ക്ലബ് ഹൗസിലെ തീവ്രവാദ ചര്‍ച്ചകള്‍, സംസ്ഥാനത്തെ ഏഴിടത്ത് ആസൂത്രണം; ശക്തമായ നിരീക്ഷണം

തൃശ്ശൂര്‍: സാമൂഹികമാധ്യമമായ ക്ലബ്ഹൗസ് കേന്ദ്രീകരിച്ച് നടക്കുന്ന തീവ്രവാദചര്‍ച്ചകള്‍ ആസൂത്രണംചെയ്യുന്ന ഏഴ് കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ഉള്ളതായി വിവരം. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊല്ലം, കാസര്‍കോട്, കോഴിക്കോട്, ആലപ്പുഴ എന്നീ പട്ടണങ്ങളും തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, പാവറട്ടി, വാടാനപ്പിള്ളി എന്നീ സ്ഥലങ്ങളുമാണിവ.
ഈ സ്ഥലങ്ങളില്‍നിന്നുള്ളവരാണ് പ്രധാനമായും ആസൂത്രകരെന്നാണ് നിഗമനം. എന്‍.ഐ.എ., ഇന്റലിജന്‍സ് ബ്യൂറോ, മിലിട്ടറി ഇന്റലിജന്‍സ് എന്നിവയുടെ ശക്തമായ നിരീക്ഷണത്തിലാണ് ഇപ്പോള്‍ ക്ലബ്ഹൗസ്. വര്‍ഗീയത പറയാനും മതവിദ്വേഷ പ്രചാരണം നടത്താനും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സാമൂഹികമാധ്യമം ക്ലബ്ഹൗസാണെന്ന് ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
ഓപ്പണ്‍, ക്ലോസ്ഡ് എന്നീ രണ്ടുതരം റൂമുകളുള്ള ക്ലബ്ഹൗസില്‍ അതിതീവ്രസ്വഭാവമുള്ള ചര്‍ച്ചകളും ആസൂത്രണങ്ങളും ക്ലോസ്ഡ് റൂമിലാണ് നടക്കുന്നത്. ഇതില്‍ പുറമേനിന്നൊരാള്‍ക്ക് കയറാന്‍ സാധ്യമല്ല. എന്നാല്‍, ക്ലോസ്ഡ് റൂമുകളിലെ ചര്‍ച്ചകളില്‍ പങ്കെടുത്ത ചിലരില്‍നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാര്യത്തിന്റെ ഗൗരവം അന്വേഷണ ഏജന്‍സികള്‍ക്കും ബോധ്യപ്പെട്ടത്.
ഇന്റലിജന്‍സ് ഏജന്‍സികളുടെ രാത്രിനിരീക്ഷണം ശക്തമാക്കിയതിനെത്തുടര്‍ന്ന് ഓപ്പണ്‍റൂമുകളില്‍ കാണാറുണ്ടായിരുന്ന ചില സ്ഥിരം ആളുകള്‍ അപ്രത്യക്ഷരായിട്ടുണ്ട്. ഇവര്‍ ക്ലോസ്ഡ് റൂമുകളില്‍ സജീവമായതായാണ് വിവരം. കോവിഡ് കാലത്ത് നേരിട്ടുള്ള കൂടിച്ചേരലുകള്‍ കുറഞ്ഞപ്പോള്‍ രഹസ്യ ചര്‍ച്ചകള്‍ക്കുള്ള ഇടമായി ക്ലബ്ഹൗസിനെ മാറ്റിയെടുക്കുകയായിരുന്നെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു.
ഇത്തരം ചര്‍ച്ചകളില്‍ ഒരേ ചിന്താഗതിക്കാര്‍ മാത്രമാണ് കൂടുതലും ഉണ്ടാവാറുള്ളത്. അതിനാല്‍ത്തന്നെ പരാതികളും ഉണ്ടാവാറില്ല.
കഴിഞ്ഞ ദിവസം ഒരു വിഭാഗം സ്ത്രീകള്‍ക്കെതിരേ മതവിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ ഡല്‍ഹി പോലീസ് തുടങ്ങിയ അന്വേഷണത്തില്‍ ആറുപേരില്‍ ഒരാള്‍ കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയാണ്. സ്ത്രീകള്‍ ധാരാളംപേര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.
Content Highlights: