രാവിലെ സ്‌കൂട്ടറില്‍ മൂവാറ്റുപുഴയില്‍നിന്ന് കൊച്ചിയിലെത്തും; ലൈംഗികാതിക്രമം, വാട്‌സാപ്പില്‍ വിവരണവും

ഇമ്മാനുവല്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യം(ഇടത്ത്) ഇമ്മാനുവല്‍ പോലീസ് കസ്റ്റഡിയില്‍(വലത്ത്) | Screengrab: Mathrubhumi News
ഇമ്മാനുവല്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യം(ഇടത്ത്) ഇമ്മാനുവല്‍ പോലീസ് കസ്റ്റഡിയില്‍(വലത്ത്) | Screengrab: Mathrubhumi News

കൊച്ചി:  നഗരത്തില്‍ പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് പിടികൂടിയത് ഒരുമാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍. പോലീസിനെ ആഴ്ചകളോളം വട്ടംകറക്കിയ കോട്ടയം കുറവിലങ്ങാട് സ്വദേശി ഇമ്മാനുവലി(31)നെയാണ് കൊച്ചി സിറ്റി പോലീസിന്റെ പ്രത്യേകസംഘം കഴിഞ്ഞദിവസം പിടികൂടിയത്. ഇയാള്‍ക്കെതിരേ ഇതുവരെ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കൊച്ചി ഡി.സി.പി. വി.യു. കുര്യാക്കോസ് പറഞ്ഞു. കൂടുതല്‍ പേര്‍ ഇയാളുടെ അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് സംശയമെന്നും അങ്ങനെയുള്ളവര്‍ പരാതിയുമായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കഴിഞ്ഞ ഒരുമാസമായി കൊച്ചി നഗരത്തില്‍ പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ ഇയാള്‍ നിരന്തരം ശല്യംചെയ്തുവരികയായിരുന്നു. മൂവാറ്റുപുഴയിലെ സ്ഥാപനത്തില്‍ എന്‍ജിനീയറായി ജോലിചെയ്യുന്ന പ്രതി സ്‌കൂട്ടറിലെത്തിയാണ് സ്ത്രീകളെ ഉപദ്രവിച്ചിരുന്നത്. നടക്കാനിറങ്ങുന്ന സ്ത്രീകളെ കയറിപിടിക്കുന്നതും ഇവര്‍ക്ക് നേരേ നഗ്നതാ പ്രദര്‍ശനം നടത്തുന്നതുമായിരുന്നു ഇയാളുടെ രീതി. സ്ത്രീകള്‍ പ്രതികരിക്കാന്‍ തുടങ്ങുന്നതോടെ അതിവേഗത്തില്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു പതിവ്. 

സ്ത്രീകളെ ശല്യംചെയ്യുന്നുവെന്ന പരാതി പതിവായതോടെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പ്രത്യേകസംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് യുവാവിനെ കണ്ടെത്തിയെങ്കിലും സ്‌കൂട്ടറിന് നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതും ഹെല്‍മെറ്റ് ധരിച്ചതും ആളെ തിരിച്ചറിയാന്‍ വെല്ലുവിളിയായി. തുടര്‍ന്ന് ആഴ്ചകളോളം രഹസ്യനിരീക്ഷണം നടത്തിയാണ് പ്രതിയെ വലയിലാക്കിയത്. 


മൂവാറ്റുപുഴയില്‍ എന്‍ജിനീയറായി ജോലിചെയ്യുന്ന യുവാവ് അതിരാവിലെയാണ് സ്ത്രീകളെ ഉപദ്രവിക്കാനായി കൊച്ചി നഗരത്തിലേക്ക് വരുന്നത്. രാവിലെ മൂവാറ്റുപുഴയില്‍നിന്ന് സ്‌കൂട്ടര്‍ ഓടിച്ച് കൊച്ചിയിലെത്തുന്ന ഇയാള്‍ സ്ത്രീകളെ ഉപദ്രവിച്ച ശേഷം തിരികെ മടങ്ങും. നമ്പര്‍ പ്ലേറ്റില്ലാത്ത വെളുത്ത സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിച്ചായിരുന്നു യാത്ര. മിക്കദിവസവും ഇയാള്‍ 100 കിലോമീറ്ററോളം സ്‌കൂട്ടറില്‍ സഞ്ചരിക്കാറുണ്ടെന്നും പോലീസ് പറയുന്നു. 

അറസ്റ്റിലായ ഇമ്മാനുവലിന്റെ മൊബൈല്‍ ഫോണുകള്‍ വിശദമായ പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ അംഗമായ ചില വാട്‌സാപ്പ് ഗ്രൂപ്പുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. ദിവസവും സ്ത്രീകള്‍ക്ക് നേരേ നടത്തുന്ന ലൈംഗികാതിക്രമങ്ങളുടെ വിവരണം ഇയാള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെച്ചിരുന്നതായും പോലീസ് പറയുന്നു. 

Content Highlights: a young engineer arrested in kochi for molesting women