സെക്സ്ടോര്‍ഷനും ഡിജിറ്റല്‍ അറസ്റ്റും.... പോയ പണം തിരിച്ചുപിടിക്കാൻ വഴിയുണ്ട്, പക്ഷേ, അമാന്തമരുത്

ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാര്യത്തില്‍ എത്ര പറഞ്ഞിട്ടും പഠിക്കാത്തവരായി മാറുകയാണ് മലയാളികള്‍. പോലീസും മാധ്യമങ്ങളും വിവിധ ബാങ്കുകളുമൊക്കെ നിരന്തരം ബോധവത്കരണം നടത്തിയിട്ടും ഒരേ രീതിയിലുള്ള തട്ടിപ്പുകള്‍ക്ക് ഇരയാവുകയാണ് നമ്മള്‍. ആദ്യമൊക്കെ ലക്ഷങ്ങളാണ് നഷ്ടമായതെങ്കില്‍ ഇപ്പോഴത് കോടികളിലേക്ക് മാറി. വെറും ഒ.ടി.പി തട്ടിപ്പില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റിലേക്കും ക്രിപ്റ്റോ തട്ടിപ്പിലേക്കുമൊക്കെ തട്ടിപ്പുകാര്‍ വളരുമ്പോഴും നമ്മിലൊരു വിഭാഗം ഇപ്പോഴും പണമിരട്ടിപ്പിലും അമിതലാഭത്തിലും കണ്ണുംനട്ട് പണം കളയുകയാണ്. ഇക്കൊല്ലം ഇതുവരെ 800 കോടിയോളം രൂപയാണ് മലയാളികളില്‍ നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. രാജ്യത്താകെ ഇത് 15000 കോടിയില്‍ അധികവുമാണ്. ഭൂരിഭാഗവും എത്തുന്നത് വിദേശത്തെ തട്ടിപ്പുകാരിലേക്കും.
ലോട്ടറിയടിച്ചെന്ന സന്ദേശത്തില്‍ മയങ്ങി പണം കളഞ്ഞവര്‍ നിരവധി. അതേ തട്ടിപ്പ് ഇപ്പോഴും തുടരുകയും മലയാളികള്‍ പണം കളയുകയും ചെയ്യുന്നുണ്ട്. വന്‍തുകയുടെ ലോട്ടറിയടിച്ചുവെന്നും അതില്‍ ലക്ഷങ്ങള്‍ നേടിയെന്നുമുള്ള സന്ദേശമാകും തട്ടിപ്പുകാര്‍ നല്‍കുക. ഇതില്‍ വിശ്വസിച്ച് വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാരന് നല്‍കുന്നതോടെ ചൂണ്ടയില്‍ കൊത്തുകയാണ്. വ്യാജ ചെക്കിന്റെ, അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അയക്കുന്നതോടെ ചിലരെങ്കിലും അക്കാര്യം വിശ്വസിച്ച് തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് അവര്‍ പറഞ്ഞ രജിസ്ട്രേഷന്‍ ഫീസ് നല്‍കുകയും ചെയ്യും. ഇത് പല തവണ ആവര്‍ത്തിക്കപ്പെടുന്നു. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാകുമ്പോഴേക്കും ഇരയ്ക്ക് വലിയ തുക തന്നെ നഷ്ടപ്പെട്ടിരിക്കും.
ശ്രദ്ധയ്ക്ക്: ഒരു നിയമാനുസൃത ലോട്ടറിയും സമ്മാന തുകയ്ക്കായി മുന്‍കൂര്‍ പണം അടയ്ക്കാന്‍ ആവശ്യപ്പെടില്ല.
Content Highlights: online scams Kerala digital arrest sextortion cybercrime online fraud OTP scams investment scams cry