പഠിക്കാന്‍ വിദേശത്ത് പോകാം, പക്ഷേ പാര്‍ട്ട് ടൈം ജോലിയാകരുത് ലക്ഷ്യം | EduTalk

#ഡോ.ടി.പി.സേതുമാധവന്‍
Representational Image | Photo: freepik.com
Representational Image | Photo: freepik.com

ഉപരിപഠനത്തിനായി  വിദേശ രാജ്യങ്ങളിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഈ ക്രമാതീത വര്‍ധന മറികടക്കാനായി നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് രാജ്യങ്ങള്‍. കാനഡ, ഓസ്‌ട്രേലിയ, യു.കെ എന്നീ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ഇതിനുദാഹരണമാണ്. പഠനത്തിനായി വിദേശരാജ്യങ്ങളിലെത്തുന്നതില്‍ നല്ലൊരു വിഭാഗം ഇന്ത്യക്കാരാണ്. ഇത്തരം നിയന്ത്രണങ്ങള്‍ എങ്ങനെ ബാധിക്കും എന്നതുമായി ബന്ധപ്പെട്ട്  നിരവധി സംശയങ്ങള്‍ വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലുമുണ്ട്. എന്നാല്‍ സൂക്ഷ്മമായി വിലയിരുത്തിയാല്‍ അക്കാദമിക മികവുള്ള വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നില്ല എന്ന് മനസിലാക്കാം. 

അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ ഓരോ രാജ്യത്തും വ്യത്യസ്തമാണ്. അമേരിക്ക പോലുള്ള രാജ്യങ്ങള്‍ അല്‍പം കൂടി കര്‍ശനമാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ചെറിയ യൂറോപ്യന്‍ രാജ്യങ്ങള്‍ ഭാഷാ പ്രാവീണ്യ പരീക്ഷകള്‍ക്ക് പോലും പ്രാമുഖ്യം നല്‍കുന്നില്ല. കോവിഡിന് ശേഷം ചിലരാജ്യങ്ങള്‍ നല്‍കിയ ഇളവുകള്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ ഒഴുക്കിന് തന്നെ കാരണമായി. സര്‍വ്വകലാശാലകള്‍ ഇംഗ്ലീഷ്, മറ്റു പ്രാവീണ്യ പരീക്ഷകളില്‍ ഇളവുകള്‍ നല്‍കി. എന്നാല്‍ ഇത്തരം ഇളവുകള്‍ വിദ്യാഭ്യാസ ഗുണനിലവാനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവാണ് പുതിയ നിയന്ത്രണങ്ങള്‍ക്ക് കാരണം 

സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍ തന്നെ പഠനത്തിനെത്തണം എന്ന ലക്ഷ്യത്തോടെയാണ് ഓസ്‌ട്രേലിയ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ ഗുണനിലവാരം, അക്കാദമിക് മെറിറ്റ്, ഇംഗ്ലീഷ് പ്രാവീണ്യം, തൊഴില്‍ നൈപുണ്യം എന്നിവയ്ക്ക് പുതിയ സംവിധാനത്തില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കും. ഓസ്‌ട്രേലിയയിലേക്കു കടക്കാന്‍  ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ IELTSന് ഇനി മുതല്‍ കുറഞ്ഞത് 6.5 ബാന്‍ഡ് നേടിയിരിക്കണം. കോവിഡിനുശേഷം തൊഴില്‍ ചെയ്യുന്ന സമയക്രമത്തിലുണ്ടായ മാറ്റം, പഴയരീതിയിലേക്കു പുനഃസ്ഥാപിച്ചിട്ടുണ്ട്.  സ്റ്റുഡന്റ് വിസയിലും മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ സയന്‍സ്, ടെക്‌നോളജി, എന്‍ജിനിയറിങ്, മാത്തമാറ്റിക്‌സ് ഗവേഷണ പ്രോഗ്രാമുകള്‍ പഴയ രീതിയില്‍ തുടരും. അണ്ടര്‍ ഗ്രാജുവേറ്റ് പ്രോഗ്രാമിലേക്കാണ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്ലസ്ടുവിനുശേഷം ഓസ്ട്രേലിയയില്‍  അണ്ടര്‍ ഗ്രാജുവേറ്റ് പ്രോഗ്രാമിന് പോകാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഇനി ഉയര്‍ന്ന അക്കാദമിക് മെറിറ്റും, ഇംഗ്ലീഷ് പ്രാവീണ്യവും വിലയിരുത്തി മാത്രമേ വിസ അനുവദിക്കുകയുള്ളൂ. ഒരു ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് പ്രതിവര്‍ഷം ഓസ്ട്രേലിയയിലെത്തുന്നത്. 2022ല്‍  95,791 പേര്‍ ആയിരുന്നെങ്കില്‍ 2023 ജനുവരി മുതല്‍ ഏപ്രില്‍ വരെ മാത്രം ഓസ്‌ട്രേലിയയില്‍ എത്തിയത് 75109 ഇന്ത്യന്‍വിദ്യാര്‍ഥികളാണ്.

കാണണം പരിമിതികളും പ്രതിസന്ധികളും 

കോവിഡിന് ശേഷം സാമ്പത്തിക മാന്ദ്യം എല്ലാ രാജ്യങ്ങളിലും നിലനില്‍ക്കുന്നുണ്ട്. കൂടാതെ വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് താമസസൗകര്യങ്ങളിലുള്ള അപര്യാപ്തതയ്ക്കും, ഭീമമായ വാടകയ്ക്കും ഇടയാക്കിയിട്ടുണ്ട്. ജീവിതച്ചെലവിലുണ്ടായ വന്‍ വര്‍ധനവ് ഇന്ത്യന്‍ വിദ്യാര്‍ഥികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കാനഡയിലും, യു.കെ യിലും അപ്പാര്‍ട്‌മെന്റുകള്‍ ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുകയാണ്. മാത്രമല്ല വിവിധ രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന തദ്ദേശീയര്‍ക്കിടയിലുള്ള തൊഴിലില്ലായ്മയും അന്താരാഷ്ട്ര വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 

പാര്‍ട്ട് ടൈം തൊഴില്‍ ലഭിക്കാനുള്ള ബുദ്ധിമുട്ട്, കുറഞ്ഞ വേതനത്തില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്ത് പാര്‍ടൈം തൊഴില്‍ കണ്ടെത്തേണ്ട സ്ഥിതി, പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് എന്നിവയാണ് അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ നേരിടുന്ന മറ്റ് പ്രതിസന്ധികള്‍. പോസ്റ്റ് സറ്റഡി വര്‍ക്കുകള്‍ക്ക്  സര്‍വകലാശാലകളിലെ പ്ലേസ്‌മെന്റ് വിഭാഗത്തില്‍ നിന്നും കാര്യമായ സഹായം ലഭിക്കുന്നില്ല എന്നതും വാസ്തവമാണ്. പഠന കാലയളവിലെ വ്യക്തമായ നെറ്റ്‌വര്‍ക്കിങ്ങിലൂടെ മാത്രമേ തൊഴില്‍ കണ്ടെത്താന്‍ സാധിക്കൂ. അമേരിക്കയൊഴികെയുള്ള രാജ്യങ്ങളില്‍ കുറഞ്ഞ വേതനത്തിന് വിദ്യാര്‍ഥികള്‍ തൊഴില്‍ചെയ്യേണ്ടിവരുന്നു. അംഗീകാരമില്ലാത്ത സര്‍വകലാശാലകളില്‍ പ്രവേശനം നേടി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കബളിക്കപ്പെടുന്നതും ഇപ്പോള്‍ സാധാരണമാകുന്നുണ്ട്. അടുത്തിടെയാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള 200 ഓളം വിദ്യാര്‍ഥികള്‍  കാനഡയില്‍ നിന്നു വ്യാജ സര്‍വകലാശാലയുടെ പേരില്‍ തിരിച്ചു വരേണ്ടി വന്നത്.

ശ്രദ്ധവേണം ഏജന്‍സികളില്‍ 

പുതിയ നിയന്ത്രണങ്ങള്‍ വിദേശ പഠനത്തിന്റെ സാധ്യതകളെ ബാധിക്കുന്നില്ല. വ്യക്തമായ മാനദണ്ഡങ്ങള്‍ പാലിച്ചു നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്താന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണം. പ്രാവീണ്യ പരീക്ഷകളില്‍ ഇളവ് നല്‍കി വിദ്യാര്‍ഥികളെ കബളിപ്പിക്കുന്ന എജന്‍സികളുമുണ്ട്. സര്‍വകലാശാലകളുടെ ലോക റാങ്കിങ് നിലവാരം വിലയിരുത്തണം. ഓരോ രാജ്യങ്ങളിലുമുള്ള വിദ്യാഭ്യാസ പ്രൊവൈഡേഴ്സ് ഇതുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങള്‍ നല്‍കും. ഉദാഹരണമായി USIEF, BRITISHCOUNCIL,DAAD, CAMPUS FRANCE എന്നിവ യഥാക്രമം അമേരിക്ക, യു.ക, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ ഉപരിപഠനത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളാണ്. 

പഠനമാണ്, പാര്‍ട് ടൈം ജോലിയാവരുത് ലക്ഷ്യം 

പാര്‍ട് ടൈം തൊഴില്‍ ലഭിക്കുമെന്ന് കരുതി വിദ്യാര്‍ഥികള്‍ വിദേശപഠനത്തിനു മുതിരരുത്. കോഴ്സിന്റെ അംഗീകാരം, സര്‍വകലാശാലയുടെ നിലവാരം, ജീവിതച്ചെലവുകള്‍ എന്നിവ വ്യക്തമായി വിലയിരുത്തണം.  വിദേശപഠനത്തിനു ലഭിക്കാവുന്ന സ്‌കോളര്‍ഷിപ്പുകള്‍, അസിസ്റ്റന്റ്ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ വേണം. 

ഫ്രാന്‍സില്‍ ആറുമാസത്തെ ഉപരിപഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് അഞ്ചു വര്‍ഷത്തെ ഷെങ്കന്‍ വിസ ലഭിക്കും. അമേരിക്കയിലെ കുറഞ്ഞ വേതനം പ്രതിവര്‍ഷം 70000 ഡോളറായി നിജപ്പെടുത്തിയിട്ടുണ്ട്. യു.കെ, കാനഡ എന്നീ രാജ്യങ്ങളിലുണ്ടാകുന്ന വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ വിദ്യാര്‍ഥികളും, രക്ഷിതാക്കളും വിലയിരുത്തി വ്യക്തമായ ഫണ്ടിങ് പ്ലാനുകള്‍ തയ്യാറാക്കണം.  നെതര്‍ലന്‍ഡ്സ്, ജര്‍മ്മനി എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപരിപഠനത്തിന് വര്‍ധിച്ചു വരുന്ന സാധ്യതകള്‍ കാണാതെ പോകരുത്. സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാന്‍ പ്രാവീണ്യ പരീക്ഷകളില്‍ മികച്ച സ്‌കോര്‍ നേടണം. അതിനാല്‍ വിദേശപഠനത്തിനു തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ ചിട്ടയോടെ പ്രാവീണ്യ പരീക്ഷകള്‍ക്ക് തയ്യാറെടുക്കണം. 

താത്പര്യം, അഭിരുചി എന്നിവ വിലയിരുത്തി രാജ്യങ്ങളും, കോഴ്‌സുകളും,  സര്‍വകലാശാലകളും തെരഞ്ഞെടുക്കണം. വിദേശ സര്‍വകലാശാലകളിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി  ആശയവിനിമയം നടത്തണം. അംഗീകാരമില്ലാത്ത ഏജന്‍സികളെ ആശ്രയിക്കരുത്. നടപടിക്രമങ്ങളില്‍ ഇളവ് നല്‍കുന്നത് ചില സന്ദര്‍ഭങ്ങളില്‍ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനാണെന്നത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും  തിരിച്ചറിയണം.

(ബെംഗളൂരു ട്രാന്‍സ്ഡിസ്സിപ്ലിനറി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് & ടെക്‌നോളജി പ്രൊഫസറാണ് ലേഖകന്‍)

Content Highlights: Education Abroad, Things You Need to Know, Study Abroad, TP Sethumadhavan