നീറ്റ്-യുജി പുനഃപരീക്ഷ: ടെലിഗ്രാം നിരോധനത്തെ ന്യായീകരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി

ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി രാജ്യത്ത് ടെലിഗ്രാം നിരോധിക്കാനുള്ള ചെയ്യാനുള്ള സർക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ഡയറക്ടർ ജനറൽ അഭിഷേക് സിങ്. ടെലിഗ്രാം നിരോധനം പൂർണ്ണമായും സുരക്ഷിതമായ മാർഗ്ഗമല്ലെന്ന് അംഗീകരിച്ച ഡയറക്ടർ, ചിലർക്ക് വിപിഎൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വിലക്ക് മറികടക്കാൻ കഴിഞ്ഞേക്കുമെന്നും സമ്മതിച്ചു.
NEET-UG പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാം ഇന്ത്യയിൽ താത്കാലികമായി നിരോധിച്ച സർക്കാർ നടപടിയ്ക്കെതിരെ നിരവധി പേർ രംഗത്തുവന്നിരുന്നു.
‘വിപിഎൻ ഉപയോഗിച്ച് അവർക്ക് ചാനലുകൾ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞേക്കാമെന്നത് ശരിയാണ്. എന്നാൽ ഉപഭോക്താക്കളായി വിദ്യാർത്ഥികൾ ഇല്ലെങ്കിൽ തട്ടിപ്പ് തടയാൻ സാധിക്കും. വ്യാജ ചോദ്യപേപ്പർ ചോർച്ചകളിൽ പെട്ട് വിദ്യാർത്ഥികളുടെ പണവും വിലപ്പെട്ട സമയവും നഷ്ടപ്പെടുന്നത് ഇതിലൂടെ ഒഴിവാക്കാനാകും’-അഭിഷേക് സിങ് വ്യക്തമാക്കി.
വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് എൻടിഎ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഐ4സി (I4C), സംസ്ഥാന പോലീസ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, വിവിധ അന്വേഷണ ഏജൻസികൾ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങൾ ഇത്തരം വ്യാജ ചാനലുകളെ ദീർഘകാലമായി നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. പലപ്പോഴും ഇത്തരം ചാനലുകൾ പുതിയ പേരുകളിലാണ് വീണ്ടും പ്രത്യക്ഷപ്പെടാറുള്ളത്. ഈ ശൃംഖലകൾ ടെലിഗ്രാം, ഫയൽ ഷെയറിങ് ടൂളുകൾ, പേയ്‌മെന്റ് ഗേറ്റ്‌വേകൾ എന്നിവയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, വരാനിരിക്കുന്ന ഞായറാഴ്ച പരീക്ഷ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ടെലിഗ്രാം പൂർണ്ണമായി ബ്ലോക്ക് ചെയ്യുകയല്ലാതെ ഏജൻസിക്ക് മറ്റ് മാർഗമില്ലായിരുന്നു എന്നാണ് വിശദീകരണം.
വ്യോമസേനാ വിമാനങ്ങൾ ഉപയോഗിച്ചും സുരക്ഷ വർദ്ധിപ്പിച്ചും ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം പൂർണ്ണമായി നിരോധിച്ചും സർക്കാർ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്ന വിമർശനങ്ങളോടും അദ്ദേഹം പ്രതികരിച്ചു.
സാധാരണയായി അഞ്ച് മുതൽ ആറ് മാസം വരെ എടുക്കുന്ന നീറ്റ് പരീക്ഷാ തയ്യാറെടുപ്പുകൾ വെറും 37 ദിവസത്തിനുള്ളിലാണ് ഇത്തവണ പൂർത്തിയാക്കേണ്ടി വന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചോദ്യപേപ്പർ തയ്യാറാക്കൽ, പ്രൂഫ് റീഡിങ്, 13 ഭാഷകളിലേക്കുള്ള തർജ്ജമ, 22 ലക്ഷം പേപ്പറുകളുടെ പ്രിന്റിങ്, ഗതാഗതം എന്നിവയെല്ലാം ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്യേണ്ടിവന്നു. പ്രതിരോധ മന്ത്രാലയത്തിന്റെയും വ്യോമസേനയുടെയും പിന്തുണയോടെയാണ് 15-20 ദിവസം എടുക്കുന്ന യാത്രാ സമയം മൂന്നോ നാലോ ദിവസമായി ചുരുക്കാൻ സാധിച്ചത്.
ഇത്തവണത്തെ പരീക്ഷയ്ക്കായി ചോദ്യപേപ്പർ നിർമ്മാണം, തർജ്ജമ, പ്രിന്റിങ്, സംഭരണം, ഗതാഗതം തുടങ്ങി എല്ലാ ഘട്ടങ്ങളിലും എൻടിഎ ഒന്നിലധികം സുരക്ഷാ ഘട്ടങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ 5,440 കേന്ദ്രങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലും പരീക്ഷ യാതൊരുവിധ വീഴ്ചയുമില്ലാതെ സുഗമമായി നടത്താൻ ആഭ്യന്തര മന്ത്രാലയം, പാരാമിലിട്ടറി സേനകൾ, തപാൽ വകുപ്പ്, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, സംസ്ഥാന സർക്കാരുകൾ, പോലീസ് എന്നിവരുടെ സഹായം ഏജൻസി ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണ ഉപയോക്താക്കളെ ശിക്ഷിക്കുന്നു -ടെലിഗ്രാം സിഇഓ
അതിനിടെ കേന്ദ്ര നീക്കത്തെ വിമർശിച്ച് ടെലിഗ്രാം സ്ഥാപകൻ പാവെൽ ഡ്യൂറോവ് രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ 15 ലക്ഷത്തിലധികം ടെലിഗ്രാം ഉപയോക്താക്കളെ ശിക്ഷിക്കുന്ന തരത്തിലുള്ളതാണ് നീക്കമെന്ന് അദ്ദേഹം ആരോപിച്ചു. 'ചില ഉപയോക്താക്കൾ ചോർന്ന പരീക്ഷാ ചോദ്യങ്ങൾ പങ്കുവെച്ചതിനാലാണ് ഇന്ത്യൻ ഐടി മന്ത്രാലയം ടെലിഗ്രാമിനെ ഒരാഴ്ചത്തേക്ക് നിരോധിച്ചത്. ഇത് ഇന്ത്യയിലെ 150 ദശലക്ഷത്തിലധികം സാധാരണ ടെലിഗ്രാം ഉപയോക്താക്കളെ ശിക്ഷിക്കുന്ന നടപടിയാണ്. പരീക്ഷാ സാമഗ്രികൾ ചോർത്തിയവർക്ക് ഇത് ബാധകമല്ല. നിരോധനം ഒന്നും തടയില്ല. ചോർത്തുന്നവർ മറ്റ് ആപ്പുകളിലേക്ക് മാറി.'- ടെലിഗ്രാം സിഇഓ എക്‌സ് പോസ്റ്റിൽ ആരോപിച്ചു.
Content Highlights: National Testing Agency (NTA) Director General Abhishek Singh defended the temporary ban on Telegram in India ahead of the June 21 NEET-UG re-exam, stating that while tech-savvy fraudsters might use VPNs to bypass the restriction, the block effectively protects students from falling prey to fake question paper leaks by disrupting the scammers' access to their student user base.