വധശിക്ഷയ്ക്ക് സമയം കുറിച്ച പ്രതി കുറ്റവിമുക്തനായപ്പോള്‍: സിനിമയെ വെല്ലുന്ന നിതാരി

ANNU MUTHAL INNU VARE
#അലീന മരിയ വര്‍ഗ്ഗീസ്
nithari killing
nithari killing

മയവും സ്ഥലവും കുറിക്കപ്പെട്ടു,ആരാച്ചര്‍ ഒരുങ്ങി, കഴുമരം തയാറായി വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഡല്‍ഹിയില്‍ നിന്ന് മീററ്റ് ജയിലിലേയ്ക്ക് ഒരു സ്റ്റേ ഓര്‍ഡറെത്തി. അതിന് ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം കഴുമരം കാത്തിരുന്ന ആ പ്രതിയെ കോടതി കുറ്റവിമുക്തനുമാക്കിയിരിക്കുന്നു. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിലെ അപൂര്‍വമായൊരു ഏട് സിനിമയെ വെല്ലുന്ന കഥയുള്ള നിതാരിയില്‍ നിന്നാണ് തുടങ്ങുന്നത്.

കുടിയേറ്റ തൊഴിലാളികളും റിക്ഷക്കാരും തെരുവുകച്ചവടക്കാരും നിറഞ്ഞ, ഒറ്റമുറി വീടുകളുള്ള ഉത്തര്‍പ്രദേശിലെ നിതാരി, ഒരു രാത്രി വെളുത്തപ്പോള്‍ ദുരൂഹത നിറഞ്ഞ രാജ്യം മുഴുവന്‍ ഭയത്തോടെ നോക്കുന്ന ഗ്രാമമായി മാറി. പെണ്‍കുട്ടികളും യുവതികളും അടക്കം അജ്ഞാത കാരണങ്ങളാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അവിടെ നിന്ന് കാണാതായവരുടെ എണ്ണം 17-ല്‍ അധികം വരും. ദുരൂഹതകള്‍ നിറഞ്ഞ നിതാരിയിലെ കൂട്ടക്കൊലപാതകങ്ങള്‍ ലോകമറിഞ്ഞുതുടങ്ങുന്നത് 2006 മാര്‍ച്ചുമാസമായിരുന്നു. അന്ന് ഗ്രാമത്തില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന കുറച്ച് കുട്ടികള്‍ക്ക് സമീപത്തുള്ള അഴുക്കുചാലില്‍ നിന്ന് ഒരു പ്ലാസ്റ്റിക്ക് കവര്‍ കിട്ടി. കവര്‍ തുറന്ന നിതാരി ഗ്രാമം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അതിനുള്ളിലുണ്ടായിരുന്നത് മനുഷ്യന്റെ അഴുകിയ കൈകളായിരുന്നു. വിഷയം നാട്ടുകാര്‍ പോലീസില്‍ അറിയിച്ചപ്പോള്‍ അത് മൃഗത്തിന്റെ ശരീരാവശിഷ്ടങ്ങളാണെന്നും ഇതേക്കുറിച്ച് മറന്നുകളയണമെന്നുമായിരുന്നു പോലീസ് പറഞ്ഞത്. ഈ സംഭവം നടക്കുന്നതിന് മുമ്പ് 2003-06 കാലഘട്ടത്തില്‍ നിതാരിയില്‍ നിന്ന് അജ്ഞാത കാരണത്താല്‍ തുടര്‍ച്ചയായി കുട്ടികളെയും സ്ത്രീകളെയും കാണാതായിക്കൊണ്ടിരുന്നു. കാണാതാകുന്നവര്‍ക്ക് എന്ത് സംഭവിക്കുന്നുവെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് കളിക്കുന്ന കുട്ടികള്‍ക്ക് കവറില്‍ നിന്ന് അഴുകിയ കൈകള്‍ ലഭിച്ചത്. കൈകള്‍ കണ്ടെത്തിയ അഴുക്കുചാലുള്ളത് നിതാരി ഗ്രാമത്തിലെ വ്യവസായി മൊനീന്ദര്‍ സിംഗ് പണ്‌ഢേറിന്റെ ബംഗ്ലാവായ ഡി-5 -ന് പിന്നിലായിരുന്നു.

അഴുക്കുചാലില്‍നിന്ന് കൈകള്‍ കണ്ടെത്തി അധികം കഴിയും മുമ്പ് നിതാരിയില്‍ നിന്ന് വീണ്ടുമൊരു പെണ്‍കുട്ടിയേക്കൂടി കാണാതായി. പണ്‌ഢേറിന്റെ ബംഗ്ലാവിലേയ്ക്ക് പോകുകയാണെന്ന വിവരം മകള്‍ പായല്‍ തന്നെ അറിയിച്ചിരുനെന്നും ഇതിനുശേഷമായിരുന്നു മകളെ കാണാതായതെന്നും പിതാവ് നന്ദ് ലാല്‍ പോലീസിനോടു പറഞ്ഞു. ഇയാള്‍ മകളെ അന്വേഷിച്ച് പണ്‌ഢേറിന്റെ ഡി 5-ല്‍ എത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. അയാളുടെ കുടുംബം ചണ്ഡീഗഡിലായിരുന്നു താമസം. പണ്‌ഢേറിനെക്കൂടാതെ ജോലിക്കാരന്‍ സുരേന്ദര്‍ കോലിയും ഒരു വീട്ടുജോലിക്കാരിയും ഒരു തോട്ടക്കാരനും രണ്ട് ഡ്രൈവര്‍മാരുമായിരുന്നു ആ ബംഗ്ലാവില്‍ ഉണ്ടായിരുന്നത്. മകളെ കാണാനില്ലെന്ന് കാണിച്ച് നന്ദ്‌ലാല്‍ പോലീസിനെ സമീപിച്ചെങ്കിലും പോലീസ് പരാതി സ്വീകരിച്ചില്ല. ഒരു മാസത്തോളം ഇയാള്‍ പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും പരാതി സ്വീകരിക്കാന്‍ പോലീസ് തയാറായില്ല. ഇതിനിടയില്‍ പണ്‌ഢേറിനെയും കോലിയേയും മൂന്ന് തവണ ചോദ്യം ചെയ്യാന്‍ വിളിക്കുകയും വിട്ടയക്കുകയും ചെയ്തു. ഒടുവില്‍ അയാള്‍ നോയിഡ എസ്പിയെ കണ്ടു. എസ്പിയുടെ നിര്‍ദേശത്തോടെ മകളെ കാണാനില്ലെന്ന് കാണിച്ച് പായലിന്റെ പിതാവ് പരാതി നല്‍കിയതോടെ പോലീസ് പണ്‌ഢേറിനെയും കോലിയേയും ഒരിക്കല്‍ക്കൂടി ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തു. തുടര്‍ന്ന് എസ്പിയുടെ നിര്‍ദേശപ്രകാരം മിസിങ് കേസ് രജിസ്റ്റര്‍ ചെയ്തു.

Content Highlights: Nithari serial killings case history

Continue reading