പത്താം ക്ലാസുകാരന്റെ കൊലപാതകം: കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, വിവരങ്ങള്‍ തേടാന്‍ പോലീസ്

കൊല്ലപ്പെട്ട അഖില്‍(ഇടത്ത്) കൊലപാതകം നടന്ന സ്ഥലം(വലത്ത്)
കൊല്ലപ്പെട്ട അഖില്‍(ഇടത്ത്) കൊലപാതകം നടന്ന സ്ഥലം(വലത്ത്)

കൊടുമണ്‍(പത്തനംതിട്ട): പത്താം ക്ലാസുകാരന്‍ അഖില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായവരില്‍നിന്ന് പുതിയ അന്വേഷണസംഘം വിവരങ്ങള്‍ തേടും. ഇതിനായി പത്തനംതിട്ട ജുവനൈല്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണസംഘത്തലവന്‍ അടൂര്‍ ഡിവൈ.എസ്.പി. ജവഹര്‍ ജനാര്‍ദ് പറഞ്ഞു. 

പിടിയിലായവരെ കൊല്ലം ജുവനൈല്‍ നിരീക്ഷണകേന്ദ്രത്തില്‍ ആക്കിയിരിക്കുകയാണ്. അവരില്‍നിന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കൊടുമണ്‍ സി.ഐ. എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിവരങ്ങള്‍ തേടിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ തേടാനാണ് പുതിയ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന് കോടതിയുടെ അനുമതി ലഭിക്കണം. 

മരിച്ച അഖിലും പിടിയിലായവരും സംഭവദിവസം ഒരുമിച്ച് യാത്രചെയ്തതിന്റെ ഒരു സി.സി.ടി.വി. ദൃശ്യംകൂടി പോലീസിന് ലഭിച്ചു. പിടിയിലായ രണ്ടു കുട്ടികളില്‍ ഒരാളിന്റെ വീടിനടുത്തുള്ള മറ്റൊരു വീട്ടിലെ സി.സി.ടി.വി.യില്‍നിന്നാണ് മൂന്ന് പേരുടെയും ദൃശ്യങ്ങള്‍ ലഭിച്ചത്. സി.സി.ടി.വി.യിലെ ദൃശ്യങ്ങള്‍ ശേഖരിക്കപ്പെട്ട ഹാര്‍ഡ് ഡിസ്‌കുകള്‍ പോലീസ് പിടിച്ചെടുത്ത് കൂടുതല്‍ പരിശോധനയ്ക്കായി സി.ഡാക്കിന് കൈമാറിയതായി ഡിവൈ.എസ്.പി.പറഞ്ഞു. സംഭവദിവസം കൊല്ലപ്പെട്ട അഖില്‍ വീട്ടില്‍നിന്ന് ഇറങ്ങിയതുമുതല്‍ കൊല്ലപ്പെട്ട സ്ഥലംവരെയെത്തിയതിന്റെ റൂട്ടുമാപ്പും തയ്യാറാക്കിവരുകയാണെന്ന് പോലീസ് അറിയിച്ചു.

Content Highlights: pathanamthitta kodumon akhil murder case 

Content Highlights: