ബാങ്ക് ഉദ്യോഗസ്ഥയുടെ ക്വട്ടേഷന്‍, കരാറുകാരനെ വീട്ടില്‍ കയറി വെട്ടി; നാലു പേര്‍ പിടിയില്‍

പരിയാരം: കരാറുകാരനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ നാലു പേര്‍ പിടിയില്‍. ശ്രീസ്ഥയിലെ സുരേഷ് ബാബുവിനെ (52) വധിക്കാന്‍ ശ്രമിച്ച കേസിലാണ് നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39) എന്നിവരെ എസ്.ഐ. കെ.വി.സതീശന്‍ അറസ്റ്റ് ചെയ്തത്.
കണ്ണൂരില്‍ ബാങ്ക് ഉദ്യോഗസ്ഥയും പടന്നപ്പാലത്തെ ഫ്‌ലാറ്റില്‍ താമസക്കാരിയുമായ സീമയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഒളിവില്‍പോയ ഇവര്‍ കോട്ടയത്തുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തന്റെ ഭര്‍ത്താവിനെ സുരേഷ് ബാബു വഴിതെറ്റിക്കുന്നുവെന്ന് തോന്നിയാണ് മുന്‍ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ രതീഷിന് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പ്രാഥമിക വിവരം. ഏപ്രില്‍ 18-നാണ് കേസിനാസ്പദമായ സംഭവം. ശ്രീസ്ഥയിലെ വീട്ടിലെ വരാന്തയില്‍ ഇരിക്കുകയായിരുന്ന സുരേഷ് ബാബുവിനെ രാത്രിയില്‍ നാലു പേര്‍ പിടിച്ചിറക്കി വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഏറെനാള്‍ ചികിത്സയിലായിരുന്നു.
രണ്ടു മാസം മുമ്പാണ് സീമ ക്വട്ടേഷന്‍ നല്‍കിയത്. മുമ്പ് ഇവര്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് സമീപത്തെ നീതി മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്തിരുന്ന സമയത്താണ് രതീഷിനെ പരിചയപ്പെട്ടത്. 10,000 രൂപ അഡ്വാന്‍സ് കൈപ്പറ്റിയ രതീഷ് പല ഘട്ടങ്ങളിലായി മൂന്നു പേരെ സംഘത്തില്‍ കൂട്ടി സുരേഷ് ബാബുവിനെ നിരവധി തവണ പിന്തുടരുകയും അവസാനം വീട്ടുവരാന്തയിലെത്തി ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ്.ഐ. ദിനേശന്‍, എ.എസ്.ഐ.മാരായ നൗഫല്‍ അഞ്ചില്ലത്ത്, നികേഷ്, സി.പി.ഒ.മാരായ കെ.വി.മനോജ്, വി.വി.മഹേഷ് എന്നിവരുമുണ്ടായിരുന്നു.
ക്വട്ടേഷന്‍ നല്‍കിയത് വനിത, അപൂര്‍വസംഭവമെന്ന് പോലീസ്
പരിയാരം: ശ്രീസ്ഥയിലെ കരാറുകാരന്‍ സുരേഷ് ബാബുവിനെ (52) വീട്ടില്‍ കയറി വെട്ടിയ കേസില്‍ ക്വട്ടേഷന്‍ നല്‍കിയത് വനിതയാണെന്നത് അപൂര്‍വമാണെന്നാണ് അന്വേഷണസംഘം പറയുന്നത്. കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെ ജീവനക്കാരിയായ സീമ ഒളിവിലാണ്.
നേരത്തേ മെഡിക്കല്‍ കോളേജിന് സമീപത്തെ നീതി മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്തിരുന്ന സമയത്ത് പരിചയമുള്ള മേലതിയടം പാലയാട്ടെ കെ.രതീഷിനോട് തന്റെ ഭര്‍ത്താവിനെ സുരേഷ് ബാബു വഴി തെറ്റിക്കുകയാണെന്നും തന്നോട് കടം വാങ്ങിയ പണം തിരികെ തരാതെ വഞ്ചിക്കുകയാണെന്നും അവനെ കുറച്ചുനാള്‍ കിടത്തണമെന്നും പറ്റിയ ആളുണ്ടോ എന്നും ചോദിച്ചു. രതീഷ് ക്വട്ടേഷന്‍ ഏറ്റെടുക്കുകയും ജിഷ്ണു, അഭിലാഷ് എന്നിവരുമായി ബന്ധപ്പെട്ട് കൃത്യം നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
തുടര്‍ന്ന് മൂവരും കണ്ണൂരില്‍ യുവതി ജോലിചെയ്യുന്ന ബാങ്കിലെത്തി നേരില്‍ കാണുകയും കൃത്യം നടത്തിയാല്‍ മൂന്നു ലക്ഷത്തിന് കരാര്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ അഡ്വാന്‍സ് നല്‍കാന്‍ തയ്യാറായില്ല. പിന്നീട് മറ്റൊരു ദിവസം മൂവരും കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിന് സമീപംവെച്ച് സ്ത്രീയെ കാണുകയും 10,000 രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തു.
ഇതിനുശേഷം പ്രതികള്‍ ബൈക്കില്‍ സുരേഷ് ബാബുവിനെ നിരന്തരം പിന്തുടര്‍ന്നു. എന്നാല്‍ കൂടെ മറ്റാളുകള്‍ ഉണ്ടായിരുന്നതിനാല്‍ കൃത്യം നടപ്പാക്കാന്‍ സാധിച്ചില്ല. ഇതിനായി പ്രതികള്‍ കാര്‍ വാടകയ്‌ക്കെടുത്തെങ്കിലും അത് അപകടത്തില്‍പ്പെട്ടതിനാല്‍ തിരിച്ചുകൊടുക്കേണ്ടിവന്നു. ഈ സമയത്താണ് ഇവര്‍ പരിചയക്കാരനായ നീലേശ്വരം പള്ളിക്കരയിലെ സുധീഷുമായി ബന്ധപ്പെട്ടത്.
സംഭവം നടന്ന 18-ന് വൈകീട്ട് തന്നെ കാറുമായി നെരുവമ്പ്രത്തെത്തിയ സുധീഷ് പ്രതികളെയും കയറ്റി ആയുര്‍വേദ കോളേജ് പരിസരത്ത് കറങ്ങി. രാത്രി എട്ടോടെ റോഡിലൂടെ പോയപ്പോള്‍ സുരേഷ് ബാബു ഒറ്റയ്ക്ക് വീട്ടുവരാന്തയില്‍ ഇരിക്കുന്നത് കണ്ടു. തുടര്‍ന്ന് കാര്‍ സുരേഷ് ബാബുവിന്റെ വീട്ടുപരിസരത്ത് നിര്‍ത്തിയശേഷം സുധീഷും ജിഷ്ണുവുമാണ് അക്രമം നടത്താന്‍ പോയത്. ജിഷ്ണുവാണ് വെട്ടിയതെന്ന് പോലീസ് പറഞ്ഞു.
സുരേഷ് ബാബുവിന്റെ നിലവിളി കേട്ട് ബന്ധുക്കളും അയല്‍ക്കാരും എത്തുമ്പോഴേക്കും അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടു. അഭിലാഷും രതീഷും കാറില്‍നിന്ന് പുറത്തിറങ്ങിയിരുന്നില്ല. പ്രതികള്‍ ശ്രീസ്ഥ-ഭാസ്‌കരന്‍പീടികയിലെത്തി വെട്ടാനുപയോഗിച്ച വടിവാള്‍ രാമപുരം പുഴയില്‍ ഉപേക്ഷിച്ചു. ഇത് തളിപ്പറമ്പിലെ ഒരു കടയില്‍നിന്നാണ് വാങ്ങിയതെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സുധീഷ് കാറില്‍ നീലേശ്വരത്തേക്ക് തിരിച്ചുപോയി. പിറ്റേന്ന് രാവിലെ രതീഷും അഭിലാഷും ബൈക്കില്‍ സുരേഷ് ബാബുവിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചു.
Content Highlights: