ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമം; ഗൂഢാലോചന വെളിച്ചത്തായത് പോലീസിന്റെ ഇടപെടലില്‍

കട്ടപ്പന: വിദേശമലയാളിയായ കാമുകനൊപ്പം താമസിക്കാന്‍, ഭര്‍ത്താവിന്റെ വാഹനത്തില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എ. വെച്ച് കുടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പഞ്ചായത്തംഗവും കാമുകന്റെ സഹായികളും അറസ്റ്റില്‍.
വണ്ടന്‍മേട് പഞ്ചായത്തംഗം സൗമ്യ അബ്രഹാം (33), മയക്കുമരുന്ന് എത്തിച്ച ശാസ്താംകോട്ട സഹിയ മന്‍സിലില്‍ ഷാനവാസ് (39), കൊല്ലം മുണ്ടയ്ക്കല്‍ കപ്പലണ്ടിമുക്ക് അനുമോന്‍ മന്‍സിലില്‍ ഷെഫിന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. കാമുകനായ നെറ്റിത്തൊഴു വെട്ടത്താഴത്ത് വിനോദ് രാജേന്ദ്രനെ (43) സൗദിഅറേബ്യയില്‍നിന്നു നാട്ടിലെത്തിക്കാനും പോലീസ് ശ്രമം തുടങ്ങി.
ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘവും വണ്ടന്‍മേട് പോലീസും ചേര്‍ന്ന് പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിന്റെ ബൈക്കില്‍നിന്നു അഞ്ച് ഗ്രാം എം.ഡി.എം.എ. പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണത്തിലാണ്, ഭര്‍ത്താവ് സുനിലിനെ മയക്കുമരുന്ന് കേസില്‍പ്പെടുത്തി ഒഴിവാക്കുന്നതിന് ഭാര്യയും വിദേശത്തുള്ള കാമുകന്റെ ഇവിടത്തെ സഹായികളും ചേര്‍ന്ന് ഈ വാഹനത്തില്‍ എം.ഡി.എം.എ. വെയ്ക്കുകയായിരുന്നെന്ന് കണ്ടെത്തിയത്.
ഗൂഢാലോചന പുറത്തുകൊണ്ടുവന്നത് പോലീസിന്റെ ഇടപെടലില്‍...
കട്ടപ്പന: പോലീസിന്റെ കൃത്യതയാര്‍ന്ന നിരീക്ഷണങ്ങളും അന്വേഷണവുമാണ് വഴിമാറിപ്പോകാമായിരുന്ന ഗൂഢാലോചന കേസിന്റെ ശരിയായ വശം പുറത്തുകൊണ്ടുവന്നത്.
ചൊവ്വാഴ്ച വാഹനത്തില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയപ്പോള്‍തന്നെ സുനില്‍ നിരപരാധിയാണെന്ന അഭിപ്രായത്തിലായിരുന്നു അന്വേഷണത്തിന്റെ മുഖ്യചുമതലയുണ്ടായിരുന്ന വണ്ടന്‍മേട് സി.ഐ. വി.എസ്.നവാസ്. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ഗൃഹനാഥന്റെ കൈയില്‍ ലഹരിപ്പാര്‍ട്ടിക്ക് ഉപയോഗിക്കുന്ന വിലയേറിയ മയക്കുമരുന്ന് ലഭിക്കില്ല എന്നതായിരുന്നു കാരണം.
ഇതോടെ കസ്റ്റഡിയിലെടുത്ത സുനിലിനെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മതിയെന്ന തീരുമാനത്തിലേക്ക് സി.ഐ. എത്തി.
തുടര്‍ന്ന് വിട്ടയച്ച പ്രതിയുടെ പശ്ചാത്തലവും സുഹൃത്തുക്കളെയുംകുറിച്ച് രഹസ്യമായി അന്വേഷിക്കുകയും ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തു. എങ്കിലും സംശകയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീടാണ് അന്വേഷണം ഭാര്യയിലേക്കും കാമുകനിലേക്കും അയാളുടെ കൂട്ടാളിയിലേക്കുമെത്തിയത്. എന്നാല്‍, ഇതിനിടെ പുറ്റടിയില്‍നിന്ന് എം.ഡി.എം.എ.യുമായി പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവിനെ പോലീസ് പിടികൂടിയ വാര്‍ത്ത നാടുമുഴുവന്‍ പരന്നു. അറസ്റ്റ് ഒഴിവാക്കിയതോടെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്ന പ്രചാരണവും ഉണ്ടായി. എന്നാല്‍, എല്ലാ സമര്‍ദങ്ങളെയും അതിജീവിച്ച് മേലുദ്യോഗസ്ഥരുടെ പിന്തുണ വാങ്ങി മുന്നോട്ട് പോയ സി.ഐ.യുടെ നീക്കമാണ് ഗുഢാലോചന വെളിച്ചത്ത് കൊണ്ടുവരാന്‍ കാരണമായത്.
വിവരം നല്‍കിയതിലെ ദുരൂഹത പ്രതികളിലേക്ക് എത്തിച്ചു
പോലീസിന് ലഭിച്ച രഹസ്യവിവരങ്ങള്‍ തന്നെയാണ് പ്രതികളിലേക്ക് വിരല്‍ചൂണ്ടിയത്. പതിവിന് വിപരീതമായി, ഉറവിടം കണ്ടെത്താന്‍ പ്രയാസമുള്ള നെറ്റ് കോളുകള്‍ രഹസ്യവിവരം നല്‍കാന്‍ ഉപയോഗിച്ചത് ദുരൂഹതയുണര്‍ത്തി. സുനിലിന്റെ വാഹനത്തില്‍ മയക്കുമരുന്ന് വെച്ചശേഷം സൗമ്യ പകര്‍ത്തിയ ചിത്രം വിദേശനമ്പരുകളില്‍നിന്നു അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. വോയ്സ് റെക്കോഡായി ജില്ലയ്ക്ക് പുറത്തുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതും സംശയത്തിന് കാരണമായി.രഹസ്യവിവരം നല്‍കിയ വിദേശ ഫോണ്‍നമ്പരുകള്‍ കേന്ദ്രീകരിച്ച് സൈബര്‍സെല്‍ സഹായത്തോടെയായിരുന്നു അന്വേഷണം.
ഭര്‍ത്താവിനെ കൊല്ലാനും ആലോചിച്ചു, സയനൈഡ് അല്ലെങ്കില്‍ വാഹനാപകടം
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്-ഒരു വര്‍ഷമായി സൗമ്യയും വിനോദും അടുപ്പത്തിലായിരുന്നു. സുനിലിനെ വാഹനം ഇടിപ്പിച്ചോ സയനൈഡ് പോലുള്ള മാരകവിഷം നല്‍കിയോ കൊല്ലാന്‍ ഇരുവരും ചേര്‍ന്ന് ആലോചിച്ചു. എന്നാല്‍, പിടിക്കപ്പെടുമെന്ന ഭയംകാരണം സൗമ്യ പിന്‍മാറി. ഒരുമാസം മുമ്പ് സൗമ്യയെ കാണാന്‍ വിനോദ് വിദേശത്തുനിന്ന് വന്നു.
എറണാകുളത്ത് ആഡംബരഹോട്ടലില്‍ രണ്ടുദിവസം താമസിച്ചാണ് സുനിലിനെ കുടുക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. ഡിവൈ.എസ്.പി. വി.എ.നിഷാദ് മോന്‍, സി.ഐ. വി.എസ്. നവാസ്, ജോഷി, മഹേശ്വരന്‍, അനൂപ്, ടോം, എസ്.ഐ. സജിമോന്‍ ജോസഫ്, സി.പി.ഒ.മാരായ ടോണി ജോണ്‍, വി.കെ. അനീഷ്, എസ്.ഐ.മാരായ എബി ജോര്‍ജ്, ജയ്‌സ് ജേക്കബ്, റെജിമോന്‍ കുര്യന്‍, സി.പി.ഒ.മാരായ ജി.മൃദുല, പി.എസ്.ഷിബു, വേണുഗോപാല്‍, പി.വി.മഹേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Content Highlights: woman panchayath member and aides arrested for creating fake drug case against her husband