200 കോടിയുടെ തട്ടിപ്പില്‍ സുപ്രധാന പങ്ക്, പരസ്പരവിരുദ്ധമായ മൊഴികള്‍; ലീനയുടെ കസ്റ്റഡി നീട്ടി

ന്യൂഡല്‍ഹി: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 23 വരെ നീട്ടി. ഡല്‍ഹിയിലെ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിനല്‍കിയത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ലീനയ്ക്ക് സുപ്രധാന പങ്കുണ്ടെന്നും കസ്റ്റഡി അനുവദിച്ചില്ലെങ്കില്‍ അന്വേഷണം മന്ദീഭവിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കസ്റ്റഡി കാലാവധി നീട്ടിനല്‍കിയത്.
വ്യവസായിയുടെ ഭാര്യയില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ ലീനയ്ക്ക് സജീവ പങ്കാളിത്തമുണ്ടെന്നാണ് ഇ.ഡി.യുടെ വാദം. ലീന കുറ്റകൃത്യത്തിന്റെ ഗുണഭോക്താവ് മാത്രമല്ലെന്നും മുഖ്യപ്രതിയായ സുകേഷ് ചന്ദ്രശേഖറിനൊപ്പം ലീനയും ഇതില്‍ പങ്കാളിയാണെന്നും ഇ.ഡി. പറഞ്ഞു. ലീനയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് സാമ്പത്തിക ഇടപാടുകള്‍ നടന്നത്. ഈ പണം എവിടെനിന്ന്, എങ്ങനെ വന്നു തുടങ്ങിയ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. അന്വേഷണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ കസ്റ്റഡി നീട്ടിനല്‍കിയില്ലെങ്കില്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ഇ.ഡി. വാദിച്ചു.
കസ്റ്റഡി കാലയളവില്‍ പ്രതിയുടെ ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുമെന്നും ഇ.ഡി. കോടതിയെ അറിയിച്ചു. കോവിഡ് ബാധിക്കാതിരിക്കാന്‍ കൃത്യമായ അകലം ഉറപ്പാക്കുമെന്നും ഇ.ഡി. പറഞ്ഞു.
ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള 'നെയില്‍ ആര്‍ട്ടിസ്ട്രി' എന്ന കമ്പനി ചെന്നൈയില്‍ 4.79 കോടി രൂപയുടെയും കൊച്ചിയില്‍ 1.21 കോടിയുടെയും നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ പണം കുറ്റകൃത്യത്തില്‍നിന്ന് ലഭിച്ച പണമാണെന്നും ഇവരുടെ മൂന്ന് മൊബൈല്‍ ഫോണുകളില്‍നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുത്തിട്ടുണ്ടെന്നും ഇ.ഡി. പറഞ്ഞു. എന്നാല്‍ കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം എങ്ങനെ വിനിയോഗിച്ചുവെന്ന വിവരങ്ങള്‍ നടി മനഃപൂര്‍വ്വം മറച്ചുവെയ്ക്കുകയാണെന്നും പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കുന്നതെന്നും ഇ.ഡി ആരോപിച്ചു.
ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ പ്രമോട്ടര്‍ ശിവീന്ദര്‍ മോഹന്‍ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങിനെ കബളിപ്പിച്ച് 200 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് സുകേഷ് ചന്ദ്രശേഖര്‍, ലീന മരിയ പോള്‍ തുടങ്ങിയവരെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ശിവീന്ദര്‍ സിങ്ങിനെ ജാമ്യത്തിലിറാക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. നിയമകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് പ്രതികള്‍ ശിവീന്ദറിന്റെ ഭാര്യയെ ബന്ധപ്പെട്ടിരുന്നത്. തുടര്‍ന്ന് കോടിക്കണക്കിന് രൂപ ഇവരില്‍നിന്ന് തട്ടിയെടുക്കുകയായിരുന്നു.
Content Highlights: 200 crore money fraud case actress leena mariya paul custody extended
Content Highlights: