നിശാക്ലബില്‍ യുവതികള്‍ക്ക് കൊടുംപീഡനം; സിംഗപ്പൂരിലെ 'ദാദയും ദീദിയും' ജയിലിലേക്ക്

സിംഗപ്പൂര്‍ സിറ്റി: മനുഷ്യക്കടത്ത് കേസില്‍ ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് സിംഗപ്പൂരില്‍ ജയില്‍ശിക്ഷ. സിംഗപ്പൂരിലെ നിശാക്ലബ് നടത്തിപ്പുകാരായ മാല്ക്കര് സാവ്ലറാം(51), ഭാര്യ പ്രിയങ്ക ഭട്ടാചാര്യ രാജേഷ്(31) എന്നിവരെയാണ് സിംഗപ്പൂരിലെ കോടതി അഞ്ചര വര്‍ഷം തടവിന് ശിക്ഷിച്ചത്. ഇതോടൊപ്പം ഇരുവരും 7500 സിംഗപ്പൂര്‍ ഡോളര്‍(ഏകദേശം 3.85 ലക്ഷം രൂപ) പിഴയായി അടക്കണമെന്നും വാദികളിലൊരാളായ സ്ത്രീക്ക് 4878 സിംഗപ്പൂര്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.
2015 ലെ മനുഷ്യക്കടത്ത് നിരോധന നിയമമനുസരിച്ചാണ് കോടതി ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് ശിക്ഷ വിധിച്ചത്. ബംഗ്ലാദേശ് സ്വദേശികളായ മൂന്ന് യുവതികളെ ഇരുവരും ചേര്‍ന്ന് സിംഗപ്പൂരിലെത്തിച്ച് കൊടിയ പീഡനത്തിനിരയാക്കിയെന്നതാണ് കേസ്. ദമ്പതിമാരുടെ നിശാക്ലബുകളില് ജോലിക്കെത്തിയ യുവതികള്‍ക്ക് കൃത്യമായ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കിയിരുന്നില്ല. മാത്രമല്ല, തുടര്‍ച്ചയായി എട്ടുമണിക്കൂര്‍ ദിവസവും ഡാന്‍സ് ബാറില്‍ നൃത്തം ചെയ്തിരുന്ന യുവതികള്‍ക്ക് ആഴ്ചയിലൊരു ദിവസം അവധി പോലും അനുവദിച്ചിരുന്നില്ല. ഇവരെ ക്ലബിലെത്തുന്ന ഉപഭോക്താക്കളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനും പ്രേരിപ്പിച്ചിരുന്നു.
ജോണി, ദാദ എന്നീ പേരുകളില്‍ അറിയപ്പെടുന്ന മാല്ക്കറും ദീദി എന്ന് വിളിക്കുന്ന പ്രിയങ്കയും യുവതികളെ വഞ്ചിച്ചെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇരകളായ യുവതികള്‍ക്ക് സ്വാതന്ത്ര്യം പോലും നിഷേധിക്കുന്നരീതിയിലാണ് ജോലിചെയ്യിപ്പിച്ചതെന്നും കോടതി പറഞ്ഞു. 982 സിംഗപ്പൂര്‍ ഡോളര്‍(ഏകദേശം അമ്പതിനായിരം രൂപ) മാസ ശമ്പളം വാഗ്ദാനം ചെയ്താണ് ബംഗ്ലാദേശി യുവതികളെ ജോലിക്കെത്തിച്ചത്. എന്നാല്‍ സിംഗപ്പൂരില്‍ എത്തിയ ഉടന്‍ ഇവരുടെ മൊബൈല്‍ ഫോണുകളും പാസ്പോര്‍ട്ടുകളും പ്രിയങ്ക വാങ്ങിവെച്ചു. താമസസ്ഥലത്ത് നിന്ന് വാഹനത്തില്‍ നിശാക്ലബുകളിലേക്ക് കൊണ്ടുപോയിരുന്നു ഇവര്‍ക്ക് മറ്റൊരിടത്തേക്കും പോകാന്‍ അനുവാദമുണ്ടായിരുന്നില്ല. താമസിക്കുന്ന മുറി പ്രിയങ്ക ദിവസവും പുറത്തുനിന്ന് പൂട്ടിയിടുകയും ചെയ്തിരുന്നു. ഇടയ്ക്കിടെ കമ്പനി ഫോണില്‍നിന്ന് മാത്രമാണ് യുവതികള്‍ക്ക് വീട്ടിലേക്ക് വിളിക്കാന്‍ അനുവാദമുണ്ടായിരുന്നത്. എന്നാല്‍ ഇതും പ്രിയങ്കയുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. നിശാക്ലബിലെത്തുന്ന ഉപഭോക്താക്കളില്‍നിന്ന് ലഭിക്കുന്ന ടിപ്പ് കുറഞ്ഞതിന്റെ പേരിലും യുവതികളെ പീഡിപ്പിച്ചിരുന്നു. ഇതെല്ലാം വിചാരണ വേളയില്‍ കോടതി വിശദമായി പരിശോധിച്ചു.
2015 ലാണ് സിംഗപ്പൂരില്‍ മനുഷ്യക്കടത്ത് നിരോധന നിയമം നിലവില്‍വന്നത്. ഈ നിയമമനുസരിച്ച് സിംഗപ്പൂര്‍ സിറ്റിയില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യപ്രതികളാണ് ഇന്ത്യന്‍ ദമ്പതിമാര്‍.
Content Highlights: human trafficking case; indian night club couple jailed in singapore
Content Highlights: