ഇടിച്ചുകയറിയ കാര്‍, വെടിയേറ്റത് തലയ്ക്ക്, ഡല്‍ഹി നടുങ്ങിയ ദിവസം; സൗമ്യ വിശ്വനാഥന്റെ അരുംകൊല

നീണ്ട 15 വര്‍ഷം, ഒടുവില്‍ മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വിധി പറഞ്ഞിരിക്കുന്നു. കേസിലെ അഞ്ചുപ്രതികളും കുറ്റക്കാരാണെന്നാണ് ഡല്‍ഹിയുടെ സാകേത് കോടതിയുടെ കണ്ടെത്തല്‍. പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് സേത്തി, അജയ്കുമാര്‍ എന്നിവരെയാണ് ഡല്‍ഹിയിലെ സാകേത് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവരുടെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.
കേസില്‍ ശിക്ഷ വിധിച്ചിട്ടില്ലെങ്കിലും പ്രതികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ നീതി നടപ്പിലായെന്നായിരുന്നു സൗമ്യയുടെ അച്ഛന്‍ എം.കെ. വിശ്വനാഥന്റെയും അമ്മ മാധവിയുടെയും പ്രതികരണം.
പതിനഞ്ചുവര്‍ഷത്തിന് ശേഷം കേസില്‍ നീതി നടപ്പിലായെന്നും സന്തോഷമുണ്ടെന്നും ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ കമ്മീഷണറും കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന എച്ച്.ജി.എസ്. ധാരിവാളും മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഡല്‍ഹി പോലീസിന് വലിയൊരു കേസായിരുന്നു. ഈ കേസില്‍ നിരവധി വെല്ലുവിളികളുണ്ടായി. ഇനി പ്രതികള്‍ക്ക് പരാമവധി ശിക്ഷ നല്‍കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
2008 സെപ്റ്റംബര്‍ 30, രാജ്യതലസ്ഥാനം നടുങ്ങിയ ദിവസം....
കുറ്റിപ്പുറം പേരശ്ശന്നൂര്‍ മേലേകിഴിപ്പള്ളി അംഗവും ഡല്‍ഹിയിലെ വോള്‍ട്ടാസ് ഇന്റര്‍നാഷണലില്‍ ജീവനക്കാരനുമായിരുന്ന എം.കെ. വിശ്വനാഥന്റെയും കൊടുങ്ങല്ലൂര്‍ പൂവപ്പള്ളിമഠത്തിലെ മാധവിയുടെയും മകളാണ് സൗമ്യ വിശ്വനാഥന്‍. ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ ടി.വി. ചാനലില്‍(ഹെഡ്‌ലൈന്‍സ് ടുഡേ) പ്രൊഡ്യൂസറായിരുന്നു. ദീര്‍ഘകാലമായി ഡല്‍ഹിയില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഏകസഹോദരി ശുഭ ഭര്‍ത്താവിനൊപ്പം വിദേശത്തും.
2008 സെപ്റ്റംബര്‍ 30-ന് പുലര്‍ച്ചെ വരെ സൗമ്യയ്ക്ക് ടി.വി. ചാനലില്‍ ജോലികളുണ്ടായി. തലേദിവസം മാലേഗാവിലും ഗുജറാത്തിലും ബോംബ് സ്‌ഫോടനങ്ങളുണ്ടായതിനാല്‍ ജണ്ഡേവാലനിലെ ചാനല്‍ ഓഫീസില്‍ സൗമ്യയ്ക്ക് പിടിപ്പത് പണികളുണ്ടായിരുന്നു. ഈ ജോലികളെല്ലാം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സൗമ്യ ജണ്ഡേവാനിലെ ഓഫീസില്‍നിന്ന് വസന്ത്കുഞ്ജിലെ വീട്ടിലേക്ക് സ്വന്തം കാറില്‍ യാത്രതിരിച്ചത്. ഓഫീസില്‍നിന്ന് ഇറങ്ങിയതിന് ശേഷം സൗമ്യ വീട്ടുകാരെ ഫോണില്‍ വിളിച്ചിരുന്നു. പത്തുമിനിറ്റിനകം ഫ്‌ളാറ്റിലെത്തുമെന്നാണ് ഫോണ്‍സന്ദേശത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് വിശ്വനാഥനെയും മാധവിയെയും തേടിയെത്തിയത് ഡല്‍ഹി പോലീസിന്റെ ഫോണ്‍കോളായിരുന്നു. മകള്‍ അപകടത്തില്‍പ്പെട്ടെന്നും ഡല്‍ഹി എയിംസിലെ ട്രോമസെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് പോലീസ് ഇവരെ അറിയിച്ചത്. പക്ഷേ, ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും സൗമ്യ മരിച്ചിരുന്നു.
വസന്ത്കുഞ്ജ് മാളിനടുത്ത് നെല്‍സണ്‍ മണ്ടേല റോഡില്‍ സൗമ്യ സഞ്ചരിച്ചിരുന്ന മാരുതി സെന്‍ കാര്‍ അപകടത്തില്‍പ്പെട്ടെന്നായിരുന്നു പോലീസില്‍നിന്ന് ലഭിച്ച പ്രാഥമികവിവരം. റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു കാര്‍ കണ്ടെത്തിയത്. ഒരു സൈക്കിള്‍ യാത്രക്കാരനാണ് സംഭവം ആദ്യം കണ്ടത്. ഇദ്ദേഹം ഈ വഴിയെത്തിയ മറ്റൊരു കാര്‍ യാത്രക്കാരനെ വിവരമറിയിച്ചു. തുടര്‍ന്ന് ഈ കാറുകാരനാണ് പോലീസിന് വിവരം കൈമാറിയത്.
ഒറ്റനോട്ടത്തില്‍ അപകടമരണമെന്ന് കരുതിയ സംഭവം പ്രാഥമിക പരിശോധന കഴിഞ്ഞതിന് പിന്നാലെ തന്നെ കൊലപാതകമാണെന്ന് പോലീസിന് വ്യക്തമായി. വെടിയേറ്റാണ് സൗമ്യ കൊല്ലപ്പെട്ടതെന്നും തലയ്ക്കാണ് വെടിയേറ്റിട്ടുള്ളതെന്നും പരിശോധനയില്‍ കണ്ടെത്തി. നാടന്‍തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയാണ് സൗമ്യയുടെ ജീവനെടുത്തത്. ഇതിനുപുറമേ കാറിന്റെ നമ്പര്‍പ്ലേറ്റിലും വെടിയേറ്റ അടയാളമുണ്ടായിരുന്നു.
ഇഴഞ്ഞുനീങ്ങിയ അന്വേഷണം, അടിമുടി ദുരൂഹത...
മോഷണം ലക്ഷ്യമിട്ട് പ്രാദേശിക കുറ്റവാളികളാകാം സൗമ്യയുടെ ജീവനെടുത്തതെന്നായിരുന്നു ഡല്‍ഹി പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, സൗമ്യയുടെ കാറില്‍നിന്ന് സാധനങ്ങളൊന്നും നഷ്ടപ്പെട്ടില്ലെന്ന് കണ്ടെത്തിയത് കേസിലെ ദുരൂഹത വര്‍ധിച്ചു. അന്വേഷണം ഊര്‍ജിതമാണെന്ന് ഡല്‍ഹി പോലീസ് ആവര്‍ത്തിക്കുമ്പോഴും നാടന്‍തോക്കിലെ തിരയും മറ്റുചില ചെറിയവിവരങ്ങളുമല്ലാതെ മറ്റൊന്നും പോലീസിന് കണ്ടെത്താനായില്ല. സൗമ്യയുടെ ഘാതകരെ പിടികൂടാതെ അന്വേഷണം ഇഴഞ്ഞുനീങ്ങിയതോടെ ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരടക്കം പ്രതിഷേധവുമായി രംഗത്തെത്തി. പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. സാമൂഹികമാധ്യമങ്ങളില്‍ സൗമ്യയുടെ ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും 'ജസ്റ്റിസ് ഫോർ സൗമ്യ' കാമ്പയിനും തുടക്കംകുറിച്ചു.
ഒരുവര്‍ഷത്തിന് ശേഷം വഴിത്തിരിവ്, അഞ്ചുപ്രതികളും പിടിയില്‍...
2009 മാര്‍ച്ചില്‍ ഡല്‍ഹിയിലെ കോള്‍ സെന്റര്‍ ജീവനക്കാരിയായിരുന്ന ജിഗിഷ ഘോഷ് കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ പിടിയിലായതാണ് 2008-ലെ സൗമ്യ വധക്കേസിലും വഴിത്തിരിവായത്. സൗമ്യ കൊലക്കേസിലെ ഒന്നും രണ്ടും പ്രതികളായ രവി കപൂര്‍, അമിത് ശുക്ല എന്നിവരെയാണ് ജിഗിഷ കൊലക്കേസില്‍ 2009-ല്‍ പോലീസ് പിടികൂടിയത്. പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലില്‍ 2008 സെപ്റ്റംബറില്‍ സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയത് തങ്ങളാണെന്നും ഇവര്‍ വെളിപ്പെടുത്തി. ജിഗിഷ കൊലക്കേസില്‍ കണ്ടെടുത്ത നാടന്‍തോക്ക് സൗമ്യ കേസിലും നിര്‍ണായക തെളിവായി. പിന്നാലെ കേസിലെ മറ്റുപ്രതികളായ ബല്‍ജീത് മാലിക്, അജയ് സേത്തി, അജയ്കുമാര്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി എന്‍.സി.ആറിലും ബാധകമായ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം(മക്കോക്ക) പ്രതികള്‍ക്കെതിരേ ചുമത്തി. 2009-ല്‍ തന്നെ അഞ്ചുപ്രതികള്‍ക്കെതിരേയും ഡല്‍ഹി സാകേത് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
കവര്‍ച്ച ലക്ഷ്യമിട്ടാണ് പ്രതികള്‍ സൗമ്യയെ കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. പ്രതികള്‍ കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഒറ്റയ്ക്ക് കാറോടിച്ച് പോകുന്ന സൗമ്യയെ ശ്രദ്ധിച്ചത്. തുടര്‍ന്ന് യുവതിയെ പിന്തുടര്‍ന്ന് കാര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സൗമ്യ വാഹനം മുന്നോട്ടെടുത്തു. ഇതോടെ പ്രതികള്‍ വശങ്ങളില്‍നിന്ന് സൗമ്യയ്ക്ക് നേരേ വെടിയുതിര്‍ത്തെന്നായിരുന്നു പോലീസ് ഭാഷ്യം.
നാടന്‍തോക്ക് ഉപയോഗിച്ചായിരുന്നു പ്രതികള്‍ കൃത്യം നടത്തിയത്. ഈ തോക്കും പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് പിടിച്ചെടുത്തു. ഇതേ കാര്‍ സൗമ്യയുടെ വാഹനത്തെ പിന്തുടര്‍ന്നതായി നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട കോടതിനടപടികള്‍, ഒടുവില്‍ കുറ്റക്കാരെന്ന് കണ്ടെത്തല്‍...
2010 നവംബറില്‍ സൗമ്യ കൊലക്കേസിന്റെ വിചാരണ ഡല്‍ഹിയിലെ സാകേത് കോടതിയില്‍ ആരംഭിച്ചു. ആറുവര്‍ഷങ്ങള്‍ക്ക് ശേഷം 2016-ലാണ് കേസില്‍ വാദം പൂര്‍ത്തിയായത്. എന്നാല്‍, പലവിധ കാരണങ്ങള്‍കൊണ്ട് കേസിന്റെ നടപടിക്രമങ്ങള്‍ വീണ്ടും നീണ്ടുപോയി. വിവിധ നിയമപ്രശ്‌നങ്ങള്‍ കാരണം കേസില്‍ വിധി പറയുന്നത് പലതവണ മാറ്റിവെയ്‌ക്കേണ്ടിവന്നു. ഇതിനിടെ കോവിഡും ലോക്ഡൗണും വിധിപ്രസ്താവം നീളാന്‍ വീണ്ടും കാരണമായി. ഒടുവില്‍ സൗമ്യ വിശ്വനാഥന്‍ കൊല്ലപ്പെട്ട് 15 വര്‍ഷത്തിന് ശേഷമാണ് കേസില്‍ കോടതി വിധി പ്രസ്താവിച്ചത്. കേസിലെ അഞ്ചുപ്രതികളും കുറ്റക്കാരാണെന്നായിരുന്നു സാകേത് കോടതിയുടെ കണ്ടെത്തല്‍. കൊലപാതകം ഉള്‍പ്പെടെ പ്രതികള്‍ക്കെതിരായ എല്ലാകുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. ശിക്ഷാവിധിക്ക് മുന്‍പ് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദംകേള്‍ക്കും. ഒക്ടോബര്‍ 26 മുതലായിരിക്കും ഇതുസംബന്ധിച്ച കോടതി നടപടികള്‍ ആരംഭിക്കുക. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.
Content Highlights: soumya vishwanathan malayali woman journalist murder case history and verdict