സി.യു.ഇ.ടി. 2025 ഘടന: യു.ജി.സി.യുടെ നിർദേശങ്ങൾ ഇങ്ങനെ

#ഡോ. എസ്. രാജൂകൃഷ്ണൻ
പ്രതീകാത്മക ചിത്രം | Image: Freepik
പ്രതീകാത്മക ചിത്രം | Image: Freepik

വിവിധ സർവകലാശാലകളിലെയും സ്ഥാപനങ്ങളിലെയും യു.ജി., പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തിവരുന്ന, കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റു (സി.യു.ഇ.ടി.) കൾക്ക് യു.ജി.സി. മാറ്റങ്ങൾ കൊണ്ടുവരുകയാണ്. വിദഗ്ധസമതിയുടെ നിർദേശങ്ങൾ പരിഗണിച്ചശേഷം, 2025 മുതൽ പരീക്ഷകൾക്കു വരുത്തേണ്ട മാറ്റങ്ങൾ നടപ്പാക്കും. ഈ നിർദേശങ്ങളിൽ 26 വരെ അഭിപ്രായങ്ങൾ അറിയിക്കാനുള്ള സമയമാണ് (www.ugc.gov.in നോട്ടീസസ് ലിങ്ക്-ഗൂഗിൾഫോം ലിങ്ക് വഴി) യു.ജി.സി. നൽകിയിരിക്കുന്നത്.

സി.യു.ഇ.ടി. യു.ജി. -നിർദേശങ്ങൾ സഹായകരമോ?

പ്ലസ്ടുതലത്തിൽ പഠിച്ച വിഷയങ്ങൾ പരിഗണിക്കാതെ സി.യു.ഇ.ടി. യു.ജി. പരീക്ഷാവിഷയങ്ങൾ തിരഞ്ഞെടുക്കാമെന്ന നിർദേശം പ്രഥമദൃഷ്ട്യാ സൗകര്യപ്രദമായി തോന്നും. എന്നാൽ, ഓരോ കോഴ്സിലെയും പ്രവേശനത്തിന് പ്ലസ്ടുതലത്തിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങൾ, അഭിമുഖീകരിച്ചിരിക്കേണ്ട ടെസ്റ്റ് പേപ്പറുകൾ എന്നിവസംബന്ധിച്ച വ്യവസ്ഥകൾ ഉണ്ടെങ്കിൽ ഈ ഇളവുകൊണ്ട് പരീക്ഷാർഥിക്ക് പ്രയോജനം ലഭിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ട്.പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണവും ലഭ്യമായ പ്രോഗ്രാമുകളുടെ എണ്ണവും പരിഗണിക്കുമ്പോൾ തിരഞ്ഞെടുക്കാവുന്ന ടെസ്റ്റുകളുടെ എണ്ണം അഞ്ചായി കുറയ്ക്കുന്നത് പരീക്ഷാർഥികൾക്ക് ടെസ്റ്റ് വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് ബുദ്ധിമുട്ടുണ്ടാക്കിയേക്കും. കഴിഞ്ഞവർഷം നൽകിയതുപോലെ ആറ് ടെസ്റ്റുകളെങ്കിലും തിരഞ്ഞെടുക്കാനുള്ള അവസരം നിലനിർത്തുന്നത് സഹായകരമായിരിക്കും.2023-ൽ 10 ടെസ്റ്റുകൾ എഴുതാൻ അവസരം നൽകിയിരുന്നു.വിവിധ സ്ഥാപനങ്ങളുടെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് വ്യത്യസ്ത വിഷയങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നതിനാൽ കൂടുതൽ ടെസ്റ്റുകൾ എഴുതാനുള്ള അവസരം അനിവാര്യമാണ്.

പ്രധാന നിർദേശങ്ങൾ

സി.യു.ഇ.ടി.-യു.ജി

• പരീക്ഷ കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) രീതിയിൽ വർഷത്തിൽ ഒരുതവണ നടത്തും

• നിലവിലെ ജനറൽ ടെസ്റ്റ്, ജനറൽ എബിലിറ്റി ടെസ്റ്റാക്കി മാറ്റും.

• ഡൊമൈൻ സ്പെസിഫിക് വിഷയങ്ങളിൽനിന്നും ആറ് എണ്ണം-ഓൺട്രപ്രനേർഷിപ്പ്, ടീച്ചിങ് ആപ്റ്റിറ്റ്യൂഡ്, ലീഗൽ സ്റ്റഡീസ്, എൻജിനീയറിങ് ഗ്രാഫിക്സ്, ഫാഷൻ സ്റ്റഡീസ്, ടൂറിസം എന്നിവ ഒഴിവാക്കും. ഇവയിലെ പ്രവേശനം ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (പുതിയ ജനറൽ എബിലിറ്റി ടെസ്റ്റ്) മികവ് അടിസ്ഥാനമാക്കി നടത്തും

• സി.യു.ഇ.ടി. യു.ജി. 2024 പ്രകാരം അവശേഷിക്കുന്ന 23 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങൾ- അക്കൗണ്ടൻസി/ബുക്ക് കീപ്പിങ്, ബിസിനസ് സ്റ്റഡീസ്, അഗ്രിക്കൾച്ചർ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്, ബയോളജി/ ബയോളജിക്കൽ സയൻസ്/ബയോടെക്നോളജി/ബയോകെമിസ്ട്രി, പെർഫോമിങ് ആർട്സ് (ഡാൻസ്, ഡ്രാമ, മ്യൂസിക്), ഫൈൻ ആർട്സ്/വിഷ്വൽ ആർട്സ്/കൊമേഴ്‌ഷ്യൽ ആർട്സ്), ജ്യോഗ്രഫി/ജിയോളജി, ഹിസ്റ്ററി, ഹോംസയൻസ്, മാസ് മീഡിയ/മാസ് കമ്യൂണിക്കേഷൻ, പൊളിറ്റിക്കൽ സയൻസ്‌, സൈക്കോളജി, സോഷ്യോളജി, സാൻസ്‌ക്രിറ്റ്‌, എൻവയൺമെൻറൽ സയൻസ്, നോളജ് ട്രഡീഷൻ - പ്രാക്ടീസസ് ഇൻ ഇന്ത്യ, ഫിസിക്കൽ എജുക്കേഷൻ (യോഗ, സ്പോർട്സ്) ആന്ത്രോപ്പോളജി, ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ പ്രാക്ടീസസ് എന്നിവ നിലനിർത്തും

• പരീക്ഷയുടെ ചോദ്യങ്ങൾ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, കന്നട, തമിഴ് ഉൾപ്പെടെ 13 ഭാഷകളിൽ

• സി.യു.ഇ.ടി. യു.ജി. 2024-ലെ പോലെ ഭാഷാമികവ് വിലയിരുത്താൻ ഈ 13 ഭാഷകളിലും ലാംഗ്വേജ് സ്പെസിഫിക്‌ പരീക്ഷ ഉണ്ടാകും

• 2024-ൽ ഉണ്ടായിരുന്ന 20 ഭാഷകളിലെ (വിദേശ ഭാഷകൾ ഉൾപ്പടെ) പരീക്ഷ ഒഴിവാക്കും. അറബിക്, ബോഡോ, ചൈനീസ്, ഡോഗ്രി, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, ജാപ്പനീസ്, കശ്‌മീരി, കൊങ്കണി, മൈഥിലി, മണിപ്പുരി, നേപ്പാളി, പേർഷ്യൻ, റഷ്യൻ, സന്താലി, സിന്ധി, സ്പാനിഷ്, ടിബറ്റൻ, സാൻസ്‌ക്രിറ്റ് - ഇവയിലെ പ്രവേശനം ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (പുതിയ ജനറൽ എബിലിറ്റി ടെസ്റ്റ്) പേപ്പറിലെ മികവ് പരിഗണിച്ചായിരിക്കും

• ഒരു പരീക്ഷാർഥിക്ക് പരമാവധി അഞ്ച് വിഷയങ്ങളിലെ പരീക്ഷകൾ അഭിമുഖീകരിക്കാം

• ക്ലാസ് 12-ൽ പഠിച്ച വിഷയങ്ങൾ പരിഗണിക്കാതെ സി.യു.ഇ.ടി. യു.ജി.ക്ക്‌ ഇഷ്ടപ്പെട്ട വിഷയങ്ങൾ (പരമാവധി അഞ്ച്) തിരഞ്ഞെടുക്കാം

• എല്ലാ പേപ്പറുകളുടെയും ദൈർഘ്യം ഒരുമണിക്കൂർ

• എല്ലാ പേപ്പറുകളിലും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകണം

• ഉത്തരം തെറ്റിയാൽ മാർക്ക് കുറയ്ക്കും (നെഗറ്റീവ് മാർക്കിങ് രീതി)

• എൻ.സി.ഇ.ആർ.ടി. സിലബസ് അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ

• പ്രവേശനം യു.ജി.സി. മാനദണ്ഡങ്ങൾ പ്രകാരം സി.യു.ഇ.ടി. യു.ജി. സ്കോർ പരിഗണിച്ചായിരിക്കും

സി.യു.ഇ.ടി.-പി.ജി.

• പരീക്ഷ കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) രീതിയിൽ വർഷത്തിൽ ഒരുതവണ നടത്തും

• എല്ലാ വിഷയങ്ങളുടെയും എല്ലാ പേപ്പറുകളുടെയും ദൈർഘ്യം 90 മിനിറ്റ് ആയിരിക്കും

• എല്ലാ പേപ്പറുകളിലും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകണം

• ഉത്തരം തെറ്റിയാൽ മാർക്ക് കുറയ്ക്കും (നെഗറ്റീവ് മാർക്കിങ് രീതി)

• ദ്വിഭാഷാരീതിയിൽ ചോദ്യങ്ങൾ ലഭ്യമാക്കും

• ചോദ്യനിലവാരം 2024-ലെ സി.യു.ഇ.ടി.യിൽ എന്നപോലെ തുടരും

• ജനറൽ പേപ്പർഘടന ഭേദഗതിചെയ്ത് ബിരുദതല അറിവ് അടിസ്ഥാനമാക്കി നൈപുണി അധിഷ്ഠിതവും ചില തൊഴിലുകൾ അധിഷ്ഠിതവുമാക്കും. ആ മേഖലകളിലെ പ്രോഗ്രാം തിരഞ്ഞെടുപ്പിന് സർവകലാശാലകൾക്ക് ഈ ടെസ്റ്റ് മികവ് ഉപയോഗപ്പെടുത്താം

• പ്രവേശനം യു.ജി.സി. മാനദണ്ഡങ്ങൾ പ്രകാരം സി.യു.ഇ.ടി. പി.ജി. സ്കോർ പരിഗണിച്ചായിരിക്കും

• വിശേഷാൽ കോഴ്സുകളിലെ പ്രവേശനങ്ങൾക്ക് സി.യു.ഇ.ടി. പി.ജി. സ്കോറിനു നൽകേണ്ട വെയിറ്റേജ് സർവകലാശാലകൾക്ക് തീരുമാനിക്കാം

Content Highlights: C.U.E.T. 2025 structure