‘ഒരാളുടെ ബുക്ക് എല്ലാവരുടേതും’; ഒരു വീട്ടിലെ സഹോദരങ്ങള്‍ ഒരേ പഠനമേഖലയിൽ, ഈ പഠനം ഇവര്‍ക്ക് കുടുംബകാര്യം

കൊച്ചി: പ്ലസ് ടു കഴിഞ്ഞ് സുമയ്യ കൊല്ലത്തുനിന്ന് കൊച്ചിയിലേക്ക് വരുമ്പോള്‍ ബികോമും പിന്നെ എസിസിഎ കോഴ്സുമായിരുന്നു സ്വപ്നം. ആ സമയത്ത് സുമയ്യയുടെ അനുജത്തിമാരായ സൂഫിയ പ്ലസ് വണ്ണിനും സുബിയ ഒന്‍പതാം ക്ലാസിലും പഠിക്കുകയായിരുന്നു. ഇപ്പോള്‍ ഇവരും ചേച്ചിക്കൊപ്പം ബികോമും എസിസിഎയും (അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്സ്) ചെയ്യാന്‍ കൊച്ചി നഗരത്തില്‍ വന്ന് താമസിക്കുകയാണ്.
തീര്‍ന്നില്ല, ഇവരുടെ ഇളയച്ഛന്റെ മക്കളായ സുരയ്യയും അമലും ഇവര്‍ക്കൊപ്പം ഇതേ കോഴ്സുകള്‍ പഠിക്കാനായി കൊച്ചിയിലുണ്ട്. കൊല്ലത്ത് ഇപ്പോഴും പഴയകാലത്തേതുപോലെ കൂട്ടുകുടുംബമായി ഒരേ വീട്ടില്‍ താമസിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളായ ഇവര്‍ കൊച്ചിയില്‍ വന്ന് താമസിക്കുന്നതും ഒരേ വീട്ടിലാണ്. കൊച്ചിയില്‍ വീട് വാടകക്കെടുത്ത് ഒരേ വീട്ടിലെ സഹോദരങ്ങള്‍ ഒരേ പഠനം നടത്തുമ്പോള്‍ അതൊരു അപൂര്‍വമായ സാഹോദര്യത്തിന്റെ കൂടി കഥയാണ്.
കൊല്ലം സിംല മന്‍സിലില്‍ അബ്ദുള്ളയുടെയും രഹനയുടെയും മക്കളാണ് സുമയ്യയും സൂഫിയയും സുബിയയും. അബ്ദുള്ളയുടെ അനുജന്‍ അസ്ലമിന്റെയും റജീനയുടെയും മക്കളാണ് സുരയ്യയും അമലും. പഴയ കൂട്ടുകുടുംബത്തിന്റെ സ്നേഹം കൈവിടരുതെന്ന ആഗ്രഹത്തില്‍ കൊല്ലത്ത് ഒരേ വീട്ടിലാണ് അബ്ദുള്ളയും അസ്ലമും കുടുംബവുമായി കഴിയുന്നത്. ബികോം പഠനത്തിനായി കൊച്ചിയിലെത്തിയപ്പോഴാണ് അതിനൊപ്പം എസിസിഎ ചെയ്താലോയെന്ന് സുമയ്യ ചിന്തിച്ചത്.
''ഞങ്ങള്‍ നാട്ടില്‍ നിന്ന് കൊച്ചിയിലെത്തി ഒരേ കോഴ്സ് പഠിക്കുന്നത് വലിയൊരു സ്വപ്നത്തിന്റെ കൂടി സാക്ഷാത്കാരമാണ്. അനുജത്തിമാരും അനിയനും എന്നെപ്പോലെ ഈ കോഴ്സില്‍ തന്നെ ചേരുമെന്ന് ഒരിക്കലും കരുതിയതല്ല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മാതാപിതാക്കളാണ് ഞങ്ങളുടെ കരുത്ത്. കൂട്ടുകുടുംബത്തിന്റെ സ്നേഹം പോലെ പഠനത്തിനായും ഒരു നഗരത്തില്‍ ഒരേ വീട്ടില്‍ കഴിയുന്നതും ഒരു നിയോഗമാകാം'' - സുമയ്യ പറഞ്ഞു.
സുമയ്യ എസിസിഎ കോഴ്സിലെ 13 പേപ്പറില്‍ 12 എണ്ണവും ഇതിനകം എഴുതിയെടുത്തു കഴിഞ്ഞു. സൂഫിയ പത്ത് പേപ്പര്‍ എഴുതിയെടുത്തപ്പോള്‍ സുരയ്യയും അമലും ഒന്‍പത് പേപ്പറായി. സുബിയ ഏഴ് പേപ്പറാണ് ഇതിനകം എഴുതിയെടുത്തത്. ഒരുമിച്ച് നിന്നുള്ള പഠനം പേപ്പറുകള്‍ വിജയകരമായി എഴുതിയെടുക്കാന്‍ വലിയ സഹായകമാകുന്നുണ്ടെന്നാണ് ഇവരുടെ അനുഭവസാക്ഷ്യം. ''പഠന വിഷയങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യുന്നതിനൊപ്പം ഓരോരുത്തരുടെയും മികവും ദൗര്‍ബല്യവും മനസ്സിലാക്കി അത് ക്ലിയര്‍ ചെയ്യാനും കഴിയുന്നുണ്ട്'' -അമല്‍ പറയുന്നു.
ഒരുമിച്ച് ഒരേ കോഴ്സ് ചെയ്യുന്നതിനൊപ്പം കുടുംബത്തിലും സൗഹൃദത്തിലുമൊക്കെ ഒരുമിച്ചാണ് ഈ സഹോദരങ്ങള്‍. ''ഞങ്ങളുടെ വീട്ടില്‍ ഒരാളുടെ ബുക്ക് എല്ലാവരുടെയും ബുക്കാണ്. ഒരാളുടെ വസ്ത്രം പാകമായ മറ്റെല്ലാവരുടെയും വസ്ത്രമാണ്. ഞങ്ങളില്‍ ഒരാള്‍ക്ക് ഒരു സുഹൃത്തുണ്ടായാല്‍ അത് വൈകാതെ മറ്റുള്ളവരുടെയും സുഹൃത്തായി മാറും. ഇനിയുള്ള ജീവിതത്തിലും ഈ സാഹോദര്യവും സൗഹൃദവുമായി മുന്നോട്ടുപോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം'' -സൂഫിയ പറയുന്നു.
Content Highlights: Three sisters and their cousins from Kollam move to Kochi to study B.Com and ACCA together. Discover their inspiring story of shared dreams and sibling bond.