16 ദിവസത്തിനിടെ 7 കൊലപാതകം, കൊല്ലാനിരുന്നത് ഒരു കുട്ടിയെക്കൂടി, എല്ലാം ബന്ധുക്കൾ; അതിക്രൂരനായ ഇന്ദുശേഖർ എന്ന കൊലയാളി

#സ്വന്തം ലേഖിക
പ്രതി ഇന്ദുശേഖർ, മരിച്ച സുനിത, മരിച്ച മറ്റ് ബന്ധുക്കൾ (ഗ്രൂപ്പ് ഫോട്ടോ)
പ്രതി ഇന്ദുശേഖർ, മരിച്ച സുനിത, മരിച്ച മറ്റ് ബന്ധുക്കൾ (ഗ്രൂപ്പ് ഫോട്ടോ)

ബെംഗളൂരു: ഒക്ടോബർ 16-ന് ഭാര്യ സുനിതയെ കൊലപ്പെടുത്തിക്കൊണ്ടാണ് ഇന്ദുശേഖർ തന്റെ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടത്. 15 ദിവസം കൊണ്ടാണ് ഭാര്യ സുനിതയേയും അവരുടെ അമ്മയേയും സഹോദരങ്ങളേയും അവരുടെ ഭാര്യമാരേയും ഒരു കുട്ടിയെയുമടക്കം ഏഴുപേരെ അയാൾ ക്രൂരമായി കൊലപ്പെടുത്തിയതും, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചതും. 24 ദിവസങ്ങൾക്കിപ്പുറം, നവംബർ ഒമ്പതിന്‌ കൊലചെയ്യപ്പെട്ടവരിൽ അവശേഷിച്ചിരുന്ന രണ്ടുപേരുടെ മൃതദേഹങ്ങൾ പോലീസിന് ലഭിച്ചു. നവംബർ നാലാംതീയതി ഇന്ദുശേഖറിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ ഒരുപക്ഷേ, ഒരു മൃതദേഹം കൂടി കണ്ടെത്താൻ പോലീസിന് അലയേണ്ടിവന്നേനെ. കാരണം, പിടിക്കപ്പെടുമ്പോൾ അയാൾക്കൊപ്പം ഭാര്യയുടെ സഹോദരന്റെ മറ്റൊരു മകനും ഉണ്ടായിരുന്നു.

ആ പതിനൊന്നുകാരനെയും കൊലപ്പെടുത്താൻ തന്നെയായിരുന്നു ഇന്ദുശേഖറിന്റെ തീരുമാനം. പോലീസ് രക്ഷപ്പെടുത്തിയ ആ കുട്ടിയാണ് ഇപ്പോൾ രാജാജിനഗർ കൂട്ടക്കൊലപാതക കേസിലെ പ്രധാന സാക്ഷി. എന്തായാലും, ഏഴ് മൃതദേഹങ്ങളും കണ്ടെത്തിയതോടെ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത് ഡിവിഷൻ) ബി.എസ്. നേമഗൗഡ അറിയിച്ചു. കർണാടകയിലും തമിഴ്നാട്ടിലുമായി നാല് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ഏഴു മൃതദേഹങ്ങളും കണ്ടെത്തിയത്. നിബിഢവനങ്ങളിലും കുത്തനെയുള്ള ഭൂപ്രദേശങ്ങളിലും കൊക്കകളിലുമെല്ലാം ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.

അവ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം നടത്തിയ തിരച്ചിൽ ഒരു സിനിമാക്കഥയ്ക്കുള്ള ചേരുവകളെല്ലാം നിറഞ്ഞതാണ്. എന്നാൽ, അതിനേക്കാൾ ദുരൂഹമാണ്‌ ഇന്ദുശേഖർ എന്ന 52-കാരനായ ടാക്‌സി ഡ്രൈവർ സ്വന്തം വീട്ടിൽ, സ്വന്തം കൈകൾ കൊണ്ട് നടത്തിയ ഏഴ് കൊലപാതകങ്ങൾ. മുത്തശ്ശിയേയും മറ്റ് ബന്ധുക്കളേയും വീട്ടിലേക്ക് വിളിച്ചുവരുത്തിയത് മുതൽ മൃതദേഹങ്ങൾ പൊതിഞ്ഞ് കാറിലാക്കി പലയിടങ്ങളിലായി ഉപേക്ഷിക്കുന്നതുവരെ അച്ഛന് എല്ലാത്തിനും കൂട്ടായി പതിനേഴുകാരിയായ മകളും ഉണ്ടായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. ഭാര്യാ-ഭർത്താക്കന്മാർക്കിടയിൽ സൗന്ദര്യപ്പിണക്കങ്ങൾ സാധാരണയാണ്. എന്നാൽ, അതിന്റെ പേരിൽ ഭാര്യയേയും അവരുടെ കൂടെനിന്നു എന്ന കാരണത്തിന് അമ്മയേയും സഹോദരങ്ങളേയുമടക്കം ഏഴുപേരെ കൊലപ്പെടുത്തുക എന്ന പറഞ്ഞാലോ! അസാധാരണം എന്നതിനപ്പുറം അതിക്രൂരമെന്നുതന്നെ പറയേണ്ടിവരും.

അത്തരമൊരു കൊലപാതക പരമ്പരയുടെ കഥയാണ് ബെംഗളൂരുവിലെ രാജാജിനഗർ V-ബ്ലോക്കിലെ 59-ാം ക്രോസിലുള്ള ആ വാടകവീടിന് പറയാനുള്ളത്. എസ്. ഇന്ദുശേഖർ എന്ന ടാക്‌സി ഡ്രൈവർ, TaanaVaradi എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും നടത്തിയിരുന്ന ഇയാൾ കാറിന്റെ വിൻഡ്ഷീൽഡിൽ 'പ്രസ്സ്' എന്ന ഒരു സ്റ്റിക്കർ കൂടി പതിപ്പിച്ചിരുന്നു. എന്തിനു വേണ്ടിയായിരിക്കാം ഇന്ദുശേഖർ താനൊരു മാധ്യമപ്രവർത്തകനാണെന്നു കാണിക്കാൻ ശ്രമിച്ചിരുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ പരിഗണന അയാൾ എന്തിനൊക്കെ ഉപയോഗിച്ചിരുന്നു എന്നതടക്കം അറിയേണ്ടത് പോലീസിനിപ്പോൾ അത്യാവശ്യമാണ്.

ഒക്ടോബർ 14 മുതൽ 31 വരെയുള്ള ദിവസങ്ങളിലാണ് ഇന്ദുശേഖർ കൊലപാതകങ്ങൾ നടത്തിയതെന്നാണ്‌ പോലീസിന്റെ നിഗമനം. ആദ്യം കൊലപ്പെടുത്തിയത് ഭാര്യ സുനിതയെ തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ സമയം മുതൽതന്നെ സുനിതയ്ക്കും ഇന്ദുശേഖറിനുമിടയിൽ പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നു. സുനിതയുടെ അധീശത്വസ്വഭാവവും അടിക്കടി വീട്ടിൽപോകുന്ന രീതിയും ഇന്ദുശേഖറിന് ഇഷ്ടമായിരുന്നില്ല. മാത്രമല്ല, ഭാര്യയെ അവളുടെ അമ്മയും സഹോദരങ്ങളും പിന്തുണച്ചിരുന്ന രീതിയും അയാൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല. നീണ്ട 20 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ തനിക്ക് ഇഷ്ടമല്ലാത്ത എല്ലാവരേയും ഒരുമിച്ച് ഇല്ലാതാക്കാൻതന്നെ ഇന്ദുശേഖർ തീരുമാനിച്ചു.

അച്ഛന്റെ തീരുമാനത്തിന് പതിനേഴുകാരിയായ മകളും കൂട്ടായിരുന്നു. മദ്യസൽക്കാരത്തിനെന്ന വ്യാജേനയാണ് അളിയന്മാരായ ശിവകുമാറിനെയും ശങ്കറിനെയും ഇന്ദുശേഖർ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയത്. ശേഷം, ഭാര്യയെ കൊലപ്പെടുത്തിയതുപോലെ അരകല്ലുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പിന്നീട് മകളാണ്‌ തന്റെ മുത്തശ്ശി രൂപവതിയെയും അമ്മായിമാരായ ശിവകുമാറിന്റെ ഭാര്യ ദിവ്യ, ശങ്കറിന്റെ ഭാര്യ ഭാര്യ നളിനി എന്നിവരേയും അവരുടെ ഏഴും പതിനൊന്നും വയസുള്ള കുട്ടികളേയും വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. അവരെയും ഇതേരീതിയിൽ കൊലപ്പെടുത്തുകയായിരുന്നു. നവംബർ ആറാംതീയതി വെള്ളിയാഴ്ച ഏഴുവയസുകാരൻ പുനീതിന്റെ മൃതദേഹമാണ് പോലീസ് ആദ്യം കണ്ടെടുത്തത്.

ചിക്കബെല്ലാപുരിലെ നന്തി ഹിൽസിന്റെ താഴ്വരയിൽനിന്നാണ് മൃതദേഹം ലഭിച്ചത്. ശനിയാഴ്ച, ഇന്ദുശേഖറിന്റെ ഭാര്യ സുനിത, അവരുടെ അമ്മ രൂപവതി എന്നിവരുടെ മൃതദേഹങ്ങൾ തമിഴ്നാട്ടിലെ സേലത്തുള്ള ഏർക്കാട് വനമേഖലയിൽനിന്ന് കണ്ടെടുത്തു. ഞായറാഴ്ച മൈസൂരുവിലെ ചാമുണ്ഡി ഹിൽസിന് സമീപത്തുനിന്ന് ശിവകുമാർ, അദ്ദേഹത്തിന്റെ ഭാര്യ ദിവ്യ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. തുടർന്നാണ് തിങ്കളാഴ്ച, ഹാസന് സമീപമുള്ള ശിരാടിഘട്ടിലെ വനമേഖലയിലുള്ള കൊക്കയിൽനിന്ന് ശങ്കറിന്റെയും ഭാര്യ നളിനിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനും ഡിഎൻഎ പരിശോധനയ്ക്കുമായി ഹാസനിലെ ആശുപത്രിയിലേക്ക് മാറ്റി.

ഫോറൻസിക് പരിശോധനയിൽ ഏഴ് മൃതദേഹങ്ങളും സമാനമായ രീതിയിലാണ് പൊതിഞ്ഞിരുന്നതെന്ന് വ്യക്തമായിട്ടുള്ളതായി പോലീസ് പറയുന്നു. വീട്ടിൽതന്നെ ഉണ്ടായിരുന്ന സാരികളും ബെഡ്ഷീറ്റുകളും ഉപയോഗിച്ച് പൊതിഞ്ഞ്, കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റുകളിലാക്കി കയറുകൾ കൊണ്ട് കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. മൃതദേഹങ്ങൾ മാറ്റുന്നതിനിടെ അഴുകിയ നാറ്റം പുറത്തുവരാതിരിക്കാൻ ഇന്ദുശേഖർ തന്റെ കാറിനുള്ളിൽ പെർഫ്യൂം തളിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരു ഡസനോളം പെർഫ്യൂം ബോട്ടിലുകളാണ് ഇയാളുടെ കാറിൽനിന്ന് കണ്ടെടുത്തത്. പല ദിവസങ്ങളിലായി ഈ വാഹനം ഉപയോഗിച്ചാണ് പ്രതി മൃതദേഹങ്ങൾ വിവിധ സ്ഥലങ്ങളിൽ തള്ളിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

ഇതിനിടെ, ബന്ധുക്കൾക്ക് സംശയം തോന്നാതിരിക്കാൻ ഇരകളുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് പ്രതി അവർക്ക് സന്ദേശങ്ങളും അയച്ചിരുന്നു. അവർ യാത്രയിലോ പുറത്തോ ആണെന്ന് ബന്ധുക്കളെ വിശ്വസിപ്പിക്കാനാണ് ഫോണുകളിൽനിന്ന് ഇന്ദുശേഖർ മെസ്സേജുകൾ അയച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുടുംബാംഗങ്ങളുടെ സംശയം ഒഴിവാക്കാൻ മാത്രമല്ല, അവരെ കാണാതായതായി ബന്ധുക്കൾ ഉടനടി പരാതി നൽകുന്നത് തടയുക എന്ന ഉദ്ദേശ്യംകൂടി ഇന്ദുശേഖറിന് ഉണ്ടായിരുന്നുന്നുവെന്ന് പോലീസ് പറയുന്നു. എന്നാൽ, അവിടെയും പ്രതിയുടെ അതിബുദ്ധി വിനയായി.

ഇരകളിൽ ചിലർക്ക് കന്നട അറിയുമായിരുന്നില്ല, കന്നടയിൽ ലഭിച്ച സന്ദേശങ്ങൾ അവരുടെ ബന്ധുക്കളിൽ സംശയമുളവാക്കി. മാത്രമല്ല, ഫോണിൽ മെസേജ് അയയ്ക്കുന്നതല്ലാതെ, കുടുംബാംഗങ്ങൾ ആരുംതന്നെ ഫോൺ വിളിച്ചിട്ട് പ്രതികരിക്കാത്തതിനെ തുടർന്ന് നളിനിയുടെ അമ്മ തങ്കമ്മ അപ്പോഴേക്കും പോലീസിനെ സമീപിച്ചിരുന്നു. അങ്ങനെ, മിസ്സിങ് കേസിൽ ആരംഭിച്ച അന്വേഷണമാണ് നവംബർ നാലാം തീയതി ഇന്ദുശേഖറിനെ കസ്റ്റഡിയിലെടുത്തതോടെ ഒരു കൊലപാതക പരമ്പരയായി ചുരുളഴിഞ്ഞത്. ഭാര്യ സുനിത കൂട്ടുകാരോടൊപ്പം യാത്ര പോയതാണെന്നും ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചിരിക്കുകയാണെന്നുമാണ് ഇയാൾ അയൽവാസികളോട് പറഞ്ഞത്.

ഓരോ കൊലപാതകവും നടത്തിയ ദിവസങ്ങളടക്കമുള്ള കൃത്യമായ വിവരങ്ങൾ, ഏത് സാഹചര്യത്തിലാണ് ഇരകൾ ലക്ഷ്യമിടപ്പെട്ടത്, ഓരോ കൊലപാതകത്തിലും പ്രതിയുടെ പങ്ക് എന്നിവ വ്യക്തമാക്കുന്നതിലാണ് പോലീസ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എല്ലാ മൃതദേഹങ്ങളും കണ്ടെത്തുക, തെളിവുകൾ ശേഖരിക്കുക, കേസുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്യുക എന്നിവയ്ക്കായിരുന്നു അന്വേഷണ സംഘം പ്രഥമ പരിഗണന നൽകിയത്. കുറ്റകൃത്യങ്ങൾ മറച്ചുവെക്കാൻ സഹായിക്കുകയോ അച്ഛനെ സഹായിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന നിഗമനത്തോടെ പ്രതിയുടെ പ്രായപൂർത്തിയാകാത്ത മകളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിനിടെ ചില ബന്ധുക്കൾ ഉന്നയിച്ചതുപോലെ സാമ്പത്തിക-സ്വത്ത് തർക്കങ്ങളാണോ കൊലപാതകത്തിന് പിന്നിലെന്നും പോലീസ് പരിശോധിച്ചു വരികയാണ്. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷണപരിധിയിലുള്ള മറ്റൊരു പ്രധാനകാര്യം. 2018-ൽ കവർച്ച, മാല പൊട്ടിക്കൽ കേസുകളുമായി ബന്ധപ്പെട്ട് ഇയാൾ അറസ്റ്റിലായിട്ടുണ്ട്.

ശങ്കറിന്റെയും നളിനിയുടെയും 11 വയസ്സുള്ള മകനാണ് ഈ കേസിലെ പ്രധാന സാക്ഷി. ഇന്ദുശേഖറിനെ കസ്റ്റഡിയിലെടുക്കുമ്പോൾ അയാൾക്കൊപ്പം ഈ കുട്ടിയും ഉണ്ടായിരുന്നു. കൊലപാതകങ്ങൾക്ക് സാക്ഷിയായ കുട്ടി, അമ്മയുടെ നിലവിളി കേട്ടതായി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ധർമ്മസ്ഥല, ശൃംഗേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയതും വഴിയിൽ ബാഗുകൾ തള്ളിയതും കുട്ടി ഓർത്തെടുത്ത് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ബാഗുകളെക്കുറിച്ച് കുട്ടി ഇന്ദുശേഖറിനോട് ചോദിച്ചപ്പോൾ അത് മാലിന്യമാണെന്നാണ് ഇയാൾ പറഞ്ഞത്. കേസിൽ കുട്ടിയുടെ മൊഴിയും സുപ്രധാന തെളിവാകും. 

Content Highlights: Indushekhar, a cab driver, initiated a series of murders by killing his wife Sunitha on October 16, eventually murdering seven family members, including his wife, her mother, siblings, their spouses, and a child, over 15 days, and disposing of their bodies in various locations. The police investigation, which involved a four-day search across Karnataka and Tamil Nadu, uncovered all seven bodies, leading to the arrest of Indushekhar on November 4, preventing the potential murder of an 11-year-old boy, who is now a key witness in the case. Indushekhar's motive stemmed from longstanding marital issues and dissatisfaction with his wife's family, and he attempted to cover up the murders by sending misleading messages from the victims' phones, but inconsistencies in language raised suspicions, leading to the police investigation.