ആറുവയസ്സുകാരിയുടെ കൊലപാതകം: അഭിഭാഷകയായ അമ്മയും പിടിയിൽ, ഒളിവിൽകഴിഞ്ഞത് സുഹൃത്തിന്റെ ഫാംഹൗസിൽ

#News Desk
പ്രിയങ്കയും മോഹനും | Photo Courtesy: x.com/HateDetectors
പ്രിയങ്കയും മോഹനും | Photo Courtesy: x.com/HateDetectors

ബെംഗളൂരു: ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഒളിവിലായിരുന്ന അമ്മയും അറസ്റ്റിലായി. ബെംഗളൂരുവിൽ അഭിഭാഷകയായ പ്രിയങ്ക(44)യെയാണ് ഹാസനിലെ സക്ലേശ്പുരിലെ ഒരു ഫാംഹൗസിൽനിന്ന് പോലീസ് അറസ്റ്റ്‌ചെയ്തത്. പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽപോയ പ്രിയങ്ക പലയിടങ്ങളിലായി താമസിച്ചുവരികയായിരുന്നു. ആറുവയസ്സുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രിയങ്കയുടെ ആൺസുഹൃത്തായ ജി.എൻ. മോഹനെ പോലീസ് നേരത്തേ അറസ്റ്റ്‌ചെയ്തിരുന്നു.

ദാവണെഗരെ സ്വദേശിയായ പ്രവീണിന്റെയും അഭിഭാഷകയായ പ്രിയങ്കയുടെയും മകൾ വെണ്ണില(6)യാണ് മാർച്ച് 24-ന് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. പ്രവീണും പ്രിയങ്കയും ഈ വർഷമാദ്യം വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. തുടർന്ന് ദമ്പതിമാരുടെ മൂത്തമകൾ പ്രവീണിനൊപ്പവും രണ്ടാമത്തെ മകളായ വെണ്ണില പ്രിയങ്കയ്ക്കൊപ്പവുമായിരുന്നു താമസം. പിന്നീട് പ്രിയങ്കയുടെ കോളേജിലെ സുഹൃത്തായിരുന്ന മോഹൻ പ്രിയങ്കയ്ക്കും മകൾക്കും ഒപ്പം താമസമാരംഭിച്ചു. ബെംഗളൂരുവിലെ ആഡംബരവില്ലയിലായിരുന്നു അഭിഭാഷകയായ പ്രിയങ്കയും ആൺസുഹൃത്തും താമസിച്ചുവന്നിരുന്നത്.

മകളുടെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് പ്രവീൺ തുടക്കംമുതലേ ആരോപിച്ചിരുന്നു. മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇദ്ദേഹം പോലീസിൽ പരാതിയും നൽകി. പോലീസ് സംഘം ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്ക് മർദനമേറ്റതടക്കം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമായിരുന്നു. ഒളിവിൽപോയ മോഹനെ ജൂൺ നാലാം തീയതിയോടെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ കുട്ടിയെ മർദിച്ചതായും കരഞ്ഞപ്പോൾ വായയും മൂക്കും പൊത്തിപ്പിടിച്ചതായും ഇയാൾ സമ്മതിക്കുകയായിരുന്നു.

സംഭവദിവസം പ്രിയങ്കയും മകളും മോഹനും ഷോപ്പിങ്ങിന് പോയിരുന്നു. ഇതിനുശേഷം മൂവരും ഹൊസ്‌കോട്ടിലേക്ക് ഭക്ഷണം കഴിക്കാനായി പോയി. ഇവിടെനിന്ന് ബിരിയാണിയും ഐസ്‌ക്രീമും വാങ്ങി. തിരികെ കാറിൽ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ പെൺകുട്ടിയുടെ കൈയിലുണ്ടായിരുന്ന ഐസ്‌ക്രീം കാറിനുള്ളിൽ വീണു. കാറിലെ സീറ്റിലും മാറ്റിലും ഐസ്‌ക്രീം പരന്നൊഴുകി. ഇത് പ്രതിയെ പ്രകോപിപ്പിച്ചു. പിന്നാലെ മറ്റൊരു ഐസ്‌ക്രീം വേണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി കരയാൻ തുടങ്ങി. ഇത് പ്രതിയെ കൂടുതൽ പ്രകോപിപ്പിച്ചെന്നും തുടർന്ന് കൈമുട്ട് കൊണ്ട് കുട്ടിയുടെ വയറിൽ തുടരെ ഇടിച്ചെന്നുമാണ് പോലീസ് പറയുന്നത്. കരച്ചിൽ നിർത്താനായി കുട്ടിയുടെ വായും മൂക്കും പ്രതി പൊത്തിപ്പിടിച്ചെന്നും പോലീസ് പറഞ്ഞു.

പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽപോയ പ്രിയങ്ക മൊബൈൽഫോണോ എടിഎം കാർഡുകളോ ഒന്നും ഉപയോഗിക്കാതെയാണ് പലയിടങ്ങളിലായി താമസിച്ചിരുന്നത്. ഒടുവിൽ മോഹന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള സക്ലേശ്പുരിലെ ഫാംഹൗസിൽനിന്നാണ് വ്യാഴാഴ്ച പ്രിയങ്കയെ പിടികൂടിയത്.

അതേസമയം, പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രാഥമികാന്വേഷണം നടത്തിയ കടുഗോഡി പോലീസിനെതിരേയും ആക്ഷേപമുയർന്നിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിലടക്കം സംശയമുയർന്നിട്ടും പ്രതികൾ ആദ്യം നൽകിയ മൊഴികളിൽ സംശയമുണ്ടായിട്ടും പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും വിശദമായ അന്വേഷണം നടത്തിയില്ലെന്നുമാണ് പരാതി. പിന്നീട് കുട്ടിയുടെ പിതാവ് പോലീസിനെ സമീപിച്ചതോടെയാണ് അന്വേഷണം ഊർജിതമാക്കിയതെന്നും പറയുന്നു.

മാർച്ച് 25-ന് രാവിലെയാണ് പ്രതികളായ പ്രിയങ്കയും മോഹനും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് വിവരം. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടി മരിച്ചനിലയിലായിരുന്നു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഇരുവരും ആദ്യം പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. തലേദിവസം ബിരിയാണി കഴിച്ചതോടെ കുട്ടി അവശയായിരുന്നു ആദ്യത്തെ മൊഴി. എന്നാൽ, കാറിനുള്ളിൽ എസി ഓൺചെയ്ത് ഉറങ്ങിയതോടെയാണ് ആരോഗ്യനില വഷളായതെന്നും ഇവർ പിന്നീട് മാറ്റിപ്പറഞ്ഞു. ഇത്തരം പരസ്പരവിരുദ്ധമായ മൊഴികളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുമാണ് പ്രതികൾ കുട്ടിയെ കൊലപ്പെടുത്തിയതെന്ന സംശയം ബലപ്പെടുത്തിയത്.

2025 നവംബറിലാണ് കോളേജിലെ സുഹൃത്തായിരുന്ന മോഹനെ പ്രിയങ്ക വീണ്ടും കണ്ടുമുട്ടിയതെന്നാണ് കേസിലെ പരാതിക്കാരനായ പ്രവീൺ പറയുന്നത്. കോളേജ് പഠനകാലത്ത് മോഹനും പ്രിയങ്കയും കമിതാക്കളായിരുന്നുവെന്നും ഇദ്ദേഹം ആരോപിച്ചു.

ഈ വർഷം ജനുവരിയിലാണ് പ്രിയങ്ക വിവാഹമോചനത്തിന് നിർബന്ധിച്ചത്. സമ്മർദം ചെലുത്തി വിവാഹമോചന രേഖകൾ ഒപ്പിട്ടുവാങ്ങി. തുടർന്ന് മോഹനും പ്രിയങ്കയും ബെംഗളൂരുവിലെ ആഡംബരവില്ലയിൽ ഒരുമിച്ച് താമസവും തുടങ്ങി. മോഹൻ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്. ഇവരെ ഉപേക്ഷിച്ചാണ് പ്രിയങ്കയ്ക്കൊപ്പം താമസം ആരംഭിച്ചത്. പ്രിയങ്കയ്ക്കൊപ്പം താമസം തുടങ്ങിയ മോഹനെ ഇയാളുടെ ഭാര്യ തിരഞ്ഞുവരികയും ഇവർ തമ്മിൽ വഴക്കുണ്ടാവുകയുംചെയ്തിരുന്നു. മകൾ മരിച്ചതിന് മൂന്നുദിവസം മുൻപ് പ്രിയങ്കയും മോഹനും ഒരുമിച്ച് മധുരയിലേക്ക് യാത്രപോയിരുന്നു. മാർച്ച് 24-ന് ഈ യാത്ര കഴിഞ്ഞെത്തിയശേഷമാണ് മകളെയും കൂട്ടി പുറത്തുപോയതെന്നും പ്രവീൺ പറഞ്ഞു.

Content Highlights: Priyanka, a Bengaluru-based lawyer, arrested at a Sakleshpur farmhouse., The 6-year-old victim, Vennila, died on March 24 under suspicious circumstances., Co-accused GN Mohan confessed to beating the child for crying over spilled ice cream., Police faced criticism for initial delays in filing the FIR., The accused provided conflicting statements to investigators regarding the child's death.