നീറ്റ് പിജി ഓഗസ്റ്റ് മൂന്നിന്, രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് 12.30 വരെ ഒറ്റ ഷിഫ്റ്റിൽ നടത്തും

ന്യൂഡൽഹി: മാറ്റിവെച്ച 2025-ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് [നീറ്റ് പിജി] ഓഗസ്റ്റ് മൂന്നിന് രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് 12.30 വരെ ഒറ്റ ഷിഫ്റ്റിൽ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) നടത്തും. നേരത്തേ പ്രഖ്യാപിച്ചിരുന്ന പരീക്ഷാകേന്ദ്രങ്ങൾക്കുപുറമേ, കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ സജ്ജീകരിക്കും. അതിനാൽ, എല്ലാ പരീക്ഷാർഥികളും വീണ്ടും പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കണം. പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാനുള്ള സൗകര്യം ജൂൺ 13-ന് വൈകീട്ട് മൂന്നുമുതൽ 17-ന് രാത്രി 11.55 വരെ www.natboard.edu.in ൽ ലഭ്യമാക്കും.
ആദ്യം തിരഞ്ഞെടുക്കുന്നവർക്ക് ആദ്യ പരിഗണന എന്ന രീതിയിലാകും പരീക്ഷാകേന്ദ്രം അനുവദിക്കുക. പരീക്ഷാകേന്ദ്രത്തിന് അപേക്ഷ നൽകുന്ന വേളയിൽ കേന്ദ്രങ്ങളുടെ പട്ടിക കാണാൻ കഴിയും. സ്ലോട്ടുകൾ ലഭ്യമായ പരീക്ഷാകേന്ദ്രങ്ങൾമാത്രമേ അപേക്ഷ നൽകുമ്പോൾ കാണാൻ കഴിയൂ.
താത്‌പര്യമുള്ള സംസ്ഥാനത്ത്/കേന്ദ്രഭരണ പ്രദേശത്ത് പരീക്ഷാകേന്ദ്രം ലഭ്യമല്ലെങ്കിൽ ‘അദേഴ്സ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇങ്ങനെ തിരഞ്ഞെടുക്കുന്നവർക്ക്, അപേക്ഷാർഥിയുടെ മേൽവിലാസവുമായി ബന്ധപ്പെട്ട സംസ്ഥാനത്ത്/കേന്ദ്രഭരണ പ്രദേശത്ത്, പരീക്ഷാകേന്ദ്രം അനുവദിക്കാൻ എൻബിഇഎംഎസ് ശ്രമിക്കും. അത് സാധ്യമല്ലെകിൽ രാജ്യത്തെവിടെയെങ്കിലും പരീക്ഷാകേന്ദ്രം അനുവദിക്കും. പരീക്ഷയ്ക്ക് അനുവദിക്കുന്ന കൃത്യമായ കേന്ദ്രം അഡ്മിറ്റ് കാർഡിൽ വ്യക്തമാക്കിയിരിക്കും.
എഡിറ്റ് വിൻഡോ ജൂൺ 20 മുതൽ 22 വരെ ലഭ്യമാക്കും. പേര്, കാറ്റഗറി, നാഷണാലിറ്റി, ഇ-മെയിൽ, മൊബൈൽ നമ്പർ, പരീക്ഷാകേന്ദ്രം എന്നിവയൊഴികെ ഏത് ഫീൽഡും/രേഖയും എഡിറ്റ് ചെയ്യാം.അനുവദിച്ച പരീക്ഷാകേന്ദ്രം സംബന്ധിച്ച അറിയിപ്പ് ജൂലായ് 21-ന് ഉണ്ടാകും. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ജൂലായ് 31 മുതൽ ലഭിക്കും. ഫലപ്രഖ്യാപനം സെപ്റ്റംബർ മൂന്നിന് പ്രതീക്ഷിക്കാം.
Content Highlights: NEET PG 2025 Exam Date, Centers & Registration