ഒരാഴ്ചത്തെ ഫെയ്‌സ്ബുക്ക് സൗഹൃദം; യുവതിയെ കൊന്ന് ഫാമില്‍ കുഴിച്ചുമൂടി; യുവാവ് അറസ്റ്റില്‍

മൈസൂരു: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഫാമില്‍ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ യുവാവ് അറസ്റ്റിലായി. മാണ്ഡ്യ ജില്ലയിലെ താമസക്കാരനും എന്‍ജിനിയറിങ് ബിരുദധാരിയുമായ പുനീത് ഗൗഡ(28)യെയാണ് പോലീസ് പിടികൂടിയത്.
ഹാസനിലെ ഹൊസകൊപ്പലു സ്വദേശിനിയും വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രീതി സുന്ദരേഷ് (28) ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച ഹാസനിലാണ് കൊല നടന്നതെന്ന് പോലീസ് പറഞ്ഞു. ഒരാഴ്ചമുന്‍പാണ് ഇവര്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഹാസനിലെ ഒരു ഫാം ഹൗസില്‍ വെച്ച് ഇരുവരും കാണാന്‍ തീരുമാനിച്ചു. ശനിയാഴ്ച ഫാം ഹൗസിലെത്തിയ ഇവര്‍തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഗൗഡയുടെ മര്‍ദനത്തില്‍ പ്രീതി കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട്, ഗൗഡ യുവതിയുടെ മൃതദേഹം കാറില്‍ കൊണ്ടുപോയി കെആര്‍ പേട്ടിലെ കട്ടരഘട്ടയിലെ മറ്റൊരു ഫാമില്‍ കുഴിച്ചിട്ടു. പ്രീതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് തിങ്കളാഴ്ച പോലീസില്‍ പരാതിനല്‍കി. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഫാം ഹൗസിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രീതിയുടെ കോള്‍ റെക്കോഡ് പരിശോധിച്ച പോലീസ് ബുധനാഴ്ച വൈകീട്ടുതന്നെ പുനീതിനെ അറസ്റ്റ്‌ചെയ്യുകയായിരുന്നു.
Content Highlights: A Youth was arrested for murdering a woman he met on Facebook in Hassan, Karnataka