നാനോ സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം

മൊഹാലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്നോളജി (ഐഎൻഎസ്‌ടി) 2025 ഓഗസ്റ്റ് സെഷനിലെ ഗവേഷണ പ്രോഗ്രാം (പിഎച്ച്ഡി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാരിന്റെ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ സഹായത്താൽ പ്രവർത്തിക്കുന്ന ഈ സ്വയംഭരണ സ്ഥാപനത്തിൽ ഫിസിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ബയോളജിക്കൽ സയൻസസ്, ഫാർമ, അഗ്രിക്കൾച്ചറൽ സയൻസസ്, അനുബന്ധ മേഖലകൾ തുടങ്ങിയവയിലൊന്നിലെ പശ്ചാത്തലം ഉള്ളവർക്കാണ് ഗവേഷണ അവസരങ്ങളുള്ളത്.
എനർജി ആൻഡ് എൻവയൺമെൻറ് യൂണിറ്റ്, ക്വാണ്ടം മെറ്റീരിയൽ ആൻഡ് ഡിവൈസസ് യൂണിറ്റ്, കെമിക്കൽ ബയോളജി യൂണിറ്റ്, എന്നിവയിലായാണ് ഗവേഷണം. തിരഞ്ഞെടുക്കപ്പെടുന്നവരെ മൊഹാലി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചി (ഐസർ)ലെ പിഎച്ച്ഡിക്കാണ് എൻറോൾ ചെയ്യപ്പെടുന്നത്. മൊഹാലി ഐസർ ആയിരിക്കും പിഎച്ച്‌ഡി ബിരുദം നൽകുക.
യോഗ്യത
ബേസിക് സയൻസസ്, അപ്ലൈഡ് സയൻസസ്, എൻജിനിയറിങ്, അനുബന്ധ മേഖലയിൽ ഒന്നിൽ എംഎസ്‌സി, എംടെക് അല്ലെങ്കിൽ എംഫാം എന്നിവയിലൊരു ബിരുദം വേണം. യോഗ്യതാ കോഴ്സിന്റെ അന്തിമ സെമസ്റ്റർ/വർഷ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും കോഴ്സിൽ പ്രവേശനം നേടുമ്പോൾ ബിരുദം ലഭിച്ചിരിക്കണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി അപേക്ഷിക്കാം.
സിഎസ്ഐആർ/യുജിസി-നെറ്റ്, ഐസിഎംആർ- ജെആർഎഫ്, ഡിബിടി - ജെആർഎഫ് തുടങ്ങിയവയിലൊരു ദേശീയതല പരീക്ഷയിൽ യോഗ്യത നേടിയിരിക്കുകയോ ഐഎൻഎസ്‌ടി റൂൾസ് പ്രകാരമുള്ള ഫണ്ടഡ് പ്രോജക്ട് ഉള്ളവരോ ആയിരിക്കണം.
ഡിഎസ്‌ടി -ഇൻസ്പയർ ഫെലോഷിപ്പ് ഉള്ളവർക്കും അപേക്ഷിക്കാം. അവരുടെ സെലക്‌ഷൻ താത്‌കാലികവും ഇൻസ്പയർ ഫെലോഷിപ്പ് അനുവദിക്കുന്നതിനു വിധേയയവുമായിരിക്കും.
പ്രായപരിധി, സിഎസ്ഐആർ- യുജിസി, ഡിഎസ്ടി വ്യവസ്ഥകൾ പ്രകാരമായിരിക്കും.
അപേക്ഷ
വിശദമായ വിജ്ഞാപനം, അപേക്ഷാഫോം എന്നിവ inst.ac.in/careers ൽ ലഭ്യമാണ്. പ്രവേശനവിജ്ഞാപനത്തിൽ നൽകിയിട്ടുള്ള ലിങ്കിൽ ഓൺലൈൻ ആയി സിനോപ്‌സിസ് നൽകണം. അപേക്ഷാ ഫീസ് 590 രൂപയാണ് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 295 രൂപ). തുക ഓൺലൈൻ ആയി അടയ്ക്കണം. ഓൺലൈൻ ട്രാൻസാക്‌ഷൻ വിവരങ്ങൾ അപേക്ഷയ്ക്കൊപ്പംവെക്കണം.
പൂരിപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പി, ഫോട്ടോ ഒട്ടിച്ച്, അനുബന്ധ രേഖകൾ സഹിതം (പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം (ഉണ്ടെങ്കിൽ), സംവരണം (ബാധകമെങ്കിൽ) തുടങ്ങിയവ തെളിയിക്കുന്നതിലേക്ക്) നേരിട്ടോ, രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ്/കുറിയർ വഴിയോ ജൂൺ 10-നകം ‘ദി ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
നാനോ സയൻസ് ആൻഡ് ടെക്നോളജി, നോളജ് സിറ്റി, സെക്ടർ 81, മൊഹാലി, പഞ്ചാബ്- 140306’ എന്ന വിലാസത്തിൽ ലഭിക്കണം.
ഒന്നിൽ കൂടുതൽ യൂണിറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ ഓരോ യൂണിറ്റിലേക്കും പ്രത്യേകം അപേക്ഷയും അനുബന്ധ രേഖകളുംെവക്കണം. എത്ര യൂണിറ്റിലേക്ക് അപേക്ഷിച്ചാലും ഒറ്റ അപേക്ഷാഫീസ് അടച്ചാൽ മതിയാകും. ഫീസടച്ചതിന്റെ രേഖ ഓരോ അപേക്ഷയ്ക്കൊപ്പവും നൽകണം. സഹായങ്ങൾക്ക്: apply@inst.ac.in
Content Highlights: PhD Research Program at INST Mohali - Apply Now