അന്ന് നടന്നതും IED സ്‌ഫോടനങ്ങൾ; വള്ളം തകർന്നു, ഭാരമേറിയ വല തെറിച്ചു, ഒരുകിലോമീറ്റർ ചുറ്റളവിൽ മുഴക്കം

#ടി.കെ.ബാലനാരായണന്‍
കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടനമുണ്ടായ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു | ഫയല്‍ചിത്രം | ഫോട്ടോ: കെ.കെ.സന്തോഷ്/മാതൃഭൂമി
കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടനമുണ്ടായ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു | ഫയല്‍ചിത്രം | ഫോട്ടോ: കെ.കെ.സന്തോഷ്/മാതൃഭൂമി

കോഴിക്കോട്: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനസ്ഥലത്ത് നടന്നത് ഐ.ഇ.ഡി.(ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്‌) സ്‌ഫോടനമാണെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനം നടത്തിയെന്ന് അവകാശപ്പെട്ട തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ പോലീസ് കസ്റ്റഡിയിലും. ടിഫിന്‍ ബോക്‌സിലാക്കിയ ബോംബുകളാണ് ഇയാള്‍ സമ്മേളനസ്ഥലത്ത് പൊട്ടിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ജില്ലയിലും സമാനരീതിയിലുള്ള മൂന്ന് ഐ.ഇ.ഡി. സ്‌ഫോടനങ്ങള്‍ നടന്നിട്ടുണ്ട്. ആദ്യത്തേത് 2005 സെപ്തംബര്‍ 17-ന് ബേപ്പൂരില്‍ നിര്‍ത്തിയിട്ട വള്ളത്തിലും രണ്ടാമത്തേത്  2006 മാര്‍ച്ച് മൂന്നിന് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലും കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലുമായി നടന്ന ഇരട്ട സ്ഫോടനങ്ങളുമാണ്. ബേപ്പൂരില്‍ മീന്‍പിടിത്ത ഹാര്‍ബര്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വള്ളത്തില്‍ അതിരാവിലെയായിരുന്നു ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിയുണ്ടായത്. 

സ്‌ഫോടനത്തില്‍ യന്ത്രവത്കൃത ഫൈബര്‍വള്ളം പൂര്‍ണമായും തകര്‍ന്നു. തൊഴിലാളികള്‍ ഈ വള്ളത്തില്‍ മീന്‍പിടിക്കാന്‍ പുറപ്പെടുന്നതിന് അല്‍പ്പം മുമ്പായിരുന്നു സ്ഫോടനം. അവര്‍ എത്താന്‍ വൈകിയതിനാല്‍ വലിയ ദുരന്തം അന്ന് ഒഴിവായി. 35 തൊഴിലാളികളായിരുന്നു ഇതില്‍ എന്നും പോകാറുണ്ടായിരുന്നത്.  സ്ഫോടനത്തിന്റെ ശക്തിയില്‍ വള്ളത്തിലുണ്ടായിരുന്ന വലിയ ഭാരമേറിയ വല സമീപത്തെ മറ്റൊരു ബോട്ടിലേക്ക് പതിച്ചു. ഒരു കിലോമീറ്റര്‍ ചുറ്റളവ് വരെയുള്ള വീടുകളില്‍ ഇതിന്റെ മുഴക്കം അനുഭവപ്പെട്ടിരുന്നു. പൊട്ടിത്തെറി നടന്ന വള്ളത്തിന്റെ ഉടമകളില്‍ ആറുപേര്‍ മാറാട് കൂട്ടക്കൊലക്കേസില്‍ ഉള്‍പ്പെട്ടവരാണ്. മാറാട് സ്വദേശികളായ 18 പേരുടെ ഉടമസ്ഥതയിലുള്ള അഹദലിയ എന്ന വള്ളമാണ് തകര്‍ന്നത്.

കേരള പോലീസാണ് ആദ്യഘട്ടത്തില്‍ ഈ കേസ് അന്വേഷിച്ചത്. പിന്നീട് അന്വേഷണം എവിടെയും എത്താതായതോടെ കേസ് സി.ബി.ഐ. അന്വേഷിച്ചു. കാര്യമായ വിവരങ്ങളൊന്നും കിട്ടാതായതോടെ കേസന്വേഷണം അവസാനിപ്പിക്കുകയാണുണ്ടായത്. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് അന്ന് ഹൈക്കോടതി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്. ഇരുനൂറോളം പേരില്‍നിന്ന് തെളിവെടുത്തിരുന്നു. സാമൂഹിക, സാമുദായിക സൗഹാര്‍ദം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആരെങ്കിലും ദുരുദ്ദേശ്യപരമായി പ്രവര്‍ത്തിച്ചതായി തെളിവില്ലെന്ന് സി.ബി.ഐ. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്  കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കോഴിക്കോട് നഗരത്തിലെ രണ്ടാമത്തെ ഐ.ഇ.ഡി. സ്ഫോടനം

മാവൂര്‍ റോഡിലെ രണ്ട് ബസ്സ്റ്റാന്‍ഡുകളിലായി നടന്ന സ്ഫോടനങ്ങളാണ് നഗരത്തിലെ രണ്ടാമത്തെ ഐ.ഇ.ഡി. സ്ഫോടനം. 20 മിനുട്ടിന്റെ ഇടവേളകളിലായി ഉച്ചയോടെ നഗരമധ്യത്തിലുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനടുത്തും മൊഫ്യൂസില്‍ ബസ് സ്റ്റാന്റിനകത്തുമാണ് 2006-ല്‍ സ്ഫോടനങ്ങൾ നടന്നത്. പോലീസ് കോണ്‍സ്റ്റബില്‍ ഉണ്ണി,ചുമട്ടുതൊഴിലാളിയായ ചക്കുകടവ് സ്വദേശി അഷ്റഫ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. കസബ എസ്.ഐയായിരുന്ന കെ.ആര്‍.ബൈജു ആയിരുന്നു ആദ്യഘട്ടത്തില്‍ കേസന്വേഷിച്ചത്. പിന്നീട് ക്രൈംബ്രാഞ്ച് സി.ഐ.ഡി.എസ്.ഐ.ജി. മൂന്നും അതിന് ശേഷം എന്‍.ഐ.എയും കേസന്വേഷിച്ചു. 

കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ സ്ഫോടനമുണ്ടായ സ്ഥലത്ത് ജില്ലാ കളക്ടര്‍ രചന ഷാ പരിശോധനയ്ക്ക് എത്തിയപ്പോള്‍ | ഫയല്‍ചിത്രം  |  ഫോട്ടോ: കെ.കെ..സന്തോഷ്/മാതൃഭൂമി

കണ്ണൂർസ്വദേശി തടിയന്റവിട നസീര്‍, തലശേരി സ്വദേശി മുഹമ്മദ് അഷര്‍, കണ്ണൂരിലെ അബ്ദുള്‍ ഹാലിം, കണ്ണൂര്‍ സ്വദേശി ഷഫാസ്, കണ്ണൂര്‍ കടമ്പൂര്‍ സ്വദേശി അബ്ദുള്‍ ജലീല്‍ എന്നിങ്ങനെ അഞ്ച് പേരെയാണ് അന്ന് കസബ സ്റ്റേഷനിലെ സ്ഫോടനക്കേസില്‍ ആദ്യഘട്ടത്തില്‍  പ്രതികളാക്കി കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ മുഹമ്മദ് അഷര്‍, അബ്ദുള്‍ ഹലിം എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു. ഒന്നാം പ്രതി തടിയന്റവിട നസീര്‍, ഷഫാസ് എന്നിവര്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. യു.എ.പി.എയും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. ടൈമര്‍ വച്ചായിരുന്നു ഇരട്ടസ്ഫോടനങ്ങള്‍ നടത്തിയത്.  മൂന്ന് സ്ഫോടനങ്ങളിലും ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉപയോഗിച്ചിരുന്നു. ഉച്ചയ്ക്ക് 1.05-ന് ആയിരുന്നു ആദ്യസ്ഫോടനം. ഇത് കസബ സ്റ്റേഷനില്‍ സംഭവം രേഖാമൂലം  റിപ്പോര്‍ട്ട് ചെയ്തത് 2.15-ന് ആയിരുന്നു. കോഴിക്കോട്  സി.ബി.സി.ഐ.ഡി ക്രൈം നമ്പര്‍ 183/2006  ആയി റജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് 2005-ല്‍ ദേശീയ അന്വേഷണ ഏജന്‍സി ക്രൈം നമ്പര്‍ 5/09 ആയി റജിസ്റ്റര്‍ ചെയ്യുകയും അഞ്ച് പേരെയും പ്രതികളായി ഉള്‍പ്പെടുത്തുകയും ചെയ്തു. കുറ്റം ചെയ്യാനുള്ള ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹ കുറ്റം, മതസ്പർധ വളര്‍ത്തുക തുടങ്ങിയ സുപ്രപ്രധാന  വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരുന്നത്.

ഐ.ഇ.ഡി. സ്ഫോടനം

റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചോ ടൈമര്‍ വച്ച് ക്രമീകരിച്ചോ സ്പര്‍ശനം, ശബ്ദം, മര്‍ദം, പ്രകാശം എന്നിവ കൊണ്ടോ ജീവജാലങ്ങളുടേയോ വസ്തുക്കളുടേയോ സാമീപ്യംകൊണ്ടോ  ഇത്തരം ബോംബുകള്‍ പൊട്ടിത്തെറിക്കാം. ബോംബ്  നിര്‍മ്മിച്ചവര്‍ക്ക്  വിദൂരകേന്ദ്രങ്ങളില്‍നിന്ന്  നിയന്ത്രിച്ച്  ലക്ഷ്യമിട്ട സ്ഥലത്ത്  സ്ഫോടനങ്ങള്‍ നടത്താമെന്നതാണ് ഐ.ഇ.ഡി. സ്ഫോടനത്തിന്റെ സൗകര്യം.

ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍(ഐ.ഇ.ഡി) ഉപയോഗിച്ച് സ്‌ഫോടനം നടത്തിയ സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച സംഭവത്തിലും ഐ.ഇ.ഡിയായിരുന്നു അക്രമികള്‍ ഉപയോഗിച്ചിരുന്നത്. പ്രഷര്‍ സ്വിച്ച് ഉപയോഗിച്ചായിരുന്നു ഈ സംഭവത്തില്‍ ഐ.ഇ.ഡി. പൊട്ടിച്ചത്. 

നിര്‍മാതാവിന്റെ യുക്തിക്ക് അനുസരിച്ച് രൂപമാറ്റം വരുത്താവുന്നതോ രൂപമാറ്റം വരുത്തിയതോ ആയ ഒരു മെക്കാനിസം ഉപയോഗിച്ച് പൊട്ടിക്കാവുന്ന ബോംബാണ് ഐ.ഇ.ഡി. എക്‌സ്‌പോസ്ലീവ്, ഡിറ്റണേറ്റര്‍, പവര്‍ സോഴ്‌സ്, സ്വിച്ച്, കണ്ടെയ്‌നര്‍ എന്നിവയാണ് ഐ.ഇ.ഡിയിലെ പ്രധാന ഘടകങ്ങള്‍. ഐ.ഇ.ഡിയാണെന്ന് സംശയിക്കുന്ന എന്തെങ്കിലും വസ്തു കണ്ടാല്‍ ഒരിക്കലും അത് ഇളക്കിനോക്കുകയോ തുറക്കാനോ ശ്രമിക്കരുത്. ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് നീക്കുക, ജനലുകളും വാതിലുകളും തുറന്നിടുക, ഗ്യാസ്, വൈദ്യുത ലൈനുകള്‍ ഓഫ് ചെയ്യുക എന്നിവയും വേണം. ഐ.ഇ.ഡി.യുടെ സമീപത്തുവെച്ച് മൊബൈല്‍ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതും അപകടകരമാണ്. 

Content Highlights: kalamassery blast ied blasts cases in kozhikode