കാട്ടാക്കടയിൽ യുവാവ് താക്കോൽ കൊണ്ടുള്ള കുത്തേറ്റ് മരിച്ചു; പിന്നിൽ ബൈക്ക് വിൽപനയുടെ പേരിലുള്ള തർക്കം

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള കോളനിയിൽ മണിയൻ- ബീന ദമ്പതികളുടെ മകൻ രാഹുലാണ് മരിച്ചത്. കാട്ടാക്കട നെയ്യാർ മെഡിസിറ്റിക്ക് മുമ്പിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
രാഹുൽ അജികുമാർ എന്നയാളാണ് പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട ഉസ്മാൻ എന്നയാൾ പിടിയിലാകാനുണ്ട്. മരണപ്പെട്ട യുവാവിനെ ആരാണ് കുത്തിയത് എന്ന് വ്യക്തമായിട്ടില്ല. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
സംഭവത്തിൽ ഉൾപ്പെട്ട രാഹുൽ അജികുമാർ, ശ്രീക്കുട്ടൻ എന്ന വ്യക്തിക്ക് തന്റെ ബൈക്ക് വിൽപ്പന നടത്തിയിരുന്നു. 10,000 രൂപയ്ക്കാണ് വില്പന ഉറപ്പിച്ചത്. ഇതിൽ 6000 രൂപ മാത്രമാണ് ലഭിച്ചത്. ബാക്കിയുള്ള 4000 രൂപ കിട്ടുന്നതിനായി ഇയാൾ ശ്രീക്കുട്ടനെ ഫോണിൽ വിളിച്ചു. ശ്രീക്കുട്ടന്റെ സഹോദരിയാണ് ഫോൺ എടുത്തത്. സഹോദരിയോട് രാഹുൽ അജികുമാർ മോശമായി സംസാരിച്ചു. ഈ വിവരം ശ്രീക്കുട്ടന്റെ സഹോദരി രാഹുലിനോട് പറഞ്ഞു. ഇതറിഞ്ഞ രാഹുൽ, രാഹുൽ അജികുമാറുമായും സുഹൃത്ത് ഉസ്മാനുമായും സംസാരിക്കാൻ എത്തി. ഇതിനിടെയാണ് താക്കോൽ കൂട്ടം കൊണ്ടുള്ള കുത്ത് രാഹുലിന് ഏൽക്കുന്നത്.
താക്കോൽക്കൂട്ടത്തിനിടയിൽ പേന കത്തി ഉണ്ടോ എന്ന് സംശയിക്കുന്നുണ്ട്. ആന്തരിക രക്തസ്രവത്തെ തുടർന്നാണ് മരണം സംഭവിച്ചത്. മൃതദേഹം നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ.
Content Highlights: A youth named Rahul was killed in Kattakada, Thiruvananthapuram., The incident stemmed from a dispute over an unpaid balance of Rs 4,000 for a bike sale., The accused allegedly misbehaved with the buyer's sister over the phone., The victim died due to internal bleeding caused by a stabbing, possibly with a pen knife attached to a key ring., Police have arrested Rahul Ajikumar; the search for the accomplice Usman is ongoing.