രക്ഷകയായ മാലാഖയില്‍ നിന്ന് രക്തരക്ഷസിലേക്ക്; സിനിമയെ വെല്ലുന്ന മേരി തോംപ്‌സന്റെ ജീവിതം

കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ ഒരു സിനിമാകഥയെ വെല്ലുന്നതാണ് ഗാങ് മാം എന്നറിയപ്പെടുന്ന മേരി തോംപ്സന്റെ കഥ. മറ്റുള്ളവരുടെ വികാരവിചാരങ്ങളെ സ്വാധീനിച്ച് തന്റെ നിയന്ത്രണത്തിലാക്കുന്ന കൗശലക്കാരിയായ ഒരു സത്രീ. ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതി മുഖംമൂടിയണിഞ്ഞ് ജീവിച്ച മേരി തോംപ്‌സന് കാലിടറി വീണതെങ്ങനെ....
1990 കളിലെ അമേരിക്കയിലെ ഒറിഗണ്‍ സ്റ്റേറ്റിലെ യൂജീന്‍ നഗരം. അപകടകാരികളായ ഗാങ്ങുകളും മയക്കുമരുന്നിന്റെ കച്ചവടവും വ്യാപകമായ ഉപയോഗവും അമേരിക്കയിലെ പല നഗരങ്ങളിലും അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്ന കാലഘട്ടം കൂടിയായിരുന്നു അത്. എന്നാല്‍ അതില്‍ നിന്നെല്ലാം വിഭിന്നമായിരുന്നു യൂജീന്‍. വളരെ ശാന്തമായ, ജനങ്ങള്‍ തമ്മില്‍ ഊഷ്മളമായ സൗഹൃദം പുലര്‍ത്തിയിരുന്ന കുറ്റകൃത്യങ്ങൾ താരതമ്യേന കുറവുള്ള ഒരു പ്രദേശം. അവിടേയ്ക്കാണ് മേരി ലൂയിസ് തോംപ്സണ്‍ എന്ന മധ്യവയസ്‌കയായ സ്ത്രീയുടെ രംഗപ്രവേശം. യൂജീന്‍ നഗരത്തിലെ യുവതലമുറയുടെ ഭാവിയെക്കുറിച്ച് അവര്‍ കടുത്ത ആശങ്ക പങ്കുവച്ചു. അവിടുത്തെ കൗമരക്കാരുടെയും യുവാക്കളുടെയും ശാന്തമായ പ്രകൃതം മുഖംമൂടിയാണെന്നും നഗരത്തിലെ പല അപകടകരമായ ഗാങ്ങുകളിലും കുട്ടികള്‍ അംഗങ്ങളാണെന്ന് മേരി തോംപ്സണ്‍ കമ്മ്യൂണിറ്റിയിലെ മറ്റ് അംഗങ്ങളോട് പറഞ്ഞപ്പോള്‍ സംശയത്തോടെയാണ് അവരതിനെ സ്വീകരിച്ചത്. മയക്കുമരുന്നും ആയുധവുമെല്ലാം മറ്റു നഗരങ്ങളിലെ ഗാങ്ങുകളും യൂജിന്‍ സിറ്റിയിലേക്ക് ഒഴുക്കി തുടങ്ങിയെന്നും നമ്മുടെ കുട്ടികളെ അതില്‍ നിന്നെല്ലാം സംരക്ഷിക്കുന്നതിന് മാതാപിതാക്കളും സാമൂഹ്യപ്രവര്‍ത്തകരും ഒന്നിച്ചു നില്‍ക്കണമെന്നും മേരി തോംപ്സണ്‍ ആഹ്വാനം ചെയ്തു. തന്റെ ഏക മകനായ ബോ ഫ്‌ലിന്‍ തോംപ്‌സണ്‍ സാമൂഹ്യവിരുദ്ധരുടെ സ്വാധീനത്തില്‍ ആയിരുന്നുവെന്നും അവനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിന് ശേഷമാണ് തന്റെ പോരാട്ടം ആരംഭിച്ചതുമെന്നായിരുന്നു മേരി തോംപ്സൻ പറഞ്ഞിരുന്നത്. തന്റെ ജീവന്‍ ബലിനല്‍കേണ്ടി വന്നാലും സാരമില്ല ഗാങ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളിയായി താനുണ്ടാകുമെന്ന് മേരി തോംപ്സണ്‍ പ്രഖ്യാപിച്ചു.
Content Highlights: mary louise thompson, gang mom, America murder story, crime documentary