നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനം; നടപടികള്‍ അറിയാം

Mathrubhumi Archives
Mathrubhumi Archives

ഗ്രാമീണമേഖലകളിൽനിന്നുള്ള വിദ്യാർഥികളെ ഉദ്ദേശിച്ചുകൊണ്ട് കേന്ദ്രസർക്കാർ ആരംഭിച്ച ജവഹർ നവോദയ വിദ്യാലയങ്ങളിലെ (ജെ.എൻ.വി.) 2023-24-അധ്യയനവർഷത്തെ ആറാംക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. മികച്ചനിലവാരമുള്ള പഠന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം, സൗജന്യമായി പഠിക്കുകയും ചെയ്യാം. 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി മൊത്തം 649 വിദ്യാലയങ്ങളുണ്ട്. കേരളത്തിൽ 14.

യോഗ്യത
അപേക്ഷകർ 1.5.2011-നും 30.4.2013-നും ഇടയ്ക്ക് ജനിച്ചവരാകണം. പട്ടികവിഭാഗക്കാർക്കും ഒ.ബി.സി.ക്കാർക്കും ഈ പ്രായപരിധി ബാധകമാണ്. അപേക്ഷാർഥികൾ പ്രവേശനം തേടുന്ന ജില്ലയിൽ താമസിക്കുന്നവരാകണം. 2022-23 അധ്യയനവർഷത്തിൽ, പൂർണമായും ആ ജില്ലയിലെ സർക്കാർ/സർക്കാർ എയ്ഡഡ്/അംഗീകൃത സ്കൂളിൽ അല്ലെങ്കിൽ എൻ.ഐ.ഒ.എസിന്റെ, ബി-സർട്ടിഫിക്കറ്റ് കോന്പീറ്റൻസി കോഴ്‌സിൽ അഞ്ചാംക്ലാസിൽ പഠിക്കുന്നവരാകണം. 2022-23-ൽ അഞ്ചാംക്ലാസ് പരീക്ഷ ജയിച്ചിരിക്കണം. നവോദയ പ്രവേശനപരീക്ഷ ഒരിക്കൽ അഭിമുഖീകരിച്ചവർക്ക് വീണ്ടും പ്രവേശനപരീക്ഷ എഴുതാൻ അർഹതയില്ല.

സീറ്റ് സംവരണം
ഓരോ ജില്ലയിലെയും വിദ്യാലയത്തിൽ 75 ശതമാനം സീറ്റുകൾ, ആ ജില്ലയിലെ ഗ്രാമീണമേഖലകളിലെ വിദ്യാർഥികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ബാക്കി സീറ്റുകൾ ജില്ലയിലെ ഗ്രാമ, പട്ടണ പ്രദേശക്കാർക്ക് മെറിറ്റ് അടിസ്ഥാനമാക്കി നൽകും. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ നടത്തുന്ന 10, 12  ക്ളാസുകളിലെ പരീക്ഷകൾക്കാണ് ഇവിടെ വിദ്യാർഥികളെ സജ്ജരാക്കുന്നത്.

പ്രവേശനപരീക്ഷ
ഏപ്രിൽ 29-ന് രാവിലെ 11.30 മുതൽ 1.30 വരെ നടത്തുന്ന ജെ.എൻ.വി. സെലക്ഷൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. മെന്റൽ എബിലിറ്റി ടെസ്റ്റ് (40 ചോദ്യങ്ങൾ, 50 മാർക്ക്), അരിത്‌മറ്റിക് ടെസ്റ്റ് (20, 25), ലാംഗ്വേജ് ടെസ്റ്റ് (20, 25) എന്നിവ ഉൾപ്പെടുന്നതാണ് പരീക്ഷ. ഉത്തരം തെറ്റിയാലും മാർക്ക് നഷ്ടപ്പെടില്ല.    കേരളത്തിൽ പരീക്ഷ എഴുതുന്നവർക്ക് ഹിന്ദി, ഇംഗ്ലിഷ്, മലയാളം, തമിഴ്, കന്നട ഭാഷകളിലെ ചോദ്യപേപ്പർ ലഭ്യമാക്കും. ഏതുഭാഷയിലെ ചോദ്യപേപ്പർ വേണമെന്ന് അപേക്ഷയിൽ വ്യക്തമാക്കണം. വിശദാംശങ്ങൾ, മാതൃകാ ചോദ്യപേപ്പറുകൾ എന്നിവ www.navodaya.gov.in-ൽ ലഭിക്കും. പരീക്ഷാകേന്ദ്രത്തിന്റെ വിശദാംശങ്ങൾ അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കും.

അപേക്ഷ
അപേക്ഷ navodaya.gov.in വഴി ജനുവരി 31 വരെ നൽകാം. ജൂൺ മാസത്തിൽ ഫലം പ്രഖ്യാപിക്കും. അപേക്ഷാവേളയിൽ പഠിച്ച, ജെ.എൻ.വി.എസ്.ടി. അഭിമുഖീകരിച്ച ജില്ലയിലെ ജെ.എൻ.വി.യിലേക്കേ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രവേശനം നൽകും. ഗ്രാമീണമേഖലയിലുള്ള സർക്കാർ/സർക്കാർ എയ്ഡഡ്/സർക്കാർ അംഗീകൃത സ്കൂളുകളിൽ, മൂന്ന്, നാല്, അഞ്ച് ക്ലാസുകളിൽ അക്കാദമിക് വർഷം മുഴുവൻ പഠിച്ചവരെ മാത്രമേ, ഗ്രാമീണമേഖലാ സംവരണസീറ്റിലേക്ക് പരിഗണിക്കൂ. മൂന്ന്, നാല്, അഞ്ച് ക്ലാസുകളിൽ ഒരുദിവസമെങ്കിലും നഗരപ്രദേശത്തെ സ്കൂളിൽ പഠിച്ചവരെ നഗരപ്രദേശവിദ്യാർഥിയായെ കണക്കാക്കൂ. മൊത്തം സീറ്റിന്റെ മൂന്നിലൊന്ന് പെൺകുട്ടികൾക്കാണ്. പട്ടികവിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് സംവരണം ഉണ്ട്. ഒരോ വിദ്യാലയത്തിലും 80 പേർക്ക് പ്രവേശനം നൽകും.

പഠനം സഹവാസരീതിയിൽ
സഹവിദ്യാഭ്യാസ, സഹവാസരീതിയിലാണ് പഠനം. താമസം, ഭക്ഷണം, യൂണിഫോം, ടെക്സ്റ്റ് ബുക്ക് എന്നിവ സൗജന്യമാണ്. ഒൻപതുമുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർ, വിദ്യാലയ വികാസ് നിധിയിലേക്ക് മാസം 600 രൂപ നൽകണം. പെൺകുട്ടികളെയും പട്ടികവിഭാഗക്കാരെയും ദാരിദ്ര്യരേഖയ്ക്കു താഴെ വാർഷികവരുമാനമുള്ള കടുംബങ്ങളിലെ കുട്ടികളെയും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇളവിന് അർഹതയുള്ളവരൊഴികെയുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ, മാസം 1500 രൂപ അല്ലെങ്കിൽ രക്ഷിതാക്കൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസ അലവൻസ് ഏതാണോ കുറവ് അത് വികാസ് നിധിയിലേക്ക് (കുറഞ്ഞത് 600 രൂപ) നൽകണം.

Content Highlights: navodaya school admission 2023