ബിന്ദുവിന്റെ കോടികളുടെ സ്വത്ത് പലവഴിക്ക്; ജൈനമ്മയുടെ തിരോധാനം; ഒന്നും മിണ്ടാതെ സെബാസ്റ്റ്യൻ, ഇനി DNA

പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്(ഇടത്ത്) കാണാതായ ബിന്ദു പദ്മനാഭന്‍(വലത്ത്)
പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്(ഇടത്ത്) കാണാതായ ബിന്ദു പദ്മനാഭന്‍(വലത്ത്)

കോട്ടയം/ആലപ്പുഴ: രണ്ട് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത സെബാസ്റ്റ്യന്‍ ചോദ്യംചെയ്യലില്‍ മൗനം തുടരുന്നു. കഴിഞ്ഞദിവസം ചേര്‍ത്തല പള്ളിപ്പുറത്തെ ഇയാളുടെ വീട്ടുവളപ്പില്‍നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും ഇതേക്കുറിച്ചൊന്നും സെബാസ്റ്റ്യന്‍ കൂടുതലായി പറയാന്‍ തയ്യാറില്ലെന്നാണ് വിവരം. അതേസമയം, കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ ആരുടേതാണെന്ന് കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് സംഘം ഡിഎന്‍എ പരിശോധനയിലേക്ക് നീങ്ങുകയാണ്. 

കോട്ടയം ക്രൈംബ്രാഞ്ച് തിങ്കളാഴ്ച നടത്തിയ തിരച്ചിലിലാണ് ചേര്‍ത്തല പള്ളിപ്പുറം ചെങ്ങുംതറവീട്ടില്‍ സെബാസ്റ്റ്യന്റെ (65) വീട്ടുവളപ്പില്‍നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അസ്ഥികളടങ്ങിയ അവശിഷ്ടം മനുഷ്യന്റേതാണെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടിലെ സ്വീകരണമുറിയില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ രക്തക്കറയും കണ്ടെത്തി.

ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനി ബിന്ദു പദ്മനാഭൻ (47) കാണാതായ കേസിലെ പ്രതിയും കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി ജൈനമ്മയെ കാണാതായ കേസില്‍ ക്രൈംബ്രാഞ്ചിന്റെ സംശയനിഴലിലുള്ളയാളുമാണ് സെബാസ്റ്റ്യന്‍. ജൈനമ്മയുടെ ബന്ധുക്കളുടെ പരാതിയില്‍ സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്തതില്‍നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാവിലെമുതല്‍ കോട്ടയം ക്രൈംബ്രാഞ്ച് എസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തില്‍ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ പരിശോധന തുടങ്ങിയത്. ഉച്ചയ്ക്കുശേഷമാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഇതോടെ വീടും പരിസരവും പോലീസ് പൂര്‍ണമായും ബന്തവസ്സിലാക്കി.

ശാസ്ത്രീയ പരിശോധനാസംഘവും വിരലടയാളവിദഗ്ധരുമടങ്ങുന്ന സംഘത്തിന്റെ പരിശോധന രാത്രി വൈകിയും തുടര്‍ന്നു. ബിന്ദുപത്മനാഭന്റെ തിരോധാനം അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി കെ. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി. ലഭിച്ച അവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷമേ ഇതു കാണാതായ സ്ത്രീകളിലാരുടേതെങ്കിലുമാണോയെന്നു തിരിച്ചറിയാനാകൂ. 

കടക്കരപ്പള്ളി ആലുങ്കല്‍ പത്മനിവാസില്‍ ബിന്ദു പദ്മനാഭനെ 2002 മുതല്‍ കാണാനില്ലെന്നുകാട്ടി 2017-ലാണ് സഹോദരന്‍ പ്രവീണ്‍ പോലീസില്‍ പരാതിനല്‍കിയത്. വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യനാണ് ഇതിനുത്തരവാദിയെന്നായിരുന്നു പരാതി. ഇതില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സെബാസ്റ്റ്യനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. പിന്നീടാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്.

ഏറ്റുമാനൂര്‍ കോട്ടമുറി ജൈനമ്മയെ 2024 ഡിസംബര്‍ 23 മുതലാണ് കാണാതായത്. 28-ന് സഹോദരന്‍ സാവിയോ മാണിയും പിന്നീട് ഭര്‍ത്താവ് അപ്പച്ചനും പോലീസില്‍ പരാതിനല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ അവസാനമായി പള്ളിപ്പുറത്താണ് കണ്ടെത്തിയത്. ഇതും സെബാസ്റ്റ്യനെ സംശയിക്കാന്‍ കാരണമായി. പോലീസ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ സെബാസ്റ്റ്യന്റെ സഹായി ചേര്‍ത്തല സ്വദേശി ഓട്ടോ ഡ്രൈവര്‍ മനോജിനെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നിര്‍ണായകമായി ഫോണ്‍...
ജൈനമ്മയുടെ തിരോധാനത്തില്‍ ഇവരുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്. ജൈനമ്മയെ കാണാതായെന്ന് വീട്ടുകാര്‍ പരാതി നല്‍കിയശേഷം ഈരാറ്റുപേട്ടയില്‍വെച്ചും പള്ളിപ്പുറത്തുവെച്ചും ഫോണ്‍ ഓണായതായി കണ്ടെത്തി. ഈരാറ്റുപേട്ടയിലെ ഒരുകടയില്‍നിന്ന് ഫോണ്‍ ചാര്‍ജ്‌ചെയ്‌തെന്നും വ്യക്തമായി. അന്വേഷണത്തില്‍ സെബാസ്റ്റിയനാണ് ഫോണ്‍ ചാര്‍ജ് ചെയ്തതെന്ന് മനസിലായി. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

ഇനി ഡിഎന്‍എ പരിശോധന, മൗനം തുടര്‍ന്ന് സെബാസ്റ്റിയന്‍...
തിങ്കളാഴ്ച പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍നിന്ന് കണ്ടെത്തിയ ശരീരാവശിഷ്ടം ജൈനമ്മയുടേതാണോ എന്ന് കണ്ടെത്താനായി ഡിഎന്‍എ പരിശോധന നടത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഡിഎന്‍എ പരിശോധനയ്ക്കായി ജൈനമ്മയുടെ സഹോദരന്റെയും സഹോദരിയുടെയും സാമ്പിളുകള്‍ ചൊവ്വാഴ്ച ശേഖരിക്കും. അതേസമയം, അന്വേഷണസംഘത്തിന്റെ ചോദ്യംചെയ്യലില്‍ സെബാസ്റ്റിയന്‍ മൗനം തുടരുന്നതായാണ് വിവരം. 

ബിന്ദു പദ്മനാഭന്റെ തിരോധാനം...
2002 മുതല്‍ കാണാതായ ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനി ബിന്ദു പദ്മനാഭന്‍ ഉത്തരമില്ലാത്ത ചോദ്യമായിത്തുടരുന്നു. പോലീസും പ്രത്യേക അന്വേഷണസംഘങ്ങളും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ബിന്ദു പദ്മനാഭന്‍ ജീവിച്ചിരിക്കുന്നോ മരിച്ചോ എന്നു കണ്ടെത്താനായിട്ടില്ല.

സംഭവത്തില്‍ അഞ്ചു കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 11 പേരെ പ്രതിയാക്കി. ഇവരെല്ലാം അറസ്റ്റിലായി ജാമ്യത്തിലിറങ്ങി. പോലീസ് ചോദ്യംചെയ്യാന്‍ വിളിച്ച ഓട്ടോ ഡ്രൈവറെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ക്കണ്ടെത്തി. രണ്ടുമാസത്തോളം നടന്ന അന്വേഷണം ഒടുവില്‍ ക്രൈംബ്രാഞ്ചിനു കൈമാറി. കേസില്‍ മുഖ്യപ്രതിയായി ഉള്‍പ്പെടുത്തിയ പള്ളിപ്പുറം സ്വദേശിയും വസ്തു ഇടനിലക്കാരനുമായ സെബാസ്റ്റ്യന്‍ 2017-ല്‍ ബിന്ദുവിനെ കണ്ടതായി അറിയിച്ചെങ്കിലും സ്ഥിരീകരണമുണ്ടായില്ല.

2017-ലെ സാധാരണ പരാതി
ഇറ്റലിയിലായിരുന്ന സഹോദരന്‍ പ്രവീണ്‍ 2017 സെപ്റ്റംബര്‍ 16-നാണ് സഹോദരിയെ കാണാതായതായി അഭ്യന്തരവകുപ്പു സെക്രട്ടറിക്കു പരാതി നല്‍കിയത്. 2013-നുശേഷം സഹോദരിയെക്കുറിച്ചു വിവരങ്ങളില്ലെന്നു കാട്ടിയായിരുന്നു പരാതി. പ്രവീണ്‍ ഇറ്റലിയിലേക്കു പോയതോടെ സഹോദരിയുമായി അടുപ്പമില്ലായിരുന്നു. മാതാപിതാക്കള്‍ മരിച്ചതോടെ ഇവര്‍ ഒറ്റയ്ക്കായി.

കോടികളുടെ സ്വത്തുക്കളുണ്ടായിരുന്ന ബിന്ദുവിന്റെ സ്വത്തുക്കളെല്ലാം പലരുടെ കൈകളിലാകുകയും ഇവരെപ്പറ്റി വിവരങ്ങളില്ലായിരിക്കുമ്പോഴും ഇവരുടെപേരില്‍ രജിസ്‌ട്രേഷനടക്കം നടന്നതായ വിവരങ്ങളുമാണ് സംശയങ്ങളുയര്‍ത്തിയത്. ഇതോടെയാണ് സഹോദരന്‍ നാട്ടിലെത്തി പരാതി നല്‍കിയത്. ഇതില്‍ ഇടപ്പള്ളിയിലുള്ള ഭൂമിയിടപാടാണ് ഏറെ കോളിളക്കമായത്. ഇതിലടക്കം പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനുനേരേ രേഖകള്‍ പ്രകാരമാണ് പരാതികള്‍ നല്‍കിയിരുന്നത്.

ബിന്ദുവിന്റെ പേരിലുള്ള വ്യാജമുക്ത്യാര്‍
ഇടപ്പള്ളിയില്‍ കോടികളുടെ വിലവരുന്ന ബിന്ദുവിന്റെ പേരിലുള്ള ഭൂമി സെബാസ്റ്റ്യനു മുക്ത്യാര്‍ നല്‍കി വിറ്റതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. മുക്ത്യാര്‍ വ്യാജമായുണ്ടാക്കിയെന്നാണു പോലീസ് കണ്ടെത്തിയത്. ബിന്ദുവിന്റെ ഫോട്ടോയ്ക്കുപകരം ചേര്‍ത്തല മാടയ്ക്കല്‍ സ്വദേശിനിയായ മിനി(ജയ)യുടെ ഫോട്ടോയും വ്യാജ ഒപ്പുമായാണ് ഇടപാടുകള്‍. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ഇന്നു നിലനില്‍ക്കുന്നുണ്ട്. പോലീസും പ്രത്യേക അന്വേഷണസംഘങ്ങളും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ബിന്ദു പദ്മനാഭന്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുപോലും കണ്ടെത്താനായിട്ടില്ല. സെബാസ്റ്റ്യനടക്കമുള്ള പ്രതികളെല്ലാം പിടിയിലായിട്ടും ബിന്ദുവിനെക്കുറിച്ചുമാത്രം വിവരങ്ങളില്ല. ജീവിച്ചിരിക്കാനുള്ള സാധ്യതയില്ലെന്നുതന്നെയാണ് പോലീസിന്റെയും നിഗമനമെങ്കിലും മരിച്ചതായും കണ്ടെത്താനായില്ല. 2013 മുതല്‍ കാണാനില്ലെന്നാണു പരാതിയെങ്കിലും 2007 മുതല്‍ വിവരങ്ങളില്ലെന്നാണു കണ്ടെത്തല്‍.

Content Highlights: Human remains found at suspect`s property in missing women case.