വനിതാ കമ്മിഷന്‍ സിറ്റിങ്ങിനിടെ വേദിയിലേക്ക് പരാതിക്കാരിയുടെ മുളകുപൊടിയേറ്

തൃശ്ശൂര്‍: വനിതാ കമ്മിഷന്‍ സിറ്റിങ് നടന്ന വേദിയിലേക്ക് പരാതിക്കാരിയായ മുതിര്‍ന്ന സ്ത്രീ മുളകുപൊടിയെറിഞ്ഞു. തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ ശനിയാഴ്ച പത്തരയോടെയാണ് സംഭവം. തന്റെ പരാതി ആദ്യം പരിഗണിക്കണമെന്ന ആവശ്യവുമായെത്തിയ പരാതിക്കാരിയാണ് മുളകുപൊടിയെറിഞ്ഞത്. സിറ്റിങ് തുടങ്ങാനിരിക്കെയാണ് സംഭവം. ആരുടെയും ദേഹത്ത് ഇത് വീണില്ല. കമ്മിഷന്‍ അസിസ്റ്റന്റ് ലേഖ, ജീവനക്കാരന്‍ ശ്രീജിത്ത്, അഭിഭാഷകരായ സുനിത, രജിത എന്നിവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.
മുളങ്കുന്നത്തുകാവ് ചൈനബസാര്‍ സ്വദേശിനിയാണ് മുളകുപൊടി വിതറിയത്. സ്ഥലത്തുണ്ടായിരുന്ന പിങ്ക് പോലീസ് ഇവരെ ഉടന്‍തന്നെ കസ്റ്റഡിയിലെടുത്തു. അര്‍ബുദം ബാധിച്ച് മരിച്ച ഭര്‍ത്താവിന് മതിയായ ചികിത്സ ലഭിച്ചില്ലെന്നാരോപിച്ച് ഡോക്ടര്‍മാര്‍ക്കെതിരേ ഇവര്‍ പരാതി നല്‍കിയിരുന്നു. പരാതി രണ്ടുതവണ പരിഗണിച്ച കമ്മിഷന്‍ വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചിരുന്നു.
കഴിഞ്ഞദിവസം വനിതാ കമ്മിഷന്‍ അസിസ്റ്റന്റ് ലേഖയെ മൊബൈല്‍ ഫോണില്‍ വിളിച്ച് ഇവര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ടായിരുന്നു. പോലീസും കമ്മിഷന്‍ അംഗങ്ങളും സംസാരിച്ചശേഷം ഇവരെ പിന്നീട് വിട്ടയച്ചു.
അദാലത്ത്: 20 കേസുകള്‍ തീര്‍പ്പാക്കി
തൃശ്ശൂര്‍: കേരള വനിതാ കമ്മിഷന്‍ അദാലത്തില്‍ 78 കേസുകള്‍ പരിഗണിച്ചതില്‍ 20 എണ്ണം തീര്‍പ്പാക്കി. നാല് കേസുകള്‍ വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പോലീസിന് കൈമാറി. ബാക്കിയുള്ള കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ വീണ്ടും പരിഗണിക്കും. വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി, സിറ്റിങ് അഡ്വക്കേറ്റുമാരായ സജിത അനില്‍, രജിത, സുനിത, ബിന്ദു രഘുനാഥ്, കൗണ്‍സിലര്‍ മാല രമണന്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: woman throws chilly powder during women commission sitting in thrissur