സി.യു.ഇ.ടി.-യു.ജി. 2024: പരമാവധി ആറ് വിഷയങ്ങളിൽ പരീക്ഷ അഭിമുഖീകരിക്കാം

രാജ്യത്തെ കേന്ദ്ര സർവകലാശാലകൾ, മറ്റു സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവയിലെ ബിരുദതല പ്രോഗ്രാമുകളിലെ 2024-’25-ലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന പൊതു പ്രവേശന പരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാേജ്വറ്റിന് (സി.യു.ഇ.ടി.- യു.ജി.) അപേക്ഷിക്കാം. പരീക്ഷ മേയ് 15-നും 31-നും ഇടയ്ക്ക് ദിവസവും രണ്ടോ മൂന്നോ ഷിഫ്റ്റിലായി നടത്തും.
പങ്കെടുക്കുന്ന കേന്ദ്ര സർവകലാശാലകൾ
അലിഗഢ് മുസ്‌ലിം, അസം, ബാബാ സാഹെബ് ഭീം റാവു അംബേദ്കർ, ബനാറസ് ഹിന്ദു, ആന്ധ്രാപ്രദേശ്, സൗത്ത് ബിഹാർ, ഗുജറാത്ത്, ഹരിയാണ, ഹിമാചൽ പ്രദേശ്, ജമ്മു, ഝാർഖണ്ഡ്, കർണാടക, കശ്മീർ, കേരള, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഡോ. ഹരിസിങ് ഗൗർ, ഗുരു ഗാസിദാസ്, ഹേമവതി നന്ദൻ ബഹുഗുണ ഗർവാൾ, ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ, ജാമിയ മിലിയ ഇസ്‌ലാമിയ, ജവാഹർലാൽ നെഹ്റു, മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി, മണിപ്പുർ, മൗലാനാ ആസാദ് നാഷണൽ ഉറുദു, മിസോറം, നാഗാലാൻഡ്, നോർത്ത് ഈസ്റ്റേൺ ഹിൽ, പോണ്ടിച്ചേരി, രാജീവ് ഗാന്ധി, സിക്കിം, ദിസ്‌പുർ, ദി ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ്, ത്രിപുര, അലഹാബാദ്, ഡൽഹി, ഹൈദരാബാദ്, വിശ്വഭാരതി, സെൻട്രൽ സാൻസ്ക്രിറ്റ്, മഹാത്മാഗാന്ധി സെൻട്രൽ, നാഷണൽ സാൻസ്ക്രിറ്റ്, ശ്രീ ലാൽ ബഹാദുർ ശാസ്ത്രി നാഷണൽ സാൻസ്ക്രിറ്റ്.
പങ്കെടുക്കുന്ന മറ്റ് സ്ഥാപനങ്ങളിൽ സ്റ്റേറ്റ്, കല്പിത, സ്വകാര്യ സർവകലാശാലകൾ, സ്ഥാപനങ്ങൾ, ഓർഗനൈസേഷനുകൾ, സ്വയംഭരണ കോളേജുകൾ തുടങ്ങിയവയും ഉൾപ്പെടും. ഈ പരീക്ഷയുടെ സ്കോർ ഉപയോഗിക്കുന്ന മറ്റു സർവകലാശാലകളിലെ/ സ്ഥാപനങ്ങളിലെ പ്രവേശനത്തിൽ താത്‌പര്യമുള്ളവരും സി.യു.ഇ.ടി.-യു.ജി. 2024 അഭിമുഖീകരിക്കണം.
സർവകലാശാലകളുടെ/ സ്ഥാപനങ്ങളുടെ പട്ടിക exams.nta.ac.in/CUET-UG/ ൽ ലഭ്യമാക്കും. നിലവിലെ പട്ടിക പൂർണമാകണമെന്നില്ല. കൂടുതൽ സ്ഥാപനങ്ങൾ പ്രക്രിയയിലേക്ക് വരുന്ന മുറയ്ക്ക് പട്ടിക വിപുലമാക്കും. പ്രവേശന വ്യവസ്ഥകൾക്ക് ഈ വെബ്സൈറ്റ് നോക്കണം. കൂടാതെ അതതു സർവകലാശാല/സ്ഥാപനം പ്രസിദ്ധപ്പെടുത്തുന്ന, ഇൻഫർമേഷൻ ബുള്ളറ്റിനും/പ്രോെസ്പക്ടസും പരിശോധിക്കേണ്ടതാണ്. ഓരോ സർവകലാശാലയിലും/സ്ഥാപനത്തിലുമുള്ള പ്രോഗ്രാമുകളുടെ പട്ടിക, സി.യു.ഇ.ടി. യു.ജി. വെബ് സൈറ്റിലും അതത് സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാക്കും.
യോഗ്യത
പരീക്ഷയ്ക്ക് പ്രായപരിധി ഇല്ല. എന്നാൽ, സ്ഥാപനങ്ങൾ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അത് തൃപ്തിപ്പെടുത്തണം. ക്ലാസ് 12/തത്തുല്യ പരീക്ഷ ജയിച്ചിരിക്കുകയോ 2024-ൽ അഭിമുഖീകരിക്കുകയോ ചെയ്തിരിക്കണം. യോഗ്യതാ പരീക്ഷ അഭിമുഖീകരിച്ചിരിക്കേണ്ട വർഷം, ബന്ധപ്പെട്ട സർവകലാശാലാ വ്യവസ്ഥകൾക്കു വിധേയമായിരിക്കും. ഓരോ സർവകലാശാലയുടെയും/ സ്ഥാപനത്തിന്റെയും പ്രവേശന, അർഹതാ വ്യവസ്ഥകൾ വിഭിന്നമാകും. അതിനാൽ, അപേക്ഷ നൽകുംമുമ്പ് ചേരാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച് വ്യവസ്ഥകൾ മനസ്സിലാക്കണം.
പരീക്ഷാരീതി
ഹൈബ്രിഡ് രീതിയിൽ - പെൻ ആൻഡ് പേപ്പർ/കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) രീതിയിൽ നടത്തും. രജിസ്ട്രേഷൻ പൂർത്തിയായശേഷം, അപേക്ഷകരുടെ എണ്ണം പരിഗണിച്ച് ഏതുരീതിയിൽ പരീക്ഷ നടത്തണമെന്ന് തീരുമാനിക്കും. ഓരോ വിഷയത്തിലെയും ടെസ്റ്റ് ഒരു ഷിഫ്റ്റിൽ നടത്താൻ ശ്രമിക്കും. എന്നാൽ, ഒന്നിൽക്കൂടുതൽ ഷിഫ്റ്റുകളിൽ പരീക്ഷ നടത്തേണ്ടിവന്നാൽ മാർക്ക് നോർമലൈസേഷൻ നടത്തി എൻ.ടി.എ. സ്കോർ നിർണയിക്കും. അതിന്റെ വിശദാംശങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.
പരീക്ഷയിലെ വിഷയങ്ങൾ
മൂന്നു ഭാഗങ്ങളിലായി മൊത്തം 61 വിഷയങ്ങളാണുള്ളത്. 33 ഭാഷകൾ, 27 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങൾ, ഒരു ജനറൽ ടെസ്റ്റ്. എല്ലാറ്റിലും ചോദ്യങ്ങൾ ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് രീതിയിലായിരിക്കും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ മൊത്തം 13 ഭാഷകളിൽ ചോദ്യപ്പേപ്പർ ലഭ്യമാക്കും. അപേക്ഷ നൽകുമ്പോൾ ഏത് ഭാഷയിലെ ചോദ്യപ്പേപ്പർ വേണമെന്ന് രേഖപ്പെടുത്തും. പിന്നീട് അത് മാറ്റാൻ കഴിയില്ല. ഇംഗ്ലീഷ് ടെസ്റ്റ് ബുക്ക്‌െലറ്റ് എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ലഭിക്കും. കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളിൽ ഇംഗ്ലീഷ്, മലയാളം ചോദ്യപ്പേപ്പറുകൾ ലഭിക്കും.
പരീക്ഷാ കേന്ദ്രങ്ങൾ
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: ആലപ്പുഴ/ചെങ്ങന്നൂർ, എറണാകുളം/മൂവാറ്റുപുഴ, അങ്കമാലി, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂർ, വയനാട്. അപേക്ഷിക്കുമ്പോൾ നാല് കേന്ദ്രങ്ങൾ മുൻഗണന നിശ്ചയിച്ച് തിരഞ്ഞെടുക്കണം. സ്ഥിരം മേൽവിലാസം അല്ലെങ്കിൽ നിലവിലെ മേൽവിലാസവുമായി ബന്ധപ്പെട്ട സംസ്ഥാനത്തുള്ള പരീക്ഷാകേന്ദ്രങ്ങളേ തിരഞ്ഞെടുക്കാൻ കഴിയൂ. വിദേശത്ത് 26 പരീക്ഷാകേന്ദ്രങ്ങളുണ്ട്.
വിഷയങ്ങൾ/ടെസ്റ്റുകൾ
മൂന്നു ഭാഗങ്ങളും വിഷയങ്ങളും
• 33 ഭാഷകൾ: ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുഗു, ഉറുദു, അറബിക്, ബോഡോ, ചൈനീസ്, ഡോഗ്രി, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, ജാപ്പനീസ്, കശ്മീരി, കൊങ്കണി, മൈഥിലി, മണിപ്പുരി, നേപ്പാളി, പേർഷ്യൻ, റഷ്യൻ, സന്താലി, സിന്ധി, സ്പാനിഷ്, ടിബറ്റൻ, സാൻസ്ക്രിറ്റ്. ഏതെങ്കിലും ഒന്നോ രണ്ടോ ഭാഷ തിരഞ്ഞെടുക്കാം.
ഇതിലെ ചോദ്യങ്ങൾ, റീഡിങ് കോംപ്രിഹൻഷൻ (വ്യത്യസ്തമായ ഖണ്ഡികകൾ അടിസ്ഥാനമാക്കി - ഫാക്ച്വൽ, ലിറ്റററി, നറേറ്റീവ്), ലിറ്റററി ആപ്റ്റിറ്റ്യൂഡ് ആൻഡ് വൊക്കാബുലറി എന്നിവ വിലയിരുത്തും.
• 27 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങൾ: അക്കൗണ്ടൻസി/ബുക്ക് കീപ്പിങ്, അഗ്രിക്കൾച്ചർ, ആന്ത്രോപ്പോളജി, ബയോളജി/ ബയോളജിക്കൽ സ്റ്റഡീസ്/ബയോടെക്നോളജി/ബയോകെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, എൻവയൺമെൻറൽ സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്/ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്, എൻജിനിയറിങ് ഗ്രാഫിക്സ്, ഓൺട്രപ്രനേർഷിപ്പ്, ഫൈൻ ആർട്സ്/ വിഷ്വൽ ആർട്സ് (സ്കൾപ്ചർ/പെയിൻറിങ്)/കൊമേഴ്‌സ്യൽ ആർട്ട്, ജ്യോഗ്രഫി/ജിയോളജി, ഹിസ്റ്ററി, ഹോം സയൻസ്, നോളജ് ട്രഡീഷൻ - പ്രാക്ടീസസ് ഇന്ത്യ, ലീഗൽ സ്റ്റഡീസ്, മാസ് മീഡിയ/മാസ് കമ്യൂണിക്കേഷൻ, മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്, പെർഫോമിങ് ആർട്സ്, ഫിസിക്കൽ എജുക്കേഷൻ/നാഷണൽ കേഡറ്റ് കോപ്സ് (എൻ.സി.സി.)/യോഗ, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സാൻസ്ക്രിറ്റ്, സോഷ്യോളജി, ടീച്ചിങ് ആപ്റ്റിറ്റ്യൂഡ്.
ചോദ്യങ്ങൾ ക്ലാസ് 12 സിലബസ് പ്രകാരം. പ്രവേശനം തേടുന്ന സർവകലാശാലകൾ/കോഴ്‌സുകൾ അനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാം.
• ജനറൽ ടെസ്റ്റ്: ജനറൽ നോളജ്, കറൻറ് അഫയേഴ്സ്, ജനറൽ മെൻറൽ എബിലിറ്റി, ന്യൂമറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് റീസണിങ് (ബേസിക് മാത്തമാറ്റിക്കൽ തത്ത്വങ്ങൾ - അരിത് മറ്റിക്/ഓൾജിബ്ര/ജ്യോമട്രി/മെൻസുറേഷൻ/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയുടെ ലളിതമായ ആപ്ലിക്കേഷൻസ്), ലോജിക്കൽ ആൻഡ് അനലറ്റിക്കൽ റീസണിങ് എന്നീ മേഖലകളിലെ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. വൊക്കേഷണൽ/ ഓപ്പൺ എലിജിബിലിറ്റി/ക്രോസ് സ്ട്രീം/ ബാധകമായ മറ്റുള്ളവയ്ക്ക് ഈ ടെസ്റ്റ് അഭിമുഖീകരിക്കാം. പ്രവേശനത്തിന് സർവകലാശാല/സ്ഥാപനം ജനറൽ ടെസ്റ്റ് സ്കോർ ഉപയോഗിക്കുന്ന പക്ഷം ഈ ടെസ്റ്റ് അഭിമുഖീകരിക്കണം.
പരമാവധി ആറ് ടെസ്റ്റുകൾ
ഒരാൾക്ക് ഭാഷകൾ, ജനറൽ ടെസ്റ്റ് എന്നിവ ഉൾെപ്പടെ പരമാവധി ആറ് വിഷയങ്ങൾ വരെ തിരഞ്ഞെടുക്കാം. ഇതിൽ ജനറൽ ടെസ്റ്റ് ഉൾപ്പെടെ നാലോ അഞ്ചോ ഡൊമൈൻ വിഷയങ്ങളും ഒന്നോ രണ്ടോ ഭാഷകളും ആകാം. ഒരു ഭാഷയെങ്കിലും തിരഞ്ഞെടുക്കുന്നത് അഭികാമ്യമാണ്. ചേരാൻ ഉദ്ദേശിക്കുന്ന സ്ഥാപനം/കോഴ്സ് എന്നിവയ്ക്കു ബാധകമായ വിഷയത്തിന്/ വിഷയങ്ങളുടെ ടെസ്റ്റ് അഭിമുഖീകരിക്കണം. ഓരോ സ്ഥാപനത്തിന്റെയും ഓരോ കോഴ്സിനും ബാധകമായ ടെസ്റ്റ് വിഷയങ്ങൾ സിയു.ഇ.ടി. യു.ജി. വെബ്സൈറ്റിൽ യൂണിവേഴ്സിറ്റീസ് ലിങ്കിൽ ലഭിക്കും.
ഉദാ: കേരള കേന്ദ്ര സർവകലാശാലയിലെ ബി.എ. ഇൻറർനാഷണൽ റിലേഷൻസ് പ്രോഗ്രാമിൽ താത്‌പര്യമുള്ളവർ ഭാഷാ ഭാഗത്തുനിന്നും ഇംഗ്ലീഷും ഡൊമൈൻ വിഷയങ്ങളിൽനിന്നും പൊളിറ്റിക്കൽ സയൻസും കൂടാതെ ജനറൽ ടെസ്റ്റും അഭിമുഖീകരിക്കണം. ഇവിടെ അഞ്ചുവർഷ ഇൻറഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമായ ബി.എസ്‌സി. ബി.എഡ്. പ്രവേശനത്തിൽ താത്‌പര്യമുള്ളവർ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജനറൽ ടെസ്റ്റ് എന്നിവ അഭിമുഖീകരിക്കണം. ഇവിടെ അഞ്ചുവർഷ ബി.കോം. ബി.എഡ്. പ്രോഗ്രാമിൽ താത്‌പര്യമുള്ളവർ ഇംഗ്ലീഷ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, ജനറൽ ടെസ്റ്റ് എന്നിവയാണ് അഭിമുഖീകരിക്കേണ്ടത്.
ചോദ്യങ്ങൾ
ജനറൽ ടെസ്റ്റിൽ മൊത്തം 60 ചോദ്യങ്ങളിൽനിന്ന് 50 എണ്ണത്തിന് ഉത്തരം നൽകണം. മറ്റ് വിഷയങ്ങളിൽ 50 ചോദ്യങ്ങൾ ഉള്ളതിൽനിന്ന് 40 എണ്ണത്തിന് ഉത്തരം നൽകണം. ജനറൽ ടെസ്റ്റ്, മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്, അക്കൗണ്ടൻസി, ഫിസിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ്/ ഇൻഫർമാറ്റിക്സ് പ്രാക്ടീസസ് എന്നീ പരീക്ഷകളുടെ ദൈർഘ്യം 60 മിനിറ്റും മറ്റുള്ളവയുടേത് 45 മിനിറ്റും ആയിരിക്കും.
അപേക്ഷ
exams.nta.ac.in/CUET-UG/ വഴി മാർച്ച് 26-ന് രാത്രി 11.50 വരെ രജിസ്റ്റർ ചെയ്യാം. മൂന്നുഘട്ടങ്ങളിലായി അപേക്ഷ പൂർത്തിയാക്കണം. രജിസ്ട്രേഷൻ ഫോം, ആപ്ലിക്കേഷൻ ഫോം, ഫീ പേമെന്റ്. അപേക്ഷാർഥിയെ പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങൾ/ കോഴ്സുകൾ ഏതൊക്കെയെന്ന് അപേക്ഷ നൽകുമ്പോൾ വ്യക്തമാക്കണം. ഒരാൾ ഒരു അപേക്ഷയേ നൽകാവൂ. അപേക്ഷ നൽകി, ഫീസ് വിജയകരമായി അടച്ച ശേഷം, കൺഫർമേഷൻ പേജിന്റെ പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കണം. കൺഫർമേഷൻ പേജിന്റെ കോപ്പി എവിടേക്കും അയക്കേണ്ടതില്ല.
ഫീസ്
അപേക്ഷാ ഫീസ് സംബന്ധിച്ച വിവരം ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഉണ്ട്. അഭിമുഖീകരിക്കുന്ന വിഷയങ്ങൾ, കാറ്റഗറി എന്നിവ അനുസരിച്ച് ഇത് മാറും. മൂന്നു വിഷയങ്ങൾ/ടെസ്റ്റുകൾ വരെ തിരഞ്ഞെടുക്കുന്ന ജനറൽ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് 1000 രൂപയാണ്. ഒ.ബി.സി.(എൻ.സി.എൽ.)/ ഇ.ഡബ്ല്യു.എസ്. - 900 രൂപ, പട്ടിക/ഭിന്നശേഷി/ട്രാൻസ്ജെൻഡർ - 800 രൂപ. ഓരോ അധിക വിഷയത്തിനും ഈ വിഭാഗക്കാർ അധികമായി അടയ്ക്കേണ്ട തുക, യഥാക്രമം 400/375/350 രൂപ. വിദേശത്ത് പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുന്ന എല്ലാ വിഭാഗക്കാരും മൂന്നുവിഷയം വരെ 4500 രൂപയും ഓരോ അധിക വിഷയത്തിനും 1800 രൂപ വീതവും ഫീസായി നൽകണം. ഫീസ് 26-ന് രാത്രി 11.50 വരെ െക്രഡിറ്റ്/െഡബിറ്റ് കാർഡ്/നെറ്റ് ബാങ്കിങ്/യു.പി. ഐ. വഴി അടയ്ക്കാം.
അപേക്ഷയിലെ പിശകുകൾ തിരുത്താൻ 28 മുതൽ 29-ന് രാത്രി 11.50 വരെ അവസരമുണ്ടാകും. പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങൾ ഏപ്രിൽ 30 മുതൽ ലഭ്യമാക്കും. അഡ്മിറ്റ് കാർഡ് മേയ് രണ്ടാം വാരത്തിൽ ഡൗൺലോഡ് ചെയ്യാം. പരീക്ഷ കഴിഞ്ഞ്, റെസ്പോൺസസ്, ഉത്തര സൂചിക എന്നിവ വെബ്സൈറ്റിൽ ലഭ്യമാക്കുന്ന തീയതി പിന്നീട് അറിയിക്കും. ഫലപ്രഖ്യാപനം ജൂൺ 30-ന്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയക്രമം അനുസരിച്ച് പരീക്ഷയുടെ സമയക്രമത്തിലെ ചില തീയതികൾ മാറിയേക്കാം.
Content Highlights: entrance exam for central and other universities