പോലീസിനെക്കണ്ട് ഓടിയവന്‍ 'ബ്ലാക്ക്മാന്‍' എന്ന് നാട്ടുകാര്‍; ഒടുവില്‍ പോലീസ് തന്നെ രക്ഷകരായി
കാളികാവ്(മലപ്പുറം): ബ്ലാക്ക്മാന്‍ പലരുടെയും ഉറക്കംകെടുത്തുമ്പോള്‍ കാളികാവ് ചോക്കാട് പഞ്ചായത്തിലെ മഞ്ഞപ്പെട്ടിയില്‍ 'ബ്ലാക്ക്മാനെ' പോലീസിനുതന്നെ രക്ഷിക്കേണ്ടിവന്നു.
മമ്പാട്ടുമൂല മഞ്ഞപ്പെട്ടിയുള്‍പ്പെടെ പല ഭാഗങ്ങളിലും ബ്ലാക്ക്മാനെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു. പ്രദേശവാസികളുടെ ഭയാശങ്ക തീര്‍ക്കാനായി രാത്രി പോലീസ് പരിശോധനക്കിറങ്ങി.
ശേഷം കഥ ഇങ്ങനെ: മഞ്ഞപ്പെട്ടി റോഡരികില്‍ രാത്രി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നംഗസംഘം പോലീസ് ജീപ്പ് കണ്ട് ഓടി. ചിതറിയോടിയ മൂന്നംഗസംഘത്തിലെ ഒരാള്‍ മതില്‍ചാടിയെത്തിയത് ഒരു വീട്ടുമുറ്റത്തേക്കാണ്. മതില്‍ചാടിയ ശബ്ദവും രൂപവും കണ്ട വീട്ടുകാര്‍ പേടിച്ചു. ഉള്ളില്‍ അടക്കിപ്പിടിച്ചിരുന്ന 'ബ്ലാക്ക്മാന്‍' ഭയം പുറത്തേക്കുചാടി.
വീട്ടുകാരുടെ ബഹളംകേട്ട് പരിസരവാസികള്‍ സംഘടിച്ചു. പോലീസ് വാഹനം മുന്നോട്ടുനീങ്ങിയപ്പോഴാണ് ആയുധമേന്തിനില്‍ക്കുന്ന നാട്ടുകാരുടെ സംഘത്തെ കണ്ടത്. സംഭവം പിടികിട്ടിയ എസ്.ഐ സി.കെ. നൗഷാദ് മതില്‍ ചാടിയത് ബ്ലാക്ക്മാനല്ലെന്നും ലോക്ഡൗണ്‍ കാലത്ത് പുറത്ത് ചുറ്റിപ്പറ്റിനിന്നപ്പോള്‍ പോലീസ് വരുന്നതുകണ്ട് പേടിച്ചോടിയ ആളാണെന്നും നാട്ടുകാരെ ബോധ്യപ്പെടുത്തി.
പോലീസിന്റെ അവസരോചിതമായ ഇടപെടലില്‍ മതില്‍ ചാടിയ വ്യക്തി തല്ലില്‍നിന്നും രക്ഷപ്പെട്ടു. ഇയാളെ നടപടിയൊന്നുമെടുക്കാതെ വിട്ടയച്ചു.
ബ്‌ളാക്ക്മാന്‍ സംഭവത്തിനുപിന്നിലുള്ളവരെ നേരിടാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങരുതെന്നും നിരപരാധികളാകും നാട്ടുകാരുടെ കൈയേറ്റത്തിന് ഇരയാകുകയെന്നും പോലീസ് പറഞ്ഞു.
Content Highlights: kalikavu blackman hunt
Content Highlights: