വേനലവധി; 'കാലാവസ്ഥയുടെ ആഘാതത്തേക്കാൾ പന്ത്രണ്ടാം ക്ലാസിനുശേഷമുള്ള തുടർപഠനമാണ് പ്രശ്നം'

സ്കൂളുകളിലെ വാർഷിക അവധിക്കാലം സംബന്ധിച്ച ഒരു ചർച്ചയ്ക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി തുടക്കമിട്ടിരിക്കുന്നു. ഇത് വ്യക്തിപരമായ ഒരഭിപ്രായംമാത്രമാണെന്നും ചർച്ചകൾ നടക്കട്ടെയെന്നുമാണ് മന്ത്രിയുടെ നിലപാട്. വിപുലമായ ആലോചനകളുടെ അടിസ്ഥാനത്തിലാവണം വിദ്യാഭ്യാസമേഖലയിലെ മാറ്റങ്ങൾ എന്നതിനാൽ ഇത് സ്വാഗതാർഹമാണ്. ഇപ്പോഴത്തെ മഴക്കാലം കടുത്തതും അപകടകരവുമാണ് എന്നതിൽ സംശയമില്ല. കഴിഞ്ഞ വേനലാവട്ടെ, താരതമ്യേന തീവ്രത കുറഞ്ഞതുമായിരുന്നു. അതാവാം മാറ്റമായാലോ എന്ന തോന്നലിന് കാരണം. പക്ഷേ, ഒരു വർഷത്തെ കാര്യങ്ങൾമാത്രംവെച്ച് ഒരു തീരുമാനം കൈക്കൊള്ളുന്നത് ശരിയാവില്ല. കേരളത്തിന്റെ കുറെക്കാലത്തെ അനുഭവങ്ങൾവെച്ചുള്ള വിലയിരുത്തലുകളും ഭാവിയെക്കൂടി കണ്ടുകൊണ്ടുള്ള ശാസ്ത്രീയപഠനങ്ങളും ഇക്കാര്യത്തിൽ അനിവാര്യമാണ്.
ആവലാതികൾ പലവിധം
കഴിഞ്ഞ കുറെ വർഷങ്ങളായി വേനലിന്റെ കാഠിന്യം വർധിച്ചുവരുകയാണ്. പാലക്കാടുപോലുള്ള ചില പ്രദേശങ്ങളിൽ അത് അസഹനീയമായിട്ടുണ്ട്. വിയർത്തൊലിച്ച് ക്ലാസിലിരിക്കുന്ന കുട്ടികൾക്ക് പഠിക്കാൻ വലിയ ബുദ്ധിമുട്ടാണ്; അധ്യാപകർക്ക് പഠിപ്പിക്കാനും. 65 കുട്ടികൾ തിങ്ങിയിരിക്കുന്ന ഹയർസെക്കൻഡറി ക്ലാസിൽ ഇത് ഗുരുതരമാണ്. വേനൽക്കാലത്തെ രൂക്ഷമായ കുടിവെള്ളക്ഷാമവും അവഗണിക്കാനാവില്ല. നിർജലീകരണവും സൂര്യാഘാതസാധ്യതയുമൊക്കെ പ്രശ്നങ്ങൾതന്നെ. ഇപ്പോഴത്തേതുപോലുള്ള മഴക്കാലത്ത് സ്കൂൾ നടത്തുമ്പോൾ പലപ്പോഴായി ശരാശരി പത്തുദിവസമെങ്കിലും അവധി പ്രഖ്യാപിക്കേണ്ടി വരും. കെട്ടിടം തകർന്നും മരംവീണും വൈദ്യുതക്കമ്പി പൊട്ടിയുമൊക്കെയുള്ള അപകടങ്ങളും പ്രതീക്ഷിക്കണം. മഴക്കാലത്തെ പകർച്ചവ്യാധികളും മഴപെയ്യുമ്പോഴുള്ള ശബ്ദശല്യവുമൊക്കെ പ്രശ്നങ്ങൾതന്നെ. കടുത്ത മഴക്കാലത്ത് കുട്ടികളെ നനയാതെ സ്കൂളിൽ എത്തിക്കുകയെന്നത് പല രക്ഷിതാക്കൾക്കും ഒരു ബാധ്യതയാണ്. നനഞ്ഞൊലിച്ച് ക്ലാസിലിരിക്കേണ്ട അവസ്ഥ കുട്ടികൾക്കും ഇഷ്ടമല്ല.
കേരളം ഒരു തുരുത്തല്ല
ഇക്കാര്യത്തിൽ കാലാവസ്ഥയുടെ ആഘാതത്തെക്കാൾ പന്ത്രണ്ടാം ക്ലാസിനുശേഷമുള്ള തുടർപഠനമാണ് പ്രശ്നം. ഇപ്പോൾ ഏതാണ്ടെല്ലാറ്റിനും ദേശീയതലത്തിൽ പ്രവേശനപരീക്ഷയുണ്ട്. കേന്ദ്രസർവകലാശാലകളിൽ ഡിഗ്രി പ്രവേശനത്തിനുള്ള പൊതുപരീക്ഷയ്ക്ക് (CUET UG) പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കെല്ലാം അപേക്ഷിക്കാമെങ്കിലും പ്രവേശനസമയത്ത് പാസ് സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്. നമ്മുടെ അവധിക്കാലവും അതനുസരിച്ച് വാർഷികപരീക്ഷയും നീളുകയാണെങ്കിൽ മേൽ സൂചിപ്പിച്ചതുപോലുള്ള കോഴ്‌സുകൾക്ക് കേരളത്തിലെ കുട്ടികൾക്ക് ചേരാനാവാതെവരും. സിബിഎസ്‌ഇയുടെയും ഐസിഎസ്‌ഇയുടെയും അക്കാദമിക വർഷം ദേശീയതലത്തിൽ ഏപ്രിലിലാണ് ആരംഭിക്കുന്നത്. അവരുടെ സമ്മർ വെക്കേഷൻ ഏതാണ്ട് മേയ് മധ്യംമുതൽ ജൂൺ മധ്യംവരെയോ അവസാനംവരെയോ ആണ് ഉണ്ടാവുക. ഇതിന് സംസ്ഥാനങ്ങളിൽ പ്രാദേശിക മാറ്റമുണ്ടാവും.
ഈ വർഷം കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഏപ്രിലിൽത്തന്നെ പുതിയ വർഷത്തിലെ ക്ലാസ് ആരംഭിച്ചു. സ്വകാര്യ സിബിഎസ്ഇ സ്കൂളുകൾ കേരളത്തിലെ അധ്യയനകലണ്ടർ അനുസരിച്ചും ക്ലാസുകൾ തുടങ്ങി. പക്ഷേ, ഇവിടെയെല്ലാം 10, 12 ക്ലാസിലെ വാർഷിക എഴുത്തുപരീക്ഷകൾ ഫെബ്രുവരിയിൽത്തന്നെ ആരംഭിക്കും. സംസ്ഥാന സിലബസിലെ പരീക്ഷ മാർച്ചിൽ പൂർത്തീകരിക്കുന്നതിൽനിന്ന് നമുക്കും മാറാനാവില്ല. അതിനർഥം അവധിക്കാലം എങ്ങോട്ടുമാറിയാലും പരീക്ഷക്കാലത്തിൽ മാറ്റംവരുത്താൻ പ്രായോഗികമായി സാധ്യമല്ല എന്നുതന്നെയാണ്.
ലോകത്താകെ നോക്കിയാൽ അവധിദിനങ്ങളുടെ ദൈർഘ്യത്തിലും അവധിക്കുപിന്നിലുള്ള പരിഗണനകളിലും വലിയ അന്തരം കാണാം. അമേരിക്കയിൽ സംസ്ഥാനങ്ങൾക്കിടയിലും ഒരു സംസ്ഥാനത്തിനകത്തുള്ള ജില്ലകൾക്കിടയിലും അവധിക്കാലത്തിൽ വ്യത്യാസമുണ്ട്. അവധിക്കാലത്തിന്റെ ദൈർഘ്യത്തിലും ഒരുമാസംമുതൽ മൂന്നുമാസംവരെയൊക്കെയുള്ള കാലപരിധി രാജ്യങ്ങൾക്കിടയിൽ കണ്ടെത്താനാവും. എല്ലായിടത്തും പ്രദേശത്തെ കാലാവസ്ഥതന്നെയാണ് വാർഷിക അവധി നിർണയിക്കുന്നതിൽ പ്രധാനം. നമ്മെപ്പോലെ അവിടങ്ങളിലും പ്രാദേശികമായ ഉത്സവങ്ങളും ആഘോഷങ്ങളും ഇടക്കാല അവധികൾ നിശ്ചയിക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ട്. അക്കാദമിക പരിഗണനകൾക്കുള്ള പ്രാധാന്യം വർധിച്ചുവരുകയുമാണ്.
വേനലോ മഴയോ തീവ്രതരം
തീവ്രവേനലിനുശേഷം കടുത്ത മഴപെയ്യുന്ന കേരള സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുക എളുപ്പമല്ല. എന്തായാലും നാലുമാസം അവധിനൽകുക സാധ്യമല്ലതന്നെ. അപ്പോൾ ചെയ്യാവുന്നത് കാലാവസ്ഥ തീവ്രമാകുന്ന സമയം അവധിക്കായി പരിഗണിക്കുക എന്നതാണ്. പക്ഷേ, കാലാവസ്ഥ ചാഞ്ചാടുന്ന പുതിയ സാഹചര്യത്തിൽ ഇതും നേരത്തേ തീരുമാനിക്കുക എളുപ്പമല്ല. പക്ഷേ, ഒരു കാര്യം ഉറപ്പായും പറയാം-തുടർച്ചയായ ദിവസങ്ങളാണ് വാർഷിക അവധിയായി നൽകേണ്ടത്. കുടുംബയാത്രകളുംമറ്റും ആസൂത്രണം ചെയ്യാൻ അത് അനിവാര്യമാണ്. വേനൽ തുടർച്ചയായ അനുഭവവും മഴ ഇടവിട്ടുള്ളതും പ്രാദേശികവുമായ അനുഭവവുമാണ് എന്നത് കാണാതെ പോകരുത്. ഇന്ന് ഓരോ ദിവസവും ഏതാണ്ട് കൃത്യമായി മഴയുടെ സാധ്യതയും തീവ്രതയും ജില്ലതിരിച്ച് പ്രഖ്യാപിക്കാനുള്ള ശേഷി ശാസ്ത്രത്തിന്റെ സഹായത്തോടെ വികസിച്ചുവന്നിട്ടുണ്ട്. ജില്ലയ്ക്കകത്ത് ഒരു പ്രത്യേക പ്രദേശത്ത് അവധി നൽകാനുള്ള അധികാരം പഞ്ചായത്തിനോ പ്രധാനാധ്യാപകനോ നൽകുന്നതോടെ അക്കാര്യം കുറെക്കൂടി കൃത്യമാക്കാം. വീട്ടിലുള്ള കുട്ടികൾ അപകടങ്ങളിൽപ്പെടാനുള്ള സാധ്യത വേനൽക്കാലത്തെക്കാൾ കൂടുതൽ മഴക്കാലത്താണുതാനും.
താരതമ്യേന മഴക്കാലത്തെക്കാൾ കഠിനതരമാണ് വേനൽക്കാലത്തെ പഠനം. അതിനാൽ വാർഷികാവധിക്ക് പരിഗണിക്കേണ്ടത് വേനൽക്കാലം തന്നെയാണ് എന്നാണ് അഭിപ്രായം. മറ്റ് നിർദേശങ്ങൾ കുട്ടികൾക്ക് സുരക്ഷിതമായ പഠനാന്തരീക്ഷവും ഗുണപ്രദമായ പഠനദിനങ്ങളും മണിക്കൂറുകളും ഉറപ്പാക്കുക എന്നതിനുതന്നെയാവണം മുഖ്യപരിഗണന. നിശ്ചിതപഠനദിനങ്ങൾ ലഭിക്കുന്നതുവരെ അധ്യയനം ഉണ്ടാവുമെന്ന് നേരത്തേ നിശ്ചയിക്കുകയാണെങ്കിൽ മഴകൊണ്ട് നഷ്ടപ്പെടുന്ന ദിനങ്ങൾ വീണ്ടെടുക്കാനാവും. അനിവാര്യഘട്ടങ്ങളിൽ ഓൺലൈൻ പഠനത്തിെന്റ സാധ്യതകൂടി പരിഗണിക്കാവുന്നതാണ്.
(റിട്ട. ഡയറ്റ് ഫാക്കൽറ്റിയായ ലേഖകൻ, ഗ്രന്ഥകാരനും വിദ്യാഭ്യാസപ്രവർത്തകനുമാണ്)
Content Highlights: Debate on shifting Kerala school summer vacations to monsoon season due to intense heat & rains.