ദേവനന്ദയുടെ മരണം: ഒരാളില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍, എല്ലാവരെയും ചോദ്യംചെയ്യാന്‍ പോലീസ്

ചാത്തന്നൂര്‍(കൊല്ലം): ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. അവധിയിലായിരുന്ന ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ജോര്‍ജ് കോശി തിരികെയെത്തി കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്തുകയും സംഭവസ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ദേവനന്ദയുടെ പള്ളിമണ്‍ ഇളവൂരുള്ള വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അരമണിക്കൂറോളം അന്വേഷണം നടത്തിയശേഷം കുടവട്ടൂരിലെ വീട്ടിലേക്കു പോയി. പരിസരവാസിയായ ഒരാളെക്കുറിച്ച് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്.
ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തുന്നതിനായി ചൊവ്വാഴ്ച ഉച്ചയ്ക്ക് സംഭവസ്ഥലത്ത് എത്തുമെന്നറിയിച്ചിരുന്ന ഫൊറന്‍സിക് സംഘം എത്തിയില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ചൊവ്വാഴ്ചയും ബന്ധുക്കളുടെ മൊഴിയെടുത്തു. സംശയത്തിന്റെ നിഴലിലുള്ളവരെയെല്ലാം പോലീസ് ചോദ്യംചെയ്യും.
ദേവനന്ദയുടെ അമ്മയില്‍നിന്ന് വരുംദിവസങ്ങളില്‍ പോലീസ് കൂടുതല്‍ വിവരശേഖരണം നടത്തും.
കുട്ടി ഒറ്റയ്ക്ക് ആറ്റുതീരത്തേക്കു പോകില്ലെന്നാണ് ബന്ധുക്കള്‍ ഒന്നടങ്കം പറയുന്നത്. മുങ്ങിമരണമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് പോലീസിനെ വലയ്ക്കുന്നത്.
തുണിയലക്കുകയായിരുന്ന അമ്മയുടെ അടുത്തുപോയി മടങ്ങിയ കുട്ടിയെ പതിനഞ്ചു മിനിറ്റിനുള്ളിലാണ് കാണാതായത്. ഇത്രയും സമയംകൊണ്ട് കുട്ടി ആറ്റുതീരത്ത് എത്താനിടയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Content Highlights: kollam devananda death; police investigation is going on
Content Highlights: