ഡിഫൻസ് മെറ്റലർജിക്കൽ റിസർച്ച് ലബോറട്ടറിയിൽ ഇന്റേൺഷിപ്പ്

ഡിഫൻസ് മെറ്റലർജിക്കൽ റിസർച്ച് ലബോറട്ടറി (ഡിഎംആർഎൽ -ഹൈദരാബാദ് കാഞ്ചൻബാഗ്) നടത്തുന്ന ആറു മാസം ദൈർഘ്യമുള്ള, സ്റ്റൈെപ്പൻഡോടെയുള്ള ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) കീഴിൽ പ്രതിരോധ ആപ്ലിക്കേഷനുകൾക്കായി നൂതന മെറ്റീരിയലുകളുടെയും സാങ്കേതികവിദ്യകളുടെയും അത്യാധുനിക ഗവേഷണത്തിലും വികസനത്തിലും ഏർപ്പെട്ടിരിക്കുന്ന പ്രധാന ലബോറട്ടറികളിലൊന്നാണ് ഡിഎംആർഎൽ.
യോഗ്യത
എൻജിനീയറിങ് ബിരുദ പ്രോഗ്രാം (ബിഇ/ബിടെക്), എൻജിനിയറിങ്/സയൻസ് പോസ്റ്റ് ഗ്രാേജ്വറ്റ് പ്രോഗ്രാം (എംഇ/എംടെക്/എംഎസ്‌സി) എന്നിവയിലെ അവസാനവർഷ വിദ്യാർഥികൾക്കാണ് അവസരം പരിഗണിക്കപ്പെടുന്ന ബ്രാഞ്ച്/വിഷയം, അവയുടെ കോഡ് എന്നിവ ഇപ്രകാരമാണ്: (i) മെറ്റലർജിക്കൽ/മെറ്റീരിയൽ സയൻസ് എൻജിനിയറിങ് (എംടി) (ii) മെക്കാനിക്കൽ എൻജിനിയറിങ് (എംഇ) (iii) ഫിസിക്സ് (പിഎച്ച്) (iv) കെമിസ്ട്രി (സിഎച്ച്)
അക്കാദമിക് യോഗ്യത: മുൻ സെമസ്റ്ററുകളിൽ കുറഞ്ഞത് 6.0 സിജിപിഎ (10 സ്കെയിലിൽ) നേടി, നിർദിഷ്ട ബ്രാഞ്ചിൽ എൻജിനിയറിങ് ബാച്ച്‌ലർ പ്രോഗ്രാമിന്റെയോ, ഒന്നാം വർഷ പരീക്ഷയിൽ 60 ശതമാനം മാർക്കോടെ എൻജിനിയറിങ് അല്ലെങ്കിൽ സയൻസിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമിന്റെയോ അന്തിമ വർഷത്തിൽ പഠിക്കുകയായിരിക്കണം.
പഠനം, എഐസിടിഇ/യുജിസി അംഗീകൃത കോളേജ്/സർവകലാശാലയിൽ മുഴുവൻ സമയ കോഴ്സിൽ ആകണം. പ്രായം 2025 ജൂലായ് 25-ന് 28 വയസ്സിൽ താഴെയായിരിക്കണം.
സ്റ്റൈപ്പെൻഡ്
പ്രതിമാസ സ്റ്റൈപ്പെൻഡ് 5,000 രൂപ. രണ്ട് ഗഡുക്കളായി വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകും. ആദ്യ ഗഡു മൂന്നുമാസത്തെ ഇന്റേൺഷിപ്പിനു ശേഷവും രണ്ടാം ഗഡു ആറ് മാസത്തെ ഇന്റേൺഷിപ്പിനു ശേഷവും നൽകും. ആറ് മാസത്തിൽ കൂടുതൽ ദൈർഘ്യമുള്ള ഇന്റേൺഷിപ്പുകൾ ആദ്യത്തെ ആറ് മാസത്തേക്ക് മാത്രം സ്റ്റൈപ്പെൻഡ് നൽകി പരിഗണിക്കും.
പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കൽ, പ്രോജക്ട് ജോലികളുടെ മൂല്യനിർണയം പൂർത്തിയാക്കൽ എന്നിവ ഉൾപ്പെടെ ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കിയതിനുശേഷം പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകും.
Content Highlights: DMRL Hyderabad Internship (6 Months)