നൊബേല്‍ ജേതാക്കളോട് സംവദിച്ചു,ലിന്‍ഡൗ നൊബേൽ ലോറേറ്റ്സ് മീറ്റിങ്ങില്‍ പോയ ത്രില്ലിലാണ് ഇവര്‍

#അജീഷ് പ്രഭാകരന്‍/ ajeeshpp@mpp.co.in
2023-ലെ കെമിസ്ട്രിയിലെ നൊബേല്‍സമ്മാന ജേതാവ് ഡോ. മൗംഗി ബാവെണ്ടിയോടൊപ്പം ബി. ഹരിപ്രിയ, ഡോ. എസ്. സായിശ്രീ, നിരഞ്ജന സുബ്രഹ്മണ്യന്‍ എന്നിവര്‍
2023-ലെ കെമിസ്ട്രിയിലെ നൊബേല്‍സമ്മാന ജേതാവ് ഡോ. മൗംഗി ബാവെണ്ടിയോടൊപ്പം ബി. ഹരിപ്രിയ, ഡോ. എസ്. സായിശ്രീ, നിരഞ്ജന സുബ്രഹ്മണ്യന്‍ എന്നിവര്‍

2024-ല്‍ കെമിസ്ട്രിയില്‍ നൊബേല്‍ സമ്മാനം ലഭിച്ച 40 വയസ്സ് മാത്രമുള്ള ജോണ്‍ എം. ജമ്പര്‍ മുതല്‍ 1980-ല്‍ നൊബേല്‍ സമ്മാനം ലഭിച്ച 93 വയസ്സുകാരന്‍ വാള്‍ട്ടര്‍ ഗില്‍ബര്‍ട്ട് ഉള്‍പ്പെടെ 33 ജേതാക്കള്‍ക്കൊപ്പം ദിവസങ്ങള്‍ ചെലവഴിക്കുക. അവര്‍ക്കൊപ്പം നടന്നും ഭക്ഷണം കഴിച്ചും സംവദിച്ചും ദിവസങ്ങള്‍. കൂടാതെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിവിധ രാജ്യങ്ങളിലെ ഗവേഷകരെ പരിചയപ്പെടുക. ഇതുവഴി അക്കാദമിക് നെറ്റ് വര്‍ക്കിങ് ഉണ്ടാക്കുക.ഇതെല്ലാം കഴിഞ്ഞ് വന്നതിന്റെ ത്രില്ലിലാണ് കുസാറ്റ് (കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല) ലെ ഇന്റഗ്രേറ്റഡ് എംഎസ്സി കെമിസ്ട്രി വിദ്യാര്‍ഥി നിരഞ്ജന സുബ്രഹ്മണ്യന്‍. നിരഞ്ജനയെ കൂടാതെ തിരുവനന്തപുരം ഐസറി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്) ലെ ഗവേഷണ വിദ്യാര്‍ഥി ബി. ഹരിപ്രിയ, തിരുവനന്തപുരം സിഎസ്ഐആര്‍ എന്‍ഐഐഎസ്ടി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി) യിലെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോ ഡോ. എസ്. സായ്ശ്രി എന്നിവരുമുണ്ട്.

ജര്‍മനിയിലെ ലിന്‍ഡൗ എന്ന സ്ഥലത്തുെവച്ച് നടന്ന 74-ാം ലിന്‍ഡൗ നൊബേല്‍ ലോറേറ്റ്സ് മീറ്റിങ്ങി (www.lindau-nobel.org) ലാണ് ഇവര്‍ പങ്കെടുത്തത്. ലോകത്ത് ഇത്രയും നൊബേല്‍ സമ്മാന ജേതാക്കളെ ഒരുമിച്ചുകൊണ്ടുവരുന്ന മറ്റൊരു സമ്മേളനവും ഇന്നില്ല.  

എന്താണ് ലിന്‍ഡൗ മീറ്റിങ്ങുകള്‍

ഇതൊരു ശാസ്ത്ര സമ്മേളനമാണ്. നൊബേല്‍ സമ്മാന ജേതാക്കള്‍ക്കും യുവ ശാസ്ത്രജ്ഞര്‍ക്കും ഒരുമിച്ചു ചേരാനും ആശയങ്ങള്‍ കൈമാറാനും ശാസ്ത്ര രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളെപ്പറ്റിയും ചര്‍ച്ചചെയ്യേണ്ട പ്രധാന വിഷയങ്ങളെക്കുറിച്ചുമെല്ലാം സംവാദങ്ങളില്‍ ഏര്‍പ്പെടാനും സാധിക്കുന്ന വേദി. എല്ലാ വര്‍ഷവും നടക്കും.  ഈ വര്‍ഷം രസതന്ത്രത്തെ ആസ്പദമാക്കിയായിരുന്നു. ലിന്‍ഡൗവിലെ കൗണ്‍സില്‍ ഫോര്‍ ലിന്‍ഡൗ നൊബേല്‍ ലിറ്ററേച്ചര്‍ മീറ്റിങ്സ് എന്ന സ്ഥാപനമാണിത് നടത്തുന്നത്. ഇതുകൂടാതെ കഴിഞ്ഞ എട്ടുകൊല്ലമായി ഇക്കണോമിക്സ് വിഷയത്തിലും എല്ലാ വര്‍ഷവും സമ്മേളനം നടക്കുന്നുണ്ട്. ശാസ്ത്ര സമ്മേളനങ്ങള്‍ ഓരോ വര്‍ഷവും ഓരോ വിഷയങ്ങളിലാവും നടക്കുക. 2026-ല്‍ നടക്കുന്നത് ഇന്റര്‍ ഡിസിപ്ലിനറി ആയാണ്.

സെലക്ഷന്‍

രണ്ട് രീതിയില്‍ അപേക്ഷിക്കാം. പാര്‍ട്ണര്‍ഷിപ്പ് ഇന്‍സ്റ്റിറ്റിയൂഷന്‍ വഴിയും ഓപ്പണ്‍ അപേക്ഷ വഴിയും. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിഎസ്ടി) വഴിയാണ് അപേക്ഷിക്കേണ്ടത്. എംഎസ്സി രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കും പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചേഴ്സിനുമാണ് അവസരം. ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലാണ് അപേക്ഷിക്കേണ്ടത്. (2024-ല്‍ അപേക്ഷ ക്ഷണിച്ചതിന്റെ ലിങ്ക്: dst.gov.in/callforproposals/call-applications-participation-74th-meeting-nobel-laureates-lindau-germany)
അപേക്ഷയില്‍ വിദ്യാര്‍ഥിയുടെ വിവരങ്ങളും അക്കാദമിക് നേട്ടങ്ങളുമാണ് പ്രധാനമായി രേഖപ്പെടുത്തേണ്ടത്. ഗവേഷണപരിചയം, പ്രവര്‍ത്തിക്കുന്ന മേഖല, അതില്‍നിന്നുണ്ടായ റിസര്‍ച്ച് പേപ്പറുകളുടെയും കോണ്‍ഫറന്‍സ് പ്രസന്റേഷനുകളുടെയുമൊക്കെ വിവരങ്ങള്‍ നല്‍കണം. എന്തുകൊണ്ട് ഇതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നു എന്നതും വിശദീകരിക്കണം. റെക്കമെന്റേഷന്‍ ലെറ്ററുകള്‍ പ്രധാനമാണ്. വിദ്യാര്‍ഥിയുമായി അടുത്ത ബന്ധമുള്ള നമ്മുടെ പ്രോജക്ടുകള്‍ സൂപ്പര്‍വൈസ് ചെയ്തിട്ടുള്ള രണ്ടോ അതില്‍ കൂടുതലോ പ്രൊഫസര്‍മാരുടെയോ ശാസ്ത്രജ്ഞന്മാരുടെയോ ലെറ്ററാണ് വേണ്ടത്. ഇതെല്ലാം അടങ്ങുന്ന അപേക്ഷ ഓണ്‍ലൈന്‍ ആയും പോസ്റ്റ് വഴിയും ടിഎസ്ടിക്ക് നല്‍കണം.

ഡിഎസ്ടിയുടെ പ്രാഥമിക തിരഞ്ഞെടുപ്പിനുശേഷം അപേക്ഷകള്‍ അടുത്ത ലെവലിലേക്ക് അയക്കും. പിന്നീടുള്ള തീരുമാനം കൗണ്‍സിലാണ് എടുക്കുന്നത്. കുറച്ചുപേരെ മാത്രമാണ് തിരഞ്ഞെടുക്കുക. ഭൂരിഭാഗം ആളുകളും പിഎച്ച്ഡി ചെയ്യുന്നവര്‍ ആയിരിക്കും. എംഎസ്സി വിദ്യാര്‍ഥികള്‍ വളരെ കുറവായിരിക്കുമെന്നു പങ്കെടുത്തവര്‍ പറയുന്നു. ഈ വര്‍ഷം ഇന്ത്യയില്‍നിന്നു പോയ 29 പേരില്‍ നിരഞ്ജന ഉള്‍പ്പെടെ രണ്ട് എംഎസ്സി വിദ്യാര്‍ഥികളുണ്ടായിരുന്നു. മാര്‍ച്ച് പകുതിയോടെ ഫലം ഇ-മെയില്‍ വഴി കൗണ്‍സില്‍ അറിയിക്കും. വിമാനച്ചാര്‍ജും താമസവും അടക്കം മുഴുവന്‍ ചെലവുകളും പൂര്‍ണമായും വഹിക്കുന്നത് ഡിഎസ്ടി ആണ്.

സയന്‍സ് വാക്, ലോറേറ്റ്സ് ലഞ്ച്; നിരഞ്ജനയുടെ അനുഭവങ്ങള്‍

സാധാരണ നടക്കുന്ന ശാസ്ത്ര സമ്മേളനങ്ങളില്‍നിന്ന് കുറച്ച് വ്യത്യസ്തമാണ് ലിന്‍ഡൗ സമ്മേളനം. സെമിനാറുകളും ലക്ചറുകളും കൂടാതെ ഒട്ടേറെ പരിപാടികളുണ്ട്. ഇതിലെ പ്രധാന പരിപാടിയാണ് സയന്‍സ് വാക്, ലോറേറ്റ്സ് ലഞ്ച്. 10 യുവ ശാസ്ത്രജ്ഞര്‍ക്ക് ഒരു നൊബേല്‍സമ്മാന ജേതാവുമായി അനൗദ്യോഗികമായി സംവദിക്കാനും അവരുടെ ജീവിതത്തെക്കുറിച്ച് നേരിട്ടറിയാനും അവസരം ലഭിക്കും.

എന്നും നടക്കുന്ന അക്കാദമിക് ഡിന്നറുകള്‍ക്കിടയിലോ ഭക്ഷണസമയത്തോ നൊബേല്‍സമ്മാന ജേതാക്കളുമായി സംവദിക്കാം. ലക്ചറുകളും പാനല്‍ ചര്‍ച്ചകളും ഏറെ പ്രചോദനം നല്‍കുന്നവയാണ്. ലോകത്തെ മാറ്റിമറിച്ച പല കണ്ടുപിടിത്തങ്ങളും എങ്ങനെയാണ് രൂപം കൊണ്ടതെന്ന് അവര്‍ പറയുന്നത് കേള്‍ക്കാം.

ഓര്‍ഗാനിക് കെമിസ്ട്രിയിലെ ഗവേഷണത്തിനാണ് താത്പര്യം. അതിനാല്‍ സര്‍ ഡേവിഡ് ഡബ്ല്യു സി. മക്മിലാന്‍, മോര്‍ട്ടന്‍ മെല്‍ഡല്‍ എന്നിവരോടൊത്തുള്ള സംവാദങ്ങളും ഇവരുടെ ലക്ചറുകളും ഏറെ പ്രചോദനം നല്‍കി. അവസാന ദിവസം മൈനൗ ദ്വീപിലേക്ക് ക്രൂസ് യാത്ര ഉണ്ടായിരുന്നു. ലേക് കോണ്‍സ്റ്റന്‍സിലെ ഏറ്റവും വലിയ ക്രൂസ് ബോട്ടില്‍ നൊബേല്‍ സമ്മാന ജേതാക്കളും യുവ ശാസ്ത്രഞ്ജരും ഒന്നിച്ച് യാത്ര ചെയ്ത് ദ്വീപില്‍ എത്തുന്നു. പിന്നീട് ഒരു പാനല്‍ ചര്‍ച്ചയുണ്ടാകും. സയന്‍സ് പിക്നിക്കിനുശേഷം തിരിച്ച് ക്രൂസ്ബോട്ടില്‍ അലംനൈ പാര്‍ട്ടിയോടെയാണ് സമ്മേളനം അവസാനിക്കുന്നത്. ലിന്‍ഡൗ നൊബേല്‍ ലോറേറ്റ്സ് അലംനൈ ആകുക എന്നത് അക്കാദമിക് മേഖലയില്‍ വലിയൊരു നേട്ടമാണ്. കൂടാതെ നൊബേല്‍ജേതാക്കളുടെ നെറ്റ്വര്‍ക്കുകളിലും ഭാഗമാകാം.  

മറ്റ് യുവ ശാസ്ത്രജ്ഞരോട് സംവദിക്കാനും അവസരം ലഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഗവേഷകര്‍ അവരുടെ അനുഭവങ്ങളും ഉപദേശങ്ങളും പങ്കിടുമ്പോള്‍, തുടക്കക്കാരി എന്ന നിലയില്‍ എനിക്ക് ഏറെ ഉപകാരപ്രദമായി തോന്നിയിട്ടുണ്ട്. ശാസ്ത്രവിഷയങ്ങളില്‍ പ്രധാനഘടകമായ 'കൊളാബറേഷന്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ്ങി'ന് ഒരുപാട് അവസരങ്ങള്‍ ആണ് ഈ സമ്മേളനം ഒരുക്കിയത്.

ഇന്ത്യയില്‍നിന്നുപോയ 29 യുവശാസ്ത്രജ്ഞരെ കൂടാതെ വിദേശരാജ്യങ്ങളില്‍ ഗവേഷണം നടത്തുന്ന ധാരാളം ഇന്ത്യക്കാര്‍ ഉണ്ടായിരുന്നു. അവരില്‍ വലിയൊരു പങ്കും മലയാളികളായിരുന്നു എന്നത് ഏറെ അഭിമാനകരമായ കാര്യമായിരുന്നു.

അക്കാദമിക് മികവ് പ്രധാനം

കുസാറ്റിലെ ഇന്റഗ്രേറ്റഡ് എംഎസ്സി കെമിസ്ട്രി, തിയറി പഠനത്തോടൊപ്പം ഗവേഷണത്തിന് പ്രാധാന്യം നല്‍കുന്ന കോഴ്സാണ്. അതിനാല്‍ രണ്ടാം വര്‍ഷം മുതല്‍ ഇന്റേണ്‍ഷിപ്പുകളും ലബോറട്ടറി എക്സ്പീരിയന്‍സുകളും നേടാന്‍ നിരഞ്ജനയ്ക്കു കഴിഞ്ഞു. എങ്ങനെയാണ് ഗവേഷണം നടക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഇത് സഹായിച്ചു. കൂടാതെ ഒരു റിസര്‍ച്ച് പേപ്പറില്‍ കോ-ഓഥര്‍ ആയി. ലിന്‍ഡൗ മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ റിസര്‍ച്ച് മാത്രമല്ല മാനദണ്ഡമെന്നു നിരഞ്ജന പറയുന്നു. പഠനത്തിലെ മികവും ഇംഗ്ലീഷ് ഭാഷയിലെ മികവും പാഠ്യേതര വിഷയങ്ങളിലുള്ള പ്രാവീണ്യവുമാണ്.

Content Highlights: Lindau Nobel Laureate Meeting: Indian Students` Experience