മട്ടൻകറിവെച്ച് ക്ഷണം, ഉറക്കഗുളികകൾ, ഉച്ചത്തിൽവെച്ച ടിവി, ചാക്കിൽ കെട്ടിയ മൃതദേഹങ്ങൾ; ആ വീടിനുള്ളിൽ സംഭവിച്ചത്

ബെംഗളൂരു: രാജാജിനഗറിലെ ആ വാടകവീട്ടിന് ചുറ്റും വീടുകളാണ്, അത്രയും ആൾപ്പാർപ്പുള്ള ഒരു സ്ഥലത്തുവെച്ച് എങ്ങനെയാണ് ഏഴ് കൊലപാതകങ്ങൾ ചെയ്യാൻ കഴിയുക? മൃതദേഹങ്ങളെല്ലാം വീടിനുപുറത്ത് കിടന്ന കാറിലാക്കാൻ കഴിയുക? ചുറ്റുമുള്ള ഒരാളിൽപോലും സംശയത്തിന്റെ ലവലേശം ഉണ്ടാകാതിരുന്നതെങ്ങനെ? ഇങ്ങനെ ഒരുനൂറ് ചോദ്യങ്ങളാണ് തെളിവുശേഖരണത്തിനായി രാജാജിനഗർ V ബ്ലോക്കിലെ 59-ാം ക്രോസിലുള്ള ആ വാടകവീട്ടിലേക്ക് ചെല്ലുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെയുള്ളിൽ പൊന്തിവന്നത്. അതിന് അവർക്ക് ലഭിച്ച ഉത്തരങ്ങൾ അമ്പരപ്പിക്കുന്നതായിരുന്നു. 15 ദിവസം സമയമെടുത്താണ് പ്രതി തന്റെ ഭാര്യയേയും അവരുടെ അമ്മയേയും സഹോദരന്മാരേയും അവരുടെ ഭാര്യമാരേയും കുഞ്ഞിനെയുമടക്കം കൊന്ന്, മൃതശരീരങ്ങൾ പലയിടങ്ങളിലെറിഞ്ഞത്.
എല്ലാ തരത്തിലും പഴുതടച്ച നീക്കം തന്നെയാണ് 52 വയസ്സുള്ള ക്യാബ് ഡ്രൈവറായ എസ്. ഇന്ദുശേഖർ തന്റെ കൊലപാതക പരമ്പരയ്ക്കായി നടത്തിയത്. എന്നാൽ ഒരു അതിബുദ്ധിയാണ് ഒരു മാൻമിസ്സിങ് കേസിന്റെ ഗതിതന്നെ മാറ്റിയതും കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചതും. ഇരകളെ വീട്ടിലെത്തിക്കാനും, നിലവിളി പുറത്തുകേൾക്കാത്ത വിധം കൊല നടത്താനുംശേഷം മൃതദേഹങ്ങൾ പ്ലാസ്റ്റിക് ഷീറ്റുകളിൽ പൊതിഞ്ഞ് ചാക്കുകളിലാക്കി കാറിൽ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനും എല്ലാം അച്ഛന് കൂട്ടുനിന്നത് 17-കാരിയായ മകൾ തന്നെയാണ്. ഒടുവിൽ കുടുംബത്തിൽ അവശേഷിച്ച അവസാനത്തെ കുട്ടിയെ കൊന്നുകളയാനും അച്ഛനും മകളും പദ്ധതിയിട്ടെങ്കിലും കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് പോലീസ് എത്തി അവനെ രക്ഷിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് 20 വർഷമായി, ഇതിനിടെ താനും ഭാര്യ സുനിതയും പരസ്പരം വഴക്കിടാത്ത ഒരു ദിവസം പോലും ഇല്ലെന്നാണ് ഇന്ദുശേഖർ പോലീസിന് നൽകിയിരിക്കുന്ന മൊഴി. എന്തുകാര്യത്തിലും രണ്ട് ധ്രുവങ്ങളിലായിരുന്നു ഇന്ദുശേഖറും ഭാര്യയും, പൊതുവേ എല്ലാവരേയും ഡോമിനേറ്റ് ചെയ്യുന്ന സ്വഭാവമായിരുന്നു സുനിതയ്ക്ക്, വീടിനകത്തും പുറത്തും തെരുവിലുംവരെ നീളുന്ന വഴക്കുകൾ. സുനിത എന്തുചെയ്താലും മറുചോദ്യമില്ലാതെ പിന്തുണയ്ക്കുന്ന അവളുടെ അമ്മയോടും സഹോദരന്മാരോടും ഇന്ദുശേഖറിന് ആദ്യംമുതലേ വെറുപ്പായിരുന്നു. ദിവസങ്ങളും വർഷങ്ങളും കഴിയുന്തോറും അത് കൂടിക്കൂടി വന്നു. ഒടുവിൽ ആ കുടുംബത്തിലെ ഏഴുപേരുടെ ജീവനെടുക്കുന്നതിലാണ് അത് ചെന്നുനിന്നത്.
കഴിഞ്ഞ മാസം 14-നും 31-നും ഇടയിലുള്ള ദിവസങ്ങളിലാണ് ഇന്ദുശേഖർ കൊലപാതകങ്ങൾ നടത്തിയത്. ആദ്യം കൊലപ്പെടുത്തിയത് ഭാര്യ സുനിതയെ തന്നെയാണ്, ഒക്ടോബർ 14-ാം തീയതി. തൊട്ടടുത്ത ദിവസം, ഇയാളുടെ 17 വയസ്സുള്ള മകൾ മുത്തശ്ശിയായ രൂപവതിയെ ഫോണിൽ വിളിച്ച്, വീട്ടിൽ മട്ടൻ കറി ഉണ്ടാക്കുന്നുണ്ടെന്നും അത്താഴത്തിന് വരണമെന്നും പറഞ്ഞ് ക്ഷണിച്ചു. ഇതിന്റെ വിവരങ്ങൾ ഫോണിൽനിന്നും ലഭിച്ചിട്ടുണ്ട്. രൂപവതിയെ വീട്ടിലേക്ക് ആകർഷിച്ചുവരുത്തി കൊലപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഈ ക്ഷണമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ചോദ്യം ചെയ്യലിൽ, ഇരകൾക്ക് ഉറക്കഗുളിക നൽകി മയക്കിയശേഷം അവർ ഉറങ്ങിക്കഴിഞ്ഞപ്പോൾ അരക്കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലനടത്തിയത് എന്ന് ഇന്ദുശേഖർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ ശബ്ദം അയൽക്കാർ കേൾക്കാതിരിക്കാൻ ഇയാൾ ഈ സമയത്ത് ടെലിവിഷന്റെ ശബ്ദം പരമാവധി കൂട്ടി വച്ചിരുന്നതായും ഇയാൾ പോലീസിനോട് പറഞ്ഞു. കൊലപാതകങ്ങൾക്കുശേഷം, രക്തം പുറത്തേക്ക് ഒഴുകുന്നത് തടയാനായി ഇന്ദുശേഖറും മകളും ചേർന്ന് മൃതദേഹങ്ങൾ പ്ലാസ്റ്റിക് ഷീറ്റുകളിൽ പൊതിഞ്ഞ ശേഷമാണ് ചാക്കുകളിൽ കെട്ടിയത്. തുടർന്ന് പുലർച്ചെ ഈ ചാക്കുകൾ ഇന്ദുശേഖറിന്റെ ടൊയോട്ട എറ്റിയോസ് കാറിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. സുനിതയുടെയും രൂപവതിയുടെയും മൃതദേഹങ്ങൾ തമിഴ്നാട്ടിലെ സേലം ജില്ലയിലെ വനമേഖലയിൽ നിന്ന് ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കണ്ടെടുത്തത്.
ഇതോടെ കേസുമായി ബന്ധപ്പെട്ട് കണ്ടെടുത്ത ആകെ മൃതദേഹങ്ങളുടെ എണ്ണം മൂന്നായി. സുനിതയുടെ മൂത്ത സഹോദരൻ ശിവകുമാറിന്റെ മകൻ ഏഴുവയസുകാരൻ പുനീതിന്റെ മൃതദേഹം നന്ദി ഹിൽസിൽനിന്ന് നേരത്തെ കണ്ടെടുത്തിരുന്നു. ഒക്ടോബർ 29-ന് കൊല്ലപ്പെട്ട ഏഴ് വയസ്സുകാരൻ പുനീതിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, നെറ്റിയിലും തലയുടെ മുകൾഭാഗത്തും ഉൾപ്പെടെ നാല് കഠിനമായ പരിക്കുകളേറ്റിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ശിവകുമാറിന്റെയും ഭാര്യ ദിവ്യയുടെയും, അനിയൻ ശങ്കറിന്റെയും ഭാര്യ ദിവ്യയുടെയും മൃതദേഹങ്ങളാണ് ഇനി കിട്ടാനുള്ളത്. സുനിതയുടെയും രൂപവതിയുടെയും മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും നിയമനടപടികൾ പൂർത്തിയാക്കുന്നതിനുമായി ബന്ധുക്കളടങ്ങുന്ന 12 അംഗ സംഘം സേലത്തേക്ക് തിരിച്ചിട്ടുണ്ട്.
ഇന്ദുശങ്കറിന്റെ കാറിൽ നിന്നും അര ഡസനോളം പെർഫ്യൂം ബോട്ടിലുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കാറിൽ മൃതദേഹങ്ങളുടെ ദുർഗന്ധം വരാതിരിക്കാൻ ഉപയോഗിച്ചതാണോ ഇവ എന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. കൊലപാതകത്തിനുശേഷം വീട് രാസവസ്തുക്കൾ ഉപയോഗിച്ച് കഴുകി തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നതായി പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു. ഇതുകൂടാതെ, ഭാര്യ സുനിതയുടെയും മറ്റ് മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങൾ ഉപേക്ഷിക്കുന്നതിന് മുമ്പ് ഇന്ദുശേഖർ അവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ ഊരിയെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഈ ആഭരണങ്ങളിൽ ചിലത് ഇയാൾ വിറ്റതായും സംശയമുണ്ട്. ആഭരണങ്ങൾ എവിടെപ്പോയി എന്നതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ബുധനാഴ്ച ഉൽസുർഗേറ്റിന് സമീപത്തുവച്ചാണ് ഇന്ദുശേഖർ അറസ്റ്റിലായത്. കൊലപാതകങ്ങൾ നടത്തുന്നതിലും മൃതദേഹങ്ങൾ ഉപേക്ഷിക്കുന്നതിലും ഇയാളുടെ 17 വയസ്സുള്ള മകൾ സഹായിച്ചിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ ഈ കുട്ടിയുടെ പങ്കിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അറസ്റ്റ് ചെയ്യുമ്പോൾ, കൊല്ലപ്പെട്ടവരിൽ ഒരാളുടെ മകനായ 10 വയസ്സുകാരൻ ഇയാളുടെ കാറിലുണ്ടായിരുന്നു. ഈ കുട്ടിയെക്കൂടി കൊലപ്പെടുത്താനായിരുന്നു പ്രതി പദ്ധതിയിട്ടിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മാതാപിതാക്കൾ തീർത്ഥാടനത്തിന് പോയിരിക്കുകയാണെന്ന് വിശ്വസിപ്പിച്ചാണ് കുട്ടിയെ ഇയാൾ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നതെന്നാണ് വിവരം.
ഈ ദിവസങ്ങളിലെല്ലാം, തന്റെ മാതാപിതാക്കൾ കൊല്ലപ്പെട്ട വിവരം അറിയാതെ ഈ കുട്ടി ദിവസങ്ങളോളം ഇന്ദുശേഖറിനും മകൾക്കുമൊപ്പം കഴിഞ്ഞു. അറസ്റ്റിന് മുമ്പ് കുട്ടിയെ കൊലപ്പെടുത്താൻ പ്രതി അവസരം കാത്തിരിക്കുകയായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. കാറിൽ കുട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നത് അന്വേഷണത്തിൽ നിർണായകമായി മാറിയിട്ടുണ്ട്. കൃത്യസമയത്ത് പ്രതിയെ പിടികൂടാനായത് അയാളുടെ ഭയാനകമായ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് ഈ കുട്ടിയെ രക്ഷപ്പെടുത്തുന്നതിന് പോലീസിന് സഹായകമായി മാറി. കുടുംബസ്വത്തുമായി ബന്ധപ്പെട്ട തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചത് എന്നത് സംബന്ധിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്.
ഒരുകൂട്ടം ബന്ധുക്കളെ പെട്ടെന്ന് കാണാതായതോടെ കുടുംബാംഗങ്ങൾക്ക് തോന്നിയ സംശയത്തെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. സുനിതയുടെ ഫോണിൽ നിന്ന് സന്ദേശങ്ങൾ വരുന്നുണ്ടെങ്കിലും ഫോൺ കോളുകൾ ആരും സ്വീകരിക്കുന്നില്ലെന്ന് ഒരു ബന്ധു ശ്രദ്ധിച്ചിരുന്നു. കൊലപാതക വിവരം മറച്ചുവെക്കാനും സുനിതയുടെ അമ്മയ്ക്ക് സന്ദേശങ്ങൾ അയക്കാനും ഇന്ദുശേഖർ ഭാര്യയുടെ ഫോൺ ഉപയോഗിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഏകദേശം മൂന്നുകോടി രൂപ വിലമതിക്കുന്ന സ്വത്തിനെച്ചൊല്ലിയുള്ള തർക്കമാകാം കൊലപാതകങ്ങൾക്ക് പിന്നിലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ ഭർത്താവ് ഭാര്യയേയും ഭാര്യയുടെ ബന്ധുക്കളെയുമടക്കം ഏഴുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലയ്ക്ക് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.
Content Highlights: A cab driver, S. Indushekhar, meticulously planned and executed the murders of seven family members, including his wife, her mother, siblings, and their spouses, with the assistance of his 17-year-old daughter, over a span of 15 days in Bengaluru. Indushekhar used various tactics to avoid detection, such as inviting victims under false pretenses, using sleeping pills, and wrapping bodies in plastic sheets to transport them in his car, while also attempting to destroy evidence by cleaning the crime scene with chemicals. The motive behind the murders is suspected to be related to a family property dispute worth approximately three crore rupees, and the investigation is ongoing to uncover the exact reasons and the daughter's involvement in the crimes.