ഡിജിറ്റൽ സ്കില്ലുകൾക്ക് പ്രാധാന്യമേറുന്നു; ഉന്നതവിദ്യാഭ്യാസ മേഖലയിലെ മാറുന്ന തൊഴിൽ പ്രവണതകൾ/EduTalk

EDU TALK
#ഡോ.ടി.പി.സേതുമാധവൻ
AI Image created by Mathrubhumi
AI Image created by Mathrubhumi

രാജ്യത്തെ വിദ്യാഭ്യാസമേഖലയിലെ വാർഷിക അവലോകന റിപ്പോർട്ട് (ASER) 2023  പുറത്തിറങ്ങി. 26 സംസ്ഥാനങ്ങളിലെ 28 ജില്ലകളിൽ നടന്ന പഠനത്തിൽ ഗ്രാമീണമേഖലയിൽ നിന്നുള്ള ഡാറ്റയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥം എന്ന സന്നദ്ധ സംഘടനയാണ് സർവ്വേ നടത്തിയത്. 14 -18 വയസ്സിലുള്ള 34745 വിദ്യാർഥികളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. ഇവരിൽ 86.8 ശതമാനവും വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്നവരാണ്. 55.7 ശതമാനവും ഉന്നതവിദ്യാഭ്യാസം ഹ്യൂമാനിറ്റീസ്/ആർട്സ് വിഷയങ്ങളിലാണ്. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് പഠിക്കുന്നവർ 31.7 ശതമാനം വരും. ഇവരിൽ പെൺകുട്ടികൾ 28.1 ശതമാനവും, ആൺകുട്ടികൾ 36.3 ശതമാനവുമാണ്.9.4 ശതമാനം കുട്ടികളാണ് കോമേഴ്‌സ് പഠിക്കുന്നത്.

43.7 ശതമാനം ആൺകുട്ടികളും സ്മാർട്ഫോൺ ഉപയോഗിക്കുന്നുവെന്ന് പഠനം പറയുന്നു. എന്നാൽ പെൺകുട്ടികളിൽ സ്മാർട്ഫോൺ ഉപയോഗം 19.8 ശതമാനമാണ്. പക്ഷേ, 90 ശതമാനം വീടുകളിലും സ്മാർട്ട് ഫോണുണ്ട്‌. കമ്പ്യൂട്ടർ, ലാപ്ടോപ്പ് എന്നിവയുടെ ലഭ്യത 9 ശതമാനം മാത്രമാണ്. 85 ശതമാനം പേർക്കും കമ്പ്യൂട്ടർ പരിജ്ഞാനമുണ്ട്. ഇവരിൽ പെൺകുട്ടികളാണ് പിന്നിൽ. 33.9 ശതമാനം പേർക്ക് കമ്പ്യൂട്ടർ സാക്ഷരതയില്ല. 50 ശതമാനം ആൺകുട്ടികൾക്കും, 30 ശതമാനം പെൺകുട്ടികൾക്കും സ്വന്തമായി ഇ മെയിൽ വിലാസമുണ്ട്. സോഷ്യൽ മീഡിയയുടെ ഉപയോഗം വിദ്യാർത്ഥികളിൽ 90.5 ശതമാനമാണ്. ഇവരിൽ ആൺകുട്ടികളും, പെൺകുട്ടികളും യഥാക്രമം 93.4, 87.8 ശതമാനമാണ്. മൂന്നിലൊന്ന് വിദ്യാർഥികളും പഠനാവശ്യത്തിനാണ് സ്മാർട്ഫോൺ ഉപയോഗിക്കുന്നത്. 80 ശതമാനം പേരും സിനിമ കാണാനും പാട്ട് കേൾക്കാനും ഗെയിമിങ്ങിനും സ്മാർട്ഫോൺ ഉപയോഗിച്ച് വരുന്നു.

ASER അവലോകന റിപ്പോർട്ട്- ഡിജിറ്റൽ സ്കില്ലുകൾക്ക് പ്രാധാന്യമേറുന്നു

ASER 2023 റിപ്പോർട്ടിൽ 14 നും 18 വയസ്സിനും ഇടയിലുള്ള വിദ്യാർഥികളുടെ വർധിച്ച ഡിജിറ്റൽ ഉപയോഗമാണ് വ്യക്തമാക്കുന്നത്. ഈ രംഗത്ത് ഡിജിറ്റൽ, ടെക്നോളജി, സോഷ്യൽ മീഡിയ ഉപയോഗ സ്കില്ലുകൾ  വളരെ കൂടുതലാണ്. ഇതിലൂടെ വിദ്യാർഥികൾ സാധ്യതയുള്ള മേഖലയുമായി ബന്ധപ്പെട്ട്  കൂടുതൽ വിവരങ്ങൾ സ്വായത്തമാക്കാൻ ശ്രമിക്കുന്നു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശപഠനത്തെ സ്വാധീനിക്കുന്ന കാര്യത്തിൽ ഇന്റർനെറ്റിന്റെ ഉപയോഗം പ്രധാനപ്പെട്ട ഘടകമാണ്. പ്രതിവർഷം ഇന്ത്യയിൽ നിന്നും വിദേശ കാമ്പസുകളിൽ ഉപരിപഠനത്തിനെത്തുന്ന വിദ്യാർഥികളുടെ എണ്ണം 8 ലക്ഷമാണ്. 2024 ൽ രാജ്യത്തു നിന്നും ഒരു ദശലക്ഷം വിദ്യാർഥികൾ വിദേശ കാമ്പസ്സുകളിലെത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ഗ്ലോബൽ സ്‌കിൽസും തൊഴിലും

2023 ലെ ഗ്ലോബൽ സ്‌കിൽസ് റിപ്പോർട്ടിൽ ഡിജിറ്റൽ തൊഴിൽമേഖലയിൽ സ്കിൽ വികസനത്തിന് പ്രസക്തിയേറുന്നുവെന്നാണ് വ്യക്തമാക്കുന്നത്. അപ്സ്‌കില്ലിങ്, റീസ്‌കില്ലിങ് എന്നിവയ്ക്ക്  പ്രസക്തിയേറും.ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ടിലും 60 ശതമാനം തൊഴിലാളികൾക്ക്  2027 നുള്ളിൽ തുടർപരിശീലനം ആവശ്യമായി വരുമെന്ന് പ്രവചിച്ചിട്ടുണ്ട്. 100 രാജ്യങ്ങളിൽ നിന്നുള്ള 124 ദശലക്ഷം പഠിതാക്കളിൽ നിന്നുള്ള ഡാറ്റ വിലയിരുത്തിയാണ് ഗ്ലോബൽ സ്കിൽസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 60 ശതമാനത്തോളം തൊഴിൽ മേഖലകളെ  ബാധിക്കുമെന്ന സൂചനകളുമുണ്ട്.

തൊഴിൽ മേഖലയിൽ ആവശ്യമായ സ്‌കിൽ, നിലവിലുള്ള  സ്കില്ലുകൾ,തൊഴിൽ മേഖലയിൽ ഡിജിറ്റൽ  സ്കില്ലിന്റെ ആവശ്യകത എന്നീ കാര്യങ്ങൾക്കാണ്‌ റിപ്പോർട്ട് ഊന്നൽ നൽകിയിരിക്കുന്നത്. സാമ്പത്തിക വളർച്ച സ്കിൽ പ്രാവീണ്യത്തെയും, ഇന്റർനെറ്റ് സേവനത്തെയും ആശ്രയിച്ചിരിക്കുന്നു.  ഡിജിറ്റലൈസേഷനും സെർട്ടിഫിക്കേഷനും കൂടുതൽ വിദ്യാർഥികൾ തയ്യാറാകുന്നു. ASER റിപ്പോർട്ടിലും വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.

പുത്തൻ കോഴ്സുകൾ

ബിസിനസ്സ്, ടെക്നോളജി, ഡാറ്റ സയൻസ് സ്കില്ലുകൾക്കാണ് ലോകത്താകമാനം പ്രാധാന്യമേറുന്നത്. അക്കൗണ്ടിംഗ്, കമ്മ്യൂണിക്കേഷൻ, സംരംഭകത്വം, സാമ്പത്തികം, മനുഷ്യവിഭവശേഷി, ലീഡർഷിപ്പ്  മാനേജ്‌മന്റ്, മാർക്കറ്റിംഗ്, സെയിൽസ്, സ്‌ട്രാറ്റജി & ഓപ്പറേഷൻസ് എന്നിവയുമായി ബന്ധപ്പെട്ട സ്കില്ലുകൾക്ക് ആവശ്യകതയേറുന്നു.  ഓഡിറ്റിംഗ്, പീപ്പിൾ മാനേജ്മെന്റ്, ബ്ലോക്ക് ചെയിൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, ഓപ്പറേഷൻസ് മാനേജ്‌മന്റ് എന്നിവ  ഇവയിൽപ്പെടുന്നു. ടെക്നോളജി സ്കില്ലുകളിൽ ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്, കമ്പ്യൂട്ടർ നെറ്റ് റ്വർകിങ്, പ്രോഗ്രാമിംഗ്, ഡാറ്റാബേസ്സ്‌, മൊബൈൽ ഡെവലൊപ്മെൻറ്, ഓപ്പറേഷൻസ് സിസ്റ്റംസ്, സെക്യൂരിറ്റി എഞ്ചിനീയറിംഗ്, സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, വെബ് ഡിസൈൻ, ഡെവലപ്മെന്റ്,  ക്രീറ്റിവിറ്റി കോഴ്സുകൾ എന്നിവയ്ക്ക് പ്രാധാന്യമേറുന്നു. സൈബർസെക്യൂരിറ്റി, ആൻഡ്രോയിഡ് ഡെവലപ്മെന്റ്, സോഫ്റ്റ്‌വെയർ ആർക്കിടെക്ചർ, ഫാഷൻ ഡിസൈൻ, പ്രോഡക്റ്റ് ഡിസൈൻ എന്നിവയ്ക്കാണ് സാധ്യതയേറുന്നത്. ഡാറ്റ സയൻസിൽ ഡാറ്റ അനാലിസിസ്, ഡാറ്റ മാനേജ്മെന്റ്, ഡാറ്റ വിഷ്വലൈസേഷൻ, മെഷീൻ ലേർണിംഗ്,   സ്റ്റാറ്റിസ്റ്റിക്കൽ പ്രോഗ്രാമിങ്, കമ്പ്യൂട്ടർ ആർക്കിടെക്ചർ, ബിയോഇൻഫോര്മാറ്റിക്സ്, എപിഡെമിയോളജി എന്നിവ ഉൾപ്പെടുന്നു. ഓപ്പറേഷൻസ് മാനേജ്മെന്റ്, ലീഡര്ഷിപ് ഡെവലപ്മെന്റ്, സപ്ലൈ ചെയിൻ സിസ്റ്റംസ്, ബഡ്ജറ്റ് മാനേജ്‌മന്റ് എന്നിവ വിപുലപ്പെട്ടുവരുന്നു. കമ്മ്യൂണിക്കേഷൻ, സംരംഭകത്വം, ലീഡർഷിപ് & മാനേജ്‌മന്റ്, സ്ട്രാറ്റജി & ഓപ്പറേഷൻസ് എന്നിവ കൂടുതലായി ആവശ്യമുള്ള തൊഴിൽ നൈപുണ്യ മേഖലകളാണ്.

വിദ്യാർഥികളുടെ താല്പര്യം വിലയിരുത്തുമ്പോൾ മികച്ച രണ്ടു സ്കില്ലുകൾക്കു ഊന്നൽ നൽകി അനുയോജ്യമായ ഇന്റഗ്രേറ്റഡ് കോഴ്സുകൾ കണ്ടെത്തുന്നത് നല്ലതാണ്. ഇന്റഗ്രേറ്റഡ് നിയമ കോഴ്സുകൾക്ക് ഇപ്പോൾ തൊഴിൽ സാധ്യത വർധിച്ചു വരുന്നതും പ്രത്യേകം ദൃശ്യമാണ്. സയൻസ് ഹ്യൂമാനിറ്റീസ്, സയൻസ് ബിസ്സിനെസ്സ് സ്റ്റഡീസ്, സയൻസ്/ഹ്യൂമാനിറ്റീസ്/കോമേഴ്‌സ് & കമ്പ്യൂട്ടർ സയൻസ്, അക്കൗണ്ടിംഗ്   എന്നിവയിൽ മികച്ച  കോഴ്സുകളുണ്ട്.ടെക്നോളജി അധിഷ്ഠിത ഫിൻടെക്, ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സുകൾക്കും പ്രിയമേറിവരുന്നു.

ബിരുദതലത്തിൽ ബിസിനസ്സ്, ഫിനാൻസ് കോഴ്‌സുകൾക്ക് ലോകത്തെമ്പാടും സാധ്യതയേറുന്നു. ബിസ്സിനസ്സ് മാനേജ്മെന്റ്, ബിസിനസ് മാനേജ്‌മന്റ് & ഇക്കണോമിക്സ്, അക്കൗണ്ടിംഗ് & ഫിനാൻസ്, ബിസ്സിനസ്സ് മാനേജ്‌മന്റ് & മാർക്കറ്റിംഗ്, ബിസ്സിനെസ്സ് മാനേജ്‌മന്റ് & സൈക്കോളജി, ബാങ്കിങ് & ഫിനാൻസ് എന്നിവ മികച്ച തൊഴിൽ സാധ്യതയുള്ള കോഴ്സുകളാണ്. എ ഐ & കമ്പ്യൂട്ടർ സയൻസ്, ബയോമെഡിക്കൽ സയൻസ് എന്നിവ മികച്ച ബിരുദ കോഴ്സുകളാണ്. ബി.ഡെസ് ട്രാൻസ്‌പോർട്ടേഷൻ ഡിസൈൻ, ഫാഷൻ കമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ മോഡലിംഗ്,  ബിബിഎ ഫിൻടെക്,  എന്റർപ്രീണർഷിപ്, ബി.എ കളിനറി ആര്ട്സ് എന്നിവയ്ക്ക് സാധ്യതയേറെയാണ്.

NIRF നിലവാരം 

അടുത്തയിടെ പ്രസിദ്ധീകരിച്ച NIRF- ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക്  ഗുണനിലവാരത്തിന്റെ അളവുകോലാണ്.. NIRF ൽ സർവ്വകലാശാലകൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഇന്നവേഷൻ സ്ഥാപനങ്ങൾ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽപ്പെടുന്ന സ്ഥാപനങ്ങളെയാണ്‌ വിലയിരുത്തുന്നത്. എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, ഫാർമസി, മെഡിക്കൽ, ഡെന്റൽ, അഗ്രിക്കൾച്ചർ, അലൈഡ് അഗ്രിക്കൾച്ചർ, നിയമം, ആർക്കിടെക്ചർ, പ്ലാനിംഗ് മേഖലയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. അധ്യാപനം, പഠനവും ആവശ്യമായ വിഭവങ്ങളും, പഠിച്ചിറങ്ങുന്ന ബിരുദവിദ്യാർഥികൾ, ഗവേഷണ മികവ്, വിജ്ഞാന വ്യാപനം മുതലായവയാണ്‌ വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് 2021 ലെ കണക്കനുസരിച് 1113 സർവകലാശാലകളും, 43796 കോളേജുകളുമുണ്ട് .

എന്നാൽ 12.8 ശതമാനം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമേ NIRF നു അപേക്ഷിച്ചിട്ടുള്ളൂ. ഇവയിൽ ഗ്രാമീണ മേഖലയിലെ സ്ഥാപനങ്ങൾ തീരെ കുറവാണ്. രാജ്യത്ത് 43 ശതമാനം സർവകലാശാലകളും, 61.4 ശതമാനം കോളേജുകളും ഗ്രാമീണ മേഖലയിലാണ്. NIRF 2023 ആദ്യ 100 റാങ്കിങ് സ്ഥാപനങ്ങളിൽ 35 സ്ഥാപനങ്ങൾ തമിഴ്നാട്ടിൽ നിന്നും, 32 എണ്ണം ഡൽഹിയിൽ നിന്നുമുണ്ടായിരുന്നു. കേരളത്തിൽ നിന്നുമുള്ള 14 സ്ഥാപനങ്ങൾ NIRF ആദ്യ 100 റാങ്കിങിലുണ്ട്. ഏറ്റവും കൂടുതൽ സ്ഥാപനങ്ങളുള്ള യു പി, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള അപേക്ഷകൾ തീരെ കുറവായിരുന്നു. 81 ശതമാനത്തോളം ഗുണനിലവാരത്തിൽ മുന്നിട്ടു നിൽക്കുന്ന മേൽസൂചിപ്പിച്ച സംസ്ഥാനങ്ങളിലെ മികച്ച സ്ഥാപനങ്ങൾ റാങ്കിങ് സർവേയിൽ പങ്കെടുത്തിട്ടില്ല. എന്നാൽ ആവശ്യമായ അദ്ധ്യാപക വിദ്യാർത്ഥി അനുപാതത്തിൽ ആദ്യ റാങ്കിങ്ങിൽപ്പെട്ട സ്ഥാപനങ്ങളും പിറകിലാണ്.  ശരാശരി അധ്യാപകരുടെ എണ്ണം ആദ്യ 100 റാങ്കിങ്ങിൽപെട്ട സ്ഥാപനങ്ങളിൽ 645 ആണ്. എന്നാൽ മറ്റു സർവകലാശാലകളിലിത് 242 ആണ്. എന്നാൽ കോളേജുകളിലിത് യഥാക്രമം 173 ഉം, 71 മാണ്. 33.98 ശതമാനം എഞ്ചിനീയറിംഗ് കോളേജുകളിൽ മാത്രമേ AICTE നിഷ്‌കർഷിക്കുന്ന 1 :20 അദ്ധ്യാപക വിദ്യാർത്ഥി അനുപാതം നിലവിലുള്ളൂ.എന്നാൽ മികവുറ്റ, ഇമ്പാക്ട് ഫാക്ടറുള്ള ജേർണലുകളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളുടെ കാര്യത്തിൽ സ്ഥാപനങ്ങൾ ഏറെ പിറകിലാണ്. സർവേയിൽ പങ്കെടുത്ത 12.3 ശതമാനം സ്ഥാപനങ്ങളിൽ നിന്നാണ് 90  ശതമാനത്തോളം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ആഗോള ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ ഇന്ത്യൻ സ്ഥാപനങ്ങൾ സംഭാവന ചെയ്യുന്നത് 4.81 ശതമാനം മാത്രമാണ്. എന്നാൽ ചൈനയുടെ വിഹിതം 26 ശതമാനമാണ്. മാത്രമല്ല ചൈനയിൽ സർവകലാശാല, ഗവേഷണ ഫാക്കൽറ്റി എന്നിവയുടെ എണ്ണത്തിൽ യഥാക്രമം 140 ശതമാനം, 69 ശതമാനം വർദ്ധനവ് ദൃശ്യമാണ്. എന്നാൽ ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസ, ഗവേഷണത്തിനുള്ള ബഡ്ജറ്റ് വിഹിതം തീരെ കുറവാണ്.  ഗവേഷണത്തിന് പ്രാമുഖ്യം നല്കാൻ അടുത്തയിടെയാണ് കേന്ദ്ര ഗവണ്മെന്റ് നാഷണൽ റിസർച്ച് ഫൗണ്ടേഷൻ ബിൽ 2023 നു രൂപം കൊടുത്തത്.

NIRF ൽ കേരളത്തിന്റെ പ്രകടനം വിലയിരുത്തിയാൽ 2020 വരെ ക്രമമായി പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും 2023 ഓടെ 2016 നിലവാരത്തിലെത്തിയീട്ടുണ്ട്.കഴിഞ്ഞ അഞ്ചു വർഷത്തോളമായി കേരളത്തിലെ കോളേജുകൾ പിറകോട്ടുപോയിട്ടുണ്ട്. NIRF ൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള 150 ഓളം സ്ഥാപനങ്ങളിൽ കേരള, എം ജി, കുസാറ്റ്, കാലിക്കറ്റ് സർവകലാശാലകളുടെ റാങ്കിങ് യഥാക്രമം 24, 31, 37, 70 സ്ഥാനത്തായിരുന്നു. 100 ൽ 20 കോളേജുകളെവരെ 2020 ൽ മുന്നേറിയെങ്കിലും തുടർന്നങ്ങോട്ട് വീണ്ടും പിറകിലായിട്ടുണ്ട്.

കാലത്തിന്റെ മാറ്റത്തിനനുസരിച്ചു ലോകത്തെമ്പാടും കോഴ്‌സുകളുടെ ഡിസൈനിങ്ങിൽ മാറ്റം വന്നു തുടങ്ങിയീട്ടുണ്ട്. വ്യവസായമേഖലക്കിണങ്ങിയ, പ്ലേസ്മെന്റ് ഉറപ്പുവരുത്തുന്ന കോഴ്സുകൾക്കാണ് വിദ്യാർഥികൾ ചേരാനിഷ്ടപ്പെടുന്നത്. കോഴ്സിനോടോപ്പം ഇന്റേൺഷിപ്,  പാർടൈം തൊഴിൽ എന്നിവ നിരവധി  സ്ഥാപനങ്ങൾ ഓഫർ ചെയ്യുന്നു. വ്യത്യസ്ത മേഖലകളിൽ തൊഴിൽ ചെയ്യാനുതകുന്ന സ്കില്ലുകൾ പ്രദാനം ചെയ്യുന്ന കോഴ്സുകൾക്കാണ് ഭാവിയിൽ സാധ്യതയേറുന്നത്. ബിരുദതലത്തിലുള്ള സ്‌പെഷ്യലൈസേഷനുകൾ വിപുലപ്പെടുന്നത് വ്യവസായ സ്ഥാപനങ്ങളുടെ താല്പര്യത്തിനനുസരിച്ചാണ്. സ്വകാര്യ, ഡീംഡ്, വിദേശ സർവകലാശാലകളിലാണ് ഈ മാറ്റം പ്രകടമാകുന്നത്. ബിരുദ സീറ്റുകൾക്ക് കേരളത്തിൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ കോഴ്സിന്റെ രൂപ കല്പനയിൽ ഡിജിറ്റൽ സ്‌കില്ലിനും, തൊഴിലിനും,  ഇന്റേൺഷിപ്പിനും   ഊന്നൽ നൽകി ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. 

(ഡോ.ടി.പി.സേതുമാധവൻ, പ്രൊഫസർ, ട്രാൻസ്‌ഡിസിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് & ടെക്നോളജി, ബെംഗളൂരു)   
 

Content Highlights: Changing career trends in the higher education sector