സഹായിച്ചെന്നും തെളിവ് നശിപ്പിച്ചെന്നും കേസ്; ആട് ആന്റണിയുടെ ഭാര്യമാരെ വെറുതെവിട്ടു

കൊല്ലം: കൊലക്കേസ് പ്രതി ആട് ആന്റണിയെ കുറ്റകൃത്യത്തില്‍ സഹായിച്ചെന്ന കേസില്‍ ആന്റണിയുടെ ഭാര്യമാരെ കോടതി വെറുതേവിട്ടു. പോലീസുകാരന് മണിയന് പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷയനുഭവിക്കുന്ന കുണ്ടറ സ്വദേശി ആട് ആന്റണിയുടെ ഭാര്യമാരായ സൂസി, ശ്രീകല എന്നിവരെയാണ് കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി വെറുതേവിട്ടത്.
2012 ജൂണ്‍ 26-ന് പ്രതി മോഷണത്തിന് പുറപ്പെട്ടപ്പോള്‍ പോലീസ് പിടികൂടിയതിനെത്തുടര്‍ന്നാണ് പോലീസുകാരനെ കുത്തിക്കൊന്നത്. കൊലപാതകം നടത്തിയശേഷം തിരുവനന്തപുരം ഉള്ളൂര്‍ പ്രശാന്ത് നഗറില്‍ ഭാര്യമാരായ സൂസി, ശ്രീകല എന്നിവരുടെ അടുത്തെത്തി. രക്തംപുരണ്ട ഷര്‍ട്ടും മുണ്ടും പ്രതികളെക്കൊണ്ട് കഴുകിച്ച് രക്തക്കറ നീക്കിയശേഷം ചെന്നൈയിലേക്ക് സൂസിയുമായി കടന്നു എന്നായിരുന്നു പോലീസ് കേസ്. ആട് ആന്റണിയെ കുറ്റകൃത്യത്തിന് സഹായിച്ചു, തെളിവുനശിപ്പിച്ചു, പ്രതിയുമായി ഒളിച്ച് മുംബൈയിലും ചെന്നൈയിലുംമറ്റും താമസിക്കുകയും കുറ്റകൃത്യം നടത്തിയ വിവരം പോലീസിനെ അറിയിക്കാതെയിരിക്കുകയും ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിരുന്നത്.
പ്രതികള്‍ക്കെതിരായി മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നു കണ്ടാണ് വെറുതേവിട്ടത്.
പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകനായ ജയന് എസ്.ജില്ലാരിയോസ് ഹാജരായി.
Content Highlights: