ഗേറ്റ് 2025 പരീക്ഷാഘടനയെ കുറിച്ച് വിശദമായി അറിയാം

ഗേറ്റ് 2025 പരീക്ഷ 100 മാർക്കുള്ള മൂന്നുമണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. ജനറൽ ആപ്റ്റിറ്റ്യൂഡ്, തിരഞ്ഞെടുത്തവിഷയം എന്നീ രണ്ടു ഭാഗങ്ങളിലായി ചോദ്യങ്ങൾ ഉണ്ടാകും. എല്ലാ പേപ്പറുകളിലും 15 മാർക്കിനുള്ള ജനറൽ ആപ്റ്റിറ്റ്യൂഡ് ഭാഗം ഉണ്ടാകും. ബാക്കിയുള്ള 85 മാർക്കിന് ചില പേപ്പറുകളിൽ ബന്ധപ്പെട്ട വിഷയത്തിൽനിന്ന് മാത്രമുള്ള ചോദ്യങ്ങൾ ഉണ്ടാകും. മറ്റുചില പേപ്പറുകളിൽ ഈ 85 മാർക്ക് ചോദ്യങ്ങളിൽ അനുബന്ധവിഷയങ്ങളിലെ നിശ്ചിത എണ്ണം/നിശ്ചിതമാർക്കിനുള്ള ചോദ്യങ്ങളും ഉണ്ടാകും.
ചോദ്യങ്ങൾ ഒബ്ജക്ടീവ് ടൈപ്പ് രീതിയിലായിരിക്കും. മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ സെലക്ട്, ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങൾ പ്രതീക്ഷിക്കാം. റീകോൾ, കോംപ്രിഹൻഷൻ, ആപ്ലിക്കേഷൻ, അനാലിസിസ് ആൻഡ് സിന്തസിസ് എന്നിവ പരീക്ഷിക്കപ്പെടും. ഒരു മാർക്കിന്റെയും രണ്ടുമാർക്കിന്റെയും ചോദ്യങ്ങൾ ഉണ്ടാകും. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളിലെ ഉത്തരം തെറ്റിയാൽ, ഒരുമാർക്ക് ചോദ്യത്തിന് മൂന്നിൽ ഒന്നും രണ്ടു മാർക്ക് ചോദ്യത്തിന് മുന്നിൽ രണ്ടും മാർക്ക് നഷ്ടപ്പെടും. മൾട്ടിപ്പിൾ സെലക്ട്, ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങൾക്ക് നെഗറ്റീവ് മാർക്കിങ് ഇല്ല. മൾട്ടിപ്പിൾ സെലക്ട് ചോദ്യങ്ങൾക്ക് ഭാഗികമായ മാർക്ക് ലഭിക്കില്ല.
എൻജിനിയറിങ് സയൻസസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ് എന്നീ പേപ്പറുകൾ പൊതുസ്വഭാവമുള്ളതായിരിക്കും. ഇവയിൽ ഓരോന്നിലും വിഷയാധിഷ്ഠിത ചോദ്യങ്ങളുടെഭാഗത്ത്, നിർബന്ധമായും ഉത്തരം നൽകേണ്ട ഒരുഭാഗം ഉണ്ടാകും. കൂടാതെ തന്നിട്ടുള്ള വിവിധ ഓപ്ഷണലുകളിൽ നിശ്ചിത എണ്ണത്തിൽനിന്നും ഉത്തരം നൽകേണ്ടിവരും. അത് ഇപ്രകാരമാണ്
എൻജിനിയറിങ് സയൻസസ്: എൻജിനിയറിങ് മാത്തമാറ്റിക്സ് -നിർബന്ധം (15 മാർക്ക്), ഫ്ലൂയിഡ് മെക്കാനിക്സ്, മെറ്റീരിയൽസ് സയൻസ്, സോളിഡ് മെക്കാനിക്സ്, തെർമോഡൈനാമിക്സ്, പോളിമർസയൻസ് ആൻഡ് എൻജിനിയറിങ്, ഫുഡ് ടെക്നോളജി, അറ്റ്മോസ്ഫറിക് ആൻഡ് ഓഷ്യൻ സയൻസസ് (ഏതെങ്കിലും രണ്ടെണ്ണം-70 മാർക്ക്)
ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്: റീസണിങ് ആൻഡ് കോംപ്രിഹൻഷൻ (നിർബന്ധം-25 മാർക്ക്), ഇക്കണോമിക്സ്, ഇംഗ്ലീഷ്, ലിംഗ്വിസ്റ്റിക്സ്, ഫിലോസഫി, സൈക്കോളജി, സോഷ്യോളജി (ഏതെങ്കിലും ഒന്ന് -60 മാർക്ക്)
ലൈഫ് സയൻസസ്: കെമിസ്ട്രി (നിർബന്ധം-25 മാർക്ക്), ബയോകെമിസ്ട്രി, ബോട്ടണി, മൈക്രോബയോളജി, സുവോളജി, ഫുഡ് ടെക്നോളജി (ഇവയിൽ രണ്ടെണ്ണം-60 മാർക്ക്)
വിവിധ പേപ്പറുകളുടെ സിലബസ്, മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ തുടങ്ങിയവ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ നൽകുമ്പോൾ ഒരേ സോണിൽനിന്നും മുൻഗണന നിശ്ചയിച്ച് മൂന്നുകേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.
Content Highlights: About GATE 2025 exam