മേഘവിസ്‌ഫോടനം മുതല്‍ തീവ്രതാപംവരെ; പഠിക്കാം കാലാവസ്ഥാവ്യതിയാനം, ഉയര്‍ത്താം മികച്ച കരിയര്‍

മനുഷ്യരാശിയുടെ നിലനില്‍പ്പിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ടവയാണ് കാലാവസ്ഥയും കാലാവസ്ഥാവ്യതിയാനവും. ദ്രുതഗതിയിലുള്ള കാലാവസ്ഥാവ്യതിയാനം മനുഷ്യവളര്‍ച്ചയുടെ ഒട്ടുമിക്ക മേഖലകളെയും സ്വാധീനിക്കുന്നു. ഈ അവസരത്തില്‍ കാലാവസ്ഥയെയും കാലാവസ്ഥാവ്യതിയാനത്തെയും ശാസ്ത്രീയമായി പഠിക്കേണ്ടത് അനിവാര്യമാണ്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ പഠനവിഷയമായും പിന്നീട് കരിയറായും തിരഞ്ഞെടുക്കാന്‍ പറ്റിയ വിഷയങ്ങളാണിവ.
കാലാവസ്ഥാവ്യതിയാനത്തിലും പരിസ്ഥിതിശാസ്ത്രത്തിലും ബിരുദം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിവിധ വ്യവസായമേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന നിരവധി കരിയര്‍ അവസരങ്ങളുണ്ട്. പരിസ്ഥിതിമന്ത്രാലയത്തിലും സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലും സ്വകാര്യസ്ഥാപനങ്ങളിലും അവസരങ്ങളുണ്ട്. തൊഴിലുടമകള്‍, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി.എസ്.ആര്‍.) സ്‌പെഷ്യലിസ്റ്റ്, ഇക്കോളജിസ്റ്റ്, പാരിസ്ഥിതികവിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന അഭിഭാഷകര്‍ എന്നിവര്‍ക്ക് ഈ കോഴ്‌സുകള്‍ പ്രയോജനപ്രദമായിരിക്കും.
എന്‍വയണ്‍മെന്റല്‍ കണ്‍സല്‍ട്ടന്റ്, ക്ലൈമറ്റ് സയന്റിസ്റ്റ്, സസ്‌റ്റൈനബിലിറ്റി മാനേജര്‍, എന്‍വയണ്‍മെന്റല്‍ പോളിസി അനലിസ്റ്റ്, റിന്യൂവബിള്‍ എനര്‍ജി സ്‌പെഷ്യലിസ്റ്റ്, കണ്‍സര്‍വേഷന്‍ സയന്റിസ്റ്റ്, എന്‍വയണ്‍മെന്റല്‍ എജുക്കേറ്റര്‍, അര്‍ബന്‍ പ്ലാനര്‍, എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍, വൈല്‍ഡ്‌ലൈഫ് ബയോളജിസ്റ്റ്, എന്‍വയണ്‍മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍, സസ്‌റ്റൈനബിലിറ്റി അനലിസ്റ്റ് എന്നീ തസ്തികകളിലേക്ക് കാലാവസ്ഥയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും പഠിച്ചവര്‍ക്ക് അപേക്ഷിക്കാം.
പന്ത്രണ്ടാംക്ലാസില്‍ ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളോടൊപ്പം മാത്തമാറ്റിക്‌സോ ബയോളജിയോ കംപ്യൂട്ടര്‍ സയന്‍സോ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് ഉചിതമായ പഠനമേഖലയാണിത്. ബി.ടെക്. കോഴ്സുകളിലേക്ക് നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ബി.
എസ്‌സി.ക്ക് പ്ലസ്ടുവാണ് യോഗ്യത. അതത് സര്‍വകലാശാലകളാണ് അപേക്ഷ ക്ഷണിക്കുക.
പി.ജി. ഡിപ്ലോമയുടെ പ്രവേശനം അതത് ഡിഗ്രിയുടെ മാര്‍ക്ക് അല്ലെങ്കില്‍ ഓരോ ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തുന്ന പ്രവേശനപ്പരീക്ഷയുടെ മാര്‍ക്കനുസരിച്ചാണ്. ബിരുദാനന്തരബിരുദത്തിന് അതത് വിഷയത്തിലെ ബിരുദമാണ് യോഗ്യത. ഈ വിഷയങ്ങളില്‍ ഗവേഷണത്തിനും പ്രധാന ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അവസരമുണ്ട്.
ബി.എസ്‌സി. കോഴ്‌സുകള്‍
കാലാവസ്ഥാവ്യതിയാനത്തെയും പരിസ്ഥിതിയെയും സംബന്ധിച്ച ബി.എസ്‌സി. കോഴ്‌സുകളും അവ ലഭ്യമാകുന്ന സ്ഥാപനങ്ങളും താഴെ പറയുന്നവയാണ്:
തൃശ്ശൂരിലെ കേരള കാര്‍ഷിക സര്‍വകലാശാല: ബി.എസ്‌സി. കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതിശാസ്ത്രവും
കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാല: ബി.എസ്‌സി. എന്‍വയണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് വാട്ടര്‍ മാനേജ്‌മെന്റ്
ദി എനര്‍ജി ആന്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടി.ഇ.ആര്‍.ഐ.) സ്‌കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ന്യൂഡല്‍ഹി: ബി.എസ്‌സി. പരിസ്ഥിതിപഠനം
അമിറ്റി യൂണിവേഴ്‌സിറ്റി, നോയിഡ: ബി.എസ്‌സി. പരിസ്ഥിതിപഠനം
ഈ കോഴ്‌സുകള്‍ പരിസ്ഥിതിശാസ്ത്രം, കാലാവസ്ഥാവ്യതിയാനം, സുസ്ഥിരവികസനം എന്നിവയുടെ വിവിധ വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, പാരിസ്ഥിതികവെല്ലുവിളികളെ നേരിടാനാവശ്യമായ അറിവും വൈദഗ്ധ്യവും ഈ കോഴ്‌സുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.
ബി.ടെക്. കോഴ്‌സുകള്‍
കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതി എന്‍ജിനീയറിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേക ബി.ടെക്. പ്രോഗ്രാമുകള്‍ കേരളത്തിലും പുറത്തുമായി നിരവധി സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലുമുണ്ട്. പാലക്കാട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കൊച്ചി യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരത്തെ കോളേജ് ഓഫ് എന്‍ജിനീയറിങ് എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ബി.ടെക്. പ്രോഗ്രാമുകള്‍ പഠിക്കാം. ഗുജറാത്തിലെ അനന്ത് നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ ക്ലൈമറ്റ് ടെക്‌നോളജീസിലും ക്ലൈമറ്റ് ചെയിഞ്ചിലും ബി.ടെക്. കോഴ്‌സുകളുണ്ട്.
വ്യവസായപദ്ധതികള്‍ ഉള്‍പ്പെടുന്ന വിഷയങ്ങളില്‍ കാലാവസ്ഥാവ്യതിയാനം ലഘൂകരിക്കാനുള്ള സാങ്കേതികപരിഹാരങ്ങളെക്കുറിച്ചാണ് ഇത്തരം കോഴ്‌സുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിങ്ങിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന സിവില്‍ എന്‍ജിനീയറിങ് കോഴ്‌സുകളുണ്ട്. അത്തരം ബി.ടെക്. കോഴ്‌സുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ താഴെ പറയുന്നവയാണ്:
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഖരഗ്പുര്‍
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മദ്രാസ്
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, റൂര്‍ക്കി
- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, തിരുച്ചിറപ്പള്ളി
- ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (BITS), പിലാനി
- വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (VIT), വെല്ലൂര്‍
- എസ്.ആര്‍.എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ചെന്നൈ
ഇത്തരം കോഴ്‌സുകള്‍ സാധാരണമായി പരിസ്ഥിതിശാസ്ത്രം, സുസ്ഥിരത, കാലാവസ്ഥാവ്യതിയാനം എന്നിവയുടെ വിവിധ വശങ്ങളെ സംയോജിപ്പിച്ചുകൊണ്ട് എന്‍ജിനീയറിങ്ങിലൂടെ പാരിസ്ഥിതികവെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ഥികളെ തയ്യാറാക്കുകയാണ് ചെയ്യുന്നത്.
പി.ജി. ഡിപ്ലോമ
ജി.ഐ.എസ്. ആന്‍ഡ് റിമോട്ട് സെന്‍സിങ്ങില്‍ പി.ജി. ഡിപ്ലോമ: കേരള സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ജിയോ-ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ഈ ബിരുദാനന്തര ഡിപ്ലോമയുണ്ട്. ജി.ഐ.എസ്., റിമോട്ട് സെന്‍സിങ്, ജി.പി.എസ്., ഫോട്ടോഗ്രാമെട്രി എന്നീ വിഷയങ്ങളിലെ പഠനത്തിനൊപ്പം വിവിധ ലക്ചറുകള്‍, ഫീല്‍ഡ് അന്വേഷണങ്ങള്‍, പ്രായോഗികപ്രവര്‍ത്തനങ്ങള്‍, ഒരു സ്വതന്ത്ര പ്രബന്ധ പദ്ധതി എന്നിവകൂടി കോഴ്‌സിന്റെ ഭാഗമായുണ്ടാകും. പരിസ്ഥിതി ഉപദേഷ്ടാവ്, കാലാവസ്ഥാവ്യതിയാന വിശകലന വിദഗ്ധന്‍, ജി.ഐ.എസ്. സ്‌പെഷ്യലിസ്റ്റ്/അനലിസ്റ്റ്, റിമോട്ട് സെന്‍സിങ് സയന്റിസ്റ്റ്/ടെക്‌നീഷ്യന്‍, അര്‍ബന്‍ ആന്‍ഡ് റീജണല്‍ പ്ലാനര്‍, നാച്വറല്‍ റിസോഴ്‌സ് മാനേജര്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, റിസര്‍ച്ച് സയന്റിസ്റ്റ്/അക്കാദമിക്, കാര്‍ട്ടോഗ്രാഫര്‍, പരിസ്ഥിതിസംരക്ഷണ സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ ഒട്ടേറെ ജോലിസാധ്യതകളാണ് ഈ ഡിപ്ലോമാ കോഴ്‌സിന്റെ പ്രാധാന്യം.
പി.ജി. ഡിപ്ലോമ ഇന്‍ ക്ലൈമറ്റ് സ്റ്റഡീസ്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെയിലെ കാലാവസ്ഥാപഠനത്തിലെ ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാം (ഐ.ഡി.പി.) കാലാവസ്ഥാപഠനത്തില്‍ പി.ജി. ഡിപ്ലോമ വാഗ്ദാനംചെയ്യുന്നു. പ്രാദേശിക കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമാണ് ഈ കോഴ്‌സില്‍ ഊന്നല്‍നല്‍കുന്നത്.
പി.ജി. ഡിപ്ലോമ ഇന്‍ എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ്: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (IGNOU) പരിസ്ഥിതിശാസ്ത്രത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിസ്ഥിതിപഠനത്തില്‍ പി.ജി. ഡിപ്ലോമ ആരംഭിച്ചിട്ടുണ്ട്. ഈ കോഴ്‌സ് വിദൂരപഠനത്തിനായി രൂപകല്പനചെയ്തിട്ടുള്ളതാണ്.
ജിയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ പി.ജി. ഡിപ്ലോമ: ദെഹ്റാദൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ്ങിലെ ഈ പ്രോഗ്രാം ജിയോ-ഇന്‍ഫര്‍മേഷന്‍ സയന്‍സിലും ഭൗമനിരീക്ഷണത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു. നെതര്‍ലന്‍ഡ്‌സിലെ ട്വെന്റെ സര്‍വകലാശാലയുമായി സഹകരിച്ചുള്ള കോഴ്‌സാണിത്.കാലാവസ്ഥാവ്യതിയാനത്തിലും ലഘൂകരണത്തിലും പി.ജി. ഡിപ്ലോമ: അമിറ്റി യൂണിവേഴ്‌സിറ്റി, നോയിഡ ,എന്‍വയണ്‍മെന്റല്‍ ഇംപാക്ട് അസെസ്മെന്റ് ആന്‍ഡ് ഓഡിറ്റിങ്ങില്‍ പി.ജി. ഡിപ്ലോമ: അമിറ്റി യൂണിവേഴ്‌സിറ്റി, നോയിഡ
എം.എസ്‌സി. കോഴ്‌സുകള്‍
കാലാവസ്ഥാവ്യതിയാനത്തെത്തുടര്‍ന്നുള്ള വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ ആവശ്യമായ അറിവ് നല്‍കുന്ന എം.എസ്‌സി. കോഴ്‌സുകളുണ്ട്. വിദ്യാര്‍ഥികളെ സജ്ജമാക്കുന്ന ഈ പ്രോഗ്രാമുകള്‍ പ്രായോഗികമായ അടിത്തറയോടെയാണ് വികസിപ്പിച്ചിരിക്കുന്നത്. ഇത്തരം കോഴ്‌സുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍: '
കാലാവസ്ഥാശാസ്ത്രം: കേരള കാര്‍ഷിക സര്‍വകലാശാല, തൃശ്ശൂര്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ ശാസ്ത്രീയവശങ്ങളിലും കൃഷിയിലും പരിസ്ഥിതിയിലും അതിന്റെ സ്വാധീനത്തിലും ഈ കോഴ്‌സ്ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
കാലാവസ്ഥാവ്യതിയാനം, ദുരന്തനിവാരണം: കേരള സര്‍വകലാശാല, തിരുവനന്തപുരം. ഈ കോഴ്‌സ് കാലാവസ്ഥാവ്യതിയാനം, ദുരന്തസാധ്യത കുറയ്ക്കല്‍, മാനേജ്‌മെന്റ് തന്ത്രങ്ങള്‍ എന്നിവയെക്കുറിച്ച് പഠിപ്പിക്കുന്നു.
- പരിസ്ഥിതിശാസ്ത്രവും സാങ്കേതികവിദ്യയും: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി
- പരിസ്ഥിതിപഠനം: ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു.), ന്യൂഡല്‍ഹി
- കാലാവസ്ഥാവ്യതിയാനവും ഹരിത സാങ്കേതികവിദ്യയും: അമിറ്റി യൂണിവേഴ്‌സിറ്റി, നോയിഡ
- പരിസ്ഥിതിശാസ്ത്രം: അമിറ്റി യൂണിവേഴ്‌സിറ്റി, നോയിഡ
- കാലാവസ്ഥാശാസ്ത്രവും നയവും: ടെറി സ്‌കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ന്യൂഡല്‍ഹി
- പരിസ്ഥിതിശാസ്ത്രം: സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഗുജറാത്ത്, ഗാന്ധിനഗര്‍, ഗുജറാത്ത്
- പരിസ്ഥിതി, ജൈവവൈവിധ്യം, പരിസ്ഥിതിമലിനീകരണം, സുസ്ഥിര വികസനം എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നു.
- പരിസ്ഥിതിപഠനം: ഹിമാചല്‍പ്രദേശ് സര്‍വകലാശാല, ഷിംല
എം.ടെക്. കോഴ്‌സുകള്‍
കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട എം.ടെക്. കോഴ്‌സുകള്‍ നല്‍കുന്ന ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങള്‍ ഇവയാണ്:
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഡല്‍ഹി: എം.ടെക്. അറ്റ്‌മോസ്‌ഫെറിക്-ഓഷ്യാനിക് സയന്‍സ് ആന്‍ഡ് ടെക്‌നോളജി
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഹൈദരാബാദ്: എം.ടെക്. കാലാവസ്ഥാവ്യതിയാനം
- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കോഴിക്കോട്: എം.ടെക്. എനര്‍ജി എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റ്
- കോളേജ് ഓഫ് എന്‍ജിനീയറിങ്, തിരുവനന്തപുരം: എം.ടെക്. ഇന്‍ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിങ്
- അമിറ്റി യൂണിവേഴ്‌സിറ്റി, നോയിഡ: എം.ടെക്. എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിങ്
എന്‍.ഐ.ടി. ചെന്നൈ, ജെ.എന്‍.യു., ടെറി സ്‌കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ഐ.ഐ.ടി. ഖരഗ്പുര്‍, റൂര്‍ക്കി എന്നിവിടങ്ങളിലും കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതിപഠനങ്ങളുമായി ബന്ധപ്പെട്ട എം.ടെക്. കോഴ്‌സുകളുണ്ട്.
ഐ.ആര്‍.ടി.സിയില്‍ ഹ്രസ്വപരിശീലനം
ജി.ഐ.എസ്., റിമോട്ട് സെന്‍സിങ് എന്നിവയുടെ അടിസ്ഥാനങ്ങളെക്കുറിച്ചുള്ള നാലുദിവസത്തെ പരിശീലനം ഉള്‍പ്പെടെ വിവിധ പരിശീലനപരിപാടികള്‍ പാലക്കാട്ടെ ഐ.ആര്‍.ടി.സി. വാഗ്ദാനംചെയ്യുന്നു. സ്‌പേഷ്യല്‍ അനാലിസിസ്, കാര്‍ട്ടോഗ്രഫി, ക്യു.ജി.ഐ.എസ്. (QGIS) പോലുള്ള ജി.ഐ.എസ്. സോഫ്റ്റ് വേര്‍ എന്നിവയില്‍ പ്രായോഗിക അറിവ് നല്‍കുന്ന കോഴ്‌സുകളാണുള്ളത്. പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്പെടുത്താം. വെബ്‌സൈറ്റ്: www.irtc.org.in.
കോളേജ് ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ എജുക്കേഷന്‍
കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ശാസ്ത്രീയപഠനങ്ങളിലും പരിസ്ഥിതിവിദ്യാഭ്യാസത്തിലും ഏറെ പങ്കുവഹിക്കുന്ന പ്രമുഖ സ്ഥാപനമാണ് കോളേജ് ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ എജുക്കേഷന്‍ (CCCEE). തൃശ്ശൂരിലെ വെള്ളാനിക്കരയിലെ കേരള കാര്‍ഷികസര്‍വകലാശാലയിലാണ് കോളേജ് സ്ഥിതിചെയ്യുന്നത്. ക്ലൈമറ്റ് ചെയ്ഞ്ച് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്‍സില്‍ ബി.എസ്‌സി. കോഴ്‌സ് ഇവിടെയുണ്ട്.
പ്ലസ് ടു/തത്തുല്യ പരീക്ഷയ്ക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ബയോളജി പഠിക്കുകയും 50 ശതമാനം മാര്‍ക്ക് വാങ്ങുകയും ചെയ്തവര്‍ക്ക് അപേക്ഷിക്കാം. നീറ്റ് റാങ്ക് വഴിയാണ് പ്രവേശനം. 30 സീറ്റാണുള്ളത്. എം.എസ്‌സി. ക്ലൈമറ്റ് സയന്‍സ്, എം.എസ്‌സി. എന്‍വയണ്‍മെന്റല്‍ സയന്‍സ്, എന്‍വയണ്‍മെന്റല്‍ മോണിറ്ററിങ് ആന്‍ഡ് അസെസ്മെന്റ് ടെക്‌നിക്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവ ഇവിടെയുണ്ട്. വെബ്‌സൈറ്റ്: https://ccces.kau.in.
Content Highlights: climate change related courses