വഴിയിൽ കാത്തിരുന്ന് പത്താംക്ലാസുകാരനെ കാറിടിപ്പിച്ച് കൊന്നു, കൊടുംക്രൂരത; എല്ലാം കണ്ട് CCTV ക്യാമറ

സംഭവത്തിന്റെ സിസിടിവി ദൃശ്യം(ഇടത്ത്) പ്രതി പ്രിയരഞ്ജന്‍(വലത്ത്)
സംഭവത്തിന്റെ സിസിടിവി ദൃശ്യം(ഇടത്ത്) പ്രതി പ്രിയരഞ്ജന്‍(വലത്ത്)

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താംക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യം. കാട്ടാക്കട പൂവച്ചല്‍ പുളിങ്കോട് ആദിശേഖറി(15)നെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതി പ്രിയരഞ്ജനെതിരേ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവായി മാറിയത്. ഒടുവില്‍ നാടിനെ ഞെട്ടിച്ച കൊലക്കേസില്‍ പ്രതി പ്രിയരഞ്ജന്‍ കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. പ്രതിക്ക് ജീവപര്യന്തം കഠിനതടവും കോടതി വിധിച്ചു. 

പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായ ഷീബയുടെയും മകനാണ് ആദിശേഖര്‍. കാട്ടാക്കട ചിന്മയ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. 2023 ഓഗസ്റ്റ് 30 വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്നിലായിരുന്നു ആദിശേഖര്‍ കൊല്ലപ്പെട്ട സംഭവമുണ്ടായത്.

ക്ഷേത്ര ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് സൈക്കിളില്‍ മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രതി കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാറിടിച്ചുണ്ടായ അപകടമരണമെന്നരീതിയിലാണ് ആദ്യം പോലീസ് കേസെടുത്തിരുന്നത്. കാറോടിച്ചിരുന്ന പ്രിയരഞ്ജനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയുംചെയ്തു. എന്നാല്‍, സംഭവത്തിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത് വഴിത്തിരിവായി. പ്രതി മനഃപൂര്‍വം കാറിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് ഇതോടെ വ്യക്തമായി. തുടര്‍ന്ന് പ്രതിക്കെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി. 

ആദിശേഖറും സുഹൃത്തും സൈക്കിള്‍ ചവിട്ടി പോകാന്‍ തുടങ്ങിയതിന് പിന്നാലെയാണ് അതുവരെ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പ്രിയരഞ്ജന്‍ മുന്നോട്ടെടുത്തത്. തുടര്‍ന്ന് കുട്ടിയെ ഇടിച്ചിട്ട് അതിവേഗത്തില്‍ കുതിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പ്രിയരഞ്ജന്‍ കുട്ടിയെ മനപ്പൂര്‍വം കാറിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന സംശയം ഇതോടെ ബലപ്പെടുകയും കുടുംബം പരാതി നല്‍കുകയുമായിരുന്നു. 

പ്രതിയായ പ്രിയരഞ്ജന്‍ ആദിശേഖറിന്റെ അകന്ന ബന്ധു കൂടിയാണ്. നേരത്തെ പ്രിയരഞ്ജനും ആദിശേഖറും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിനുള്ള കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

പ്രിയരഞ്ജന്‍ മദ്യപിച്ചെത്തി ക്ഷേത്രമതിലില്‍  മൂത്രമൊഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആദിശേഖര്‍ ഇത് ചോദ്യംചെയ്തിരുന്നു. കൊലപാതകം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഈ സംഭവം. താന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യംചെയ്തതോടെ പ്രിയരഞ്ജന്‍ കുട്ടിയുമായി വഴക്കിട്ടു. പിന്നീട് ഇത് പകയായി മാറി. ഒടുവില്‍ മാസങ്ങള്‍ക്കിപ്പുറം പ്രതി കുട്ടിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തി പ്രതികാരം തീര്‍ക്കുകയായിരുന്നു. 

സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ പ്രിയരഞ്ജനെ ദിവസങ്ങള്‍ക്ക് ശേഷം തമിഴ്‌നാട് അതിര്‍ത്തിയായ കുഴിത്തുറയില്‍നിന്നാണ് പോലീസ് പിടികൂടിയത്. അതേസമയം, മനഃപൂര്‍വം കാറിടിപ്പിച്ചതല്ലെന്നും കാര്‍ നിയന്ത്രണംവിട്ടാണ് സൈക്കിളില്‍ ഇടിച്ചതെന്നുമായിരുന്നു തെളിവെടുപ്പിനിടെ പ്രതിയുടെ മൊഴി. 

ദുബായില്‍ ടാറ്റൂ സെന്റര്‍ നടത്തുന്നയാളാണ് പ്രതി പ്രിയരഞ്ജന്‍. അതിനിടെ, പ്രതിയുടെ ഭാര്യ തങ്ങളെയും കുടുംബത്തെയും സാമൂഹികമാധ്യമങ്ങളിലൂടെ അവഹേളിക്കുന്നതായി ആരോപിച്ച് ആദിശേഖറിന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തിരുന്നു.

നഷ്ടമായത് പ്രിയപ്പെട്ട ആദിയെ....

കാട്ടാക്കട ചിന്മയാ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ആദിശേഖര്‍ സ്‌കൂളിലെ മത്സരങ്ങളിലെല്ലാം ഒന്നാമനായിരുന്നു. സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും അയല്‍വാസികള്‍ക്കും അവന്‍ പ്രിയപ്പെട്ട 'ആദി'യായിരുന്നു.

ജി-20 സമ്മേളനത്തിന്റെ ഭാഗമായി ചിന്മയാ സ്‌കൂള്‍ സംഘടിപ്പിച്ച ഇന്റര്‍സ്‌കൂള്‍ മത്സരത്തില്‍ കാട്ടാക്കട സ്‌കൂളിനെ പ്രതിനിധീകരിച്ചത് ആദിയായിരുന്നു. തിയേട്രിക്സ് ഇന്റര്‍സ്‌കൂള്‍ നാടകമത്സരങ്ങളിലും മികച്ച അഭിനേതാവെന്ന നിലയില്‍ തിളങ്ങിയിരുന്നു. സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവെലില്‍ ഇംഗ്‌ളീഷ്, മലയാളം പ്രസംഗം, ഗ്രൂപ്പ് ഡാന്‍സ്, സംസ്‌കൃതം പദ്യപാരായണം തുടങ്ങി നിരവധിയിനങ്ങളില്‍ ഒന്നാമനായിരുന്നു. പല ക്വിസ് മത്സരങ്ങളിലും സ്‌കൂളിനെ പ്രതിനിധീകരിച്ചിരുന്നത് ആദിയുള്‍പ്പെടുന്ന ടീമായിരുന്നു.

കൊല്ലപ്പെട്ട ആദിശേഖര്‍

പഠിക്കാന്‍ മിടുക്കനായിരുന്ന ആദിശേഖര്‍, പരീക്ഷകളില്‍ സ്‌കൂള്‍തലത്തില്‍ ആദ്യ പത്തിനുള്ളില്‍ ഇടംപിടിച്ചിരുന്നു. എല്ലാ കാര്യത്തിലും സജീവമായി ഇടപെട്ടിരുന്ന ആദി അധ്യാപകരുടെ തെറ്റുകളും ചൂണ്ടിക്കാണിക്കാന്‍ മടിച്ചിരുന്നില്ല. 2023-ല്‍ ഒന്നാം ഓണത്തിന് സുഹൃത്തിന്റെ വീട്ടിലെ ചടങ്ങിന് സഹപാഠികളെല്ലാം ഒത്തുകൂടിയപ്പോള്‍ മുന്‍നിരയില്‍ നിന്നതും ആദിയായിരുന്നു. തിരുവോണത്തിന് എല്ലാ കൂട്ടുകാര്‍ക്കും ഓണാശംസ നേര്‍ന്ന ആദിയുടെ മരണം അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ഉള്‍ക്കൊള്ളാനായിരുന്നില്ല. 

നാടിന്റെ അഭിമാനമാകേണ്ടിയിരുന്ന കുഞ്ഞാണ് അകാലത്തില്‍ വിടപറഞ്ഞതെന്നാണ് അയല്‍വാസികളടക്കം അഭിപ്രായപ്പെട്ടിരുന്നത്. എല്ലാവരോടും സ്‌നേഹാദരങ്ങളോടെ പെരുമാറിയിരുന്ന ആദി പുളിങ്കോട് ദേവീക്ഷേത്രത്തിനു മുന്നിലെ കളിസ്ഥലത്ത് കുട്ടികളുടെ ക്യാപ്റ്റനുമായിരുന്നു. രാമായണ പാരായണം, ശ്രീകൃഷ്ണജയന്തി ചടങ്ങുകളിലും ക്ഷേത്രത്തിലെ എല്ലാ പരിപാടികളിലും സജീവ സാന്നിധ്യവുമായിരുന്നു. 

Content Highlights: CCTV footage reveals a hit-and-run in Kattakada, Kerala, resulting in the death of a 10th Student