വിദ്യാര്‍ഥികളുടെ എൻജിനീയറിങ് പ്രോജക്ടുകള്‍ക്ക് എന്താണ് സംഭവിക്കുന്നത്!

AI Image created by mathrubhumi.com
AI Image created by mathrubhumi.com

കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകളില്‍ പ്രത്യേകിച്ച് മെക്കാനിക്കല്‍ / ഓട്ടോമൊബൈല്‍ പോലുള്ള മേഖലയിലെ പ്രോജക്ടുകള്‍ ഏതാണ്ട് ഒരേ പോലെയാണെന്നും പലപ്പോഴും സ്‌കൂട്ടര്‍ എന്‍ജിന്‍ പോലുള്ള മോട്ടോറുകള്‍ അശാസ്ത്രീയമായി ഒരു വെല്‍ഡറുടെ സഹായത്തോടെ നാല് ചക്രവാഹനമാക്കി മാറ്റുന്നത് മുതല്‍ പ്രാദേശികമായി ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അശാസ്ത്രീയമായി ഹെലികോപ്റ്റര്‍ നിര്‍മ്മിക്കുന്നത് വരെയുള്ള തട്ടിക്കൂട്ട് പ്രോജക്ടുകളാണെന്നും തുടങ്ങി നിരവധി വിമര്‍ശനങ്ങളാണുയരുന്നത്.

ഈ പ്രോജക്ടുകള്‍ക്ക് പലപ്പോഴും ശാസ്ത്രീയത, കൃത്യത, സുരക്ഷാ മാനദണ്ഡങ്ങള്‍, ദീര്‍ഘകാല സാധ്യത എന്നിവ കുറവാണെന്നും വിമര്‍ശനങ്ങളില്‍ പറയുന്നു. എന്നാല്‍ ഇത്തരം പല പ്രോജക്ടുകള്‍ക്കും വന്‍ വാര്‍ത്താ പ്രാധാന്യം ലഭിക്കുക കൂടി ചെയ്യുന്നു .

കഴിഞ്ഞ ദിവസനങ്ങളില്‍ കണ്ട ചില പോസ്റ്റുകളില്‍ നിന്നെടുത്ത പ്രധാന വിമര്‍ശനങ്ങള്‍ ഇവയാണ്.

1. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയവയുടെ അനുകരണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ചെയ്യുന്നത്.
2. മറ്റ് രാജ്യങ്ങളില്‍ കണ്ടെത്തിയ കാര്യങ്ങള്‍ അന്നത്തേതിനെക്കാള്‍ മോശമായി നിര്‍മ്മിച്ചതാണ് പല പ്രോജക്ടും.
3. കുട്ടികളുടെ പരിശ്രമം കുറവും പുറത്തുള്ള ആളുകളുടെ സഹായം കൂടുതലുമാണ്.
4. അനാവശ്യ മീഡിയ അറ്റന്‍ഷന്‍ കിട്ടുന്നു.

കോളേജ് പ്രോജക്ടുകള്‍ യഥാര്‍ഥത്തില്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് സംഭാവന ചെയ്യുന്നുണ്ടോ? അതോ പുതിയ കണ്ടെത്തലുകള്‍ പ്രോത്സാഹിപ്പിക്കാതെ നിലവിലുള്ള ആശയങ്ങളെ അനുകരിക്കുക മാത്രമാണോ ചെയ്യുന്നത്? എന്നതിനെക്കുറിച്ചെല്ലാം ഇത്തരം സംവാദങ്ങള്‍ കാരണം ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.കേരളത്തിലെ എന്‍ജിനീയറിങ് ബിരുദധാരികളില്‍ മൂന്നില്‍ രണ്ടുപേരും എന്‍ജിനീയറിങ് മേഖലയിലല്ല ജോലി ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം പാര്‍മെന്‍റംഗം കൂടിയായ ശശി തരൂര്‍  ജെയിന്‍ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'സമ്മിറ്റ് ഓഫ് ഫ്യൂച്ചറി'ല്‍ സൂചിപ്പിച്ചിരുന്നു. കേരളത്തില്‍ നടത്തിയ ഒരു സര്‍വേ പ്രകാരം എന്‍ജിനീയറിങ് ബിരുദധാരികളില്‍ 66 ശതമാനം പേരും എന്‍ജിനീയറിങ് ഇതര ജോലികളാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

തീര്‍ച്ചയായും കോളേജ് പ്രോജക്ടുകളെക്കുറിച്ച് ഒരു പുനര്‍വിചിന്തനം ആവശ്യമാണ്. അവ അനുകരണത്തില്‍ നിന്ന് നവീകരണത്തിലേക്ക് നീങ്ങേണ്ടതുണ്ട് .വിദ്യാര്‍ഥികള്‍ക്ക് അറിവുകള്‍ അനുഭവങ്ങളിലൂടെ നല്‍കണമെന്നും അവരുടെ സര്‍ഗ്ഗാത്മക ശ്രമങ്ങളെ അംഗീകരിക്കണമെന്നും തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ പ്രോജക്ടുകള്‍ വിദ്യാര്‍ഥികളുടെ അനുഭവം, അതിലൂടെയുള്ള അറിവ്, പഠിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ആത്മവിശ്വാസം, ജിജ്ഞാസ, പ്രശ്നപരിഹാര കഴിവുകള്‍, പ്രായോഗിക പഠനരീതി എന്നിവയെ എല്ലാം തന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

എന്നാല്‍ പലപ്പോഴും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട അനുഭവങ്ങളേക്കാള്‍ പണംകൊടുത്ത് സാധിക്കുന്ന രീതിയിലാണ് പല കാര്യങ്ങളും നടക്കുന്നത്. ഉദാഹരണമായി സ്‌കൂളുകളില്‍ ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കൊടുക്കുന്ന പ്രോജക്ട്, അസൈന്‍മെന്റ് തുടങ്ങിയ കാര്യങ്ങളില്‍ അവര്‍ക്ക് സ്വന്തമായി ചെയ്യാനുള്ള കാര്യങ്ങളേക്കാള്‍ കൂടുതല്‍ രക്ഷിതാക്കള്‍ക്ക് ബുക്ക് സ്റ്റാളുകളില്‍ നിന്നും ഫാന്‍സി ഷോപ്പില്‍ നിന്നും പണം കൊടുത്ത് വാങ്ങേണ്ട പ്രോജക്ടുകളാണ് കൂടുതല്‍. സ്വന്തമായി എന്തെങ്കിലും ചെയ്യുന്നവര്‍ക്ക് അംഗീകാരമോ മാര്‍ക്കോ ലഭിക്കുന്നുമില്ല .

ഈ വിഷയത്തില്‍ കോളേജ് വിദ്യാര്‍ഥികളുമായി സംസാരിച്ചപ്പോള്‍ അവര്‍ പറയുന്നത് പ്രൊജക്ടുകളുടെ ഭാഗമായി പുതിയ കാര്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന പ്രോജക്ടുകള്‍ പലപ്പോഴും പിന്തള്ളപ്പെടുന്നു എന്നതാണ്, ക്രിയാത്മകമായി എന്ത് ചെയ്താലും മിക്ക പ്രൊഫസര്‍മാരും അതിന് സമ്മതിക്കില്ല, അവര്‍ക്കു മനസ്സിലാവുന്ന രീതിയില്‍ മാത്രം കാര്യങ്ങള്‍ ചെയ്യണം, പുതിയ കാര്യങ്ങള്‍ അവര്‍ക്കു മനസിലായില്ലെങ്കില്‍ അത് മുന്നോട്ട്‌ കൊണ്ടുപോകാനാവില്ല തുടങ്ങിയ കാര്യങ്ങളാണ് .

എക്‌സ്പീരിയന്‍ഷ്യല്‍ മാതൃക 

യഥാര്‍ഥത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഭാവനയും അതോടൊപ്പം ആശയങ്ങളും പ്രാവര്‍ത്തികമാക്കാനുള്ള യാഥാര്‍ഥ്യബോധത്തോടെയുള്ള പ്രോജക്ടുകളാണ് വേണ്ടത്. അവയുടെ യഥാര്‍ഥ രൂപങ്ങള്‍ തന്നെ ആ ചുരുങ്ങിയ കാലംകൊണ്ട് ഉണ്ടാക്കാന്‍ കഴിയണമെന്നില്ല, അതുകൊണ്ടുതന്നെ പ്രോജക്ട് കാലഘട്ടത്തില്‍ യഥാര്‍ഥ പ്രോജക്ടിന്റെ മാതൃകകളാണ് (Simulations) ഉണ്ടാക്കാനാവുന്നത്. അതുകൊണ്ടുതന്നെ അത് ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിച്ചു റോഡിലൂടെ ഓടണമെന്നോ ഏവിയേഷന്‍ നിബന്ധനകള്‍ പാലിച്ച് ആകാശത്തിലൂടെ പറക്കണമെന്നോ ഇല്ല .

ഡീബ്രീഫിങ് എന്ന കഴിവ് 

പ്രോജക്റ്റുകളെ യഥാര്‍ഥ ലോക പ്രയോഗങ്ങളുമായും  സുസ്ഥിര വികസനവുമായും ബന്ധിപ്പിക്കുന്ന ശരിയായ ഡീബ്രീഫിംഗ് പ്രക്രിയ അധ്യാപകര്‍ മനസ്സിലാക്കേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എക്‌സ്പീരിയന്‍ഷ്യല്‍ ലേണിങ് എന്നത് പ്രോജക്ടുകള്‍ ചെയ്യുന്നതിനെക്കുറിച്ച് മാത്രമല്ല, ചെയ്തതിനെക്കുറിച്ച് ചിന്തിക്കുകയും അതില്‍ നിന്ന് പഠിക്കുകയും  ചെയ്യുന്നതിനെക്കുറിച്ച് കൂടെയാണ് അതുകൊണ്ടുതന്നെ ഒരു പ്രോജക്ട് വിജയമായാലും പരാജയമായാലും അതില്‍നിന്ന് പഠിക്കാനുണ്ട്.

കോളേജ് പ്രോജക്ടുകളുടെ കാര്യത്തില്‍, എല്ലാ പരീക്ഷണങ്ങള്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കും കൂടി അധ്യാപകര്‍ ഒരു ഡീബ്രീഫിംഗ് നടത്തണം.

  • എന്താണ് ചെയ്തത്? എന്താണ് നന്നായി വന്നത് ? എവിടെയാണ് വീഴ്ച്ച വന്നത്?
  • പ്രൊജക്ടിന്റെ ശക്തി എന്തായിരുന്നു? ബലഹീനത എന്താണ്? 
  • ഈ പ്രൊജക്ട്‌ യഥാർത്ഥ ലോകപ്രയോഗങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? 
  • പ്രൊജക്ടിനെ വ്യവസായ ആവശ്യകതകൾ, സുരക്ഷാ മാനദണ്ഡങ്ങൾ, ഭാവിയിലെ വിൽപന സാധ്യതകൾ എന്നിവയുമായി എങ്ങിനെ ബന്ധിപ്പിക്കാം?
  • ഇനിയും എന്ത് മെച്ചപ്പെടുത്തലുകൾ വരുത്താൻ കഴിയും? 
  • കാര്യക്ഷമത, സുരക്ഷ, പ്രായോഗികത എന്നിവ വർദ്ധിപ്പിക്കാനുള്ള വഴികൾ എന്തൊക്കെയാണ്?
  • മറ്റുള്ളവരുമായി സഹകരിച്ചും, വിദഗ്ധ മാർഗ്ഗനിർദ്ദേശമെടുത്തും എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും?
  • മെന്റർഷിപ്പിനെയും ടീം വർക്കിനെയും എങ്ങനെ ഇത് പ്രോത്സാഹിപ്പിക്കും?

തുടങ്ങിയ ചോദ്യങ്ങളിലൂടെയെല്ലാം കടന്നു പോകണം , എങ്കിൽ മാത്രമാണ് അവർക്കുണ്ടായ അനുഭവത്തിലൂടെ പഠിക്കാനാവുന്നതും, ആ പഠനത്തെ യാഥാർഥ്യങ്ങളുമായി ബന്ധപ്ലെടുത്താനുമാവുന്നത്.

എങ്ങനെ പ്രൊജക്ടുകൾ ചെയ്യാം?

1. ഒരു ഉൽപ്പന്നത്തിൽ നിന്നല്ല, ഒരു പ്രശ്നത്തിൽ നിന്ന് ആരംഭിക്കുക - ഒരു കാറോ, ഹെലികോപ്റ്ററോ നിർമ്മിക്കാൻ അന്ധമായി ശ്രമിക്കുന്നതിനുപകരം, വിദ്യാർത്ഥികൾ യഥാർത്ഥ ജീവിത പ്രശ്നങ്ങൾ തിരിച്ചറിയുകയും സാധ്യത, സുരക്ഷ, സുസ്ഥിരത എന്നിവയെ അടിസ്ഥാനമാക്കി പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യുകയും ചെയ്യുക.

2. വിദഗ്ധരുടെ മെന്ററിംഗ് എടുക്കുക, അതിനുള്ള അവസരമൊരുക്കുക. വിദഗ്ദ്ധരായ എഞ്ചിനീയർമാർ, ഡിസൈനർമാർ, പ്രൊഫഷണൽസ് എന്നിവരുടെ പങ്കാളിത്തം വലിയ ഉൾക്കാഴ്ചകൾ നൽകാനും പ്രായോഗികമായ പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കാനും സഹായിക്കും.

3. ശാസ്ത്രീയതയും , എഞ്ചിനീയറിംഗ് തത്വങ്ങളും പാലിക്കുക - പ്രോജക്ടുകൾ അടിസ്ഥാന ഭൗതികശാസ്ത്രം, എഞ്ചിനീയറിംഗ് ധാർമ്മികത, ഗവേഷണാധിഷ്ഠിത രീതിശാസ്ത്രം എന്നിവയുമായി യോജിപ്പിക്കുക.

4. സുരക്ഷയും സ്കെയിലബിലിറ്റിയുംകൂടെ മാനദണ്ഡമാക്കുക - ഹ്രസ്വകാല മാധ്യമ ശ്രദ്ധ ആകർഷിക്കുന്ന പ്രോട്ടോടൈപ്പുകളിൽ പ്രവർത്തിക്കുന്നതിനുപകരം, ഭാവിയിൽ ലാഭകരമായ ഉൽപ്പന്നങ്ങളായി പരിണമിക്കാൻ സാധ്യതയുള്ള ദീർഘകാല കണ്ടുപിടുത്തങ്ങളിൽ ശ്രദ്ധിക്കുക.

5. ഡിബ്രീഫിംഗും, സ്വന്തമായ ചിന്തയും ഉപയോഗിക്കുക - എല്ലാ പ്രോജക്റ്റുകളുടെയും വിശകലനം വിദ്യാർത്ഥികളെ അർത്ഥപൂർണ്ണമായ പാഠങ്ങൾ നേടാനും അവരുടെ ഭാവിയിലെ പ്രശ്‌നപരിഹാര കഴിവുകൾ വർദ്ധിപ്പിക്കാനും സഹായിക്കും.

അധ്യാപകർ വിദ്യാർത്ഥികളുടെ പാരമ്പര്യേതര പ്രോജക്ടുകളെ തള്ളിക്കളയുന്നതിനുപകരം, സാധ്യതകളോട് yes പറയുകയും വിദ്യാർത്ഥികളുടെ ഉത്സാഹത്തെ അർത്ഥപൂർണ്ണമായ നവീകരണത്തിലേക്ക് നയിക്കുകയും വേണം . പാരമ്പര്യേതര വിദ്യാർത്ഥി പ്രോജക്ടുകളെ വിമർശിക്കുന്നതിനുപകരം, എക്സ്പീരിയൻഷ്യൽ ലേണിംഗ് മാർഗ്ഗങ്ങൾ പ്രോജക്റ്റ് വികസന പ്രക്രിയയിൽ ചേർത്ത് വിദ്യാർത്ഥികളെ പുതുമയിലേക്ക് നയിക്കേണ്ടതുണ്ട് . 

വിദ്യാർത്ഥികൾക്ക് വിഷയങ്ങൾ തെരഞ്ഞെടുക്കാൻ കുറച്ചുകൂടെ സ്വാതന്ത്ര്യം, മെന്റർഷിപ്പ്, ഡിബ്രീഫിങ് എന്നിവയുടെ ശരിയായ ബാലൻസ് ഉപയോഗിച്ച്, ഭാവിയിലെ വിദ്യാർത്ഥി പ്രോജക്ടുകൾ മുന്നോട്ട് പോകാനും അർത്ഥപൂർണ്ണമായ മുന്നേറ്റങ്ങൾക്ക് സംഭാവന ചെയ്യാനും പ്രോത്സാഹിപ്പിക്കാം.

വിദ്യാർത്ഥികളുടെ അവരുടേതായ രീതിയിലുള്ള കണ്ടെത്തലുകളും അതിന്റെ വാർത്തകളും മീഡിയിൽ വരുന്നത് കാണുന്നത് നല്ലത് തന്നെയാണ് , അത് അവരെ പുതിയ കാര്യങ്ങൾ ചെയ്യാനും, കൂടുതൽ ആളുകളിലേക്ക് അവരുടെ കണ്ടെത്തലുകൾ അറിയിക്കാനും സഹായിക്കും. പലപ്പോഴും നെഗറ്റീവ് വാർത്തകൾ മാത്രം ആഘോഷിക്കപ്പെടുമ്പോൾ അതിനിടക്ക് ഇത്തരം വാർത്തകൾ കൂടെ കാണുന്നത്  വലിയൊരാശ്വാസമാണ് .

( ലേഖകൻ ലീഡ് കോർപ്, ഓസ് വേവ് ബിസിനസ് നെറ്റ് വർക്ക് എന്നീ സംരംഭങ്ങളുടെ ഡയറക്ടറും കോർപറേറ്റ് ഔട്ട്ബൗണ്ട് പരിശീലകനുമാണ് )

Content Highlights: engineering students and projects