'സർ, എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുളള സാധനം എന്റെ വക്കീലിന് കിട്ടിക്കോളും'; ഉമറിന്റെ ‘കോൺഫിഡൻസിന്’ പിന്നിലെന്ത്?

#ആർ. അനന്തകൃഷ്ണൻ | മാതൃഭൂമി ന്യൂസ്
കൊല്ലപ്പെട്ട അഭിരാം | കേസിലെ രണ്ടാംപ്രതി ഉമര്‍ മുഫ്താര്‍
കൊല്ലപ്പെട്ട അഭിരാം | കേസിലെ രണ്ടാംപ്രതി ഉമര്‍ മുഫ്താര്‍

തിരുവനന്തപുരം: 'സർ, എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുളള സാധനം എന്റെ വക്കീലിന് കിട്ടിക്കോളും' - അഭിരാം കൊലക്കേസിലെ ഒരു പ്രതി പോലീസിനോട് ചോദ്യം ചെയ്യലിനിടെ പറഞ്ഞ വാചകമാണ്. അത്രയ്ക്ക് കോൺഫിഡൻസാണ് ഈ കുട്ടിക്കുറ്റവാളികൾക്ക്. പാങ്ങപ്പാറയിൽ 17-കാരൻ അഭിരാം കൊല്ലപ്പെട്ടത്തിന്റെ ഞെട്ടലിലാണ് തിരുവനന്തപുരം. ഗുണ്ടാക്കുടിപ്പകയും കലാപങ്ങളുമൊക്കെയായി ഒരുപാട് കൊലപാതകങ്ങൾ കണ്ട തിരുവനന്തപുരത്തിന് ഞെട്ടലുണ്ടാകാനുളള പ്രധാന കാരണം ഈ നഗരം ഒരിക്കലും ശാന്തമാകില്ലല്ലോ എന്നോർത്താണ്. പോത്തൻകോട്ട് യുവാവിനെ കൊന്ന് കാലുവെട്ടി ബൈക്കിൽ കറങ്ങി നടന്ന് പ്രദർശിപ്പിച്ച ശേഷം മറ്റൊരു നടുക്കുന്ന സംഭവമാണ് പാങ്ങപ്പാറയിലേത്.

17-കാരനെ കൊന്നത് മറ്റൊരു പതിനേഴുകാരൻ. അതായിരുന്നു ആദ്യം വന്ന വാർത്ത. പിന്നീടാണ് കഥകൾ ഒന്നൊന്നായി ചുരുളഴിഞ്ഞത്. ഈ കേസിൽ മുഴുവൻ ആസൂത്രണവും നടത്തിയിരിക്കുന്നത് ഒറ്റായാളാണ് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. അയാൾ കേസിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് അറിവ് കിട്ടിയപ്പോഴേ പോലീസ് ആശങ്കയിലായി. അതിനൊരു കാരണമുണ്ട്, അയാൾ ഉൾപ്പെട്ട കേസാണെങ്കിൽ പോലീസിനെ തോൽപിക്കാൻ, കടുത്ത വിദ്യകൾ അയാൾ പ്രയോഗിച്ചിട്ടുണ്ടാകും. അത് പൊളിച്ച് കേസ് കോടതിയിൽ വിജയിപ്പിച്ച് പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ പ്രയാസമാണ്. അയാളുടെ സാന്നിധ്യം ഉളളത് കൊണ്ട് മാത്രം കരുതലോടെയാണ് പോലീസ് അന്വേഷണവും തെളിവ് ശേഖരണവും മുന്നോട്ടുകൊണ്ടുപോയത്.

തിരക്കഥയെ വെല്ലുന്ന ചിന്തയും ആസൂത്രണവും അഭിരാമിന്റെ കൊലപാതകത്തിന്റെ പിന്നിലുണ്ട്. കേസിൽ ഒന്നാം പ്രതിയായ 17-കാരന്റെ കാമുകി മറ്റൊരു ആൺസുഹൃത്തിനെ കണ്ടെത്തി. ആ സുഹൃത്തും കാമുകിയും ഒന്നിച്ച് ചിത്രങ്ങളൊക്കെ എടുത്ത് വാട്സ്ആപ്പിലും ഇൻസ്റ്റയിലും അയച്ചു നൽകി പതിനേഴുകാരനെ പ്രകോപിപ്പിച്ചു. ഇതോടെ പതിനേഴുകാരന് സഹിക്കാൻ പറ്റാതായി, പ്രതികാരമായി. തന്റെ കാമുകിയുടെ പുതിയ സുഹൃത്തായ കൗമാരക്കാരനെ പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. ഇതിന് കൂട്ടുകാരൻ ഉമറിന്റെ സഹായം തേടി. ഇരയെ വേഗത്തിൽ മുന്നിൽ എത്തിക്കാൻ കഴിയുന്ന ആളെ കണ്ടെത്താനുളള തിരച്ചിൽ അവസാനിച്ചത് അഭിരാമിലാണ്. അങ്ങനെയാണ് അഭിരാം സ്വന്തം കൂട്ടുകാരന് വേണ്ടി ഒരുക്കിവെച്ചിരുന്ന കെണിയിലേക്ക് കയറിച്ചെന്ന് കൊടുത്തത്.

ആ കൊലയാളികളുടെ കുരുക്കിൽ കുടുങ്ങി ആ കൗമാര ജീവിതം അവസാനിച്ചു. ഈ കേസിൽ ആരാണ് ഇത്രയും വിദഗ്ധമായി കാര്യങ്ങൾ ആസൂത്രണം ചെയ്തത്? അത് മറ്റാരുമല്ല പോലീസിന്റെ നിഗമനത്തിൽ - ഉമർ എന്ന ഉമർ മുഫ്താർ ആണ്.

തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ കുറെ കാലമായി പോലീസിന്റെ തീരാ തലവേദനയാണ് ഉമർ. മയക്കമരുന്ന് സംഘങ്ങളുടെ ഏകോപനം മാത്രമല്ല അതിവിദഗ്ധനായ മോഷ്ടാവ് കൂടിയാണ് ഇയാൾ. സ്വർണമാണ് പ്രധാനമായും മോഷ്ടിക്കുന്നത്. ഉമറിന്റെ വൈദഗ്ധ്യത്തെ പറ്റി പോലീസിനുളളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അമ്പരപ്പിക്കുന്നതാണ്.

മോഷണത്തിനായി തെരഞ്ഞെടുക്കുന്ന വീടും സ്ഥാപനവും ഏതുമായിക്കോട്ടെ ഒറ്റ നോട്ടം മതി ഉമറിന്. ആ സ്ഥലത്തിന്റെ മുഴുവൻ സ്‌കെച്ചും ഒറ്റ നോട്ടത്തിൽ മനസിൽ പതിപ്പിക്കുന്ന വിരുതൻ. ആ സ്ഥലത്തെ ക്യാമറകൾ എവിടെ? വാതിൽ എങ്ങനെ? ജനൽ വഴി അകത്ത് കടക്കാൻ കഴിയുമോ? ഇതെല്ലാം ആ ഒരു നോട്ടത്തിൽ എ.ഐ.യെ വെല്ലുന്ന വേഗത്തിൽ അയാളുടെ ഉളളിൽ പതിയും.

ഇനി, മോഷണമുതൽ കൈകാര്യം ചെയ്യുന്നതിലും പ്രത്യേക ശൈലികളുണ്ട്. ഒരു വീട്ടിൽ നിന്ന് സ്വർണം മോഷ്ടിക്കുകയാണെങ്കിൽ അത് മുഴുവൻ ഒരു സ്ഥലത്ത് വിൽക്കില്ല. തമിഴ്നാട്ടിലെ മർത്താണ്ഡമോ നാഗർകോവിലോ ഒക്കെയാണ് ഇയാൾ സ്വർണം വിൽക്കാൻ തെരഞ്ഞെടുക്കുന്നത്.

മോഷ്ടിച്ച മുഴുവൻ സ്വർണവും അയാൾ അവിടെ വിൽക്കില്ല. മുപ്പത് പവൻ മോഷ്ടിച്ചാൽ അഞ്ച് പവൻ വിൽക്കും. ബാക്കി എവിടെയെങ്കിലും ഒളിപ്പിക്കും. പിടിക്കപ്പെട്ടാൽ ഉടൻ മോഷണം സമ്മതിക്കും. മോഷ്ടിച്ചതും വിറ്റതും അഞ്ച് പവൻ എന്നു മാത്രം പറയും. എത്ര ചോദ്യം ചെയ്താലും അതിൽ കൂടുതൽ ഏൽക്കില്ല. വിറ്റ സ്ഥലം കാണിച്ച് കൊടുക്കും. ആ അഞ്ചു പവൻ മാത്രമാകും കേസിൽ റിക്കവറി. വീട്ടുകാർ എത്ര പരാതിപ്പെട്ടാലും ഉമർ, അഞ്ച് പവൻ മോഷടിച്ചു എന്ന നിലപാടിൽ ഉറച്ച് നിൽക്കും. ഉമർ കോടതിയിൽ എത്തിയാൽ അഭിഭാഷകർ റെഡിയായിരിക്കും. ഇയാളുടെ കേസുകൾ നോക്കാൻ വേണ്ടി പ്രത്യേകം അഭിഭാഷകർ ഉണ്ട്.

കേസിൽ ഇയാളുടെ മിടുക്കു കൊണ്ട് ഉണ്ടാക്കി വെച്ചിരിക്കുന്ന ലൂപ് ഹോളുകൾ മുൻനിർത്തി പെട്ടെന്ന് ജാമ്യം നേടും. ഇറങ്ങി കഴിഞ്ഞാൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന ബാക്കി സ്വർണം രഹസ്യമായി വിൽപന നടത്തിയാണ് അഭിഭാഷകരുടെ ഫീസൊക്കെ സെറ്റിൽ ചെയ്യുന്നത്.

ശ്രീകാര്യം പാങ്ങപ്പാറ മേഖലകളിൽ ഇയാൾക്ക് നല്ല സൗഹൃദവലയമുണ്ട്. പാങ്ങപ്പാറ കൊലക്കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരനും ഇയാളുടെ അടുത്ത കൂട്ടുകാരനാണ്. നേരത്തെ ഒരുമിച്ച് മോഷണത്തിനൊക്കെ പോയിട്ടുണ്ട്. അഭിരാമിനെ ഉപയോഗിച്ച് തനിക്ക് കലിപ്പുളള, തന്റെ എക്സ് കാമുകിയുടെ പുതിയ സുഹൃത്തിനെ വരുത്തി ഇടികൊടുക്കാനുളള തീരുമാനം ഒന്നാം പ്രതിയായ പതിനേഴുകാരന്റേതായിരുന്നു. എന്നാൽ, അയാൾ ഉമറിനോട് സഹായം തേടിയ നിമിഷം മുതൽ അതൊരു കൊലപാതകത്തിനുളള ആസൂത്രമായി മാറി എന്നാണ് പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

അഭിരാമിന്റെ കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങളും ശേഷം സംഭവിച്ചതും എല്ലാം ഉമറിന്റെ ആസൂത്രണമെന്നാണ് പോലീസ് പറയുന്നത്. അഭിരാമിനെ, ആനന്ദയെ ഉപയോഗിച്ച് പാങ്ങപാറയിൽ എത്തിക്കുക എന്നതായിരുന്നു ആദ്യത്തെ പ്ലാൻ. അതിന് ആനന്ദയ്ക്ക് രണ്ട് ദിവസത്തെ സമയം നൽകി. ചാറ്റ് ചെയ്ത് അഭിരാമിന്റെ വിശ്വാസം നേടിയെടുത്തു. പിന്നീട് ആ ദിവസം ഇൻസ്റ്റ കൈകാര്യം ചെയ്തത് 17-കാരനും ഉമറുമായിരുന്നു. ആനന്ദയെന്ന വ്യാജേന അഭിരാമിനോട് പാങ്ങപ്പാറയിൽ എത്താൻ സന്ദേശം അയയ്ക്കുകയായിരുന്നു. ആനന്ദയെ കാത്ത് വഴിയരികിൽ നിന്ന അഭിരാമിന് സമീപത്തേക്ക് യാദൃച്ഛികമായി എന്ന തോന്നും വിധം 17-കാരൻ പ്രത്യക്ഷപ്പെട്ടു.

അവിചാരിതമായി കണ്ടത് പോലെ ഇവിടെ നിൽക്കുന്നത് എന്താണെന്നും അവരുടെ കോമൺ ആയിട്ടുളള ചില സുഹൃത്തുക്കൾ അവിടെ മാറി നിൽക്കുന്നുണ്ടെന്നും അവരെ പെട്ടെന്ന് കണ്ട് വരാം എന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് കൃത്യം നടന്ന കാടുപിടിച്ച സ്ഥലത്തേക്ക് അഭിരാമിനെ എത്തിച്ചത്. അവിടെ എത്തിയപ്പോൾ ഉമറും അവിടെയുണ്ട്. ക്യാമറയുളള പ്രധാന വഴി ഒഴിവാക്കി മറ്റൊരു ചതുപ്പിനടുത്തുകൂടിയാണ് ഉമർ അവിടെ എത്തി നിലയുറപ്പിച്ചത്. തന്റെ സാന്നിധ്യം അവിടെ തിരിച്ചറിയരുത് എന്ന ഉമറിന്റെ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു അതും.

അവിടെ എത്തിയ അഭിരാമിനോട് ഇരുവരും അവർ ലക്ഷമിട്ട പതിനേഴുകാരനെ വിളിച്ചു വരുത്താൻ ആവശ്യപ്പെട്ടു. അഭിരാം വിളിച്ചു. പക്ഷെ അവൻ വന്നില്ല. അപകടം മണത്ത അഭിരാം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ആ രണ്ട് പേരുടെയും കെണിയിൽ പെട്ടുപോയിരുന്നു. ബലപ്രയോഗത്തിൽ കഴുത്തിൽ ബെൽറ്റ് മുറുക്കി പ്രതികൾ അഭിരാമിനെ കൊലപ്പെടുത്തി. വാഴക്കൂട്ടത്തിനിടയിൽ തിരുകി വെച്ചശേഷം കായലിലോ മറ്റോ മുക്കാം എന്ന മുൻ തീരുമാനത്തിൽ തത്കാലം ഇരുവരും അവിടെ നിന്ന് മുങ്ങി. സംഘത്തിൽ പെട്ട അടുത്ത ചിലരോട് തുടർ നീക്കങ്ങൾ ചർച്ച ചെയ്തു.

അപ്പോഴേക്കും അഭിരാമിന്റെ വീട്ടുകാരുടെ പരാതിയിൽ തിരോധാന കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ആ അന്വേഷണത്തിൽ, ഒന്നാം പ്രതിയായി മാറിയ 17-കാരന്റെ സാന്നിധ്യം പോലീസ് തിരിച്ചറിഞ്ഞു. സ്വാഭാവികമായും, അവനൊപ്പം ഉമറും ഉണ്ടാകുമെന്ന് പോലീസിന് അറിയാമായിരുന്നു. സിറ്റി പോലീസ് കമ്മിഷണറുടെ ഡാൻസാഫും കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ സ്പെഷ്യൽ സ്‌ക്വാഡും നടത്തിയ നീക്കത്തിൽ ഈ സംഘം വേഗത്തിൽ പോലീസിന്റെ വലയിലായി. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ വഴുതി നിന്നുവെങ്കിലും അധികം വൈകാതെ കാര്യങ്ങൾ തുറന്നുപറഞ്ഞു, സ്ഥലവും. അവിടെ നിന്ന് മൃതദേഹം കണ്ടെത്തി.

കുറെ അവ്യക്തമായ കഥകളായിരുന്നു പോലീസിന്റെ മുമ്പിൽ ആദ്യം ഉണ്ടായിരുന്നത്. ഒന്നാം പ്രതി എല്ലാം സ്വയം ഏറ്റെടുത്തു. ഉമറിന്റെ സാന്നിധ്യം സംബന്ധിച്ചും കളളം പറഞ്ഞു. താൻ ഒറ്റയ്ക്ക് കൊന്ന ശേഷം സഹായത്തിന് ഉമറിനെ വിളിച്ചു വരുത്തിയതാണ് എന്നായിരുന്നു ആദ്യ മൊഴി. ഈ മൊഴി ഉമറിന്റെ നിർദേശ പ്രകാരം എന്നാണ് പോലീസ് പറയുന്നത്. 'പിടിക്കപ്പെട്ടാൽ ഏല്ലാം നീ ഏറ്റോണം. നിന്നെ ഞങ്ങൾ ഊരി എടുത്തോളാം. ഞാൻ അകത്ത് പോയാൽ കാര്യങ്ങൾ പാടാണ്. നിനക്ക് പ്രായം ആകാത്തത് കൊണ്ട് ശിക്ഷയും അത്രയേ ഉണ്ടാകൂ' എന്നായിരിക്കണം അയാൾ ആത്മവിശ്വാസം നൽകിയത്. അത് വിശ്വസിച്ച 17-കാരൻ ഒരുതരത്തിലും പോലീസിന് മുന്നിൽ വഴങ്ങിയില്ല.

എന്നാൽ പോലീസ് ശാസ്ത്രീമായ തെളിവുകൾ കണ്ടെത്തി ആദ്യം തന്നെ ഉമറിനെ പൊളിച്ചു. അതിന് ശേഷമാണ് പതിനേഴുകാരനും ഉമർ കൊലപാതകത്തിലും ഒപ്പമുണ്ടായിരുന്നു എന്ന് സമ്മതിച്ചത്. പക്ഷെ ഇപ്പോഴും പോലീസിനെ കുഴക്കുന്ന പ്രധാന കാര്യം കേസിലെ നിർണായക തെളിവുകൾ കണ്ടെത്തിയിട്ടില്ല എന്നതാണ്. അഭിരാമിന്റെ ഫോൺ, പ്രതിയായ 18-കാരി ആനന്ദയുടെ ഫോൺ, ഒന്നാം പ്രതി 17-കാരന്റെ ഫോൺ. പിന്നെ വസ്ത്രങ്ങളും. ഈ ഫോണുകളും വസ്ത്രവും തോട്ടിൽ കളഞ്ഞു എന്നാണ് പ്രതികളുടെ മൊഴി. എന്നാൽ, ഇവിടെ സ്‌കൂബാ ടീം എത്തി മുങ്ങിത്തപ്പിയിട്ടും ആ തെളിവുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഉമർ ഫോൺ മറ്റൊരു സ്ഥലത്ത് ഏൽപിച്ചിട്ടാണ് വന്നത്. ആ ഫോൺ പരിശോധിച്ച് കഴിഞ്ഞാൽ തന്റെ വക്കീലിന് തന്നെ രക്ഷിച്ചെടുക്കാനുള്ള പഴുത് ഒരുക്കാനുളള എന്തോ സംഗതി കിട്ടുമെന്നാണ് ചോദ്യം ചെയ്യലിൽ ഉമർ വീമ്പിളക്കിയിരിക്കുന്നത്. ഈ കേസിൽ അറസ്റ്റിലായത് മുതൽ അയാൾ അത്രയും കോൺഫിഡൻസിലാണ്. പോലീസ് സ്റ്റേഷനിലേക്കൊക്കെ കയറി പോകുന്ന ദൃശ്യങ്ങളിൽ ഒട്ടും കൂസലില്ലാതെയുളള പെരുമാറ്റം. ഈ മനോഭാവമാണ് പോലീസിനെ കുഴയ്ക്കുന്നത്. പതിവ് പോലെ ഈ കേസിലും ഊരിപ്പോകാനുളള എന്തോ പഴുത് ഉമർ ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

പിടിയിലാകും മുമ്പ് അഭിഭാഷകരെ കണ്ട് നിയമോപദേശം തേടിയിട്ടുണ്ടാകും എന്നും പോലീസ് കരുതുന്നു. കസ്റ്റഡിയിൽ അധികം ബുദ്ധിമുട്ടാതിരിക്കാനാണ് അയാൾ വേഗത്തിൽ കുറ്റം സമ്മതിച്ചതെന്ന് പോലീസിന് അറിയാം. അയാളുടെ കളികൾ മുഴുവൻ കോടതിയിലാണ്. ഇതുവരെ മോഷണക്കേസുകൾ ആണെങ്കിൽ ഇപ്പോൾ അയാൾ ആദ്യമായി ഒരു കൊലക്കേസിൽ പ്രതിയാവുകയാണ്. അതും വലിയ ആസൂത്രണത്തോടെ നടത്തിയ കൊലപാതകം. അതുകൊണ്ടുതന്നെ ഒട്ടും പഴുതില്ലാതെ, ശാസ്ത്രീയ തെളിവുകൾ എല്ലാം ശേഖരിച്ച് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാനുളള നടപടികളാണ് പോലീസ് നടത്തുന്നത്.

അപ്രതീക്ഷിതമായി ഒരു കുടുംബത്തിന് സംഭവിച്ച നഷ്ടം ഇനി വേറെ ഒരു കുടുംബത്തിനും ഉണ്ടാകരുത്. ഇനിയും തിരുവനന്തപുരം ഒരു ചോരക്കളമാകരുത്. പതിറ്റാണ്ടുകളായി നഗരത്തിൽ തുടരുന്ന ഗുണ്ടാഗ്യാങ് പാരമ്പര്യത്തിലേക്ക് കണ്ണി ചേരാൻ ഇനി കുട്ടികളുണ്ടാകരുത്. അഭിരാമിനെ കൊലപ്പെടുത്തിയതിന് പിന്നിലുള്ള എല്ലാവർക്കും ശിക്ഷ ഉറപ്പാക്കുകയാണ് പോലീസ് ചെയ്യേണ്ടത്. ഒപ്പം പ്രയപൂർത്തി ആകാത്തതുകൊണ്ട് എന്തും ചെയ്യാനുളള ലൈസൻസായി, ഫ്രീഹിറ്റ് ബോളായി കൗമാരക്കാർക്ക് തോന്നാത്ത തരത്തിലാകണം നടപടികൾ. 

Content Highlights: The murder of 17-year-old Abhiram in Thiruvananthapuram, orchestrated by another teenager with the help of Umar Muftah, has shocked the city, highlighting the involvement of organized crime and expert planning. Umar, known for his criminal expertise, played a significant role in the murder's planning and execution, using his skills to manipulate the situation and evade police detection, while also preparing legal loopholes to avoid conviction. The police are focused on gathering scientific evidence to ensure convictions, as the case underscores the need to prevent further youth involvement in gang-related activities and ensure justice for Abhiram's family.