പാസ്റ്റർക്ക് ശരീരം സമർപ്പിച്ച് പെൺകുട്ടികൾ, 'നൈറ്റ് ഡ്യൂട്ടി'; ഭൂകമ്പം തടഞ്ഞെന്നും അവകാശവാദം

അപ്പോളോ ക്വിബ്‌ളോയി | Photo: AP
അപ്പോളോ ക്വിബ്‌ളോയി | Photo: AP

നിരവധി രാജ്യങ്ങളിലായി കോടിക്കണക്കിന് അനുയായികള്‍, 75 ഏക്കറില്‍ ഫിലിപ്പീന്‍സില്‍ കെട്ടിപ്പടുത്തത് വന്‍ സാമ്രാജ്യം, സേവകരായി നിരവധി പെണ്‍കുട്ടികള്‍. പ്രപഞ്ചത്തിന്റെ അധിപനെന്ന് സ്വയം വിശേഷിപ്പിച്ച അപ്പോളോ ക്വിബ്‌ളോയി ഇപ്പോള്‍ ജയിലിലാണ്. ഭൂകമ്പത്തെപ്പോലും തടഞ്ഞുനിര്‍ത്തിയെന്ന് അവകാശപ്പെട്ട ആത്മീയനേതാവിന് പക്ഷേ, ഫിലിപ്പീന്‍സ് പോലീസിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ദാവോയിലെ തന്റെ 75 ഏക്കറോളം വരുന്ന സഭാ ആസ്ഥാനം പോലീസ് വളഞ്ഞതോടെ അതുവരെ ഭൂഗര്‍ഭ അറയില്‍ ഒളിവില്‍കഴിഞ്ഞിരുന്ന അപ്പോളോ ക്വിബ്‌ളോയി കീഴടങ്ങുകയും അറസ്റ്റ് വരിക്കുകയുമായിരുന്നു. ഒപ്പം കൂട്ടാളികളായ നാലുപേരെയും പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. 

മനുഷ്യക്കടത്ത്, കുട്ടികള്‍ക്കെതിരായ ലൈംഗികചൂഷണം, സാമ്പത്തികത്തട്ടിപ്പ് എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഫിലിപ്പീന്‍സിലെ വന്‍ ജനപിന്തുണയുള്ള പാസ്റ്ററും ആത്മീയനേതാവുമായ ക്വിബ്‌ളോയിക്കെതിരേ ചുമത്തിയിട്ടുള്ളത്. കോടതി അറസ്റ്റിന് ഉത്തരവിട്ടതോടെ ഒളിവില്‍കഴിഞ്ഞ ക്വിബ്‌ളോയി പോലീസ് നീക്കത്തിന് മുന്നില്‍ രക്ഷയില്ലാതായതോടെ പിടികൊടുക്കുകയായിരുന്നു. അമേരിക്കയിലും ക്വിബ്‌ളോയിക്കെതിരേ സമാനകുറ്റങ്ങള്‍ ചുമത്തിയ കേസുകള്‍ നിലവിലുണ്ട്. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ(എഫ്.ബി.ഐ) 'മോസ്റ്റ് വാണ്ടഡ്' പട്ടികയിലും ക്വിബ്‌ളോയി ഉള്‍പ്പെട്ടിരുന്നു. 

അതിവേഗം വളര്‍ച്ച, വന്‍ സാമ്രാജ്യം

തെക്കന്‍ ഫിലിപ്പീന്‍സില്‍ ജനിച്ചുവളര്‍ന്ന അപ്പോളോ ക്വിബ്‌ളോയി 1985-ല്‍ 'കിങ്ഡം ഓഫ് ജീസസ് ക്രൈസ്റ്റ്' എന്ന സഭ സ്ഥാപിച്ചതോടെയാണ് ശ്രദ്ധനേടുന്നത്. പിന്നീടങ്ങോട്ട് അതിവേഗത്തിലായിരുന്നു ക്വിബ്‌ളോയിയുടെ വളര്‍ച്ച. നിയുക്ത ദൈവപുത്രനാണെന്നും പ്രപഞ്ചത്തിന്റെ അധിപനാണെന്നും സ്വയം അവകാശപ്പെട്ടിരുന്ന ഇയാള്‍ക്കൊപ്പം നിരവധിപേരാണ് സഭയിലുണ്ടായിരുന്നത്. ഫിലിപ്പീന്‍സിന് പുറത്ത് നൂറിലേറെ രാജ്യങ്ങളിലേക്ക് ക്വിബ്‌ളോയി തന്റെ സഭയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. സാധാരണ ഒരു പാസ്റ്ററെ പോലെയായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഫിലിപ്പീന്‍സിലെ പ്രധാന ശക്തികേന്ദ്രമായി അദ്ദേഹം വളര്‍ന്നു. രാഷ്ട്രീയരംഗത്തും ക്വിബ്‌ളോയി തന്റെ സ്വാധീനം ഉറപ്പിച്ചു. ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് റോഡ്രിഗോ ദത്തേര്‍ത്തയുടെ അടുത്തയാളായിരുന്നു ക്വിബ്‌ളോയി. പ്രസിഡന്റിന്റെ ആത്മീയ ഉപദേഷ്ടാവായാണ് അദ്ദേഹം അക്കാലത്ത് അറിയപ്പെട്ടിരുന്നത്. ശക്തമായ ഒരുവോട്ട് ബാങ്കിന്റെ അച്ചുതണ്ടായി മാറിയതോടെ ഫിലിപ്പീന്‍സിലെ പ്രമുഖ രാഷ്ട്രീയക്കാരെല്ലാം ക്വിബ്‌ളോയിയുമായി അടുപ്പംപുലര്‍ത്താന്‍ ശ്രമിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി ക്വിബ്‌ളോയിയുടെ പിന്തുണ ഉറപ്പാക്കാന്‍ രാഷ്ട്രീയനേതാക്കള്‍ മത്സരിച്ചു. രാഷ്ട്രീയ, ഭരണരംഗത്തെ ഈ സ്വാധീനം അദ്ദേഹം പരമാവധി ഉപയോഗിക്കുകയുംചെയ്തു. 

ഫിലിപ്പീന്‍സിലെ ദാവോ സിറ്റിയില്‍ 75 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ആസ്ഥാനമാണ് ക്വിബ്‌ളോയി തന്റെ സഭയ്ക്കായി കെട്ടിപ്പടുത്തത്. 'ന്യൂ ജെറുസലേം'  എന്ന പേരിലുള്ള ആസ്ഥാനത്ത് സ്‌കൂള്‍, കോളേജ്, സ്‌റ്റേഡിയം, ദേവാലയം എന്നിവയടക്കം 40-ഓളം കെട്ടിടങ്ങളുണ്ട്. ഇതിനുപുറമേ സ്വകാര്യജെറ്റുകള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. സഭാ ആസ്ഥാനത്തുനിന്ന് ദാവോ വിമാനത്താവളത്തിലേക്ക് ടാക്‌സിവേയും സജ്ജമാക്കിയിരുന്നു. 

Photo: AFP

ഫിലിപ്പീന്‍സിലെ ആസ്ഥാനത്തിന് പുറമേ അമേരിക്കയിലടക്കം ക്വിബ്‌ളോയിക്ക് ആഡംബരവസതികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയ. ലാസ് വേഗാസ്, ഹവായ് എന്നിവിടങ്ങിലടക്കം ക്വിബ്‌ളോയി ആഡംബരവസതികള്‍ വാങ്ങിക്കൂട്ടി. ഇതിനൊപ്പം തന്റെ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തമായി ടി.വി, റേഡിയോ ചാനലുകളും ആരംഭിച്ചു. ഫിലിപ്പീന്‍സിലെ മുന്‍ പ്രസിഡന്റായ റോഡ്രിഗോ ദത്തേര്‍ത്ത ക്വിബ്‌ളോയിക്കൊപ്പം പല ടി.വി. പരിപാടികളിലും പ്രത്യക്ഷപ്പെട്ടിരുന്നു. 

വീഴ്ത്തിയ ആരോപണങ്ങള്‍, ലൈംഗികചൂഷണം മുതല്‍ മനുഷ്യക്കടത്ത് വരെ

2021-ലാണ് ക്വിബ്‌ളോയിക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നത്. അതേവര്‍ഷം തന്നെ അമേരിക്കയില്‍ ക്വിബ്‌ളോയിക്കെതിരേ കേസെടുത്തു. ലൈംഗികകുറ്റകൃത്യങ്ങളിലും മനുഷ്യക്കടത്തിലും ഉള്‍പ്പെടെ ക്വിബ്‌ളോയി അമേരിക്കയില്‍ പ്രതിയായി. ഫിലിപ്പീന്‍സില്‍നിന്ന് പെണ്‍കുട്ടികളെയും സ്ത്രീകളെയും അമേരിക്കയിലേക്ക് കടത്തിയെന്നും ഇവരെ ലൈംഗികമായി ചൂഷണംചെയ്‌തെന്നുമായിരുന്നു അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. അനധികൃതമായി സംഘടിപ്പിച്ച വിസ ഉപയോഗിച്ചാണ് സഭാംഗങ്ങളെ ക്വിബ്‌ളോയി അമേരിക്കയിലേക്ക് കടത്തിയിരുന്നത്. സഭയ്ക്ക് വേണ്ടി ചാരിറ്റിയുടെ പേര് പറഞ്ഞ് വന്‍തോതില്‍ പണം പിരിക്കലായിരുന്നു ഇവരുടെ ജോലി. കുട്ടികളുടെ ക്ഷേമത്തിനായി 'ചില്‍ഡ്രന്‍സ് ജോയ് ഫൗണ്ടേഷന്‍' എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചാണ് പണം പിരിച്ചിരുന്നത്. എന്നാല്‍, ഇവര്‍ പിരിച്ചെടുക്കുന്ന പണം ഒരിക്കലും അര്‍ഹതപ്പെട്ട കുട്ടികള്‍ക്ക് ലഭിച്ചില്ലെന്നും ക്വിബ്‌ളോയിയും അനുയായികളും അവരുടെ ആഡംബരജീവിതത്തിനായാണ് ഈ പണം വിനിയോഗിച്ചതെന്നും എഫ്.ബി.ഐ. അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

Also Read: ലൈംഗികകുറ്റകൃത്യം; പാസ്റ്ററെ പിടികൂടാന്‍ 2000 പോലീസുകാര്‍; 75 ഏക്കറുള്ള ആസ്ഥാനം വളഞ്ഞു, ഒളിച്ചത് ബങ്കറില്‍

അമേരിക്കയ്ക്ക് പുറമേ സിങ്കപ്പൂര്‍, യു.എ.ഇ. എന്നിവിടങ്ങളിലെല്ലാം ക്വിബ്‌ളോയി തന്റെ അനുയായികളെ ഉപയോഗിച്ച് പണപ്പിരിവ് നടത്തിയിരുന്നു. ചാരിറ്റി പിരിവിനായി നിയോഗിക്കപ്പെടുന്നവര്‍ക്ക് നിശ്ചിത ക്വാട്ടയും ക്വിബ്‌ളോയി നിര്‍ദേശിച്ചിരുന്നു. ക്വാട്ടയായി നിശ്ചയിച്ചിരുന്ന തുക പിരിക്കാന്‍ കഴിയാത്തവര്‍ക്ക് ഇയാള്‍ ഭക്ഷണംപോലും നിഷേധിച്ചിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. 

12 വയസ്സ് മുതല്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ക്വിബ്‌ളോയി തന്റെ സേവകരായി നിയോഗിച്ചിരുന്നത്. ക്വിബ്‌ളോയിക്ക് ഭക്ഷണം പാകംചെയ്തു നല്‍കുക, ശരീരം തിരുമ്മുക, മറ്റുസഹായങ്ങള്‍ ചെയ്യുക എന്നിവയ്ക്ക് പുറമേ ലൈംഗികാവശ്യങ്ങള്‍ നിറവേറ്റാനും ഈ പെണ്‍കുട്ടികളെ ഉപയോഗിച്ചു. 'നൈറ്റ് ഡ്യൂട്ടി' എന്ന പേരിലാണ് പല പെണ്‍കുട്ടികളെയും ഇയാള്‍ രാത്രികളില്‍ ഉപദ്രവിച്ചിരുന്നത്. 'ക്വിബ്‌ളോയിക്കായി തങ്ങളുടെ ജീവിതവും ശരീരവും സമര്‍പ്പിക്കുന്നു' എന്ന പെണ്‍കുട്ടികളില്‍നിന്ന് ഇയാള്‍ നിര്‍ബന്ധിച്ച് എഴുതിവാങ്ങുകയുംചെയ്തിരുന്നു. 

ലൈംഗികാതിക്രമങ്ങളെ എതിര്‍ത്ത പെണ്‍കുട്ടികള്‍ക്ക് കടുത്ത ശിക്ഷകളാണ് നേരിടേണ്ടിവന്നത്. ക്വിബ്‌ളോയിയുടെ ഉപദ്രവത്തെ എതിര്‍ത്താല്‍ അവരെ ദാവോ സിറ്റിയുടെ പ്രാന്തപ്രദേശത്തുള്ള ഒരു കുന്നിലേക്ക് കൊണ്ടുപോവുകയാണ് പതിവ്. 'പ്രാര്‍ഥന മല' എന്ന് വിളിക്കുന്ന ഈ കുന്നില്‍വെച്ചാണ് പെണ്‍കുട്ടികളെ ക്രൂരമായി ശിക്ഷിച്ചിരുന്നത്. ശാരീരികമായി മര്‍ദിക്കുക, തല മുണ്ഡനംചെയ്യുക എന്നിവയുള്‍പ്പെടെ ക്രൂരമായ ശിക്ഷാവിധികളാണ് പലര്‍ക്കും നേരിടേണ്ടിവന്നതെന്നും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. 

വളഞ്ഞ് പോലീസ്, സംഘര്‍ഷം, നാടകീയ അറസ്റ്റ്

2021-ല്‍ അമേരിക്കന്‍ എഫ്.ബി.ഐ.യുടെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ക്വിബ്‌ളോയിയെ ഒന്ന് തൊടാന്‍പോലും അന്വേഷ ഏജന്‍സികള്‍ക്കായിരുന്നില്ല. എന്നാല്‍, 2022-ല്‍ ഡ്രിഗോ ദത്തേര്‍ത്ത ഫിലിപ്പീന്‍സ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ക്വിബ്‌ളോയിയുടെ 'സുഖവാസം' അവസാനിച്ചു. തൊട്ടുപിന്നാലെ ലൈംഗികചൂഷണവും കുട്ടികള്‍ക്കെതിരായ അതിക്രമവും മനുഷ്യക്കടത്തും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ഫിലിപ്പീന്‍സില്‍ അദ്ദേഹത്തിനെതിരേ കേസെടുത്തു. കേസില്‍ ക്വിബ്‌ളോയിയെ അറസ്റ്റ് ചെയ്യാന്‍ കോടതി വാറന്റും പുറപ്പെടുവിച്ചു. ഇതോടെ ഫിലിപ്പീന്‍സ് പോലീസ് മുഴുവന്‍ സന്നാഹവും ഉപയോഗിച്ച് 'ഓപ്പറേഷന്‍ ക്വിബ്‌ളോയി' ആരംഭിക്കുകയായിരുന്നു. 

സൈന്യവുമായി ചേര്‍ന്ന് ഓഗസ്റ്റ് 24 മുതലാണ് പോലീസിന്റെ തിരച്ചില്‍ ആരംഭിച്ചത്. ദാവോ സിറ്റിയിലെ സഭാ ആസ്ഥാനത്ത് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ക്വിബ്‌ളോയിയെ കണ്ടെത്താനായിരുന്നില്ല. ഏകദേശം രണ്ടായിരത്തോളം പോലീസുകാരെയാണ് ക്വിബ്‌ളോയിയെ പിടികൂടാനുള്ള ഓപ്പറേഷനായി നിയോഗിച്ചിരുന്നത്. ഇതിനിടെ, പാസ്റ്ററുടെ അനുയായികളില്‍നിന്ന് വന്‍പ്രതിഷേധവും പോലീസിന് നേരിടേണ്ടിവന്നു. സഭാ ആസ്ഥാനത്തേക്കുള്ള ഗേറ്റ് ഉള്‍പ്പെടെ അടച്ചിട്ട് അനുയായികള്‍ പ്രതിഷേധിച്ചു. അറസ്റ്റ് തടയുമെന്നും ഇവര്‍ പ്രഖ്യാപിച്ചു. ദൈവപുത്രനെ അന്യായമായി പീഡിപ്പിക്കുകയാണെന്നായിരുന്നു ഇവരുടെ ആരോപണം. ഇതോടെ പോലീസും വിശ്വാസികളും തമ്മിലുള്ള തര്‍ക്കങ്ങളും ഏറ്റുമുട്ടലും ഒരാഴ്ചയോളം നീണ്ടു. തര്‍ക്കത്തിനിടെ അനുയായികളില്‍ ഒരാള്‍ മരണപ്പെടുകയുംചെയ്തു. ഇതിനുപിന്നാലെയാണ് ഞായറാഴ്ച ക്വിബ്‌ളോയിയെ നാടകീയമായി അറസ്റ്റ് ചെയ്തത്. 

സഭാ ആസ്ഥാനത്തെ ഭൂഗര്‍ഭ അറയിലാണ് ക്വിബ്‌ളോയി ഇത്രയുംദിവസം ഒളിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സാന്നിധ്യമുണ്ടായിരുന്ന ഭൂഗര്‍ഭഅറയില്‍നിന്നുള്ള ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 75 ഏക്കര്‍വരുന്ന സഭാ ആസ്ഥാനത്ത് ക്വിബ്‌ളോയിയെ കണ്ടെത്താനായി വ്യോമനിരീക്ഷണവും തെര്‍മല്‍ ഇമേജിങ് റഡാര്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളും പോലീസ് ഉപയോഗിച്ചിരുന്നു. 

സഭാ ആസ്ഥാനത്തെ ബൈബിള്‍ സ്‌കൂളില്‍നിന്നാണ് ക്വിബ്‌ളോയിയെ അറസ്റ്റ് ചെയ്തതെന്നാണ് ഫിലിപ്പീന്‍സ് ആഭ്യന്തരമന്ത്രി ബെന്‍ഹുര്‍ അബാലോസിന്റെ പ്രതികരണം. ക്വിബ്‌ളോയി കീഴടങ്ങിയതല്ലെന്നും പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തതാണെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. അതേസമയം, ക്വിബ്‌ളോയി പോലീസിന് മുന്നില്‍ കീഴടങ്ങിയതാണെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അവകാശപ്പെട്ടത്. പോലീസിന്റെ നീതിയില്ലാത്ത അക്രമം തുടരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് കീഴടങ്ങിയതെന്നും അഭിഭാഷകന്‍ പറഞ്ഞിരുന്നു. 

അതേസമയം, നിലവില്‍ ഇയാളെ അമേരിക്കയ്ക്ക് കൈമാറില്ലെന്നാണ് റിപ്പോര്‍ട്ട്. ക്വിബ്‌ളോയിക്കെതിരേ ഫിലിപ്പീന്‍സില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും നിലവില്‍ കുറ്റവാളിയെ കൈമാറുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് ബോങ്ബോങ് മാര്‍ക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. ക്വിബ്‌ളോയിയെ അറസ്റ്റ് ചെയ്ത പോലീസിനെ അദ്ദേഹം അഭിനന്ദിക്കുകയുംചെയ്തു. ഈ അറസ്റ്റിലൂടെ ഫിലിപ്പീന്‍സിലെ നിയമസംവിധാനം എത്രത്തോളം ഊര്‍ജിതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ലോകത്തിന്റെ മുന്നില്‍ ഒരിക്കല്‍കൂടി തെളിയിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി. 

Content Highlights: who is apollo quiboloy appollo quiboloy life and his arrest