വാദം പൂർത്തിയായി, രാഹുലിന്‍റെ ജാമ്യഹർജിയിൽ വിധി ഉടൻ

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നകേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർജാമ്യാപേക്ഷയിലുള്ള വാദം പൂർത്തിയായി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അടച്ചിട്ട കോടതിമുറിയിലായിരുന്നു വാദം. ഹർജിയിൽ കോടതി ഉത്തരവ് ഉടൻ ഉണ്ടാകും.
ഇരുഭാഗവും കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകളാണ് കോടതിയിൽ സമർപ്പിച്ചത്. പുതിയ തെളിവുകൾ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായതോടെ കോടതി ഇതും വിശദമായി പരിശോധിച്ചു.
മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് ഉണ്ടായില്ലെങ്കിൽ അറസ്റ്റ് തടയണം എന്ന ആവശ്യം പ്രതിഭാഗം ഉയർത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ചും കോടതിയുടെ നിർദേശം ഉണ്ടായേക്കും. ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യാമോ ഇല്ലയോ എന്ന കാര്യത്തിലായിരിക്കും കോടതിയുടെ നിർദ്ദേശം ഉണ്ടാകുക.
രാഹുലിന്റെ ആവശ്യപ്രകാരം, കഴിഞ്ഞദിവസം അടച്ചിട്ട മുറിയിൽ ഒന്നരമണിക്കൂറോളം മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നടന്നിരുന്നു. തുടർവാദം കേൾക്കാൻ കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ സമയം വേണമെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ അനുമതിചോദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ തുടർവാദത്തിന് മുമ്പേ പ്രോസിക്യൂഷൻ രാഹുലിനെതിരേ കൂടുതൽ തെളിവുകൾ ഹാജരാക്കി. യുവതിയുമായുള്ള ചാറ്റിന്റെ പൂർണ്ണരൂപമടക്കം പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചതായാണ് വിവരം. അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കമാണ് പ്രതിഭാഗം കോടതിക്ക് മുമ്പാകെ ഹാജരാക്കിയത്.
Content Highlights: MLA Rahul Mamkootathil's Anticipatory Bail Plea in Pregnancy and Forced Abortion Case