ടോണമസ് സെൽഫ് ഫിനാൻസിങ് -8000 രൂപ.

• *എസ്.സി./എസ്.ടി./ഒ.ഇ.സി./ വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റു വിഭാഗക്കാർക്ക് ഗവൺമെൻറ്‌ സീറ്റിൽ പ്രവേശനം ലഭിച്ചാൽ - 500 രൂപ. പക്ഷേ ഇവർക്ക് ഗവ. കോസ്റ്റ് ഷെയറിങ് കോളേജുകളിലെ മാനേജ്മെൻറ്‌ സീറ്റിൽ പ്രവേശനം ലഭിച്ചാൽ 8000 രൂപ ടോക്കൺ ഫീ ആയി അടയ്ക്കണം (ഈ സീറ്റിൽ ഈ വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കില്ല). അടയ്ക്കേണ്ട തുക എത്രയെന്ന് അലോട്മെൻറ്‌ മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കും.

(നാളെ: സീറ്റ് ലഭ്യത,ഫീസ്)

Content Highlights: things to remember during option registration